"ജയേഷേ.."
മെഡിസിൻ ഡിപ്പാർട്മെന്റിൽ നിന്നുള്ള ഹൌസ് സർജൻസീടെ എന്റെ അറ്റന്റൻസ് സർട്ടിഫിക്കറ്റ് ഒപ്പിടുന്നതിനിടയിൽ മുഖത്തോട്ട് നോക്കാതെയുള്ള വിളി.
"മാഡം "
" ഒള്ള സർട്ടിഫിക്കറ്റുമായി ഈ തിരുവനന്തോരം വിട്ട് എവിടേലും പോയി പ്രാക്ടീസ് ചെയ്ത് ജീവിക്ക് "
"അത്, മാഡം "
"മ്മ്മ് "
"പീജീക്ക് ഒന്ന് ട്രൈ ചെയ്യാണോന്നുണ്ട് "
"നെനക്ക് ഞങ്ങളെയൊക്കെ ഇത്രേം കഷ്ട്ടപ്പെടുത്തിയത് പോരേ മോനേ?"
കുറച്ച് നേരത്തെ മൗനത്തിന് ശേഷം
"തനിക്ക് എന്റെ മേശപ്പുറത്തു ഇരിക്കുന്ന ഈ ബോട്ടിൽ അറിയാമല്ലോ അല്ലേ "
"ആഹ്, ഇത് മാഡം എന്നും വെള്ളം കൊണ്ട് വരുന്ന ബോട്ടിൽ അല്ലേ "
നല്ല ഭംഗിയുള്ള ഒരു ഗ്ലാസ് ഫ്ലാസ്ക്കാണ് അത്.
"അതേ, പക്ഷേ വെറും വെള്ളമല്ല, ലൈം ജ്യൂസ്. എനിക്കിത്തിരി ക്ഷീണം വരുമ്പോ കുടിക്കാൻ. അത് പോലും ഞാനിവിടെ ഇല്ലാത്തപ്പോ വന്ന് കട്ടുകുടിക്കുന്നത് താനാണ് എന്ന് എനിക്കറിയാൻ മേലാഞ്ഞിട്ടല്ല. പിള്ളേരുടെ കുസൃതി അല്ലേ എന്നോർത്തു കുറെയൊക്കെ ഞാൻ ആസ്വദിക്കുന്നത് കൊണ്ടാണ്"
ഞാനൊന്ന് പരുങ്ങി. അപ്പൊ ഇതും ഇവർക്കറിയാമായിരുന്നു.. ശ്ശേ
രമണി മാഡം കപടമായ ഒരു ദൈന്യ ഭാവം മുഖത്ത് വരുത്തി
"ജയേഷേ, ഒള്ള സ്നേഹം വച്ചു പറയുവാ, എങ്ങനേയോ നിന്നെയൊന്നു ജയിപ്പിച്ചു വിട്ടു.
നിന്നെക്കൊണ്ട് ഞങ്ങൾക്കൊക്കെ സഹിക്കാൻ മേലാഞ്ഞിട്ടാ. ഇനി ഇങ്ങോട്ടെങ്ങാനം നീ വരാനുദ്ദേശിക്കുന്നുണ്ടെങ്കി നിന്റെ സർട്ടിഫിക്കറ്റ് ഞാനിപ്പോ വലിച്ചുകീറി ചവറ്റു കൊട്ടേലിടും "
"ഇല്ല മാഡം, ഞാമ്പോവുവാ, ഒത്തിരി നന്ദിയുണ്ട് "
വേഗം സർട്ടിഫിക്കറ്റ് വാങ്ങി പുറത്തേക്കിറങ്ങാൻ ഹാഫ് ഡോർ വലിച്ചു തുറന്നു "
"ജയേഷേ "
വീണ്ടും വിളി.
"മാഡം "
" നോക്കീം കണ്ടുമൊക്കെ പ്രാക്ടീസ് ചെയ്യ് കൊച്ചേ,നീ നന്നാവാൻ വേണ്ടിയേ ഞാൻ വഴക്ക് പറഞ്ഞിട്ടുള്ളൂ "
"ശരി മാഡം.. താങ്ക്സ് "
ഒന്നൂടെ തൊഴുതു പുറത്തിറങ്ങി.
