Wednesday, September 13, 2023

കാമപുരത്തു ശ്രീ ശങ്കരനാരായണ ക്ഷേത്രവും ചലിക്കുന്ന കൽവിളക്കും


                        ആലപ്പുഴ ജില്ലയിലെ കരുമാടി എന്ന,പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ ഗ്രാമം. അവിടെ അമ്പലപ്പുഴ അമ്പലത്തേക്കാൾ പഴമ അവകാശപ്പെടുന്ന, നമ്മെ അമ്പരപ്പിക്കുന്ന ഒരത്ഭുത പ്രതിഭാസം ഉള്ളിലൊതുക്കി സ്ഥിതി ചെയ്യുന്ന ക്ഷേത്രം.
                                  ഇവിടുത്തെ പുരാതനമായ, ഏതാണ്ട് പതിനഞ്ച് അടിയോളം ഉയരമുള്ള കൽവിളക്ക് കുറേശ്ശെ ആയി ചലിക്കുന്നു എന്നാണ് കരുതപ്പെടുന്നത്.
പഴമക്കാരുടെ ഓർമ്മയിൽ ഈ കൽവിളക്ക്
ക്ഷേത്രനടയുടെ തൊട്ടു മുന്നിൽ തന്നെ ആയിരുന്നത്രെ.
എന്നാൽ ഇന്ന് അത് ഏതാണ്ട് നാല് അടിക്ക് മുകളിൽ മുന്നിലേക്ക് നീങ്ങിക്കഴിഞ്ഞു.ഇത് ചരിത്ര ഗവേഷകരും ഭൗമ ഗവേഷകരും സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
ടിപ്പുവിന്റെ പടയോട്ടകാലത്ത് ഇവിടെ ഉണ്ടായിരുന്ന സ്വർണ്ണക്കൊടിമരം നഷ്ടപ്പെടാതിരിക്കുവാനായി ദേശക്കാരുടെ നേതൃത്വത്തിൽ അതിനെ മണ്ണിൽ കുഴിച്ചിടുകയും അതിന് മുകളിൽ ഈ കൽവിളക്ക് സ്ഥാപിച്ചു എന്നുമൊരു കഥ ഈ നാട്ടിലെ പഴമക്കാരുടെ നാവിലുണ്ട്.
                  ഈ കൽവിളക്ക് എന്ന് നീങ്ങി നീങ്ങി എതിർവശത്തുള്ള യക്ഷിയമ്പലത്തിൽ എത്തുമോ അന്ന് മണ്ണിനടിയിൽ നിന്ന് ആ സ്വർണ്ണക്കൊടിമരം ഉയർന്നുവരുമെന്ന് ദേവപ്രശ്‌നത്തിൽ തെളിഞ്ഞിട്ടുണ്ടത്രെ.



Friday, July 28, 2023

dr.മരണി 3 1 2

Dr. മരണി 3

"ജയേഷേ.."

മെഡിസിൻ ഡിപ്പാർട്മെന്റിൽ നിന്നുള്ള ഹൌസ് സർജൻസീടെ എന്റെ അറ്റന്റൻസ് സർട്ടിഫിക്കറ്റ് ഒപ്പിടുന്നതിനിടയിൽ മുഖത്തോട്ട് നോക്കാതെയുള്ള വിളി.

"മാഡം "

" ഒള്ള സർട്ടിഫിക്കറ്റുമായി ഈ തിരുവനന്തോരം വിട്ട് എവിടേലും പോയി പ്രാക്ടീസ് ചെയ്ത് ജീവിക്ക് "

"അത്, മാഡം "

"മ്മ്മ് "

"പീജീക്ക് ഒന്ന് ട്രൈ ചെയ്യാണോന്നുണ്ട് "

"നെനക്ക് ഞങ്ങളെയൊക്കെ ഇത്രേം കഷ്ട്ടപ്പെടുത്തിയത് പോരേ മോനേ?"

കുറച്ച് നേരത്തെ മൗനത്തിന് ശേഷം

"തനിക്ക് എന്റെ മേശപ്പുറത്തു ഇരിക്കുന്ന ഈ ബോട്ടിൽ അറിയാമല്ലോ അല്ലേ "

"ആഹ്, ഇത് മാഡം എന്നും വെള്ളം കൊണ്ട് വരുന്ന ബോട്ടിൽ അല്ലേ "

നല്ല ഭംഗിയുള്ള ഒരു ഗ്ലാസ് ഫ്ലാസ്ക്കാണ് അത്.

"അതേ, പക്ഷേ വെറും വെള്ളമല്ല, ലൈം ജ്യൂസ്‌. എനിക്കിത്തിരി ക്ഷീണം വരുമ്പോ കുടിക്കാൻ. അത് പോലും ഞാനിവിടെ ഇല്ലാത്തപ്പോ വന്ന് കട്ടുകുടിക്കുന്നത് താനാണ് എന്ന് എനിക്കറിയാൻ മേലാഞ്ഞിട്ടല്ല. പിള്ളേരുടെ കുസൃതി അല്ലേ എന്നോർത്തു കുറെയൊക്കെ ഞാൻ ആസ്വദിക്കുന്നത് കൊണ്ടാണ്"

ഞാനൊന്ന് പരുങ്ങി. അപ്പൊ ഇതും ഇവർക്കറിയാമായിരുന്നു.. ശ്ശേ 

രമണി മാഡം കപടമായ ഒരു ദൈന്യ ഭാവം മുഖത്ത് വരുത്തി 

"ജയേഷേ, ഒള്ള സ്നേഹം വച്ചു പറയുവാ, എങ്ങനേയോ നിന്നെയൊന്നു ജയിപ്പിച്ചു വിട്ടു.
നിന്നെക്കൊണ്ട് ഞങ്ങൾക്കൊക്കെ സഹിക്കാൻ മേലാഞ്ഞിട്ടാ. ഇനി ഇങ്ങോട്ടെങ്ങാനം നീ വരാനുദ്ദേശിക്കുന്നുണ്ടെങ്കി നിന്റെ സർട്ടിഫിക്കറ്റ് ഞാനിപ്പോ വലിച്ചുകീറി ചവറ്റു കൊട്ടേലിടും "

"ഇല്ല മാഡം, ഞാമ്പോവുവാ, ഒത്തിരി നന്ദിയുണ്ട് "
വേഗം സർട്ടിഫിക്കറ്റ് വാങ്ങി പുറത്തേക്കിറങ്ങാൻ ഹാഫ് ഡോർ വലിച്ചു തുറന്നു "

"ജയേഷേ "
വീണ്ടും വിളി.

"മാഡം "

" നോക്കീം കണ്ടുമൊക്കെ പ്രാക്ടീസ് ചെയ്യ് കൊച്ചേ,നീ നന്നാവാൻ വേണ്ടിയേ ഞാൻ വഴക്ക് പറഞ്ഞിട്ടുള്ളൂ "

"ശരി മാഡം.. താങ്ക്സ് "

ഒന്നൂടെ തൊഴുതു പുറത്തിറങ്ങി.

രണ്ടാം വാർഡിന്റെ കോറിഡോറിലൂടെ വേഗം ഞാൻ തിരക്കിലേക്കുഴ്ന്നിറങ്ങി.

         *        *           *             *           *

Dr മരണി 1

രണ്ട് വർഷം മുന്നേ
******************

ഡും.. ഡും.. ഡും

വാതിലിൽ ശക്തിയായി ആരോ ഇടിക്കുന്നു.

"ഏതവനാടാ മരണവെപ്രാളം??
മനുഷ്യനെ ഒറങ്ങാനും തമ്മസ്സിക്കൂല്ലേ??"

"നീ ഒറങ്ങിയത് മതിയെടാ കോപ്പേ, കതക് തൊറ "

നാശം, ബിജു അളിയൻ.
എവനൊക്കെ നേരം വെളുത്താ ക്ലാസ്സീ പൊയ്ക്കൂടേ.

ഉറക്കച്ചടവും ദേഷ്യവും ഒളിപ്പിച്ച് വയ്ക്കാൻ കഴിയാതെ തന്നെ, അവനെ പ്രാകിക്കൊണ്ട് കതക് തുറന്നു.

"എന്തെരെടെ?"

"ഡേയ്, നീ ഞങ്ങളക്കൂട കൊലയ്ക്ക് കൊടുക്കുവോ, പറ ??"

"നീ ചൊറിയാതെ കാര്യം പറ, വെളുക്കുവോളം ചീട്ടും കളിച്ചിവിടിരുന്നിട്ട് നീയൊക്കെ പോയത് അഞ്ച് മണിക്ക്. എന്നെയൊന്നു ഒറങ്ങാനനുവദിക്കടേ "

സഹികെട്ടു ഞാൻ തൊഴുതു.

"ആയിക്കോ, നീ ഒറങ്ങിക്കോ, പക്ഷേ നിന്നോട് ഒരുനൂറുവട്ടം പറഞ്ഞിട്ടുണ്ട് ബോധമില്ലാതെ എണീറ്റു ജനലീക്കൂടി മുള്ളരുതെന്ന്, ഒണ്ടോ ഇല്ലേ?"

"ഡേയ്, അതിനിപ്പോ എന്ത്‌?
ഞാനൊന്നും ചെയ്തില്ലല്ല്?"

"ഒന്നും ചെയ്തില്ല അല്ലേ? ഇങ്ങ് വാ "

അവനെന്റെ കൈയും പിടിച്ചു വലിച്ചുകൊണ്ട് ജനലിനരികിലേക്ക് ചെന്ന് നേരെ താഴേക്ക് ചൂണ്ടി "

അവിടെ ഒരു പുതിയ മഞ്ഞ സെൻ കിടപ്പുണ്ട്.

"അതാരുടേന്ന് വല്ല പിടിയുമൊണ്ടാ അളിയന്? മെഡിസിനിലെ മരണി മാസത്തിന്റെ പുതിയ വണ്ടിയാ"

"അവരുടെ മോളെ കോളേജ് ബസ് കേറ്റിവിടാൻ ഇവിടൊന്നു വണ്ടി ഇട്ടിട്ട് പോയതാ.അപ്പോഴാ നിന്റെ പുണ്യാഹം തളി നടന്നത്. അവരുടെ അഞ്ചാംക്ലാസീ പഠിക്കുന്ന ആ ചക്കപ്പയല് കേക്കും തിന്നോണ്ട് വണ്ടിക്കകത്ത് ഉണ്ടായിരുന്നു.
വെള്ളം വീഴുന്ന ശബ്ദം കേട്ട് ലവൻ ഡോർ തൊറന്നു മേളിലോട്ട് നോക്കിയപ്പോക്കണ്ടത് നിന്റെ വക മൺസൂൺ."

"അയ്യോ അളിയാ ഇനിയിപ്പോ എന്ത്‌ ചെയ്യും "

"ഇനി ഒന്നും ചെയ്യാനില്ല, വാർഡൻ ശശിയണ്ണന്റെ കാലിൽ പോയി വിഴാം. അങ്ങേര് എങ്ങനെയെങ്കിലും എന്തേലും കള്ളം പറഞ്ഞു ഊരിത്തരും. ഇല്ലേ കട്ടപൊകയാണേ അളിയാ. നിന്റെ തൊട്ടടുത്ത റൂമായത് കൊണ്ട് എന്നേക്കൂടെ ബാധിക്കുന്ന ഒരു പ്രശ്നമാ. നീ വേഗം ഇറങ്ങിക്കേ "

                *          *          *           *    


Dr. മരണി 2

രണ്ട് മാസം മുമ്പ്
****************

"ഡേയ്, തള്ള വരാറായാ, ഞാനാണെങ്കി ഇപ്പ വന്ന പേഷ്യൻറ്റിന്റെ കേസ് ഷീറ്റ് എഴുതീമില്ല, ഇൻവെസ്റ്റിഗേഷന് ബ്ലഡ്‌ എടുത്ത് കൊടുത്തയക്കാൻ സമയോം കിട്ടീല്ല.
ഒന്ന് ഹെല്പ് ചെയ്യളിയാ "

ബിജു അളിയന്റെ കാല് പിടിച്ചു നോക്കി

"ആളെവിട് മച്ചൂ, ഇനിയൊന്നു വലിച്ചില്ലേ ഞാനിപ്പ വീഴും. ഞാനൊന്ന് കോമൺ റൂമിൽ പോയേച്ചും ഓടി വരാം "

"ടാ മഹാപാപി പോകല്ലേടാ, ഒന്ന് സഹായിച്ചിട്ട് പോ"

"പോയി പണി നോക്കടാ. രാത്രി വെളുക്കുവോളം ഡ്യുട്ടി റൂമിൽ കിടന്ന് കൂർക്കം വലിക്കുമ്പോ ആലോചിക്കണോയിരുന്നു, അഡ്മിഷൻ ഡേ ആണെന്നും ഞങ്ങളെല്ലാരും ഇവിടെക്കിടന്ന് ചക്ര ശ്വാസം വലിക്കേണെന്നും.കിട്ടാനുള്ളത് അങ്ങ് മേടിച്ചോണ്ടാ മതി "

"ജയേഷേ, നിന്റെ പേഷ്യന്റിന്റെ അടുത്ത് മാഡം നിൽക്കുന്നു. അങ്ങോട്ട് ചെല്ലാൻ "

ആലപ്പുഴേന്നു ട്രാൻസ്ഫർ മേടിച്ചു വന്ന അഞ്ചന ധൃതിക്ക് ഓടിവന്നു പറഞ്ഞിട്ട് വെപ്രാളപ്പെട്ടു തിരികെ ഓടിപ്പോയി.

ഈശ്വരാ, ഈ തള്ള ഇപ്പോഴേ വന്നോ.

