Monday, June 17, 2024

ഓർമ്മകൾക്കെന്താ ഒരു കുറുമ്പ്





1990
മെഡിക്കൽ കോളേജ് മെൻസ് ഹോസ്റ്റൽ 



    "ഹോ.. എന്തോന്നെടേയ് ഇത്. ഇങ്ങനെയൊക്കെ പരീക്ഷ വയ്ക്കാമോ?
ആ രണ്ട് മണിക്കൂർ പരീക്ഷാ ഹാളിൽ തള്ളിനീക്കിയ പാട് എനിക്കറിയാം "

ഹോസ്റ്റൽ റൂമിലെ കിരു കിരാന്നു ശബ്ദമുണ്ടാക്കുന്ന സ്റ്റീൽ കട്ടിലിലേക്ക് ബിജു അളിയൻ തളർന്നു വീണു.
ഇന്ന് ബയോകെമിസ്ട്രി ഫസ്റ്റ് ആവേറേജ് എക്സാം ആയിരുന്നു.

ചുണ്ടിലെരിയുന്ന വിൽസിന്റെ തീക്കനലിന് മുകളിലൂടെ അമ്മാവൻ ലാൽ, ജനാലയിൽ കൂടി അകലെ ലേഡീസ് ഹോസ്റ്റലിനു മീതെ പറന്നു നീങ്ങാൻ സാധ്യതയുള്ള മേഘങ്ങളെ നോക്കി മൂകനായി ഇരുന്നു.

യുദ്ധത്തിൽ തോറ്റ് വലഞ്ഞു ദേഹമസകലം മുറിവേറ്റൊഴുകുന്ന പടയാളിയുടെ പരവേശത്തോടെ ഞാൻ കയ്യിലെ ഗ്ലാസ്സിൽ നിന്ന് വീണ്ടും വെള്ളം ചേർത്ത കട്ട റം മടമടാന്ന് കുടിച്ചിറക്കി.
ഒരെണ്ണം കൂടി ഒഴിക്കാൻ കൈ നീട്ടിയപ്പോഴേക്കും വാതിലിൽ ആരോ ഇടിക്കുന്ന ശബ്ദം.


"ആ.. ഡെന്നിച്ചാ കേറിവാ "

" ടാ കുവേ ഞാനാണെന്ന് നിനക്കെങ്ങനെ മനസ്സിലായി? "

"നീ മാത്രമേ ഇങ്ങനെ വെപ്രാളത്തിൽ ഇടിക്കാറുള്ളൂ. ബാക്കിയെല്ലാരും പതുക്കെ മുട്ടുകയേ ഉള്ളൂ."

"മ്മ്, വല്ലാത്തൊരു ചെയ്തായി പോയി, ഇന്നത്തെ പരീക്ഷ "

അവനകത്തു കയറി പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് ഒരു മെഴുകുതിരിയും തീപ്പട്ടിയും എടുത്ത് അലക്ഷ്യമായി ഞാനിരുന്ന മേശമേൽ എറിഞ്ഞു. അമ്മാവന്റെ വിരലുകൾക്കിടയിൽ നിന്ന് സിഗററ്റ് തട്ടിപ്പറിച്ചു, അത് ശക്തമായി ഉള്ളിലേക്ക് വലിച്ചു, അതേ ശക്തിയിൽ പുക മച്ചിന്റെ നേരെ, മുകളിലേക്ക് ഊതി വിട്ടു.എന്തോ മനസിലിട്ടു കണക്കുകൂട്ടിക്കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു.

മൂന്നാതൊരു പെഗ്ഗൂടെ ഉള്ളിലാക്കിയ എന്റെ സങ്കടം നിലവിളിക്ക് സമാനമായ ഒരു ആത്മഗതമായി പെയ്തിറങ്ങി 

"മാർക്കിലിസ്റ്റ് നോട്ടീസ് ബോർഡിലിടുമെന്നാ കേട്ടത്..
എങ്ങനെ തലയുയർത്തി നടക്കുമീശ്വരാ.. രണ്ടക്ക സംഖ്യ പോലുമുണ്ടാവില്ല '

വിരലുകൾക്കിടയിൽ നിന്ന് സിഗരറ്റ് നഷ്‍ടപ്പെട്ടിട്ടും അമ്മാവൻ അനങ്ങാതെ തന്നെ പഴയത് പോലെ മേഘങ്ങളിലേക്ക് നോക്കി ഇരുന്നു.


