Friday, March 27, 2020

നനഞ്ഞ്...

   അദ്ധ്യായം 1       ഇളംവെയിൽ 


"സാറേ ,ദേ ഈ പേപ്പർ പിടിച്ചോ ..."
"ഇതിന്റെ ആവശ്യമില്ല "

         ഉച്ചക്ക് ഓ പി കഴിഞ്ഞ ആവേശത്തിൽ കായൽക്കരയിൽ പോയി ഒന്ന് വലിക്കാൻ മുട്ടിയിറങ്ങിയോടിയ എന്നെ ക്ലാർക്ക് ഷൈൻ പിറകേന്ന് ഓടി വന്നു മലയാളം ടൈപ്പ് ചെയ്തിരിക്കുന്ന ഒരു പഴയ പേപ്പർ ഏൽപ്പിച്ചു .
        സ്വന്തം കാര്യങ്ങളിലുള്ള ശ്രദ്ധയായില്ലായ്മ മൂലം പതിനഞ്ച് വർഷമായിട്ടും പ്രൊബേഷൻ ഡിക്ലയർ ചെയ്യുവാനുള്ള കടലാസുകൾ ഒന്ന് കൊടുക്കാൻ നേരം കിട്ടിയില്ല .
      ട്രാൻസ്ഫർ ആയി വന്നു കയറിയ വെള്ളായണി ഹോസ്പിറ്റലിലെ ക്ലാർക്ക് കൊച്ചന്റെ നിർബന്ധത്തിന് വഴങ്ങി അവസാനം പഴയ ഫയലുകൾക്കിടയിൽ നിന്നും കിട്ടിയ പേപ്പറുകൾ ഓഫിസിൽ എത്തിച്ചു .അതിനിടയിൽ നിന്ന് ആവശ്യമില്ലാത്ത ഏതോ ഒരു തുണ്ട് കടലാസാണ് ഇപ്പൊ തിരിച്ചെത്തിച്ചത് .
       
         
"ആ സാറേ, ഇന്ന് നല്ല തിരക്കായിരുന്നല്ലേ?
ഞാൻ വന്നിരുന്നു, വൈകുമെന്നായപ്പോ ഇങ്ങ്  പോന്നു ..ഒരു തലവേദന"   
        കായൽക്കരയിലെ എന്റെ  സ്ഥിരം തട്ടുകടക്കാരൻ...
   
ചോദിക്കാതെ തന്നെ പതിവ് കട്ടൻ ചായയും വിൽസും കൈയിൽ ഏൽപ്പിച്ചു.

         ഇന്നത്തെ ആദ്യപുകയുടെ സുഖവും ആസ്വദിച്ചു കായലിനോട് ചേർന്ന് റോഡരികിൽ ഉള്ള സിമന്റ് കുറ്റിയിൽ വന്നിരുന്നപ്പോഴാണ് ഷൈൻ തിരിച്ചു തന്ന പേപ്പറിന്റെ കാര്യമോർത്ത് .
ചായ ഗ്ലാസ്‌ നടപ്പാതയിലെ കുറ്റിയിൽ വച്ചു പോക്കറ്റിൽ നിന്ന് അതെടുത്തു നിവർത്തി ...

10-03-2010 ലെ ഒരു സർക്കാർ ഉത്തരവ് .

'ഇടുക്കി ജില്ലയിൽ 30-09-2009 ൽ തേക്കടി മുല്ലപ്പെരിയാർ തടാകത്തിൽ വച്ചുനടന്ന ബോട്ട് ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങളിലും തുടർന്ന് സമയബന്ധിതമായി പോസ്റ്റുമാർട്ടം നടത്തി മൃതശരീരങ്ങൾ വിട്ടുകൊടുക്കുന്നതിലും സ്തുത്യർഹമായ സേവനം നടത്തിയ ചുവടെ പറയുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാർക്ക് ഗുഡ് സർവീസ് എൻട്രി നൽകി ഉത്തരവാകുന്നു '


        ആദ്യകുറച്ചു പേരുകൾക്കിടയിൽ കിടക്കുന്ന എന്റെ പേരും നോക്കി കുറച്ചു നേരം എന്തൊക്കെയോ ഓർത്ത് കായലിലേക്ക് നോക്കിയിരുന്നു.
       