 റൗണ്ട്സ് തുടങ്ങി. ഇന്ന് പിറകേന്നാണല്ലോ.
 രണ്ടാം വാർഡിന്റെ അങ്ങേ അറ്റത്ത് വലിയ കമ്പി അഴികൾ കൊണ്ടുള്ള ഗ്രില്ല് പിടിപ്പിച്ച വരാന്ത പോലുള്ള ഇടത്തിൽ അങ്ങേ അറ്റത്തുള്ള ബെഡ്.
വായിലെ പുകയുടെ മണം ഊതി സ്വയം ക്ളീൻ എന്ന് ഉറപ്പ് വരുത്തി ഓടിവരുന്ന ബിജു അളിയൻ.
മുപ്പത്തിയൊന്നാം ബെഡിന് ചുറ്റും പരിവാരങ്ങളെല്ലാം ഉണ്ട്.ശിങ്കിടി dr. ജഗദീഷും 
പീജികളും ഹൗസ് സർജന്മാരും, കിടക്കയിൽ ഇരിക്കുന്ന രോഗിയെ സ്റ്റെത്ത് വച്ചു പരിശോധിച്ച് കൊണ്ട് പതിവിൽ കവിഞ്ഞ ഗൗരവത്തിൽ യൂണിറ്റ് ചീഫ് രമണി മാഡവും.

   എന്തോ പന്തികേടുണ്ട്. കടിച്ചുകീറാനുള്ള ദേഷ്യത്തിൽ എന്നെ നോക്കി നിൽക്കുന്ന പീ ജി വിനോദ് ഭാസി.
എന്നെ കണ്ടതോടെ മാഡം പരിശോധന നിർത്തി സ്റ്റെത്ത് ഊരി കഴുത്തിലിട്ടു കോട്ടിന്റെ ഇരുവശത്തുമുള്ള പോക്കറ്റുകളിലേക്ക് കൈകൾ കുറച്ച് ബലമായി തിരുകി വച്ചിട്ട് ഗൗരവത്തോടെ ഞാൻ അടുത്തെത്തുന്നത് നോക്കി, ഇരയെ പ്രതീക്ഷിച്ചിരിക്കുന്ന വിശന്ന സിംഹത്തെ എന്നപോലെ.

"ജയേഷേ, ഈ കേസ് ഒന്ന് എക്സ്പ്ലൈൻ ചെയ്തേ "
"മാഡം, ഇത് ഒരു ന്യുമോണിക്ക് കോൺസോളിഡേഷൻ ആണ് "
"ഏത് സൈഡ്?"

ശ്ശേ.. മറന്നു. വേഗം സ്റ്റെത്ത് എടുത്ത് പേഷ്യന്റിന്റെ നെഞ്ചത്ത് വച്ചു.

"ഓഹ്, അപ്പൊ അതും മറന്നോ, അതോ താനീ കേസ് കണ്ടില്ലേ. ഉള്ളത് പറയ്യ് "

"മാഡം, ഞാൻ കണ്ടതാ. തിരക്കിനിടയിൽ സൈഡ് മറന്നുപോയി "

"മ്മ്, എന്നിട്ട് ബാക്കി കൂടിപ്പറഞ്ഞേ. ഇയ്യാൾക്ക് നടക്കാൻ ബുദ്ധിമുട്ട് ഉള്ള ആളാണോ?"

"അല്ല മാഡം "

"അറിയാതെ യൂറിൻ പോകുന്നുണ്ടോ?"

"ഇല്ല മാഡം "

"പിന്നെ എന്തലങ്കാരത്തിനാണെടോ ഇയാൾക്ക് താൻ യൂറിനറി കത്തീറ്റർ ഇട്ടിരിക്കുന്നത് ഇഡ്ഢിയറ്റ് "

ഈശ്വരാ.. ഇതെപ്പോ നടന്ന കാര്യമാ ഈ പറയണേ.

ഞാൻ മയമില്ലാതെ ലതിയാന്റെ ലുങ്കി ഒന്ന് ചടേന്നു പൊക്കി നോക്കി. ആ ഞെട്ടലിൽ രോഗീടെ വലിവ് കൂടി.ലേയ്ലാന്റ് ലോറീടെ ഗിയർ സെക്കൻഡിൽ നിന്ന് തേർഡിലോട്ടിട്ട പോലെ ഒന്ന് വിറച്ചു എരപ്പ് കൂടി.


ങ്ങേ, പറയുംപോലെ കത്തീറ്റർ ഇട്ടിട്ടുണ്ടല്ലോ.
ഇതേത് സാമദ്രോഹി ചെയ്ത പണിയാ ദൈവമേ.

ഈ ഭൂമി പിളർന്നങ്ങ് താഴെപ്പോയാൽ മതി എന്ന് തോന്നിയ നിമിഷം ഇല്ലേൽ ഈ വരാന്തയിലെ കമ്പി ഗ്രിൽ പൊളിച്ചു രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടി ഓടിയാലും മതിയായിരുന്നു.
അങ്ങൊരുടെ കിഡ്ണി അടിച്ചു മാറ്റിയ കള്ളനെയെന്ന പോലെ എന്നെ തുറിച്ചു നോക്കുന്ന രോഗിയും അയാളുടെ പെണ്ണുംപിള്ളയും.

ഞാൻ നിമിഷനേരംകൊണ്ട് എല്ലാപേരെയും ഒന്ന് നോക്കി. വെട്ടാൻ വച്ചിരിക്കുന്ന ആറുവുമാടിനോടുള്ള സഹതാപം പലരുടെയും കണ്ണുകളിൽ.
അതിനടിയിൽ ബിജുവളിയൻ മാത്രം എന്റെ മുഖത്തു നോക്കാതെ മുകളിൽ കര കര ശബ്ദത്തിൽ കറങ്ങുന്ന പഴയ ഫാനിലേക്ക് നോക്കി നിൽക്കുന്നു.
ഇവൻ തന്നെ. കാലമാടൻ. ആള് മാറി ഇട്ടതാവണം.

"ജയേഷേ യൂ ആർ ക്രോസ്സിംഗ് ദ് ലിമിറ്റ്. ഈ ഞായറാഴ്ച്ചത്തെ റിപീറ്റ് അഡ്മിഷൻ കാഷ്വാൾറ്റി ഡ്യൂട്ടിയും ഇയാള്ടെ പേരിലിട്ടേരെ ജഗദീഷേ "

തീർന്നു..
ദുഷ്ട, കാലമാടത്തി, ഈ ആഴ്ച്ചയും പോയിക്കിട്ടി.

"ഡോ, താനീ കത്തീറ്റർ അങ്ങ് മാറിക്കൊടുത്തേ വേഗം "

"ഓ കെ മാഡം "

വേഗം ഓടിപ്പോയി നഴ്സസ് റൂമിൽ നിന്ന് ഒരു 10ml സിറിഞ്ചുമായി തിരിച്ചെത്തി.

പുരാതന റോമിലെ കോളോസിയത്തിനുള്ളിൽ വിശന്നു വലഞ്ഞ സിംഹങ്ങൾക്ക് നടുവിൽ ജീവന് വേണ്ടി ഓടുന്നവനെയെന്നപോലെ ഞാനും, ചുറ്റിനും എന്നെ കൊത്തിവലിക്കുന്ന പത്തിരുപത് ജോടിക്കണ്ണുകളും.

നിമിഷനേരങ്ങൾക്കുള്ളിൽ ബെഡിൽ കിറുകിറാ വലിച്ചു കിടന്ന രോഗിയുടെ മുണ്ട് പറിച്ചു മാറ്റി. അതോടെ മാനം പോയേന്റെ ഞെട്ടലിൽ അതിയാന്റെ വെപ്രാളവും വലിവും കൂടി.ഗിയർ ടോപ്പിലായി.
ഒളിക്കണ്ണിട്ട് ബിജു അളിയന്റെ മുഖത്തേക്ക് തീക്ഷണമായി നോക്കി അവന്റെ പിതാമഹാന്മാർക്ക് വേണ്ടത് മനസ്സിൽ അർപ്പിച്ചു.
കത്തീറ്ററിന്റെ ഡ്രൈനേജ് പോർട്ടിലേക്ക് സിറിഞ്ച് തള്ളിക്കേറ്റി ഉള്ളിലെ ബലൂൺ ഡിഫ്ലേറ്റ് ചെയ്യാനായി വെള്ളം വലിച്ചിടുത്തു തുടങ്ങി.
ആദ്യത്തെ പത്തു മില്ലി എടുത്ത് കഴിഞ്ഞപ്പോഴാണ് എടുത്ത വെള്ളം കളയാനുള്ള കിഡ്നി ട്രേ എടുത്തില്ല എന്നോർത്തത്.
കടവുളേ..
ഇനി എന്ത്‌ ചെയ്യും?
എന്റെ കണ്ണുകൾ ഒരു കച്ചിത്തുരുമ്പിനായി ചുറ്റിലും പരതി. അയ്യാളുടെ പെണ്ണുംപിള്ളയുടെ കയ്യിൽ ബാത്റൂമിൽ പോകാനുള്ള മഗ്ഗ്‌ ഇരിക്കുന്നത് കണ്ണിൽപ്പെട്ടു.
എന്റെ മനസ്സ് വായിച്ചിട്ടേന്നോണം പെട്ടെന്ന് അവരതങ്ങ് മാറ്റിപ്പിടിച്ചു.
ഇനി എന്ത്‌??
എന്റെ കണ്ണുകൾ ഗ്രില്ലിലേക്ക് നീങ്ങി.
ഐഡിയ..
"മാഡം ഒന്ന് നീങ്ങിത്തരാവോ "
ഞാൻ ഗ്രില്ലിനിടയിലൂടെ ആ സിറിഞ്ചിലെ വെള്ളം പുറത്തേക്ക് ചീറ്റിച്ചു.
വീണ്ടും അടുത്ത പടി വെള്ളം വലിച്ചെടുത്തു.
അടുത്താരൊക്കെയോ അടക്കിച്ചിരിക്കുമ്പോലെ.
രമണി മാഡം സ്തംഭിച്ച് എന്നെത്തുറിച്ച് നോക്കി നിൽക്കുന്നത് ഞാൻ അറിയുന്നില്ല.
ആ പത്തുമില്ലിയും യഥാവിധി ഞാൻ ഗ്രില്ലിലൂടെ താഴെ പുറത്തേക്ക് ചീറ്റിച്ചു.

മൂന്നാമത്തെ പത്തുമില്ലിയും വലിച്ചെടുത്തതോടെ മാഡത്തിന്റെ നിയന്ത്രണം പോയോ എന്നൊരു സംശയം.
"ഡോ... ജയേഷേ "
അതൊരു അലർച്ചയായിരുന്നോ?

"മാഡം "

"താൻ ഹോസ്റ്റലിലാണോടോ താമസിക്കുന്നത്??"

"അതേ മാഡം "

"ഫസ്റ്റ് ഹോസ്റ്റലിൽ?,
രണ്ടാം നിലയിൽ ആ ബാൽക്കണിയുടെ അടുത്ത്?"

എന്റെ മുഖത്തു ആശ്വാസവും ഒരു നിഷ്‌ക്കളങ്കതയും വിരിഞ്ഞു.

"മാഡത്തിന് എങ്ങനെ മനസ്സിലായി "

പക്ഷേ പുള്ളിക്കാരിയുടെ ഉത്തരം എന്നോട് ആയിരുന്നില്ല.

"ഡോക്ടർ ജഗദീഷ് "
സ്വരം കടുത്തിരിക്കുന്നു 

"മാഡം "

ജയേഷിന് ഒരു മാസത്തെ എക്സ്റ്റൻഷനൂടെ ഇപ്പോഴേ അടിച്ചു വച്ചേരെ.

എന്നിട്ട് തീതുപ്പുന്ന കണ്ണുകളോടെ എന്നെ ഒന്ന് നോക്കി,ചവിട്ടി മെതിച്ചു കൊടുങ്കാറ്റ് പോലെ പുറത്തേക്കൊരു പോക്കും.

തികട്ടിവന്ന പൊട്ടിച്ചിരി കൈ കൊണ്ട് പൊത്തി ബിജുഅളിയൻ എന്റെ ചെവിയിൽ പറഞ്ഞു..

" നീ തീർന്നളിയാ, നീ തീർന്ന് "

ഗ്രില്ലിന് പുറത്ത് താഴെ നിന്ന്,തലയിൽ അൽപ്പം വെള്ളം വീണത് ഇഷ്ടപ്പെടാത്ത ഏതോ സഹൃദയൻ പുറപ്പെടുവിച്ച ചില പ്രത്യേകതരം പദങ്ങൾ മറ്റുള്ളവരുടെ കർണ്ണപുടങ്ങളെ തഴുകി കൂടെ എന്നെയും തഴുകി,വലിച്ച് വലിച്ച് കിടക്കുന്ന രോഗിയെയും അങ്ങൊരുടെ പെണ്ണുമ്പിള്ളയെയും തഴുകി വാർഡിലെ മരുന്നിന്റെ മണത്തോട്
അലിഞ്ഞു ചേർന്നു.... "ഏത് നായീന്റെ മോനാടാ....."