"നീ എന്താ പരീക്ഷേടെ വെഷമം മാറ്റാൻ പള്ളീൽ പോകുവാണോ..എന്നാ ഞാനുമുണ്ട്"
മെഴുകുതിരിയും തീപ്പെട്ടിയും കണ്ട് ബിജു അളിയൻ എണീറ്റു ചാരി ഇരുന്നു.

ഡെന്നിച്ചൻ പെട്ടന്ന് നടത്ത നിർത്തി ഞങ്ങളുടെ നേരെ തിരിഞ്ഞു.
അവന്റെ കണ്ണുകൾ ആ കണ്ണടകൾക്കുള്ളിൽ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു.
* * *

രാത്രി രണ്ട് മണി 

ഹോസ്റ്റലിനു മുന്നിൽ ഒരു ഓട്ടോറിക്ഷ വന്നു നിന്നു.
ഡെന്നിച്ചൻ അതിൽ നിന്നുമിറങ്ങി വേഗം വന്ന് മുറിയിൽ കേറി.
"അപ്പൊ എല്ലാരോടുമായി പറയുവാ. ഇത് കുമാരപുരത്തൂന്ന് ഞാൻ പിടിച്ചോണ്ട് വന്ന ഓട്ടോയാ. ഇതിൽ വേണം നമുക്ക് ഇപ്പൊ കോളേജിൽ പോകാനും വരാനും .
ബൈക്ക് എടുക്കണ്ട. എന്തേലും പ്രശ്നമുണ്ടായാൽ ബൈക്ക് ഒരു പാരയാകും."

"അമ്മാവാ, അപ്പൊ പറഞ്ഞതോർമ്മയുണ്ടല്ലോ? ആരും അങ്ങോട്ടുമിങ്ങോട്ടും സ്വന്തം പേര് വിളിക്കരുത്. ഇവൻ സുരേഷ്, നീ ബിനീഷ്, ബിജു അളിയൻ രതീഷ് ഞാൻ സുഭാഷ്.
നമ്മൾ RCC യിൽ കിടക്കുന്ന നിന്റെ അമ്മാവന് എന്തോ ഒരു എമർജൻസി ഉണ്ടായത് കൊണ്ട് പോകുന്നതാണ്. വേറൊന്നും ആരും മിണ്ടരുത്."
ഡെന്നിച്ചൻ കർശ്ശന നിർദേശം നൽകി.എന്നിട്ട് മേശപ്പുറത്തിരുന്ന മെഴുകുതിരിയും തീപ്പെട്ടിയും എടുത്ത് പോക്കറ്റിലിട്ടു.
ബിജു അളിയന് വീണ്ടും സംശയം.
"ഡേയ്, നമ്മൾ പള്ളീലും പോകുന്നുണ്ടോ?
"നീ കളിച്ചു നിക്കാതെ ആ പെൻടോർച്ചും, അംബികാ ഷണ്മുഖവും കൂടെ എടുത്തിട്ട് ഇറങ്ങളിയാ. 
നിന്നെ പള്ളീലാക്കുന്ന കാര്യം ഞാനേറ്റു."
ഞാൻ ബയോകെമിസ്ട്രി ടെക്സ്റ്റ്‌ ബാഗിലാക്കി തോളിലിട്ടു.
അധികം ശബ്ദമുണ്ടാക്കാതെ കതകും പൂട്ടി താക്കോലും കട്ടിളയ്ക്ക് മുകളിൽ വച്ചു ഇരുട്ടിന്റെ മറവിൽ പതുങ്ങി വന്ന് ഓട്ടോയിൽ കേറി. വഴിയിൽ ആരുടേയും മുന്നിൽ പെടരുത്തല്ലോ.