                             നിറയെ പൂത്തു കിടന്ന താമരപ്പൂക്കളെ നൃത്തം കളിപ്പിച്ച് വരുന്ന കായൽക്കാറ്റ് എന്റെ കട്ടൻ ചായയെ മെല്ലെ തണുപ്പിച്ചുതുടങ്ങി .
*    *    *    *    *    *     *      *    *    *    *    *   *      
          
        30-09-2009

കുമളി ഗവണ്മെന്റ് ആശുപത്രി 
രാവിലെ ഏകദേശം 12 മണി 

നല്ല തിരക്കുള്ള ഓ പി ..
എന്നാലും വലത് വശത്തു ഞാൻ ചേർന്നിരിക്കുന്ന ജനലിൽ കൂടി ഹൈറേഞ്ചിലെ നേർത്ത ചാറ്റമഴ ഇടയ്ക്കിടെ ഞാൻ ആസ്വദിക്കുന്നുണ്ട്. 
           ചീട്ടെഴുതിക്കൊണ്ടിരുന്ന നഴ്സിംഗ് അസിസ്റ്റന്റ് മാമുച്ചേച്ചി ജനലിലൂടെ അകത്തേക്ക് തലയിട്ടു ..
  "സാറേ ...ഒരു കൊച്ചിന് ഒട്ടും വയ്യാന്ന് .ടൂറിസ്റ്റുകളാ .കേറ്റിവിടട്ടോ ?"
"ആ കേറ്റി വിട്ടോ ചേച്ചിയേ "

വാതിലിൽ തിങ്ങി നിറഞ്ഞു നിന്ന ആൾക്കാരുടെ പിറുപിറുക്കൾക്കിടയിലൂടെ ഏകദേശം നാല്പതു വയസ് തോന്നിക്കുന്ന,വെള്ള മുണ്ടും ഷർട്ടും ധരിച്ച,കാഴ്ചയിൽ തമിഴനെന്നു തോന്നിക്കുന്ന  ഒരു മനുഷ്യനെയും അയ്യാളുടെ വിരലിൽ തൂങ്ങി പത്തുപതിനൊന്ന് വയസ്സ് തോന്നിക്കുന്ന ഇരുനിറത്തിലുള്ള ,ഉണ്ടക്കണ്ണുകളുള്ള ഒരു പെൺകുട്ടിയെയും മാമുച്ചേച്ചി കഷ്ടപ്പെട്ട് അകത്തെത്തിച്ചു .
           "വാന്തി സാർ "
"ട്രാവൽ പണ്ണുമ്പോ എപ്പളുമേ കൊളന്തക്ക് ഇന്ത പ്രച്ചനമിറുക്ക് "
"മ്മ് ..എത്ര തവണ ശർദ്ധിച്ചു ?"
       ചോദ്യത്തോടൊപ്പം തന്നെ പരിശോധനയും നടത്തി .കൊച്ചിന് നല്ല ക്ഷീണം തോന്നിക്കുന്നുണ്ട് .
"സാർ ഒരു നാലഞ്ച് തടവ് വന്താച്ച് "
കറുത്ത മിഡിയും ടോപ്പും ധരിച്ച ഇരുണ്ട നിറമെങ്കിലും ആരിലും കൗതുകമുളവാക്കുന്ന നല്ലൊരു മുഖമുള്ള കുഞ്ഞ്.
ഭംഗിയുള്ള ബോയ്‌ക്കട്ട് ചെയ്ത മുടിയും ഉണ്ടക്കണ്ണുമൊക്കെയായി ആരും ഒന്നൂടെ നോക്കിപോകുന്ന ഓരോമനത്ത്വം.
       "അണ്ണേ കൊളന്ത നല്ല ട്ടയേർഡ് ,അതുക്ക്‌ ഒരു ഊസിയും ഡ്രിപ്പും പൊട്ടാ ബെറ്റർ "
ഇടവിടാതെയുള്ള തമിഴ്നാട് യാത്രകൾ എന്നെ തമിഴ് ഭാഷ പറയാൻ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത് .
"സാർ ,വേണ്ടാ സാർ ...അവളുക്ക്‌ വലിക്കും..."
"അത്‌ വേണ്ടാ സാർ ..എനക്ക് താങ്കമാട്ടെ .നീങ്ക മാത്രയേതാവത് കൊടുത്താ പോതും സാർ "
        