    

Sunday, August 29, 2021

കള്ള് പാട്ട്

കള്ള് മോന്തിടേണേൽ
അന്തി തന്നെ പോരട്ടേ
അന്തിക്കൊന്ന് പോണേൽ
കത്തും ചൂട്ടും കൂടിരിക്കട്ടെ
തോട്ടിനക്കരെ ഷാപ്പിൽ
ആഹാ..കുട്ടപ്പന്റെ പാട്ടെല്ല്യോ

ആടിടുന്ന ബഞ്ചിൻ കാലിൽ
കള്ള നായ മുള്ളും നേരത്ത്
പിണങ്ങാതെന്റെ അന്താണിച്ചാ 
കടമായി കപ്പേം ചാളേം പോരട്ടേ
ആഹാ കപ്പേം ചാളേം പോരട്ടേ

രണ്ടു കുപ്പി ഏറിപ്പോയാൽ
കുടിയിലിന്നും പുകില്ലല്ലോ
ചൂല് വീശി നിക്കും മറിയേം
കൂടെ കുട്ടി പിശാചും
ഈച്ച ചത്ത കള്ളിന്റുശിര്
വീശിടുന്ന നേരത്ത്
കള്ളപ്പറ്റഴെതിടുന്ന
അന്തോണീ നിന്നെ കണ്ടോളാം

നാട്ടുകാരെ നാറ്റിക്കുന്ന
പരദൂഷണ റപ്പായി
ഓന്റെ കെട്ടിയോള്
ചാടിപ്പോയേനു ചെലവ് തന്നു
ചൂരത്തല
നാവ് എരിഞ്ഞു കീറും ചൂരത്തല 

പിരിഞ്ഞിറങ്ങും നേരം
നെഞ്ചെരിഞ്ഞു വിങ്ങുന്നു
നാളെയന്തിയാകുവോളം
ഞാനിതെങ്ങനെ താങ്ങുമേ
തോടിറങ്ങി പോകും നേരം
മുണ്ടുമെങ്ങോ മറഞ്ഞുപോയി 

പാമ്പിഴഞ്ഞു പോകും വഴിയിൽ
പമ്പരം പോൽ കറങ്ങിടും.
ഇഴഞ്ഞു നടന്നു നീന്തിയങ്ങനെ
കുടിയിലേക്കടുക്കുമ്പോൾ
ആധിയെന്റെ ചങ്കിനുള്ളിലിന്ന്
ചൂലാണോ കവിളി മടലാണോ
മറിയേ.. ചൂലാണോ കവിളി മടലാണോ?



പാതയോരപ്പൂവുകൾ


നടന്നീടുന്നു ഞാൻ ഈ പാതയോരങ്ങളിൽ
വാകമലരുകളേ നിങ്ങളെയുഴിയും മിഴിയുമായി
എന്നേക്കുമായകന്നൊരു സുന്ദരവദനം തേടി

എന്നോ തന്നൊരു വാക്കല്ലേയിത്
വന്നിടും നീ തിരികെ എന്നരികിൽ
ഞാൻ വന്നിടുമാ പാതയോരങ്ങളിൽ
എൻ പാദങ്ങൾ നിന്നെ തിരയുന്നിടങ്ങളിൽ
പൊഴിയും വാകപ്പൂവുകളായി

വിടപറഞ്ഞകന്നൊരാ പള്ളിയങ്കണത്തിലും
നീയുറങ്ങുമാ വെൺ കല്ലറച്ചോട്ടിലും
വരികയില്ല ഞാൻ ഒരിക്കലും
നിൻ ഓർമ്മദിനത്തിലെങ്കിലും

എങ്കിലും വന്നിടുമെന്നും
നാം നടന്നു പോയയൊരാ പാതയോരങ്ങളിൽ
എൻ നെറുകയിൽ പൊഴിയും
വാകപ്പൂവുകളിൽ
കാണുവാൻ
നിൻ സ്മിതം എന്നെന്നും

Friday, March 27, 2020

നനഞ്ഞ്...

   അദ്ധ്യായം 1       ഇളംവെയിൽ 


"സാറേ ,ദേ ഈ പേപ്പർ പിടിച്ചോ ..."
"ഇതിന്റെ ആവശ്യമില്ല "

         ഉച്ചക്ക് ഓ പി കഴിഞ്ഞ ആവേശത്തിൽ കായൽക്കരയിൽ പോയി ഒന്ന് വലിക്കാൻ മുട്ടിയിറങ്ങിയോടിയ എന്നെ ക്ലാർക്ക് ഷൈൻ പിറകേന്ന് ഓടി വന്നു മലയാളം ടൈപ്പ് ചെയ്തിരിക്കുന്ന ഒരു പഴയ പേപ്പർ ഏൽപ്പിച്ചു .
        സ്വന്തം കാര്യങ്ങളിലുള്ള ശ്രദ്ധയായില്ലായ്മ മൂലം പതിനഞ്ച് വർഷമായിട്ടും പ്രൊബേഷൻ ഡിക്ലയർ ചെയ്യുവാനുള്ള കടലാസുകൾ ഒന്ന് കൊടുക്കാൻ നേരം കിട്ടിയില്ല .
      ട്രാൻസ്ഫർ ആയി വന്നു കയറിയ വെള്ളായണി ഹോസ്പിറ്റലിലെ ക്ലാർക്ക് കൊച്ചന്റെ നിർബന്ധത്തിന് വഴങ്ങി അവസാനം പഴയ ഫയലുകൾക്കിടയിൽ നിന്നും കിട്ടിയ പേപ്പറുകൾ ഓഫിസിൽ എത്തിച്ചു .അതിനിടയിൽ നിന്ന് ആവശ്യമില്ലാത്ത ഏതോ ഒരു തുണ്ട് കടലാസാണ് ഇപ്പൊ തിരിച്ചെത്തിച്ചത് .
       
         
"ആ സാറേ, ഇന്ന് നല്ല തിരക്കായിരുന്നല്ലേ?
ഞാൻ വന്നിരുന്നു, വൈകുമെന്നായപ്പോ ഇങ്ങ്  പോന്നു ..ഒരു തലവേദന"   
        കായൽക്കരയിലെ എന്റെ  സ്ഥിരം തട്ടുകടക്കാരൻ...
   
ചോദിക്കാതെ തന്നെ പതിവ് കട്ടൻ ചായയും വിൽസും കൈയിൽ ഏൽപ്പിച്ചു.

         ഇന്നത്തെ ആദ്യപുകയുടെ സുഖവും ആസ്വദിച്ചു കായലിനോട് ചേർന്ന് റോഡരികിൽ ഉള്ള സിമന്റ് കുറ്റിയിൽ വന്നിരുന്നപ്പോഴാണ് ഷൈൻ തിരിച്ചു തന്ന പേപ്പറിന്റെ കാര്യമോർത്ത് .
ചായ ഗ്ലാസ്‌ നടപ്പാതയിലെ കുറ്റിയിൽ വച്ചു പോക്കറ്റിൽ നിന്ന് അതെടുത്തു നിവർത്തി ...

10-03-2010 ലെ ഒരു സർക്കാർ ഉത്തരവ് .

'ഇടുക്കി ജില്ലയിൽ 30-09-2009 ൽ തേക്കടി മുല്ലപ്പെരിയാർ തടാകത്തിൽ വച്ചുനടന്ന ബോട്ട് ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങളിലും തുടർന്ന് സമയബന്ധിതമായി പോസ്റ്റുമാർട്ടം നടത്തി മൃതശരീരങ്ങൾ വിട്ടുകൊടുക്കുന്നതിലും സ്തുത്യർഹമായ സേവനം നടത്തിയ ചുവടെ പറയുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാർക്ക് ഗുഡ് സർവീസ് എൻട്രി നൽകി ഉത്തരവാകുന്നു '


        ആദ്യകുറച്ചു പേരുകൾക്കിടയിൽ കിടക്കുന്ന എന്റെ പേരും നോക്കി കുറച്ചു നേരം എന്തൊക്കെയോ ഓർത്ത് കായലിലേക്ക് നോക്കിയിരുന്നു.
       
                             നിറയെ പൂത്തു കിടന്ന താമരപ്പൂക്കളെ നൃത്തം കളിപ്പിച്ച് വരുന്ന കായൽക്കാറ്റ് എന്റെ കട്ടൻ ചായയെ മെല്ലെ തണുപ്പിച്ചുതുടങ്ങി .
*    *    *    *    *    *     *      *    *    *    *    *   *      
          
        30-09-2009

കുമളി ഗവണ്മെന്റ് ആശുപത്രി 
രാവിലെ ഏകദേശം 12 മണി 

നല്ല തിരക്കുള്ള ഓ പി ..
എന്നാലും വലത് വശത്തു ഞാൻ ചേർന്നിരിക്കുന്ന ജനലിൽ കൂടി ഹൈറേഞ്ചിലെ നേർത്ത ചാറ്റമഴ ഇടയ്ക്കിടെ ഞാൻ ആസ്വദിക്കുന്നുണ്ട്. 
           ചീട്ടെഴുതിക്കൊണ്ടിരുന്ന നഴ്സിംഗ് അസിസ്റ്റന്റ് മാമുച്ചേച്ചി ജനലിലൂടെ അകത്തേക്ക് തലയിട്ടു ..
  "സാറേ ...ഒരു കൊച്ചിന് ഒട്ടും വയ്യാന്ന് .ടൂറിസ്റ്റുകളാ .കേറ്റിവിടട്ടോ ?"
"ആ കേറ്റി വിട്ടോ ചേച്ചിയേ "

വാതിലിൽ തിങ്ങി നിറഞ്ഞു നിന്ന ആൾക്കാരുടെ പിറുപിറുക്കൾക്കിടയിലൂടെ ഏകദേശം നാല്പതു വയസ് തോന്നിക്കുന്ന,വെള്ള മുണ്ടും ഷർട്ടും ധരിച്ച,കാഴ്ചയിൽ തമിഴനെന്നു തോന്നിക്കുന്ന  ഒരു മനുഷ്യനെയും അയ്യാളുടെ വിരലിൽ തൂങ്ങി പത്തുപതിനൊന്ന് വയസ്സ് തോന്നിക്കുന്ന ഇരുനിറത്തിലുള്ള ,ഉണ്ടക്കണ്ണുകളുള്ള ഒരു പെൺകുട്ടിയെയും മാമുച്ചേച്ചി കഷ്ടപ്പെട്ട് അകത്തെത്തിച്ചു .
           "വാന്തി സാർ "
"ട്രാവൽ പണ്ണുമ്പോ എപ്പളുമേ കൊളന്തക്ക് ഇന്ത പ്രച്ചനമിറുക്ക് "
"മ്മ് ..എത്ര തവണ ശർദ്ധിച്ചു ?"
       ചോദ്യത്തോടൊപ്പം തന്നെ പരിശോധനയും നടത്തി .കൊച്ചിന് നല്ല ക്ഷീണം തോന്നിക്കുന്നുണ്ട് .
"സാർ ഒരു നാലഞ്ച് തടവ് വന്താച്ച് "
കറുത്ത മിഡിയും ടോപ്പും ധരിച്ച ഇരുണ്ട നിറമെങ്കിലും ആരിലും കൗതുകമുളവാക്കുന്ന നല്ലൊരു മുഖമുള്ള കുഞ്ഞ്.
ഭംഗിയുള്ള ബോയ്‌ക്കട്ട് ചെയ്ത മുടിയും ഉണ്ടക്കണ്ണുമൊക്കെയായി ആരും ഒന്നൂടെ നോക്കിപോകുന്ന ഓരോമനത്ത്വം.
       "അണ്ണേ കൊളന്ത നല്ല ട്ടയേർഡ് ,അതുക്ക്‌ ഒരു ഊസിയും ഡ്രിപ്പും പൊട്ടാ ബെറ്റർ "
ഇടവിടാതെയുള്ള തമിഴ്നാട് യാത്രകൾ എന്നെ തമിഴ് ഭാഷ പറയാൻ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത് .
"സാർ ,വേണ്ടാ സാർ ...അവളുക്ക്‌ വലിക്കും..."
"അത്‌ വേണ്ടാ സാർ ..എനക്ക് താങ്കമാട്ടെ .നീങ്ക മാത്രയേതാവത് കൊടുത്താ പോതും സാർ "
        
എനിക്കത് അത്ഭുതമായിരുന്നു .മരുന്ന് കിട്ടിയില്ലേലും ഒരു കുത്ത് കിട്ടിയാൽ മനസ്സ്‌ നിറയുന്ന തമിഴ് രോഗികളയേ ഞാൻ കണ്ടിട്ടുള്ളു .
       ഇതെല്ലാം കേട്ട് കരയാൻ വെമ്പി നിൽക്കുന്ന ആ കൊച്ചുകണ്ണുകളിലേക്ക് ഞാൻ രസത്തോടെ നോക്കി നിന്നു .
   "ഉങ്ക പേരെന്നാ ?"
"തേന്മൊഴി "
ചിലമ്പിച്ച സ്വരത്തിലൊരുത്തരവും പറഞ്ഞവൾ അച്ഛന്റെ പിറകിൽ പോയൊളിച്ചു .
"തായില്ലാ കൊളന്ത സാർ  ...ആവുങ്കള്ക്ക് വലിവരുത് കാര്യമേതുമേ നാൻ സെയ്യമാട്ടെ .അതുക്ക്‌ താൻ ഇന്ത നാൾ വരൈ തടുപ്പൂശി പോലുമേ പൊട്ടതില്ലൈ "
ദൈവമേ ,ഇതു വരെയുള്ള പ്രതിരോധകുത്തിവയ്‌പ്പ് പോലും ആ കുഞ്ഞിന് എടുത്തിട്ടില്ലാന്നല്ലേ ഇയ്യാള് പറയുന്നേ .
എന്നാലും അവൾക്ക് അമ്മയില്ലെന്ന് കേട്ടപ്പോൾ ഒരു നേർത്ത നോവ് .
"സരി തേന്മൊഴീ ...ഉനക്ക് ഊസി ഇല്ലൈ .ഇന്ത മാത്ര സാപ്പിട് ".അവൾടെ നേരെ നീട്ടിയ ചീട്ട് തട്ടിപ്പറിച്ചുകൊണ്ട് അവൾടെ അച്ഛനെയും വലിച്ചോണ്ട് വേഗം രക്ഷപ്പെടാനുള്ള വ്യഗ്രതയായിരുന്നു പിന്നീട് .
"റൊമ്പ താങ്ക്സ് സാർ ...വീ ആർ ഫ്രം മധുരൈ. 4:30ക്ക്‌ ബോട്ടിങ് ബുക്ക് പണ്ണിയാച്ച് .ട്രാവൽ എല്ലാമേ നാനും അവളും മട്ടും താൻ .നൈസ് മീറ്റിംഗ് യൂ "
"സരി ...ബൈ "
ഞാൻ ധൃതിയോടെ അടുത്ത ആളിലേക്ക് തിരിഞ്ഞു .