"അപ്പൊ ചേട്ടാ വിട്ടോ, rcc യിലേക്ക് "

മെഡിക്കൽ കോളേജ് ജംഗ്ഷൻ എത്താറായപ്പോ അമ്മാവൻ ഉഷാറായി 

"രതീഷ്, നിന്റെ അമ്മാവന് സീരിയസ് ആണോടാ?? "
സോറി നീ ബിനീഷ് ആണല്ലോ ഡെന്നിച്ചാ നീ അല്ലേ രതീഷ്, ഞാൻ, അല്ല,ലവൻ സുരേഷ്"
ഡെന്നിച്ചൻ അമ്മാവന്റെ വായ പൊത്തിപ്പിടിച്ചു ചെവിയിൽ രൂക്ഷമായി എന്തോ പറഞ്ഞു.
ഓട്ടോയ്ക്കുള്ളിലെ ഇരുട്ടിലും അമ്മാവന്റെ മുഖം വിവർണ്ണമാകുന്നത് കാണാനായി ഞങ്ങൾ രണ്ടും അവനെ തന്നെ നോക്കി ഇരുന്നു.

"ചേട്ടാ, അകത്തു കേറണ്ട, ഗേറ്റിനടുത്ത് നിർത്തിയാൽ മതി "
"ആയിക്കോട്ടെ"
" ചേട്ടൻ അങ്ങോട്ട് മാറ്റി ഇട്ടിരുന്നാൽ മതി. ഞങ്ങൾ ഒരു അരമണിക്കൂറിനുള്ളിൽ വന്നേക്കാം "
" ശരി "

ഒരു ഗേറ്റിൽ കൂടി കയറി,ഇരുട്ടിന്റെ മറപ്പറ്റി ഞങ്ങൾ അടുത്ത ഗേറ്റിൽ കൂടി പുറത്തിറങ്ങി കോളേജിലെ ബയോകെമിസ്ട്രി ഡിപ്പാർട്മെന്റ് ലക്ഷ്യമാക്കി നടന്നു.
റോഡിൽ നിന്നും ഡിപ്പാർട്മെന്ടിനകത്തേക്ക്
കയറാൻ വേണ്ടി അഴികളില്ലാത്ത ആ വല്ല്യ ഫ്രഞ്ച് ജനാലകളിൽ നടുവിൽ ഉള്ള ഒരെണ്ണം 
ഡെന്നിച്ചൻ തപ്പിപ്പിടിച്ചു തുറന്നു.

"നീ ഇതെങ്ങനെ അറിഞ്ഞു സുഭാഷേ ഇത് അടച്ചിട്ടില്ലാത്തത്?"
നീ അതിന്റെ സാക്ഷ വീഴുന്ന കുഴി ഒന്ന് വിരലിട്ടു നോക്കിക്കേ, ഞാൻ ഇന്നലെ ആരും കാണാതെ ഇച്ചിരി മണ്ണ് ഇട്ടു വച്ചു."
ഡെന്നിച്ചൻ ചെവിയിൽ പറഞ്ഞു.

ഓരോരുത്തരായി ആള്ളിപ്പിടിച്ചു ഉള്ളിൽ കേറി.
ബിജു അളിയൻ പെൻടോർച് തെളിച്ചു.
"സുഭാഷേ, ഇനി നമ്മുടെ പേപ്പർ?"
"ടാ, ഇവിടെ എല്ലാം കൂടി ഒരു ഒറ്റ വല്യ കബ്ബ്‌ ബോർഡ് മാത്രമേ ഉള്ളൂ, ദേ ഈ കാണുന്നത്.
ഉച്ചക്ക് മാഡംസ് എക്സാം ഹാളിൽ അല്ലാരുന്നോ, അന്നേരമാ ഞാൻ നേരത്തേ ഇറങ്ങിയപ്പോ ഇവിടെ വന്നത്. ആ കബ്ബ്ബോർഡിന്റെ കീഹോളിലും അവർക്ക് മനസ്സിലാകാത്ത രീതിയിൽ ഞാനിച്ചിരി മണ്ണ് തിരുകി വച്ചിട്ടുണ്ട്, സൊ അവർക്ക് അത് പൂട്ടാൻ പറ്റില്ല "
ഡെന്നിച്ചൻ സ്ഥിരം കള്ളച്ചിരി ചിരിച്ചുകൊണ്ട് മെഴുകുതിരി കത്തിച്ച് അവിടുണ്ടായിരുന്ന മേശപ്പുറത്തു ഉറപ്പിച്ചു.