രണ്ടാം വാർഡിന്റെ കോറിഡോറിലൂടെ വേഗം ഞാൻ തിരക്കിലേക്കുഴ്ന്നിറങ്ങി.
* * * * *
Dr മരണി 1
രണ്ട് വർഷം മുന്നേ
******************
ഡും.. ഡും.. ഡും
വാതിലിൽ ശക്തിയായി ആരോ ഇടിക്കുന്നു.
"ഏതവനാടാ മരണവെപ്രാളം??
മനുഷ്യനെ ഒറങ്ങാനും തമ്മസ്സിക്കൂല്ലേ??"
"നീ ഒറങ്ങിയത് മതിയെടാ കോപ്പേ, കതക് തൊറ "
നാശം, ബിജു അളിയൻ.
എവനൊക്കെ നേരം വെളുത്താ ക്ലാസ്സീ പൊയ്ക്കൂടേ.
ഉറക്കച്ചടവും ദേഷ്യവും ഒളിപ്പിച്ച് വയ്ക്കാൻ കഴിയാതെ തന്നെ, അവനെ പ്രാകിക്കൊണ്ട് കതക് തുറന്നു.
"എന്തെരെടെ?"
"ഡേയ്, നീ ഞങ്ങളക്കൂട കൊലയ്ക്ക് കൊടുക്കുവോ, പറ ??"
"നീ ചൊറിയാതെ കാര്യം പറ, വെളുക്കുവോളം ചീട്ടും കളിച്ചിവിടിരുന്നിട്ട് നീയൊക്കെ പോയത് അഞ്ച് മണിക്ക്. എന്നെയൊന്നു ഒറങ്ങാനനുവദിക്കടേ "
സഹികെട്ടു ഞാൻ തൊഴുതു.
"ആയിക്കോ, നീ ഒറങ്ങിക്കോ, പക്ഷേ നിന്നോട് ഒരുനൂറുവട്ടം പറഞ്ഞിട്ടുണ്ട് ബോധമില്ലാതെ എണീറ്റു ജനലീക്കൂടി മുള്ളരുതെന്ന്, ഒണ്ടോ ഇല്ലേ?"
"ഡേയ്, അതിനിപ്പോ എന്ത്?
ഞാനൊന്നും ചെയ്തില്ലല്ല്?"
"ഒന്നും ചെയ്തില്ല അല്ലേ? ഇങ്ങ് വാ "
അവനെന്റെ കൈയും പിടിച്ചു വലിച്ചുകൊണ്ട് ജനലിനരികിലേക്ക് ചെന്ന് നേരെ താഴേക്ക് ചൂണ്ടി "
അവിടെ ഒരു പുതിയ മഞ്ഞ സെൻ കിടപ്പുണ്ട്.
"അതാരുടേന്ന് വല്ല പിടിയുമൊണ്ടാ അളിയന്? മെഡിസിനിലെ മരണി മാസത്തിന്റെ പുതിയ വണ്ടിയാ"
"അവരുടെ മോളെ കോളേജ് ബസ് കേറ്റിവിടാൻ ഇവിടൊന്നു വണ്ടി ഇട്ടിട്ട് പോയതാ.അപ്പോഴാ നിന്റെ പുണ്യാഹം തളി നടന്നത്. അവരുടെ അഞ്ചാംക്ലാസീ പഠിക്കുന്ന ആ ചക്കപ്പയല് കേക്കും തിന്നോണ്ട് വണ്ടിക്കകത്ത് ഉണ്ടായിരുന്നു.
വെള്ളം വീഴുന്ന ശബ്ദം കേട്ട് ലവൻ ഡോർ തൊറന്നു മേളിലോട്ട് നോക്കിയപ്പോക്കണ്ടത് നിന്റെ വക മൺസൂൺ."