എന്നിട്ടുമായി മണി മൂന്ന്. ഇരുന്നൂറ്റി അറുപത്തിയെട്ടാം രോഗിയെയും നോക്കിത്തീർത്ത് കസേരയിലേക്കൊന്ന്  ചാഞ്ഞപ്പോൾ, ഹോ... എന്തൊരാശ്വാസം. 

ഇനിയിരുന്നാൽ ശരിയാകില്ല, വിട്ടേക്കാം. 

ആശുപതിക്ക് മുന്നിലെ അത്തിമരച്ചോട്ടിൽ വിശ്രമിക്കുന്ന കാറിലേക്ക് ആഞ്ഞു നടക്കുമ്പോൾ, അതാ പോണു, ഒപിയിൽ നിന്ന് ഓഫീസിലേക്ക് വച്ചുവിടുന്ന ചാർജ് മെഡിക്കൽ ഓഫീസർ Dr.സാറ.

 "ഓയ്...ഞം  ഞം?? "(ആഹാരം കഴക്കുന്നതിനുള്ള പഴയ ഹോസ്റ്റൽ ഭാഷ)

"ഇല്ലാ... പൊക്കോ. ഇന്നയക്കേണ്ട റിപോർട്ടുകൾ ബാക്കി കെടക്കുവാ. ഞാൻ വൈകും. "

അന്തരീക്ഷത്തിന്  കുമിളിയുടെ സ്വതസിദ്ധമായ ഉണർവ്വേകുന്ന തണുപ്പും, അലങ്കാരത്തിന് രാവിലേ മുതലുള്ള നേർത്ത ചാറ്റമഴയും. 

    നേരെ കുമളി ജംഗ്ഷനിലുള്ള കുട്ടൻ ചേട്ടന്റെ ചായക്കടിയിലേക്ക്. മടുപ്പ് മാറാൻ ഒരു ചായേം കടിയും, മേമ്പൊടിക്ക് നാട്ടുകാരുടെ ഇടയിലിരുന്ന് ലേശം കൊച്ചുവർത്തമാനവും. 

വന്നകാലം തൊട്ടുള്ള പതിവായിപ്പോയി. 

"കുട്ടൻ ചേട്ടാ..അപ്പൊ ഒരു സ്‌ട്രോങ്, മധുരം കുറക്കണ്ട. "

"ആ മിനിഞ്ഞാന്നത്തെ പരിപ്പുവട കൂടെ തന്നേരെ "

"അയ്യോ.. തീർന്നല്ലോ സാറെ, കഴിഞ്ഞ ആഴ്ചത്തെ ഉഴുന്നുവടയുണ്ട്. ഇന്നത്തേക്ക് അതുവച്ച് ഒന്നഡ്ജസ്റ് ചെയ്യതേരെ".

സ്ഥിരം തമാശക്ക് സ്ഥിരം ഉത്തരവും,  കൂടെ ചൂടോടെ വറുത്തുകോരിയ മൊരിഞ്ഞ ഉഴുന്നുവടയും എന്റെ സ്ഥിരം സ്‌ട്രോങും. 

"ടൗണിൽ അത്യാവശ്യം തിരക്കുണ്ടല്ലേ? "

"ദസ്സറയല്ലേ സാറെ... ഡെൽഹീന്നൊക്കെ നല്ല വരവാ..

പിന്നെ തമിഴ് നാട്ടീന്നും ".

"ബോട്ടിങ്ങ് ടിക്കറ്റിന് നല്ല തള്ളാന്നാ കേട്ടേ . "

                  ഞങ്ങൾടെ തേക്കടിയിലെ ആകർഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കാട്ടിലെ തടാകത്തിലൂടെ തണുത്തകാറ്റുമേറ്റുവാങ്ങി പച്ചപ്പുകൾക്കിടയിലൂടെ വന്യമൃഗങ്ങളെയുമൊക്കെ കണ്ണ് നിറയെക്കണ്ടുള്ള ബോട്ടുയാത്ര. 

ഇനി ആനയെയോ മാനിനെയോ ഒന്നും കണ്ടില്ലേൽപ്പോലും ആ ബോട്ടിന്റെ ജനാലക്കൽ അലസ്സമായി തലചായ്ച്ചിരുന്നു നീണ്ടുകിടക്കുന്ന ജലപ്പരപ്പിലേക്ക് നോക്കി തണുപ്പുമടിച്ചിരിക്കുന്നത്.. ഹോ എന്താ ഒരു രസം. എനിക്കിപ്പോഴും അതിനോടൊരു മടുപ്പ് തോന്നിയിട്ടേയില്ല. 


അദ്ധ്യായം 2    തണുത്ത തടാകം 


ഏകദേശം ഒരു അഞ്ചഞ്ചരമണി.. നമ്മളോടുള്ള സ്നേഹം കൊണ്ട് ഇച്ചിരി രോഗികൾ പരിശോധനക്കായി വൈകുന്നേരം വീട്ടിൽ വരാറുണ്ടെന്ന് കൂട്ടിക്കോളൂ. 

എന്റെ എല്ലാം സായാഹ്നങ്ങളും  മിക്കവാറും അവരുടെയിടയിൽ തന്നെ. മുടങ്ങിക്കിടന്ന പല ലോണുകളും ഇപ്പൊ അടഞ്ഞുപോകുന്നത് ഇവരുടെ കൈനീട്ടം കൊണ്ടാണ്  എന്നതായിരുന്നു പരമമായ ഒരു സത്യം. 

രോഗികളെ പരിശോധിക്കുന്നതിന്റെ  പശ്ചാത്തലത്തിൽ സംഗീതാസ്വാദനം   എനിക്ക് അന്നുമിന്നും ഇഷ്ടം. വീടിനുള്ളിലെ ഹാളിൽ നിന്ന് റഫി സാബിന്റെ മോഹനസ്വരം അങ്ങ് ദൂരെ നിന്നോണം എന്റെ പരിശോധനാമുറിയിലേക്ക് ഒഴുകി വന്നുകൊണ്ടിരിക്കണമെനിക്ക്.  

മുന്നിൽ, എന്റെ നാട്ടുകാരെ അപേക്ഷിച്ച് മനസ്സ് കൊണ്ട് കൂടുതൽ നല്ലവരായ ഹൈറേഞ്ചുകാർ, അവരുടെ അസുഖവിവരങ്ങൾ മറ്റ്  ലോകകാര്യങ്ങളുടെ മേമ്പൊടിയോടെ വിവരിച്ചുകൊണ്ടിരിക്കും. മരുന്ന് കൊണ്ടും വാക്കുകൾ കൊണ്ടും എന്നാൽ കഴിയും വിധം ഞാൻ അവർക്കും അൽപ്പം ആശ്വാസം പകരും.

പെട്ടെന്ന് എന്റെ മൊബൈൽ ഫോണടിച്ചു. അമ്പാടിയാണ്, ജൂനിയർ ഹെൽത്ത്‌ ഇസ്പെക്ടർ. ഏതാണ്ടെന്റെ വലംകൈ, വർഷങ്ങളായിട്ട്. ഇപ്പോഴുംമാറ്റമില്ല. 

"സാറൂ, തേക്കടീല് ബോട്ട് മറിഞ്ഞെന്ന്. സാറാന്റി അത്യാവശ്യം ആൾക്കാരേം കൂട്ടി നമ്മുടെ ആംബുലൻസിൽ അങ്ങോട്ട് വിട്ടിട്ടുണ്ട്. "

      "എന്റീശ്വരാ.... "

ഒരു നിമിഷം അത് കേട്ട് മരച്ചിരുന്നു പോയി. 

  "ടാ...നീ വേഗം വാ. ആരേലും ഒണ്ടേ കൂടെ വിളിച്ചോ "

"ഞാനേ, സാറിന്റങ്ങോട്ട് ഓടി വരുവാ, സാറിറങ്ങിക്കോ. "

ഡ്രെസ്സൊന്നും മാറാൻ നിന്നില്ല. പുറത്ത് കാണാൻ നിന്നവരോട് എന്തോ വിളിച്ചുപറഞ്ഞൊപ്പിച്ചുകൊണ്ട് വണ്ടിക്കുള്ളിലേക്ക് ചാടിക്കയറി ഗേറ്റിന്റെയടുത്ത് എത്തുമ്പോഴേക്കും അമ്പാടിയുമെത്തി. 

നേരെ ബോട്ട് ലാന്റിങ്ങിലേക്ക് ഇരപ്പിച്ചു വിട്ടു. 

ഏറ്റവും മോശമായത് തന്നെ പ്രതീക്ഷിച്ചാൽ മതി എന്ന് മനസ്സിന് ഒരു തോന്നൽ.  

"സാറൂ,  മറ്റേ വല്ല്യ ബോട്ടാന്നാ കേട്ടേ, അതും മണക്കവലേല്. ആ ഭാഗത്തെ ഏറ്റവും ആഴം ഉള്ള സ്ഥലവും അതാ.., 

പ്രശ്നമാകുവോ?"

"വല്ല്യ പ്രതീക്ഷയൊന്നും വേണ്ടെടാ... 

അന്നേരം രക്ഷപ്പെട്ടവർ രക്ഷപെട്ടു... 

നല്ല ആഴം, ഭയങ്കര തണുപ്പ്, കരയിൽ നിന്നൊരു ആറേഴുകിലോമീറ്റർ... "

              വർഷങ്ങളായി എന്റെ വണ്ടി കണ്ട് പരിചയമുള്ളത് കൊണ്ട് ഫോറെസ്റ്റ് ഗേറ്റിലൊന്നും ഞങ്ങൾക്ക് തടസ്സമോ താമസമോ ഉണ്ടായില്ല. ഹോണും എമർജൻസി ലൈറ്റുകളും ഇട്ട് ലാൻഡിംഗ് വരെ വേഗമെത്തി. 

    അപ്പോഴേക്കും ആദ്യത്തെ റെസ്ക്യൂ ബോട്ട് കരയോടടുക്കുന്നു. 

ഏഴെട്ടുപേരുണ്ട്. ഭാഗ്യം, അവരെല്ലാം സുരക്ഷിതർ. 

അതേ ബോട്ടിലേക്ക് തന്നെ ഞങ്ങൾ അങ്ങോട്ടേക്ക് പോകാൻ ചാടിക്കയറി. 

  "അവിടെ സ്ഥിതി എങ്ങനെ മാഷേ? "

ബോട്ട് ഡ്രൈവറോട് വിവരം അറിയാമല്ലോ. 

" സാറെ അത്... "

അവന്റെ മുഖത്തെ അന്ധാളിപ്പിൽ ഞങ്ങൾക്ക് വേണ്ട ഉത്തരമെല്ലാം ഉണ്ട്‌.

അപ്പോൾ ഞങ്ങൾക്കെതിർവശത്തു നിന്ന് രണ്ടു ബോട്ടുകൾ വരുന്നുണ്ടായിരുന്നു. അതിനുള്ളിൽ നിന്ന് നിലവിളികളും ബഹളമയമായ സംഭാഷണങ്ങളും എൻജിന്റെ ശബ്ദവുമായി കൂടിക്കുഴഞ്ഞ് ഞങ്ങളെയും കടന്ന് പിന്നിലേക്ക് പോയി. അതിനുള്ളിൽ രക്ഷപ്പെട്ടവരുണ്ടായിരിക്കാം, രക്ഷപ്പെടാതെ പോകേണ്ടി വന്ന ഹതഭാഗ്യരും ഉണ്ടായിരിക്കാം. അതിലെ ജീവനക്കാർ വെപ്രാളത്തിൽ എന്തൊക്കെയോ ഞങ്ങളോട് വിളിച്ചു കൂവുന്നുണ്ട്. 

          ദൂരെ നിന്നേ കണ്ടു,മറിഞ്ഞു പകുതിയിൽ കൂടുതലായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ജലകന്യക എന്ന വല്ല്യ ബോട്ട്. അത് നീറ്റിലിറക്കിയിട്ട് അധികനാളായിട്ടുണ്ടായിരുന്നില്ല.


     വെള്ളത്തിലും അടുത്തുള്ള കരയിലുമായി ധൃതിവച്ചുകൊണ്ട് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന നാട്ടുകാരും, ഫോറെസ്റ്റുകാരും, പോലീസുകാരും ആരോഗ്യപ്രവർത്തകരും.  

ബോട്ട് നിറുത്തുന്നതിനൊപ്പം തന്നെ ഞങ്ങൾ പുറത്തേക്ക് ചാടി വെള്ളത്തിലൂടെ നടന്ന് കരയിലെത്തി. 

കരയിലെ പുല്ലിൽ പ്രഥമശുശ്രൂഷ കഴിഞ്ഞ് പലയിടത്തായി ഇരിക്കുകയും കിടക്കുകയും ചെയ്യുന്നു കുറച്ചുപേർ. ഒരു പത്തിരുപതു ആൾക്കാരുണ്ടാകും ആണുങ്ങളായും പെണ്ണുങ്ങളായും കുട്ടികളായും. അവർക്കിടയിലൂടെ ഓടിനടക്കുന്ന സാറയാന്റിയും സ്റ്റാഫ്‌ നഴ്സുമാരും.

"മാം... സിറ്റുവേഷൻ എങ്ങനെ? "

"ടാ..നീ അങ്ങറ്റത്ത് കിടക്കുന്ന കൊച്ചിനെ നോക്കിയേ വേഗം "

പുള്ളിക്കാരിക്ക് എനിക്കൊരുത്തരം തരുവാൻ പോലും നേരം കിട്ടുന്നില്ല. 

ഞാൻ ആ കുഞ്ഞിന്റെ അടുക്കലേക്കോടി. 