"ജയന്തി മാസത്തിന്റെ മേശയാ.. പാവം എന്തോരം സിൻസിയറായിട്ടാ രാവിലേ വന്ന് പഠിപ്പിക്കുന്നത്. അന്നേരം ഉറക്കവും അല്ലേൽ ഏറ്റവും പുറകിൽ ന്യൂസ്‌ പേപ്പർ വിരിച്ചിട്ടിരുന്ന് ചീട്ടുകളിയും "

ഡെന്നിച്ചൻ ഒരു കസേര വലിച്ചിട്ട് അതിലിരുന്ന് ഒരു വിൽസിനു തീകൊളുത്തി, പുക മുകളിലേക്ക് വിട്ട് ചാരി ഇരുന്നു.

ഞാൻ പുസ്തകം മേശപ്പുറത്തു തുറന്നു വച്ചു.
"ആദ്യം TCA cycle"

അമ്മാവൻ പരീക്ഷപ്പേപ്പറുകളുടെ കെട്ട് തപ്പിയെടുത്തു കൊണ്ട് വച്ചു 

"ആ ഇനി എല്ലാരും അവരവരുടെ പേപ്പർ തപ്പിയെടുത്ത് പരിപാടി തുടങ്ങിക്കോ "

"ഒരു മയത്തിലൊക്കെ മതീടാ.. മാർക്കിടുമ്പോൾ സംശയം തോന്നരുതല്ലോ"

ഡെന്നിച്ചൻ മാത്രം എന്തോ ആലോചിച്ചു,കത്തുന്ന മെഴുകുതിരി നോക്കി സിഗററ്റും വലിച്ചിരുന്നു .

"ടാ സുഭാഷേ, വലിച്ചോണ്ടിരിക്കാതെ വന്നെഴുതാൻ നോക്ക് "

"രതീഷേ, എഴുതാൻ വരട്ടെ "

ഡെന്നിച്ചൻ അതും പറഞ്ഞു കൊണ്ട് കസേരയിൽ നിന്നെണീറ്റു.

"കുറച്ചു നേരമായി മനസ്സിൽ ഒരു കൊളുത്തിവലി "

"എന്താടാ "

"ടാവേ, ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോ സ്കൂളിൽ മോറൽ സയൻസ് പഠിപ്പിക്കുന്ന നല്ല പ്രായമുള്ള ഒരു സിസ്റ്റർ ഉണ്ടായിരുന്നു,
സിസ്റ്റർ മേരി "
 
"അതിനെന്താടാ "

"അല്ലാ, പുള്ളിക്കാരി ഇങ്ങനെ പറയുമായിരുന്നു ഗുരുനിന്ദ അരുത്, കൂടെ നിൽക്കുന്നവരെ ഒറ്റരുത്,അത് നെറികേടാണെണോ കോപ്പെന്നോ എന്തൊക്കെയോ "

"ശെടാ, അതിന് ഇവിടെ ഇപ്പൊ എന്താ
 പറ്റീത് "
അമ്മാവൻ അക്ഷമനായി 

"രതീഷേ, ബിനീഷേ,
ടാ ഏതാണ്ടതൊക്കെത്തന്നെയല്ലേ നമ്മളിപ്പോ ചെയ്യാൻ പോകുന്നത്, നമ്മുടെ കൂട്ടുകാരോടും"

"അതിന്...?
നീ കളിക്കല്ലേ സുഭാഷേ, കാര്യം പറ "
എനിക്കു ആധിയായി.. ഇവനെന്ത് പുകിലാണാവോ ഇപ്പൊ പറയാൻ പോണത് 

ഡെന്നിച്ചൻ വീണ്ടും സ്ഥിരം സ്റ്റൈലിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന് തുടങ്ങി.

"അതല്ലെടാ, നമ്മളൊക്കെ ഇപ്പൊ കോപ്പിയടിച്ചു നല്ല മാർക്ക് വാങ്ങിയെന്നിരിക്കട്ടെ.. ഒന്നാലോചിച്ചേ, അന്നേരം ലിസ്റ്റലിൽ ഏറ്റവും താഴെ ആയിപ്പോകുന്ന ആളുടെ ഒരു മാനസികാവസ്ഥ. അതും മിനക്കെട്ടിരുന്നു പഠിച്ചിട്ട്?"

"സുഭാഷേ, നീ നട്ടപ്പാതിരായ്ക്ക് പ്രാന്ത് പറയല്ലേ.. എനിക്കു വയ്യ നാണം കെടാൻ.
അതും ഇതു വരെക്കൊണ്ടെത്തിച്ചിട്ട് "
ബിജു അളിയൻ വെപ്രാളം കൊണ്ട് ചാടി എണീറ്റു.