"അയ്യോ അളിയാ ഇനിയിപ്പോ എന്ത് ചെയ്യും "
"ഇനി ഒന്നും ചെയ്യാനില്ല, വാർഡൻ ശശിയണ്ണന്റെ കാലിൽ പോയി വിഴാം. അങ്ങേര് എങ്ങനെയെങ്കിലും എന്തേലും കള്ളം പറഞ്ഞു ഊരിത്തരും. ഇല്ലേ കട്ടപൊകയാണേ അളിയാ. നിന്റെ തൊട്ടടുത്ത റൂമായത് കൊണ്ട് എന്നേക്കൂടെ ബാധിക്കുന്ന ഒരു പ്രശ്നമാ. നീ വേഗം ഇറങ്ങിക്കേ "
* * * *
Dr. മരണി 2
രണ്ട് മാസം മുമ്പ്
****************
"ഡേയ്, തള്ള വരാറായാ, ഞാനാണെങ്കി ഇപ്പ വന്ന പേഷ്യൻറ്റിന്റെ കേസ് ഷീറ്റ് എഴുതീമില്ല, ഇൻവെസ്റ്റിഗേഷന് ബ്ലഡ് എടുത്ത് കൊടുത്തയക്കാൻ സമയോം കിട്ടീല്ല.
ഒന്ന് ഹെല്പ് ചെയ്യളിയാ "
ബിജു അളിയന്റെ കാല് പിടിച്ചു നോക്കി
"ആളെവിട് മച്ചൂ, ഇനിയൊന്നു വലിച്ചില്ലേ ഞാനിപ്പ വീഴും. ഞാനൊന്ന് കോമൺ റൂമിൽ പോയേച്ചും ഓടി വരാം "
"ടാ മഹാപാപി പോകല്ലേടാ, ഒന്ന് സഹായിച്ചിട്ട് പോ"
"പോയി പണി നോക്കടാ. രാത്രി വെളുക്കുവോളം ഡ്യുട്ടി റൂമിൽ കിടന്ന് കൂർക്കം വലിക്കുമ്പോ ആലോചിക്കണോയിരുന്നു, അഡ്മിഷൻ ഡേ ആണെന്നും ഞങ്ങളെല്ലാരും ഇവിടെക്കിടന്ന് ചക്ര ശ്വാസം വലിക്കേണെന്നും.കിട്ടാനുള്ളത് അങ്ങ് മേടിച്ചോണ്ടാ മതി "
"ജയേഷേ, നിന്റെ പേഷ്യന്റിന്റെ അടുത്ത് മാഡം നിൽക്കുന്നു. അങ്ങോട്ട് ചെല്ലാൻ "
ആലപ്പുഴേന്നു ട്രാൻസ്ഫർ മേടിച്ചു വന്ന അഞ്ചന ധൃതിക്ക് ഓടിവന്നു പറഞ്ഞിട്ട് വെപ്രാളപ്പെട്ടു തിരികെ ഓടിപ്പോയി.
ഈശ്വരാ, ഈ തള്ള ഇപ്പോഴേ വന്നോ.
റൗണ്ട്സ് തുടങ്ങി. ഇന്ന് പിറകേന്നാണല്ലോ.
രണ്ടാം വാർഡിന്റെ അങ്ങേ അറ്റത്ത് വലിയ കമ്പി അഴികൾ കൊണ്ടുള്ള ഗ്രില്ല് പിടിപ്പിച്ച വരാന്ത പോലുള്ള ഇടത്തിൽ അങ്ങേ അറ്റത്തുള്ള ബെഡ്.
വായിലെ പുകയുടെ മണം ഊതി സ്വയം ക്ളീൻ എന്ന് ഉറപ്പ് വരുത്തി ഓടിവരുന്ന ബിജു അളിയൻ.
മുപ്പത്തിയൊന്നാം ബെഡിന് ചുറ്റും പരിവാരങ്ങളെല്ലാം ഉണ്ട്.ശിങ്കിടി dr. ജഗദീഷും
പീജികളും ഹൗസ് സർജന്മാരും, കിടക്കയിൽ ഇരിക്കുന്ന രോഗിയെ സ്റ്റെത്ത് വച്ചു പരിശോധിച്ച് കൊണ്ട് പതിവിൽ കവിഞ്ഞ ഗൗരവത്തിൽ യൂണിറ്റ് ചീഫ് രമണി മാഡവും.