"ഡോക്ടറേ, ഒരാളെക്കൂടി കിട്ടി വെള്ളത്തിൽ നിന്നാരോ വിളിച്ചുകൂവി. 

അപ്പോഴേക്കും കിട്ടിയ ആളെ കരയിലെത്തിച്ചു കഴിഞ്ഞിരുന്നു. 

     ഞാൻ പരിശോധിച്ചുകൊണ്ടിരുന്ന ഏകദേശം പത്തു വയസ്സുള്ള ഒരാൺകുട്ടി, സ്റ്റെബിലൈസ്ഡ് ആണെന്ന് ഉറപ്പായത് കൊണ്ട് ഞാൻ പുതുതായി കൊണ്ടു വന്ന ആളുടെ അടുത്തേക്ക് ഓടി. 

നനഞ്ഞൊട്ടി നിൽക്കുന്ന രക്ഷാപ്രവർത്തകർക്കിടയിലൂടെ തിക്കിത്തിരക്കി ഞാൻ അയ്യാളുടെ അടുത്തെത്തി കുത്തിയിരുന്നു. 

തണുത്ത് വിറങ്ങലിച്ചിരിക്കുന്നു. ഒരു പത്തറുപത് വയസ്സ് കാണും. അനക്കമില്ല. പൾസില്ല. സ്റ്റാഫ്‌ നഴ്സും ഓടിയെത്തി ഞങ്ങൾ വേഗം റിസസിറ്റേഷൻ ആരംഭിച്ചു.. 

ഒരു ഗുണവുമുണ്ടാക്കുന്നില്ല. 

പെട്ടന്ന് ആളുകൾക്കിടയിൽനിന്ന് ഹിന്ദിയിലെന്തൊക്കെയോ നിലവിളിച്ചുകൊണ്ട് മധ്യവയസ്ക്കയായ ഒരു സ്ത്രീ അയ്യാളുടെ ദേഹത്തേക്ക് കമഴ്ന്നു വീണു. 

എനിക്കൊന്നും ചെയ്യാനില്ല..... 

അന്തരീക്ഷം ഇരുണ്ടു വരുന്നു. ചുറ്റുമുള്ള കൊടുംകാടിന്റെ പച്ചനിറത്തിന് കറുപ്പ് ഏറുന്നു. 

അസ്ഥിതുളക്കുന്ന തണുത്ത കാറ്റിനൊപ്പം ഏതൊക്കെയോ ഭാഷയിലുള്ള നിലവിളികൾ എന്നെ കടന്ന്  പോകുന്നു. 

കുറച്ചപ്പുറം വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ബോട്ടിന്റെ മുകളിൽ നിന്ന് ഇടക്കിടക്ക് രക്ഷാപ്രവർത്തകരുടെ ആരവം. ഇടയ്ക്കിടെ പോലീസിന്റെ വിസിൽ. 

ജനറേറ്റർ ഓൺ ആയതിന്റെ ശബ്ദം, ഒപ്പം ഫയർ ഫോഴ്‌സിന്റെ അസ്കാലൈറ്റിന്റെ വെള്ളവെളിച്ചം കരയിലെ പുൽത്തകിടിയിലും ഇരുണ്ടു കിടന്ന തടാകത്തിലേക്കും പരന്നു. 

"മുകളിലെ ഡെക്കിലുണ്ടായിരുന്ന ഏറെപ്പേരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞു സാറേ"."വിദേശികളൊക്കെ മിക്കവാറും തന്നെ നീന്തിക്കയറി"."അവർക്കെല്ലാം നീന്തൽ വശമുണ്ടല്ലോ, പിന്നെ നമ്മുടെ കുറച്ചാൾക്കാർക്കും മാത്രം. 

സ്ത്രീകളും കുട്ടികളും പെട്ടുപോയി സാറെ "

നനഞ്ഞവസ്ത്രങ്ങളൂരിയെറിഞ്ഞു ഒരു നിക്കർ മാത്രം ധരിച്ച് അവിടെയടുത്ത് തറയിൽ തളർന്നിരുന്ന ഫോറെസ്റ്റ് ഗാർഡ് ശേഖരൻ എന്നോട് പിറുപിറുത്തു. 

ബോട്ട് കിടക്കുന്നിടത്ത് നിന്ന് വീണ്ടും ആരവം. 

ഓരോ ആരവവും ആരെയൊക്കെയോ  വെള്ളത്തിനടിയിൽ നിന്ന്  കിട്ടുന്നതിന്റെ  അടയാളമാണ്. 

പക്ഷേ അതൊന്നും ഇപ്പോൾ സന്തോഷത്താൽ ഉണ്ടാകുന്നവയല്ലന്ന് മാത്രം.

ഇടുക്കി ജില്ലയുടെ മറ്റ് ഭാഗത്തു നിന്നുള്ള ഡോക്ടർമാരും സ്റ്റാഫുകളും എത്തിത്തുടങ്ങി. 

ഞാൻ ഇരുന്നിടത്ത് നിന്ന് വീണ്ടുമെണീറ്റു. 

        ആകെ ഒരു നിർവ്വികാരത. 

ബോട്ട് വടം കെട്ടി വലിച്ചടുപ്പിക്കാൻ ശ്രമിക്കുന്നവരുടെ അടുത്തേക്ക് മെല്ലെ നടന്നു. 

      ചുറ്റും എന്തൊക്കെയോ നടക്കുന്നു. പക്ഷേ അതിനൊന്നും ഇനി താഴെ നിന്ന്  വരാനിരിക്കുന്നവരെ ജീവനോടെ മടക്കി നൽകാൻ കഴിയില്ല. 

      രക്ഷപ്പെട്ട് വന്നവർക്ക് ചുറ്റും സുരക്ഷയുടെ ഒരു തോന്നൽ ഒരുക്കി ഞങ്ങൾടെ സ്റ്റാഫ് നഴ്സ്മാർ ഓടിനടക്കുന്നു.

    വെള്ളത്തിനടിയിൽ വച്ചു എവിടെയോ തട്ടി നെറ്റികീറി ചോരയൊലിപ്പിച്ചുവന്ന പോലീസുകാരന്റെ മുറിവ് വച്ചുകെട്ടുന്ന Dr.സാറ. 

നനഞ്ഞു വിറച്ചു നിൽക്കുന്ന ഒരു ബാലികയ്ക്ക് തന്റെ ഷർട്ട് ഊരി പുതപ്പിക്കുന്ന അമ്പാടി. 

നേരം നന്നായി ഇരുണ്ടു. 

ആരുടേയും മുഖത്തു പ്രതീക്ഷയുടെ ഒരംശം പോലും കാണാനില്ല. 

വെള്ളത്തിനടിയിൽ കിടക്കുന്ന ജീവനറ്റവരെ തിരികെ പ്രിയപ്പെട്ടവരുടെ അടുത്തെത്തിക്കുക എന്ന കർത്തവ്യത്തിന് ഒരുകൈ സഹായം. അത് മാത്രമേയിനിയുള്ളൂ എന്ന തിരിച്ചറിവ് ഞങ്ങളിലെല്ലാം നിറയുന്നുണ്ട്. 

ഓരോ തവണയും രക്ഷാപ്രവർത്തകർ വെള്ളത്തിനടിയിൽ നിന്ന് ആരെയെങ്കിലും പുതുതായി കൊണ്ടുവരുമ്പോൾ ഓടിയടുക്കുന്നു, ബന്ധുക്കളെ നഷ്ടമായവർ. 

മരവിച്ച മനസ്സുമായി ഇതും നോക്കി ഒന്നും ചെയ്യാനാകാതെ ഞങ്ങൾ. 

അഞ്ചും പത്തും മിനിറ്റുകളുടെ ഇടവേളകളിൽ കരയിൽ പല ഭാഗത്തായി ഉയരുന്ന വിങ്ങലുകൾ, നിലവിളികൾ. 

തുടർന്ന് ആ നിലവിളികളുമായി ലാന്റിങ്ങിലേക്ക് കുതിക്കുന്ന ബോട്ടിന്റെ മുരൾച്ച.


      അസ്‌ക്കാ ലൈറ്റിനനുടുത്ത് ഒരു മരക്കുറ്റിയിൽ, തടാകത്തിലേക്ക് നോക്കി അനങ്ങാതിരിക്കുന്ന ഒരു മനുഷ്യൻ. 

ഏതാണ്ടൊരുമണിക്കൂറിനുള്ളിൽ അങ്ങോട്ടുമിങ്ങോട്ടുമോടുമ്പോൾ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ഒരു പോലീസുദ്യോഗസ്ഥന്റെയോ പട്ടാളക്കാരന്റെയോ പോലുള്ള ഉറച്ച ശരീരവും ഉറച്ച മുഖഭാവവും. തടിച്ച് മുകളിലേക്ക് ലേശം പിരിച്ച് വച്ചിരിക്കുന്ന മീശ. സഫാരി സൂട്ട് പോലുള്ള വേഷം നനഞ്ഞൊട്ടിയിരിക്കുന്നു. 


     അതിനിടയിൽ നേവിക്കാരുടെ വരവിന്റെ അറിയിപ്പുണ്ടായി. 

രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന നാട്ടുകാർ ഓരോരുത്തരായി കരയിലേക്ക് തിരിച്ചു കയറുന്നു. 

പോലീസും ഫയർഫോഴ്സും ഫോറെസ്റ്റുകാരും സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നു. അടുത്ത നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നു. 

മണിയെട്ടായി.ഇതുവരെ  ഏതാണ്ടിരുപത്തിയാറ് ഹതഭാഗ്യർ സ്വജീവൻ തേക്കടിത്തടാകത്തിന് നൽകി മൃതശരീരങ്ങളായി ഞങ്ങളുടെ കൈകളിലൂടെ ബോട്ടുകളിൽ ലാന്റിങ്ങിലേക്കും അവിടുന്ന് ഞങ്ങൾടെ ആശുപത്രിയിലേക്കും പോയിട്ടുണ്ട്. 

കൂടുതലും സ്ത്രീകളും കുട്ടികളും തന്നെ. 

നേവി ടീം എത്തി. മറ്റ് ഡിപ്പാർട്മെന്റുകളുമായി ഏതാനം നിമിഷത്തെ ആശയവിനിമയം. അവരിലെ മുങ്ങൽവിദഗ്ധർ ജലത്തിനടിയിലേക്ക് ഊളിയിട്ടിറങ്ങി. 

ഇതുവരെ അവിടെയെല്ലാമായി നിറഞ്ഞുനിന്നിരുന്ന നാട്ടുകാരായ യുവാക്കൾ പല ബോട്ടുകളിലായി മടങ്ങിത്തുടങ്ങി. ആരും ഒന്നും മിണ്ടുന്നില്ല. അന്തരീക്ഷവും ശബ്ദവും ഒരുപോലെ തണുത്തുറഞ്ഞു പോകുന്നൊരാവസ്ഥ. 

ഞങ്ങൾക്കുമിനി മടങ്ങണം, ആശുപത്രിയിലേക്ക്. 

സാറയാന്റി തിരിച്ചുപോകാനുള്ള ഞങ്ങൾടെ സ്റ്റാഫിനെയെല്ലാം ഒരുമിച്ചു വിളിച്ചുകൂട്ടി. 

തണുത്ത കാറ്റിൽ ഐസായിപ്പോകുന്നൊരാവസ്ഥ. ആർക്കോവേണ്ടി ഷർട്ടൂരിക്കൊടുത്ത അമ്പാടി നിന്ന് വിറയ്ക്കുന്നു. 

അപ്പോഴാ നേരത്തേ കണ്ട മനുഷ്യനെ വീണ്ടും ശ്രദ്ധിച്ചത്.

"അമ്പൂ, നീയാ മനുഷ്യനെ ശ്രദ്ധിച്ചോടാ? 

എത്ര നേരമായി ഒന്നും മിണ്ടാതെ ഒരേ ഇരുപ്പാ? നമുക്കാപോലീസുകാരോട് ഒന്ന് പറഞ്ഞാലോ? "

"സാറുവാ, നമുക്കൊന്ന് നോക്കാം ". 

ഞങ്ങൾ വളരെയടുത്തെത്തിയപ്പോൾ പുള്ളി മുഖമൊന്നുയർത്തി നോക്കി. 

ആരാ എന്താന്നൊന്നുമറിയില്ലല്ലോ. 

അമ്പാടി സാവധാനം സംസാരിക്കാനെന്നോണം പുള്ളിയുടെ അടുത്തേക്ക് കുനിഞ്ഞു. 

പെട്ടെന്ന് അയാളവന്റെ കൈയ്യിൽ മുറുകെ പിടിച്ചു. 

"സാർ.. ഏൻ വൈഫും ഡാട്ടറും കീളെ.. 

അങ്ങ് കീളെ.. "

അയ്യാൾ ബോട്ട് കിടന്നിടത്ത് വെള്ളത്തിനടിയിലേക്ക് കൈ ചൂണ്ടി. 

"ട്ടിൽ നൗ വന്തില്ലേ.. സൊ ഐ ആം വെയ്റ്റിംഗ്.. "

ഞങ്ങൾടെ ഹൃദയങ്ങളിലൂടെ തുളഞ്ഞുകയറി ആ വാക്കുകൾ ഇരുട്ടിലെവിടെയോ പോയി മറഞ്ഞു. 

അപ്പോഴേക്കും രണ്ട് പോലീസുകാർ പുള്ളിയുടെ അടുത്തേക്കെത്തി. 

അവിടെ ഇനി നിൽക്കാൻ മനസ്സനുവദിക്കുന്നില്ല. 

ഞങ്ങൾ തിരികെ നടക്കാൻ തുടങ്ങിയപ്പോൾ അയ്യാൾ പിറകിൽ നിന്ന് വിളിച്ചു. 

"സാർ, ഒരു നിമിഷം.. "

"സാർ, കൊഞ്ചം ലേറ്റ് ആനാലും.. ആവുങ്കളെ കെടക്കുമ്പ.. 