അമ്മാവനും ഒപ്പം ഏറ്റു പിടിച്ചു 
"സുഭാഷേ,മോനേ നിനക്ക് വേണ്ടേൽ വേണ്ട.ഇവന്മാർക്കും വേണ്ടേൽ വേണ്ട.
പക്ഷേ ഞാനൊന്ന് എഴുതിക്കോട്ടെടാ.

 ഇവന്മാർക്കറിയാം.
ഞങ്ങടെ ടേബിളിലെ റീനയ്ക്ക് കൊടുക്കാൻ ഞാനൊരു കാർഡൊക്കെ മേടിച്ചു വച്ചിരിക്കയാണ്. അവളും എന്നെ നോക്കി ഇടയ്ക്ക് ചിരിക്കുന്നൊക്കെയുണ്ട്.
എന്റെ ഒറിജിനൽ മാർക്ക് പബ്ലിഷ് ചെയ്‌താൽ എല്ലാത്തിനും ഒരു തീരുമാനം ആകും."

അമ്മാവൻ കരച്ചിലിന്റെ വക്കിലെത്തി.

ഡെന്നിച്ചൻ നടത്ത നിർത്തി.
ഉച്ചക്ക് നോക്കിയത് പോലെ ഞങ്ങളെ തിരിഞ്ഞൊന്ന് തീക്ഷണമായി നോക്കി.


"ഡേയ്.. ഇതിൽ ഇനി നമുക്ക് മുന്നോട്ടൊരു പോക്കില്ല. നിന്നെയൊക്കെ കൊണ്ടുവന്നത് ഞാനാണെങ്കിൽ, അതേപോലെ തിരിച്ചുകൊണ്ട് പോകാനുമെനിക്കറിയാം."

"അത് നടക്കില്ല മോനേ, ഞങ്ങൾ എഴുതിയിട്ടേ വരൂ...നീയെന്താന്ന് വച്ചാ ചെയ്യ് "

ഞങ്ങളുറച്ചു നിന്നു.

ഡെന്നിച്ചൻ ഞങ്ങളെ മാറി മാറി നോക്കി.

"ഓരോ തവണ തെറ്റ് ചെയ്യുന്നതിൽ നിന്ന് വഴുതി മാറുമ്പോഴും, അറിയാതെ എന്തെങ്കിലും ചെയ്തുപോയാലും അത് ചെന്ന് ഏറ്റു പറയുമ്പോൾ മേരി സിസ്റ്റർ പുള്ളിക്കാരീടെ കയ്യിലുള്ള ചെറിയൊരു പെട്ടിയിൽ നിന്ന് എനിക്കൊരു ചോക്ലേറ്റ് തരുമായിരുന്നു."

"അതിന്.... "

"അതിനൊന്നുമില്ല.. 
ഒരു ദിവസം ആ പെട്ടി ഞാൻ അടിച്ചുമാറ്റി വീട്ടിൽ കൊണ്ട് പോയി. അതിന് മമ്മിടേന്ന് പൊതിരെ തല്ലും കിട്ടി "

"അതിനിവിടെ എന്ത്‌ പ്രസക്തി സുഭാഷേ?
വേണേൽ പത്തു മുട്ടായി നിനക്ക് ഞാൻ മേടിച്ചു തരാം. നീ ആളെ വിടളിയാ "
അമ്മാവന്റെ വാക്കുകളിൽ ദേഷ്യവും 
വിഷമവും നിറഞ്ഞു നിന്നു.

"അതല്ല ഞാനുദ്ദേശിച്ചത് "

"പിന്നെ "

"ഇതിന്റെ ഉത്തരവാദിത്വം ഇപ്പൊ എനിക്കാണല്ലോ?
ഞാൻ എന്ത്‌ തന്നാൽ നിങ്ങൾക്ക് ഈ പ്രോജെക്ടിൽ നിന്ന് പിന്മാറാൻ കഴിയും?"

മുറിയിൽ നിശബ്ദത. ആർക്കും അനുകൂല നിലപാടില്ല.

ഡെന്നിച്ചൻ ഒന്നാലോചിച്ചശേഷം തുടർന്നു.

"ശരി,ഇപ്പൊ എന്റെ കൂടെ തിരിച്ചു വരുന്നവർക്ക് നാളെ രാവിലേ തൊട്ട് രാത്രി വരെ ബ്രദേഴ്സിൽ നിന്ന് പൊറോട്ടയും ബീഫും ബിരിയാണിയും എന്റെ വക."