എന്തോ പന്തികേടുണ്ട്. കടിച്ചുകീറാനുള്ള ദേഷ്യത്തിൽ എന്നെ നോക്കി നിൽക്കുന്ന പീ ജി വിനോദ് ഭാസി.
എന്നെ കണ്ടതോടെ മാഡം പരിശോധന നിർത്തി സ്റ്റെത്ത് ഊരി കഴുത്തിലിട്ടു കോട്ടിന്റെ ഇരുവശത്തുമുള്ള പോക്കറ്റുകളിലേക്ക് കൈകൾ കുറച്ച് ബലമായി തിരുകി വച്ചിട്ട് ഗൗരവത്തോടെ ഞാൻ അടുത്തെത്തുന്നത് നോക്കി, ഇരയെ പ്രതീക്ഷിച്ചിരിക്കുന്ന വിശന്ന സിംഹത്തെ എന്നപോലെ.
"ജയേഷേ, ഈ കേസ് ഒന്ന് എക്സ്പ്ലൈൻ ചെയ്തേ "
"മാഡം, ഇത് ഒരു ന്യുമോണിക്ക് കോൺസോളിഡേഷൻ ആണ് "
"ഏത് സൈഡ്?"
ശ്ശേ.. മറന്നു. വേഗം സ്റ്റെത്ത് എടുത്ത് പേഷ്യന്റിന്റെ നെഞ്ചത്ത് വച്ചു.
"ഓഹ്, അപ്പൊ അതും മറന്നോ, അതോ താനീ കേസ് കണ്ടില്ലേ. ഉള്ളത് പറയ്യ് "
"മാഡം, ഞാൻ കണ്ടതാ. തിരക്കിനിടയിൽ സൈഡ് മറന്നുപോയി "
"മ്മ്, എന്നിട്ട് ബാക്കി കൂടിപ്പറഞ്ഞേ. ഇയ്യാൾക്ക് നടക്കാൻ ബുദ്ധിമുട്ട് ഉള്ള ആളാണോ?"
"അല്ല മാഡം "
"അറിയാതെ യൂറിൻ പോകുന്നുണ്ടോ?"
"ഇല്ല മാഡം "
"പിന്നെ എന്തലങ്കാരത്തിനാണെടോ ഇയാൾക്ക് താൻ യൂറിനറി കത്തീറ്റർ ഇട്ടിരിക്കുന്നത് ഇഡ്ഢിയറ്റ് "
ഈശ്വരാ.. ഇതെപ്പോ നടന്ന കാര്യമാ ഈ പറയണേ.
ഞാൻ മയമില്ലാതെ ലതിയാന്റെ ലുങ്കി ഒന്ന് ചടേന്നു പൊക്കി നോക്കി. ആ ഞെട്ടലിൽ രോഗീടെ വലിവ് കൂടി.ലേയ്ലാന്റ് ലോറീടെ ഗിയർ സെക്കൻഡിൽ നിന്ന് തേർഡിലോട്ടിട്ട പോലെ ഒന്ന് വിറച്ചു എരപ്പ് കൂടി.
ങ്ങേ, പറയുംപോലെ കത്തീറ്റർ ഇട്ടിട്ടുണ്ടല്ലോ.
ഇതേത് സാമദ്രോഹി ചെയ്ത പണിയാ ദൈവമേ.
ഈ ഭൂമി പിളർന്നങ്ങ് താഴെപ്പോയാൽ മതി എന്ന് തോന്നിയ നിമിഷം ഇല്ലേൽ ഈ വരാന്തയിലെ കമ്പി ഗ്രിൽ പൊളിച്ചു രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടി ഓടിയാലും മതിയായിരുന്നു.
അങ്ങൊരുടെ കിഡ്ണി അടിച്ചു മാറ്റിയ കള്ളനെയെന്ന പോലെ എന്നെ തുറിച്ചു നോക്കുന്ന രോഗിയും അയാളുടെ പെണ്ണുംപിള്ളയും.