ദേ വിൽ ബീ ഒക്കെ, അല്ലേ സാർ? 

ഉയിറുക്ക് പ്രോബ്ലം ഏതുമേ വരമാട്ടെ... ഇസ്റന്റ് ഇറ്റ് സാർ? "

കരഞ്ഞു പോയ എന്റെ മുഖം അമ്പാടി കാണാതിരിക്കാൻ ഞാൻ വേഗം ആ ലൈറ്റിന്റെ അടുക്കൽ നിന്നും ഞങ്ങൾക്ക് പോകാനുള്ള ബോട്ടിന്റെ അടുക്കലേക്ക് നടന്നു.... അതോ ഓടിയോ?? 


യുദ്ധമുഖത്ത് നിന്ന് ദേഹമാസകലം മുറിവേറ്റ് തോറ്റുമടങ്ങുന്ന സൈനികരെപ്പോലെ ഒരക്ഷരം ഉരിയാടാതെ ബോട്ടിൽ അവിടവിടെയായി ഞങ്ങൾ തളർന്നിരുന്നു. 

ഇരുണ്ടുകിടന്ന തേക്കടിത്തടാകത്തിലെ ജലം ആദ്യമായി എന്റെ കണ്ണുകളിൽ ഭീതി പരത്തി. എന്നും പുത്തനുണർവ്വ് മാത്രം പകർന്നു തന്നിരുന്ന ആ തണുത്ത കാറ്റ് എവിടെ നിന്നൊക്കെയോ ഉയരുന്ന നിലവിളികൾ  ഞങ്ങളിലേക്ക്  എത്തിക്കാൻ മത്സരിക്കും പോലെ.

            അദ്ധ്യായം 3     ചാറ്റ മഴ 


                    രാവിലേതന്നെ ആശുപത്രിമുറ്റം നിറയെ ജനങ്ങൾ. കളക്‌ടർ ഇന്നലെത്തന്നെ സ്ഥലത്തുണ്ട്. പോലീസ്, റവന്യു, ആരോഗ്യപ്രവർത്തകർ, നാട്ടുകാർ, ആരും തന്നെ വെറുതേയിരിക്കുന്നില്ല. ജില്ലാമെഡിക്കൽ ഓഫിസറുടെ ഉത്തരവ് ആകും മുൻപേ തന്നെ സ്വയം ഇന്നലെയേ  ആവശ്യം വേണ്ട ഉപകരണങ്ങളോടെത്തന്നെ ഇവിടെ എത്തി ജോലിയിലേർപ്പെട്ട ആരോഗ്യവകുപ്പിലെ ഡോക്ടർമാരും ജീവനക്കാരും. 

   ഏതാണ്ട് മുപ്പതോളം ബോഡികൾ ഇതിനകം കിട്ടിയിരിക്കുന്നു. 

മരിച്ചവരുടെ ബന്ധുക്കളിൽ ചിലർ പലയിടങ്ങളിലായി എല്ലാം തകർന്നിരിക്കുന്നു. ചിലർ നിന്ത്രണം നഷ്ടപ്പെട്ട് ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്നു. ചിലർ ഇപ്പോഴും ആരോടെന്നില്ലാതെ എന്തൊക്കെയോ പറഞ്ഞ് നിലവിളിക്കുന്നു. 

   കുമിളി ടൗണിന്റെ ചെക്ക്പോസ്റ്റിനപ്പുറം കിടക്കുന്ന തമിഴ്‌നാട്ടിൽ നിന്നുമുള്ള ബന്ധുക്കൾ വിവരമറിഞ്ഞ് എത്തിക്കൊണ്ടിരിക്കുന്നു. 

പത്രക്കാരും മീഡിയയും മീഡിയാവാനുമൊക്കെയായി ആശുപത്രിമുറ്റം തിരക്കിൽ. 

കിട്ടിയ ബോഡികളെല്ലാം അധികം വൈകാതെ പോസ്റ്റ്‌ മോർട്ടം ചെയ്യണം. 

ദുരന്തമായതിനാൽ, പോസ്റ്റ്മോർട്ടം നടത്താതെ ബോഡികൾ വിട്ടുകൊടുക്കാനുള്ള ചിലശ്രമങ്ങൾ നടന്നില്ല. 

അപ്പോൾ,അത് ഇവിടെ വച്ചു തന്നെ നടത്തണം. നൂറ് കിലോമീറ്ററിനപ്പുറം ഉളള കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുന്നത് പ്രാവർത്തികമല്ല. 

                ഉൽഘാടനം കാത്തുകിടന്ന പുതിയ വാർഡ്‌ കെട്ടിടം അങ്ങനെ പോസ്റ്റ്മോർട്ടം റൂമായി തുറന്നുകൊടുക്കപ്പെട്ടു. പുതിയ പെയിന്റിന്റെ മണം മാറാത്ത കട്ടിലുകളിൽ നിന്ന് മെത്തകൾ മാറി. ഒരു ഡ്രിപ്പോ ഇഞ്ചക്ഷനോ ഒരു തുള്ളി മരുന്ന് പോലുമോ ഇനി ആവശ്യമില്ലാതെ, എവിടെ നിന്നൊക്കെയോ വന്ന മുപ്പത് പേർ വാർഡിനുള്ളിലേക്ക്.

 ഉറക്കത്തിലാണ്ടു പലരും ഇനിയും വരാനുമിരിക്കുന്നു. 

സാറാന്റി ഓരോരുത്തരെയായി ഓരോരോ ഉത്തരവാദിത്ത്വങ്ങൾ ഏൽപ്പിക്കുന്ന തിരക്കിൽ. 

പോസ്റ്റ്മോർട്ടം റൂമിലെ കാര്യങ്ങളും അതിന് വേണ്ട സ്റ്റാഫിനെ ക്രമീകരിക്കേണ്ടതും ഞാൻ. 

നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ള ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും ശ്രദ്ധിക്കാനായി ജില്ലയിലങ്ങോളമിങ്ങോളമുള്ള ആരോഗ്യസ്ഥാപനങ്ങളിൽ നിന്നും വന്ന ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരും മറ്റു ഫീൽഡ് സ്റ്റാഫും. 

         വാർഡിൽ ഇരുപത് കട്ടിലുകൾ നിരന്നു. ആദ്യം ചെയ്യാനുള്ള ഇരുപത് ശരീരങ്ങളും. 

ഓരോ ബോഡിയും അറ്റൻഡ് ചെയ്യാൻ ഒരു ഡോക്ടർ, ഒരു നഴ്സിംഗ് അസിസ്റ്റന്റ്, ഒരു അറ്റൻഡർ എന്ന വിധത്തിൽ പോസ്റ്റ്‌മോർട്ടം റൂമിലേക്ക് ഒരു നേരം അറുപതു പേർ. 

    നേരം പത്തുമണിയോടടുക്കുന്നു. ഇതുവരെ ഒരു തുള്ളിവെള്ളം പോലും കഴിച്ചിട്ടില്ല. വിശപ്പ് തോന്നുന്നില്ല.പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് പല ദിവസങ്ങളിലും ഉടൻ കഴിക്കാൻ തോന്നാറുമില്ല. 

    നേരെ സ്റ്റാഫ്‌ റൂമിലേക്ക് നടന്നു. 

അറ്റൻഡർ ഇബ്രാഹിക്ക ഉണ്ടാകുമവിടെ. 

"ഇക്കാ,തിരക്കാണെന്നറിയാം. എന്നാലും ഒരു കടും കാപ്പിയിട്ട് തരാമോ?"

"അതിനെന്താ സാറേ.. ഇപ്പൊത്തരാവേ"

രണ്ടുമൂന്നു മിനിറ്റിനുള്ളിൽ ഇക്ക കാപ്പിയിട്ടു തന്നു.. ചെറിയൊരൂർജ്ജം. 

"സാറ് കേറുവല്ലേ ചെയ്യാൻ, ഞാനും വരുവാ "

"ഇക്ക എന്റൊപ്പം കേറിക്കോ "

"ആയിക്കോട്ടെ "

ഇതും പറഞ്ഞു പുറത്തിറങ്ങിയ ഇക്ക പെട്ടന്ന് തിരിച്ചു വന്നു. 

"സാറെ ഒരു തമിഴൻ കാണാൻ വന്നു നിൽക്കുന്നു "

"പരിശോധനക്കാണേൽ ഇപ്പൊ തിരക്കാന്നു പറ ഇക്കാ... കണ്ടില്ലേ ഇപ്പോഴും പുതുതായി കിട്ടിയ ബോഡികൾ വന്നോടിരിക്കുവാ "

"അല്ല, ഇത് വേറെ എന്തോ.. "

ഇക്ക പൂർത്തിയാക്കുംമുൻപ് അയ്യാൾ അകത്തേക്ക് കയറിവന്നു. 

ഇയാളെ ഞാൻ അറിയുമല്ലോ.. 

"ആഹാ, തേന്മൊഴിയുടെ അച്ഛനല്ലേ?, മോൾക്ക് കുറഞ്ഞില്ലേ? എന്ത് പറ്റി ഇപ്പൊ? "

"സാർ.. "

അയ്യാളുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങി നിന്നു. 

 എന്റെ നെഞ്ചിലൂടെ ഒരു തണുപ്പ് പാഞ്ഞു പോയത് പോലെ. 

"എന്താ മാഷേ?? തേന്മൊഴി എവിടെ? "

അയ്യാൾ ചുമരിലേക്ക് തളർന്നു ചാരി. 

"ഇക്കാ.. പിടിച്ചോ "

ഇബ്രാഹിക്ക പെട്ടന്ന് അയ്യാളെ അവിടെ ഒരു കസേരയിൽ പിടിച്ചിരുത്തി.

"സാർ.. തേന്മൊഴി, അങ്കെ... അങ്കെ പടുക്കിറേൻ  "

പോസ്റ്റുമാർട്ടം നടക്കാനുള്ള വാർഡിന്റെ ദിക്കിലേക്ക് ചൂണ്ടി അയാളൊന്ന് തേങ്ങി. 

  ഞാൻ തരിച്ചങ്ങനെ നിന്നു. കണ്ണിൽ ഇന്നലെക്കണ്ട ആ കുഞ്ഞിന്റെ മുഖം മാത്രം. 

ആ കൂട്ടത്തിൽ നീയുമുണ്ടായിരുന്നോ കുട്ടീ... ഞാൻ അറിഞ്ഞില്ലല്ലോ. 

അയാളോട് ഞാൻ ഇനി എന്ത് പറയാനാണ്?

തന്റെ ജീവിതത്തിൽ അവശേഷിച്ച ഏക സന്തോഷവും നഷ്ടപ്പെട്ട് തകർന്നിരുക്കുന്ന വ്യക്തിയോട്. 

കയ്യിലിരുന്ന കുറച്ചുമാത്രം കുടിച്ച കാപ്പിക്കപ്പ് പതുക്കെ മേശപ്പുറത്ത് വച്ചിട്ട് കസേരയിൽ തല കുമ്പിട്ടിരിക്കുന്ന അയ്യാളുടെ തോളിൽ എന്റെ വലതുകൈ കൊണ്ടൊന്നമർത്തി. 

"ഇവിടെത്തന്നെയിരുന്നോളൂ "

"ഇക്കാ.. വാ പോകാം "

"സാർ"

അയ്യാളുടെ തോളിലമർന്നിരുന്ന എന്റെ വലത് കൈ പെട്ടന്ന് അയ്യാൾ തന്റെ രണ്ട് കൈയ്യും കൂട്ടി സ്വന്തം നെഞ്ചിലേക്ക് ചേർത്തടുപ്പിച്ചു. 

"സാർ.... ഒരു ലാസ്റ്റ് റിക്വസ്റ്റ് "

"നാൻ സൊല്ലതു തപ്പ് താൻ... . അത് എനക്ക് നല്ല തെരിയും, 

ഉനക്ക് അത് റൊമ്പ റിസ്ക്ക് മാറ്റർ.. അതും തെരിയും" 

ഞാൻ ഒന്നും മിണ്ടിയില്ല. അയാൾക്ക് പറയാൻ ബാക്കിയുള്ളത് കേൾക്കാനായി അയ്യാളുടെ മുഖത്തേക്ക് നോക്കി. 

 ഞാൻ കുടിച്ചു പകുതിയാക്കി മേശപ്പുറത്ത്  വച്ചിരുന്ന  കടുംകാപ്പി പരവേശത്തോടെ അയ്യാളെടുത്ത് ഒരിറക്ക് കുടിച്ചു. 

"സാർ "

"പറയൂ"

"വലിക്കും വലിക്കും എന്ന് കവലപ്പെട്ടു ഇന്ത നാൾ വരേക്കും ഒരു ഊസി പോലും അവള്ക്കു നാൻ പൊട്ട വച്ചിട്ടില്ലൈ.. 

ആനാ.. ഇന്ന് എൻ കൊളന്തയ്ക്ക് പോസ്റ്റ്മോർട്ടം.. "

താങ്കമുടിയാത് സാർ....

വേണ്ടാ സാർ... 

പ്ലീസ്... "

ഏതാവത് സെയ്ത് ഹെല്പ് പെണ്ണുങ്ക്  സാർ 

വലിക്കും സാർ... എൻ തേന്മൊഴി... "

ഒരേ ഒരു തടവ് മട്ടും കൂടി ഹെല്പ് പണ്ണ് സാർ... "

"തെന്മോഴിയെ കീറ വേണ്ടാ സാർ "

ഞാൻ നിസ്സഹായനായി ഇബ്രാഹിക്കയെ നോക്കി. 

"പോകാം സാർ, ലേറ്റ് ആയി "

ഇബ്രാഹിക്ക പുറത്തേക്കിറങ്ങി, പിറകെ ഞാനും. 