മുറിയിൽ നിശബ്ദത തുടരുന്നു 

ഏതാനം നിമിഷങ്ങൾ കഴിഞ്ഞു.

മേശയുടെ ഒരു വശത്തു നിന്നും ബിജു അളിയൻ പതുക്കെ എഴുന്നേൽക്കുന്നതാണ് പിന്നെ കാണുന്നത് 
"അല്ലേലും സിസ്റ്റർ മേരി പറഞ്ഞതിൽ കാര്യമുണ്ടെന്നു എനിക്ക് നേരത്തേ തോന്നിയിരുന്നു.നമ്മളീക്കാണിക്കുന്നത് ദൈവത്തിന് നിരക്കാത്തത് തന്നെയാണ്.
അതുകൊണ്ട് മാത്രം ഞാൻ ഇവന്റൊപ്പം പോകുന്നു, അല്ലാതെ....."

"ടാ രതീഷേ.. തെണ്ടീ "

പാവം അമ്മാവൻ കരഞ്ഞുപോയി.

ഡെന്നിച്ചൻ തുടർന്നു.

"മാത്രവുമല്ല കുടിക്കാവുന്നിടത്തോളം നല്ല ചിൽഡ് ബിയർ.. കേട്ടോണം, ബിവറേജസിൽ നിന്ന് കിട്ടുന്ന തണുക്കാത്തത് അല്ല, ലിബ്രേന്ന് നല്ല ചിൽഡ്ഡ് ബിയർ നാളെ ബാർ അടക്കും വരെ.. ഇപ്പൊ വരുന്നവർക്ക് "

വീണ്ടും നിശബ്ദത.

ഇപ്പൊ എനിക്കും ഒരു ദൈവവിളി പോലെ.. എനിക്കെന്തോ ഒരു..

"ഇതൊന്നും ഇല്ലെങ്കിലും മേരി സിസ്റ്റർ പറഞ്ഞതിൽ കഴമ്പുണ്ടെന്ന് എനിക്ക്‌ അപ്പോഴേ തോന്നിയിരുന്നു... അതുകൊണ്ട് മാത്രം അമ്മാവാ ഞാനും ഈ മോശം പണിക്കില്ല "

"എടാ നാറികളെ... എന്റെ റീന, എന്റെ പ്രണയം,എന്റെ അഭിമാനം, ഇതിനൊന്നും ഒരു വെലേം ഇല്ലേടേ..?പക്ഷേ ഞാൻ വച്ച കാല് പിറകിലോട്ടെടുക്കില്ലെടാ "

എല്ലാം നഷ്ടപ്പെട്ട പോലെ അമ്മാവൻ തളർന്നിരുന്നു.


"ന്നാപ്പിനെ അമ്മാവാ, നീ ഇതൊക്കെ എഴുതിയിട്ട് പതുക്കെ വാ, ഞങ്ങൾ അങ്ങോട്ട്?"
ഞാൻ ഒരു ഭംഗിക്ക് പറഞ്ഞു നിർത്തി.

പക്ഷേ ഡെന്നിച്ചന് മറ്റെന്തോ കൂടി പറയാനുണ്ടായിരുന്നു.

"ഇനി പറഞ്ഞില്ലാന്നു വേണ്ട, ബിയർനോട് താല്പര്യമില്ലാത്തവർക്ക് കൂടെ നല്ല ഓൾഡ് മങ്ക് റം മൂന്ന് ഫുള്ളും ഉണ്ടാകും "

"അപ്പോപ്പിന്നെ സുരേഷേ രതീഷേ നമുക്ക് വിട്ടേക്കാം, ഈ പ്രണയരോഗി ഇവിടിരുന്നു ആധാരമെഴുതട്ടെ "

ബിജു അളിയൻ നേരത്തേ ജനൽ ചാടി പുറത്തിറങ്ങി കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
പിറകേ ഞാനും ഡെന്നിച്ചനും കൂടി പുറത്തു ചാടി ഓട്ടോ കിടക്കുന്നിടത്തേക്ക് നടന്നു.
ചുറ്റും നല്ല കൂരിരുട്ട്.
മുകളിലെ നിലയിൽ, മരിച്ചു പോയവർ ജീവിച്ചിരിക്കുന്നവർക്ക് വെളിച്ചെമേകുന്ന ഡിസ്സെക്ഷൻ ഹാൾ.
വഴിയരുകിൽ നിൽക്കുന്ന പാലമരങ്ങളിൽ നിന്ന് നല്ല പാലപ്പൂവിന്റെ മണം.