ഞാൻ നിമിഷനേരംകൊണ്ട് എല്ലാപേരെയും ഒന്ന് നോക്കി. വെട്ടാൻ വച്ചിരിക്കുന്ന ആറുവുമാടിനോടുള്ള സഹതാപം പലരുടെയും കണ്ണുകളിൽ.
അതിനടിയിൽ ബിജുവളിയൻ മാത്രം എന്റെ മുഖത്തു നോക്കാതെ മുകളിൽ കര കര ശബ്ദത്തിൽ കറങ്ങുന്ന പഴയ ഫാനിലേക്ക് നോക്കി നിൽക്കുന്നു.
ഇവൻ തന്നെ. കാലമാടൻ. ആള് മാറി ഇട്ടതാവണം.
"ജയേഷേ യൂ ആർ ക്രോസ്സിംഗ് ദ് ലിമിറ്റ്. ഈ ഞായറാഴ്ച്ചത്തെ റിപീറ്റ് അഡ്മിഷൻ കാഷ്വാൾറ്റി ഡ്യൂട്ടിയും ഇയാള്ടെ പേരിലിട്ടേരെ ജഗദീഷേ "
തീർന്നു..
ദുഷ്ട, കാലമാടത്തി, ഈ ആഴ്ച്ചയും പോയിക്കിട്ടി.
"ഡോ, താനീ കത്തീറ്റർ അങ്ങ് മാറിക്കൊടുത്തേ വേഗം "
"ഓ കെ മാഡം "
വേഗം ഓടിപ്പോയി നഴ്സസ് റൂമിൽ നിന്ന് ഒരു 10ml സിറിഞ്ചുമായി തിരിച്ചെത്തി.
പുരാതന റോമിലെ കോളോസിയത്തിനുള്ളിൽ വിശന്നു വലഞ്ഞ സിംഹങ്ങൾക്ക് നടുവിൽ ജീവന് വേണ്ടി ഓടുന്നവനെയെന്നപോലെ ഞാനും, ചുറ്റിനും എന്നെ കൊത്തിവലിക്കുന്ന പത്തിരുപത് ജോടിക്കണ്ണുകളും.
നിമിഷനേരങ്ങൾക്കുള്ളിൽ ബെഡിൽ കിറുകിറാ വലിച്ചു കിടന്ന രോഗിയുടെ മുണ്ട് പറിച്ചു മാറ്റി. അതോടെ മാനം പോയേന്റെ ഞെട്ടലിൽ അതിയാന്റെ വെപ്രാളവും വലിവും കൂടി.ഗിയർ ടോപ്പിലായി.
ഒളിക്കണ്ണിട്ട് ബിജു അളിയന്റെ മുഖത്തേക്ക് തീക്ഷണമായി നോക്കി അവന്റെ പിതാമഹാന്മാർക്ക് വേണ്ടത് മനസ്സിൽ അർപ്പിച്ചു.
കത്തീറ്ററിന്റെ ഡ്രൈനേജ് പോർട്ടിലേക്ക് സിറിഞ്ച് തള്ളിക്കേറ്റി ഉള്ളിലെ ബലൂൺ ഡിഫ്ലേറ്റ് ചെയ്യാനായി വെള്ളം വലിച്ചിടുത്തു തുടങ്ങി.
ആദ്യത്തെ പത്തു മില്ലി എടുത്ത് കഴിഞ്ഞപ്പോഴാണ് എടുത്ത വെള്ളം കളയാനുള്ള കിഡ്നി ട്രേ എടുത്തില്ല എന്നോർത്തത്.
കടവുളേ..
ഇനി എന്ത് ചെയ്യും?
എന്റെ കണ്ണുകൾ ഒരു കച്ചിത്തുരുമ്പിനായി ചുറ്റിലും പരതി. അയ്യാളുടെ പെണ്ണുംപിള്ളയുടെ കയ്യിൽ ബാത്റൂമിൽ പോകാനുള്ള മഗ്ഗ് ഇരിക്കുന്നത് കണ്ണിൽപ്പെട്ടു.