"സാർ പ്ലീസ് സാർ... "

സ്റ്റാഫ് റൂമിൽ നിന്ന് ആ തളർന്ന ശബ്ദം ഞങ്ങളുടെ കാതുകളെത്തേടി പിറകെ വന്നു. 

അത് കേൾക്കാൻ വയ്യാതെ ഞാൻ ഇബ്രാഹിക്കയോടൊപ്പം വേഗം നടന്നു. പുറത്ത് നേർത്ത ചാറ്റമഴ.


പോസ്റ്റ്മോർട്ടം നടത്തേണ്ട വാർഡിനടുത്തുനിന്നും പോലീസുകാർ കൂടി നിന്നവരെയെല്ലാം നിർബന്ധപൂർവം മാറ്റുന്നു. അതിൽ ബന്ധുക്കളും നാട്ടുകാരും മീഡിയയും, എല്ലാം ഉണ്ട്‌. 

രോഗികൾ നിരന്നുകിടക്കുംപോലെ ഞങ്ങളെക്കാത്ത് ഇരുപത് മൃതദേഹങ്ങൾ. ഇന്നലെ ചിരിച്ചുകളിച്ചു,  നാടുകാണാൻ  കുമിളി ടൗണിലൂടെ നടന്നു പോയവർ. 

ഇതിനിടയിലെവിടെയാ തേന്മൊഴീ നീ?? 

 കുമിളിയിലെ തണുപ്പിലും ഞാൻ കുറേശ്ശെ വിയർക്കുന്നുണ്ട്. ബെഡ്ഡുകൾക്കിടയിൽ കാഴ്ച്ച മറച്ചുകൊണ്ട് സ്ക്രീനുകൾ അറ്റൻഡർമാർ നിരത്തിത്തുടങ്ങി. 

പോസ്റ്റ്മോർട്ടം റിക്‌സ്റ്റുകളുമായി പോലീസുകാർ ഓരോരോ ഡോക്ടർമാരുടെ അടുത്തേക്ക്. പോസ്റ്റ്മോർട്ടം ചെയ്യേണ്ടവർ നേരത്തേ നിശ്‌ചയിച്ച പോലെ ഗൗണും മാസ്കും കൈയ്യുറകളുമൊക്കെ ധരിച്ചു ഓരോരോ ബോഡിക്കടുത്തേക്ക്. 

ഞാൻ പതുക്കെ പതുക്കെ നടന്ന് ഓരോ കട്ടിലിനും അടുത്തുപോയി നോക്കുന്നു. 

തേന്മൊഴി എവിടെ? 

"സാറെ.. ഇങ്ങോട്ടൊന്നു വന്നേ "

ഇടതുവശത്ത് അങ്ങേയറ്റത്തുള്ള ബെഡ്‌ഡിനടുത്തേക്ക്  ഇബ്രാഹിക്ക എന്നെ വേഗം ചെല്ലാൻ മാടിവിളിക്കുന്നു. 

ദൂരെ നിന്നേ കണ്ടു. ഇരുനിറത്തിലുള്ള ആ കുഞ്ഞുമുഖം. നേർത്തൊരു ചിരി തരുന്ന പോലെ ചുണ്ട്. 

സ്‌ക്രീനിൽ താങ്ങി നിന്ന് കുറച്ചുനേരം ആ മുഖത്തേക്ക് നോക്കി. 

തേക്കടിയിലെ അവസാനത്തെ ഏത് കാഴ്ച്ചയാണോ ആവോ അവൾക്ക് ചിരിക്കാൻ വകയായത്? 


"സാറേ, ഞാൻ നിങ്ങടെ കൂടെ കൂടുവാ.. 

മിണ്ടിയും പറഞ്ഞും നിക്കാല്ലോ. "

നഴ്സിങ് അസിസ്റ്റന്റ് മാമുച്ചേച്ചിയാണ്. ലേശം വർത്തമാനം കൂടുതലാണ്. പക്ഷേ ജോലിയിൽ കള്ളമില്ല. അത് ജോലിസമയത്തിന്റെ കാര്യത്തിലായാലും, മുറിവുകൾ ഡ്രസ്സ്‌ ചെയ്യുന്ന കാര്യത്തിലായാലും, വാർഡുകളിലെ ജോലിയുടെ കാര്യത്തിലായാലും, എല്ലാം ഉഷാർ. 

ബന്ധപ്പെട്ട പോലീസുകാരൻ പോസ്റ്റ്മോർട്ടം റിക്വസ്റ്റ് കൈമാറി ഒപ്പിട്ടു വാങ്ങിപ്പോയി പോയി. 

    ഞാൻ വിയർപ്പ് നിറഞ്ഞ മുഖവുമായി ഇബ്രാഹിക്കയെ നോക്കി.എന്റെ മുഖത്തു നോക്കാതെ ഇക്ക ഗൗണും ഗ്ലൗസും മാസ്കും വച്ചു നീട്ടി. 

 മാമുച്ചേച്ചി എനിക്ക് ഗൗൺ പുറകീന്ന് പിടിച്ചു വലിച്ചു താഴേക്ക് നേരെയാക്കിയിട്ടുകൊണ്ട് സംസാരം ആരംഭിച്ചു.

 "കണ്ടു നിക്കാൻ വയ്യ സാറേ, എന്നാലും നമ്മളങ്ങ് ചെയ്യും "

തേന്മൊഴിയുടെ പാതിയടഞ്ഞ കണ്ണുകൾ 

എന്നെത്തന്നെ നോക്കിക്കിടക്കുന്നു. 

ഇന്നലെ ഞാൻ നിന്നെ ഇൻജെക്ഷനിൽ നിന്ന് രക്ഷിച്ചു, പക്ഷേ ഇന്ന്? 

എന്റെ കണ്ണുകൾ വീണ്ടും ഇക്കയുടെ മുഖത്തേക്ക് പതിഞ്ഞു.ഇബ്രാഹിക്ക എന്നെയും മാമുചേച്ചിയെയും മാറിമാറി നോക്കുന്നുണ്ട്. ചേച്ചി ബോഡി കീറിത്തുടങ്ങാനുള്ള ബ്ലേഡ് ഹാൻഡ്‌ലിൽ ഉറപ്പിക്കുന്ന തിരക്കിലും. 

എന്റെ മനസ്സിൽ വീണ്ടും ആ അച്ഛന്റെ ഇടറിയ വാക്കുകൾ. 

      "സാറെന്താ വല്ലാണ്ടിരിക്കുന്നേ? 

നമ്മളെത്രയെണ്ണം ചെയ്തിട്ടുള്ളതാ? 

ഇത് പിന്നെ വല്ലാത്ത ദുർഗ്ഗതി ആയിപ്പോയി ഈശ്വരാ "

           വീണ്ടും മാമുചേച്ചിയുടെ സ്വരം. പുള്ളിക്കാരി തേന്മൊഴിയുടെ വസ്ത്രങ്ങളെല്ലാം മാറ്റിത്തുടങ്ങി. 

എന്താ ഞാൻ ചെയ്യാൻ പോകുന്നത്. എനിക്കൊന്നും മനസ്സിൽ വ്യക്തമാകുന്നില്ല.

"ചേച്ചീ, ഞാനിപ്പോ വരാം."

ഞാൻ പതുക്കെ അവിടുന്ന് വാർഡിന്റെ മറ്റേ അറ്റത്തേക്ക് നടന്നു. 

പലരും ചെയ്ത് തുടങ്ങി. സ്‌ക്രീനുകൾക്കുള്ളിൽ നിന്ന് അടക്കിപ്പിടിച്ച സംഭാഷണങ്ങൾ. 

ഫോണെടുത്ത് കുറച്ചുനേരം അതിലേക്ക് വെറുതേ നോക്കി നിന്നു. പെട്ടെന്ന് എന്തോ തോന്നി Dr.സാറയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.

  "എന്താടാ..? നീ ഇതെവിടെയാ?"

"മാം, ഞാനിവിടെ പോസ്റ്റ്മോർട്ടം റൂമിലുണ്ട്. "

"ആ..പറ എന്നതാ "

"മാം.. ഒരു റിക്വസ്റ്റ് "

"നീ കാര്യം പറ "

"മാമുചേച്ചിയെ എന്തെങ്കിലും കാര്യം പറഞ്ഞ് അങ്ങോട്ടേക്കൊന്ന് ഒന്ന് വിളിപ്പിക്കാവോ, ഒരു മുക്കാൽ മണിക്കൂറത്തേക്ക്.. പ്ലീസ്? "

"എന്നാടാ.. നീ കാര്യം പറ. അപ്പൊ വേറൊരാളെ അങ്ങോട്ട് വിടണ്ടേ? ഇവിടാണേൽ എല്ലാരും തിരക്കിലാ. "

   " അതൊക്കെപ്പിന്നെ പറയാം. വേറൊരാളെ ഇങ്ങോട്ട് വിടണ്ട.ഇക്കയുണ്ട്,ഞങ്ങൾ നോക്കിക്കൊള്ളാം "

"ആ.. എന്നാ ആയിക്കോട്ടെ "

ഇപ്പൊ എനിക്ക് ഏതാണ്ടൊക്കെ ഉള്ളിൽ ഒരു തീരുമാനമാകുന്നപോലെ.

    തിരിച്ചു ചെല്ലുമ്പോൾ മാമുച്ചേച്ചി സ്റ്റിച്ചിങ് നീഡിലിൽ നൂൽ കോർക്കുന്ന തിരക്കിൽ.

പെട്ടന്ന് മാമുചേച്ചിയുടെ പഴയ ഫോണിന്റെ ബെല്ല് അവിടെ മുഴങ്ങി. 

"ഹലോ... എന്താ മാഡം? "

മാഡം ഞാൻ ഇവിടെ സാറിന്റെ കൂടെ പോസ്റ്റ്മോർട്ടം... "

"ഓക്കേ... ശരി മാഡം "

"സാറേ, സാറാ മാഡമാ.. കാഷ്വാലിറ്റിയിൽ എന്തോ അത്യാവശ്യം. ഞാൻ അങ്ങോട്ട് ചെല്ലാൻ.. പോയിട്ട് വരാമേ "

"ആയിക്കോട്ടെ ചേച്ചീ.. പതുക്കെ വന്നാൽ മതി "

ഞാൻ സ്‌ക്രീനിനകത്ത് കടന്ന് ഒരു സ്റ്റൂളിൽ ചുവരിലേക്ക് ചാരിയിരുന്നു.

"അപ്പോ നമ്മളീ കുഞ്ഞിനേ കീറില്ലല്ലോ.. അല്ലേ സാറേ? "

മുഖം മറച്ച മാസ്കിന് മുകളിലൂടെ ഇക്കയുടെ നനഞ്ഞ രണ്ട് കണ്ണുകൾ എന്നെ പ്രതീക്ഷയോടെ നോക്കി.

"അവളെ കഴിയുന്നത്ര രീതിയിൽ സുന്ദരിയായി ഒരുക്കി പൊതിഞ്ഞെടുക്ക് ഇക്കാ. എന്നിട്ട് മറ്റുള്ളവർ ചെയ്ത് തീരും വരെ നമുക്കിവൾക്ക് ഇവിടെ കൂട്ടിരിക്കാം."

പോസ്റ്റ്മോർട്ടം കഴിഞ്ഞു ശരീരങ്ങളെ ഒരുക്കാനും പുതപ്പിക്കാനുമുള്ള വസ്ത്രങ്ങൾ യുവജനസംഘടനകളും ടൗണിലെ വസ്ത്രവ്യാപാരികളും ആവശ്യത്തിനെത്തിച്ചിട്ടുണ്ട്. 

അവൾക്ക് നീണ്ട ഒരു ഫ്രോക്കും ഇടീച്ച് ദേഹത്തും മുഖത്തും ഫേസ് പൗഡറും പൂശി ഒരു വെള്ള ഷീറ്റിൽ പൊതിഞ്ഞു കിടത്തിയിട്ട് ഇക്കയും എന്റൊപ്പം വന്നടുത്തിരുന്നു. 

ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. 

നിനക്കൊരമ്മയില്ലാഞ്ഞത് നന്നായി കുട്ടീ. അല്ലായിരുന്നെങ്കിൽ ആ അമ്മയും ഇന്ന് ഹൃദയം തകർന്ന് വീണേനെ. 

  എത്രനേരം ഞങ്ങളങ്ങനെ ഇരുന്നുപോയെന്ന് അറിയില്ല. ഇക്കയെന്റെ കൈകളിൽ തൊട്ടപ്പോഴാണ് പരിസരബോധമുണ്ടായത്. 

"സാറേ, സമയമായി. അപ്പുറത്തൊക്കെ തീർന്നെന്ന് തോന്നുന്നു."

"മം.... ഇക്കാ? "

"സാറ് പറയണ്ട, ചത്താലും ഞാനിതരോടും പറയില്ല. "


ഞങ്ങൾ രണ്ടാളും പുറത്തേക്കിറങ്ങി. പുറത്തിപ്പോഴും നേർത്ത ചാറ്റമഴ. 

പോസ്റ്റ്മോർട്ടം കഴിഞ്ഞ ബോഡികൾ മാറ്റാനും പുതിയവ കിടത്താനുമുള്ള തിരക്കിലേക്കിനിടയിലേക്ക് ഇക്ക മറഞ്ഞു.

തേന്മൊഴിയുടെ ബോഡി ഏറ്റുവാങ്ങേണ്ട പോലീസുകാരൻ എന്റടുത്തേക്ക് വേഗം വന്നു. പോസ്റ്റ്മോർട്ടം റൂമിന് മുന്നിൽ നിന്ന് പേപ്പറുകൾ ഒപ്പിട്ട് കൈമാറുന്നതിനിടയിൽ എന്റെ കണ്ണുകൾ അയ്യാളെ തിരഞ്ഞു. 

ആശുപത്രിയുടെ മുന്നിലെ ഒഴിഞ്ഞ പാർക്കിലുള്ള സിമന്റ് ബഞ്ചിൽ മഴനനഞ്ഞുകൊണ്ട് തലകുമ്പിട്ടിരിക്കുന്ന അയ്യാൾ.  