"ഇന്ന് വെള്ളിയാഴ്ച്ചയാണോ അളിയാ?"

"നീ..
മനുഷ്യനെ പേടിപ്പിക്കാതെ വേഗം നടന്നേ "

പുറകിൽ എന്തോ അനങ്ങുന്ന സ്വരം.

"ഡെന്നിച്ചാ, ഒന്ന് നോക്കടാ മോനേ പിന്നിലോട്ട്, എനിക്ക് പേടിയാകുന്നു "

പെട്ടെന്ന് എന്റെ ചുമലിൽ ആരുടെയോ കയ്യ് പതിച്ചു 

"എന്റമ്മോ.."
എന്റെ സപ്തനാഡികളും തളർന്നു, നിലവിളി എന്റെ തൊണ്ടയിൽ കുരുങ്ങി.

"ഡാ, ഇത് ഞാനാടാ ബിനീഷ്..

"നാശം, മനുഷ്യന്റെ ജീവൻ പോയി "

"അല്ലേലും ആ റീന എന്റെ സൗന്ദര്യവും സ്മാർട്നെസ്സും കണ്ടിഷ്ടപ്പെട്ടതാടാ. എനിക്കുറപ്പാ . അതിനൊന്നും വേണ്ടി നമ്മൾ നമ്മുടെ ഐഡന്റിറ്റി കളയരുത് എന്നാണ് എന്റെ ഒരിത്, അല്ലേടാ ഡെന്നിച്ചാ?"

"ഉവ്വ.. വേഗം നടക്ക്‌ ഓട്ടോ ചേട്ടനെ വേഗം പറഞ്ഞു വിടാം "


തണുത്ത കാറ്റുമടിച്ചു ഓട്ടോയിൽ ഇരുന്നപ്പോ ഒരു ആകാംഷയിൽ പതുക്കെ ഡെന്നിച്ചനോട് ഞാൻ ചോദിച്ചു 

"സുഭാഷേ, ഈ മേരി സിസ്റ്റർ ഇപ്പൊ എവിടുണ്ട്, നീ കാണാറുണ്ടോ?"

"അത് "

ഡെന്നിച്ചനൊന്ന് നിർത്തിയിട്ട് തുടർന്നു.

"സിസ്റ്ററമ്മ എനിക്കു മിഠായി എടുത്തു തന്നിരുന്ന ഒരു ചെറിയ പെട്ടി ഞാൻ അടിച്ചോണ്ട് പോയത് പറഞ്ഞില്ലായിരുന്നോ...'

"മ്മ്.. അതേ?"

"അതിൽ നെഞ്ച് വേദന വരുമ്പോ നാക്കിനടിയിൽ ഇടാനുള്ള സോറിബിട്രേറ്റ് ഗുളികയും സിസ്റ്ററമ്മ സൂക്ഷിച്ചിട്ടുണ്ടായിരുന്നു "

"മ്മ്.. എന്നിട്ട് "

"എന്നിട്ടെന്താവാനാടാവേ... അന്ന് രാത്രി മേരി സിസ്റ്ററിന് നെഞ്ച് വേദന വന്നു "

ഡെന്നിച്ചൻ പിന്നൊന്നും മിണ്ടാതെ പുറത്തോട്ട് നോക്കി ഇരുന്നു.

ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കണ്ണുകളിൽ നോക്കി എന്ത്‌ വികാരമാണ് ഓരോരുത്തരുടെയും കണ്ണുകളിൽ എന്ന് ഉറപ്പ് വരുത്താനുള്ള തിരക്കിലായിരുന്നു.










No comments:

Post a Comment

മടങ്ങുമെന്നാകിൽ

യാത്രയിലലഞ്ഞുലഞ്ഞൊരാ  വീഥിയരികിൽ തളർന്നുവീണു പോയൊരീരാവിൻ മാറിൽ അഭയമേകിയോരമ്മ മനസ്സേ സ്വർഗ്ഗമായെനിക്ക്  നിൻ ആലയം  നിറവിരുന്നായി ന...