എന്റെ മനസ്സ് വായിച്ചിട്ടേന്നോണം പെട്ടെന്ന് അവരതങ്ങ് മാറ്റിപ്പിടിച്ചു.
ഇനി എന്ത്??
എന്റെ കണ്ണുകൾ ഗ്രില്ലിലേക്ക് നീങ്ങി.
ഐഡിയ..
"മാഡം ഒന്ന് നീങ്ങിത്തരാവോ "
ഞാൻ ഗ്രില്ലിനിടയിലൂടെ ആ സിറിഞ്ചിലെ വെള്ളം പുറത്തേക്ക് ചീറ്റിച്ചു.
വീണ്ടും അടുത്ത പടി വെള്ളം വലിച്ചെടുത്തു.
അടുത്താരൊക്കെയോ അടക്കിച്ചിരിക്കുമ്പോലെ.
രമണി മാഡം സ്തംഭിച്ച് എന്നെത്തുറിച്ച് നോക്കി നിൽക്കുന്നത് ഞാൻ അറിയുന്നില്ല.
ആ പത്തുമില്ലിയും യഥാവിധി ഞാൻ ഗ്രില്ലിലൂടെ താഴെ പുറത്തേക്ക് ചീറ്റിച്ചു.
മൂന്നാമത്തെ പത്തുമില്ലിയും വലിച്ചെടുത്തതോടെ മാഡത്തിന്റെ നിയന്ത്രണം പോയോ എന്നൊരു സംശയം.
"ഡോ... ജയേഷേ "
അതൊരു അലർച്ചയായിരുന്നോ?
"മാഡം "
"താൻ ഹോസ്റ്റലിലാണോടോ താമസിക്കുന്നത്??"
"അതേ മാഡം "
"ഫസ്റ്റ് ഹോസ്റ്റലിൽ?,
രണ്ടാം നിലയിൽ ആ ബാൽക്കണിയുടെ അടുത്ത്?"
എന്റെ മുഖത്തു ആശ്വാസവും ഒരു നിഷ്‌ക്കളങ്കതയും വിരിഞ്ഞു.
"മാഡത്തിന് എങ്ങനെ മനസ്സിലായി "
പക്ഷേ പുള്ളിക്കാരിയുടെ ഉത്തരം എന്നോട് ആയിരുന്നില്ല.
"ഡോക്ടർ ജഗദീഷ് "
സ്വരം കടുത്തിരിക്കുന്നു
"മാഡം "
ജയേഷിന് ഒരു മാസത്തെ എക്സ്റ്റൻഷനൂടെ ഇപ്പോഴേ അടിച്ചു വച്ചേരെ.
എന്നിട്ട് തീതുപ്പുന്ന കണ്ണുകളോടെ എന്നെ ഒന്ന് നോക്കി,ചവിട്ടി മെതിച്ചു കൊടുങ്കാറ്റ് പോലെ പുറത്തേക്കൊരു പോക്കും.
തികട്ടിവന്ന പൊട്ടിച്ചിരി കൈ കൊണ്ട് പൊത്തി ബിജുഅളിയൻ എന്റെ ചെവിയിൽ പറഞ്ഞു..
" നീ തീർന്നളിയാ, നീ തീർന്ന് "
ഗ്രില്ലിന് പുറത്ത് താഴെ നിന്ന്,തലയിൽ അൽപ്പം വെള്ളം വീണത് ഇഷ്ടപ്പെടാത്ത ഏതോ സഹൃദയൻ പുറപ്പെടുവിച്ച ചില പ്രത്യേകതരം പദങ്ങൾ മറ്റുള്ളവരുടെ കർണ്ണപുടങ്ങളെ തഴുകി കൂടെ എന്നെയും തഴുകി,വലിച്ച് വലിച്ച് കിടക്കുന്ന രോഗിയെയും അങ്ങൊരുടെ പെണ്ണുമ്പിള്ളയെയും തഴുകി വാർഡിലെ മരുന്നിന്റെ മണത്തോട്
അലിഞ്ഞു ചേർന്നു.... "ഏത് നായീന്റെ മോനാടാ....."
No comments:
Post a Comment