  ഞാൻ മെല്ലെ ആ മഴയിലേക്കിറങ്ങി.

ആരൊക്കെയോ ധൃതിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. 

അവരുടെയിടയിലൂടെ  നടന്ന് അയാളുടെ അടുക്കലെത്തി ആ സിമന്റ് ബഞ്ചിൽ പതുക്കെ ഞാനുമിരുന്നു, തലകുമ്പിട്ട്. 

അയ്യാൾ തലയുയർത്തിയില്ല. 

ഞാൻ എന്റെ ഇടതുകൈ അയ്യാളുടെ വലതുകൈയ്യിൽ മെല്ലെ അമർത്തി. 

"നിങ്ങളുടെ തേന്മൊഴിയെ ഞാൻ ഒരു സൂചി കൊണ്ടോ കത്തി കൊണ്ടോ വേദനിപ്പിച്ചിട്ടില്ല. അവൾ അവിടെ സമാധാനമായി ഉറങ്ങുന്നു "

അയാളൊന്നും മിണ്ടാതെ തലകുമ്പിട്ടു നനഞ്ഞ മണ്ണിലേക്ക് നോക്കിയിരുന്നു. 

ആ ചാറ്റമഴനഞ്ഞുകൊണ്ട് ഞാനും..... 










  





Sunday, March 8, 2020

ഒന്നൊളിച്ചോടണം...

ഇടയ്ക്കെങ്കിലും ഒന്ന് ഓടിപ്പോകണം.... 
എന്റെ ചുറ്റിലും നിന്ന്,
എന്റെ  തിരക്കുകളിൽ നിന്ന്...

 അങ്ങ് ദൂരേക്ക്, 
ആരും അറിയാതെ.. 
ആരും കാണാതെ.. 
എന്നിലേക്ക് മാത്രമായി...
അവിടെ കാറ്റിന്റെ ഇരമ്പൽ നേർത്ത് നേർത്ത് ഇല്ലാതാകും.... 
കരിയിലകൾ മണ്ണിലേക്ക് അമർന്നു കിടക്കും.. 
പക്ഷികൾ മെല്ലെ  മയക്കത്തിലേക്കമരും, 
ഇലകൾ നിശ്ചലരായിരിക്കും.... 
തടാകത്തിലെ ഓളങ്ങൾ സ്വപ്നം കണ്ടുറങ്ങും .... 
സൂര്യൻ അങ്ങകലെ, 
ആ മലയുടെ മടിയിലേക്ക് തളർന്നു വീണുമയങ്ങും ..... 

അപ്പൊൾ വേണം,  എനിക്ക് എന്നെ,  എനിക്ക് മാത്രമായി, 
ആ രാത്രി മുഴുവൻ.....

Saturday, May 18, 2019

Lifeന് ഒരു U turn കിട്ടിയാൽ...


നാല്പത്തഞ്ച് വർഷവും എട്ട് മാസവും പതിനേഴ് ദിവസവും ആറു മണിക്കൂറും കൂടെ ഒരു പതിനഞ്ച് മിനിറ്റും, തികയുന്ന ഈ നിമിഷത്തിൽ പ്രഭാതസവാരിക്കിടെ മുഖത്തു പൊടിഞ്ഞ വിയർപ്പുകണങ്ങളുമായി വന്ന് ഒന്ന് ചാഞ്ഞുനിന്നത്  ഈ കാണുന്ന U turn സൂചിപ്പിക്കുന്ന സൈൻ ബോർഡിന്റെ കാലിൽ.
         നിനച്ചിരിക്കാതെ ഒടേതമ്പുരാൻ ചോദിക്കയാണ്..
"ടെയ്.. ഈ നിമിഷം, ജീവിതത്തിൽ ഒരു U turn എടുത്തിട്ട് ഒന്നൂടെ കേറി വരാൻ പറഞ്ഞാൽ നീ എന്ത് ചെയ്യും? "
                  ഒറ്റ നിമിഷത്തെ ആലോചന, പപ്പനാവന്റെ നാട്ടിലെ ഓട്ടോ ചേട്ടന്മാരെപ്പോലെ പടേന്ന് നിന്ന നിൽപ്പിൽ ഒരു വെട്ടിത്തിരിയൽ. ശകടം നേരെപോയി നിന്നത് മുപ്പത്തിയൊന്ന് വർഷം മുൻപുള്ള എന്റെ ഗവ:ആർട്സ് കോളേജിന്റെ മുന്നിൽ.
എന്നെക്കാത്ത് ഇളംതെന്നലിൽ തുള്ളിക്കളിച്ച് നടക്കുന്ന ഒരു ചെറുതൂവലിന്റെ ലാഘവത്തിൽ ഒരു പ്രീഡിഗ്രിക്കാലം.
        നിഷ്‌ക്കളങ്കനായ റാന്നിക്കാരൻ ബിനോയിയും ബുദ്ധിമാനായ അഞ്ചലുകാരൻ ഷൈനും,  കൂടെ നടന്നു എന്റെ  കള്ളത്തരങ്ങളെല്ലാം മനസ്സിലാക്കീട്ട് അവസാനം ഞാൻ നിന്റെ അടുത്ത ബന്ധു ആണെടാ എന്ന് വെളിപ്പെടുത്തിയ ബിജുവും, പേരെടുത്തു തന്നെ പറയാൻ കഴിയുന്ന ഇനിയും ഏറെയുള്ള സുഹൃത്ത് വലയവും.
നേരിട്ട് കണ്ടിട്ട് വർഷങ്ങളായെങ്കിലും ഹൃദയത്തോട് ചേർത്ത് നിർത്താൻ കഴിയുന്ന ഊഷ്മളത അവയ്ക്ക് പലതിനും.
     ഞങ്ങളും എൻട്രൻസിന് പഠിച്ചിട്ടുണ്ട്, എന്നാൽ യുദ്ധസമാനമായ ഇന്നത്തെ പിരിമുറുക്കം മനസ്സുകളിലോ പൊട്ടിച്ചിരികൾ മാത്രം വിതറിയിരുന്ന ഞങ്ങളുടെ മുഖങ്ങളിലോ ഉണ്ടായിരുന്നില്ല.
          ഒരു ദിവസം പോലും കോളേജിൽ പോകാതിരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ കോളേജിൽ ചെന്നാലോ, ക്ലാസിൽ കയറി ആ ദിനങ്ങൾ നഷ്ടപ്പെടുത്തിയിട്ടുമില്ല. ക്യാമ്പസ്സിലെ മഹാഗണി മുത്തശ്ശിമാർ തണലും തണുപ്പുമേകി ഞങ്ങളെ പോറ്റിയ ജീവിതത്തിലെ ഏറ്റവും പ്രിയതരമായ രണ്ടുവർഷങ്ങൾ.

      അയഞ്ഞ ചരടിലെ പട്ടങ്ങളെപ്പോലെ...
ഞങ്ങൾ പോലുമറിയാതെ ആ ചരടിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ നോക്കിയ ഞങ്ങളുടെ മാതാപിതാക്കൾ...

     റിലീസ്ദിനം തന്നെ താരചിത്രങ്ങൾ കാണുവാൻ ന്യുവിലും അജന്തയിലും ശ്രീകുമാറിലുമൊക്കെ ബ്ളാക്ക് വിൽക്കാൻ ടിക്കറ്റിനായി നിൽക്കുന്ന ചേട്ടന്മാരോടൊപ്പം പോരടിച്ചു നേടിയ ടിക്കറ്റുകൾക്ക് ഒളിമ്പിക്ക്സ്വർണ്ണത്തിന്റെ മാറ്റ്...
ക്ലാസിൽ നിന്ന് മുങ്ങി ഈ വിധം നടന്ന സിനിമാസ്വാദനങ്ങളെ കയ്യോടെ പിടികൂടി അടുത്തവീട്ടിലെ മാമൻ അച്ഛനടുത്തെത്തിച്ചു.....
         പോകുമ്പോൾ പറഞ്ഞിട്ട് പോടെ എന്ന്  പറഞ്ഞുകൊണ്ട് സ്നേഹത്തോടെ സ്ഥിരമായി എന്റെ പുറത്ത് തട്ടിയിരുന്ന ആ കൈകൾ ഇന്ന് എന്റെ ഏറ്റവും വല്ല്യ നഷ്ടങ്ങളിൽ ഒന്ന്....

മമ്മൂട്ടിയും മോഹൻലാലും അമീർഖാനുമൊക്കെ വിലസിയിരുന്ന ഞങ്ങളുടെ മനസ്സിൽ സമപ്രായയക്കാരനായൊരു ഹീറോ ഇടിച്ചുകയറിയ കാലം. ഇന്നും പുള്ളി അവിടുന്നിറങ്ങിപ്പോയിട്ടില്ല.... സച്ചിൻ.
      പോക്കറ്റ് മണി കിട്ടുന്ന രണ്ടോ മൂന്നോ രൂപയിൽ ബേക്കറി ജംഗ്ഷനിലേയും വഴുതക്കാട്ടെയും തട്ടുകടകളിൽ കൂട്ടം കൂടി നിന്ന് കൊതിയോടെ ആസ്വദിച്ചിരുന്ന ചൂട്  ഉള്ളിവടകളും പരിപ്പുവടകളും ...
ക്ലാസ് കട്ട് ചെയ്ത് ചെങ്കല്ല് പതിച്ച ഇടനാഴികളിലൂടെ അലസരായി നടന്ന് ഗാനമേള റിഹേഴ്‌സൽ നടക്കുന്ന ഓഡിറ്റോറിയത്തിൽ എത്തിയ ഒരു ദിനത്തിൽ ആദ്യമായി കേട്ട ഒരു ഗാനം ഇന്നും എനിക്കേറെ പ്രിയപ്പെട്ടത്....പാപാ  കെഹ്തെ ഹെ...
അമീർഖാന്റെ സുന്ദരമുഖത്തിനെ ആക്ഷേപിക്കുന്ന രീതിയിൽ കറുത്തൊട്ടിയ മുഖവുമായി ആ ഗാനമന്ന് പാടിയ ഡിഗ്രിക്ക് പഠിക്കുന്ന ചേട്ടൻ ഇന്നും നല്ലൊരോർമ്മ...

മലയാളം പഠിപ്പിച്ചു കൊണ്ടിരുന്ന ചിദംബരം സാറിന് ഞങ്ങൾ ഉറങ്ങുന്നത് കണ്ടു വിഷമം തോന്നേണ്ടന്ന് കരുതി അഴിയില്ലാ ജനലിലൂടെ കലാലയനീതി അനുസരിച്ച് ചാടി ഓടേണ്ടി വന്ന ഞാൻ ഇടിച്ചു നിന്നത് എതിരെ വന്ന  പ്രിൻസിപ്പാൾ ജോർജ്ജ് തോമസ് സാറിന്റെ വയറിൽ.
 "നീയൊക്കെ വല്ല്യ ഓട്ടക്കാരാല്ല്യോ? "
"നെനക്കൊക്കെ മുന്നിൽ രണ്ട് ഓപ്ഷൻ "
"ഒന്നുകിൽ നീന്റെയൊക്കെ  അച്ഛന്മാരെ വിളിച്ചിട്ടിങ്ങ്  പോരെ, ഇല്ലായെങ്കിൽ നീയൊക്കെ മനുഷ്യനെ പറ്റിക്കാൻ കൊണ്ട് നടക്കുന്ന ആ ബാഗും തലയില്  വച്ച് ഗ്രൗണ്ടിന് അഞ്ച് റൗണ്ട്?? എന്ത് പറയുന്നു? "
 "അഞ്ച് റൗണ്ട്..." ആർക്കും സംശയമില്ല.
    നട്ടുച്ചക്ക് ആ എരിപൊരി വെയിലിൽ ബാഗും തലയിൽ വച്ച്  ഓടുമ്പോഴും ഞങ്ങളുടെ അധ്യാപകനോട് ഇഷ്ടം കൂടിയതേയുള്ളു.
           ഇതിനിടയിലെപ്പോഴോക്കെയോ  തഴുകിയൊഴുകിപ്പോയ ചെറുകൗമാരപ്രണയങ്ങൾ പച്ചപിടിച്ചില്ല.
ഒരു കണക്കിനത് നന്നായി.
ഇല്ലെങ്കിൽ മനസ്സിനുള്ളിലെ പ്രണയിതാവ് അന്നേ മരിച്ചൊടുങ്ങിയേനെ. ജീവിതത്തെ ഒരു കാമുകനെപ്പോലെ സമീപിക്കുവാനുള്ള മനസ്സ് എനിക്കുണ്ടാകുമായിരുന്നിരിക്കില്ല.

                U turn എടുത്തു പോയിട്ടുള്ള തിരിച്ചു വരവിൽ ഞാനിന്ന് സ്നേഹിക്കുന്ന എല്ലാപേരും എന്നോടൊപ്പം വണ്ടിയിലുണ്ടാവണം. ഉണ്ടാകും.
അക്ഷരങ്ങളും, ഭാവപ്രകടനാത്മകതയും സംഗീതവും ഒക്കെ ചേർന്ന് ഞാൻ ഇഷ്ടപ്പെടുന്ന ഒരു ജീവിതവീഥിലൂടെ മാത്രമേ ഇത്തവണ ഞാൻ എന്റെ ശകടമോടിച്ചു കയറി വരൂ എന്നെനിക്കുറപ്പ്........

മടങ്ങുമെന്നാകിൽ

യാത്രയിലലഞ്ഞുലഞ്ഞൊരാ  വീഥിയരികിൽ തളർന്നുവീണു പോയൊരീരാവിൻ മാറിൽ അഭയമേകിയോരമ്മ മനസ്സേ സ്വർഗ്ഗമായെനിക്ക്  നിൻ ആലയം  നിറവിരുന്നായി ന...