എനിക്കത് അത്ഭുതമായിരുന്നു .മരുന്ന് കിട്ടിയില്ലേലും ഒരു കുത്ത് കിട്ടിയാൽ മനസ്സ്‌ നിറയുന്ന തമിഴ് രോഗികളയേ ഞാൻ കണ്ടിട്ടുള്ളു .
       ഇതെല്ലാം കേട്ട് കരയാൻ വെമ്പി നിൽക്കുന്ന ആ കൊച്ചുകണ്ണുകളിലേക്ക് ഞാൻ രസത്തോടെ നോക്കി നിന്നു .
   "ഉങ്ക പേരെന്നാ ?"
"തേന്മൊഴി "
ചിലമ്പിച്ച സ്വരത്തിലൊരുത്തരവും പറഞ്ഞവൾ അച്ഛന്റെ പിറകിൽ പോയൊളിച്ചു .
"തായില്ലാ കൊളന്ത സാർ  ...ആവുങ്കള്ക്ക് വലിവരുത് കാര്യമേതുമേ നാൻ സെയ്യമാട്ടെ .അതുക്ക്‌ താൻ ഇന്ത നാൾ വരൈ തടുപ്പൂശി പോലുമേ പൊട്ടതില്ലൈ "
ദൈവമേ ,ഇതു വരെയുള്ള പ്രതിരോധകുത്തിവയ്‌പ്പ് പോലും ആ കുഞ്ഞിന് എടുത്തിട്ടില്ലാന്നല്ലേ ഇയ്യാള് പറയുന്നേ .
എന്നാലും അവൾക്ക് അമ്മയില്ലെന്ന് കേട്ടപ്പോൾ ഒരു നേർത്ത നോവ് .
"സരി തേന്മൊഴീ ...ഉനക്ക് ഊസി ഇല്ലൈ .ഇന്ത മാത്ര സാപ്പിട് ".അവൾടെ നേരെ നീട്ടിയ ചീട്ട് തട്ടിപ്പറിച്ചുകൊണ്ട് അവൾടെ അച്ഛനെയും വലിച്ചോണ്ട് വേഗം രക്ഷപ്പെടാനുള്ള വ്യഗ്രതയായിരുന്നു പിന്നീട് .
"റൊമ്പ താങ്ക്സ് സാർ ...വീ ആർ ഫ്രം മധുരൈ. 4:30ക്ക്‌ ബോട്ടിങ് ബുക്ക് പണ്ണിയാച്ച് .ട്രാവൽ എല്ലാമേ നാനും അവളും മട്ടും താൻ .നൈസ് മീറ്റിംഗ് യൂ "
"സരി ...ബൈ "
ഞാൻ ധൃതിയോടെ അടുത്ത ആളിലേക്ക് തിരിഞ്ഞു .

എന്നിട്ടുമായി മണി മൂന്ന്. ഇരുന്നൂറ്റി അറുപത്തിയെട്ടാം രോഗിയെയും നോക്കിത്തീർത്ത് കസേരയിലേക്കൊന്ന്  ചാഞ്ഞപ്പോൾ, ഹോ... എന്തൊരാശ്വാസം. 

ഇനിയിരുന്നാൽ ശരിയാകില്ല, വിട്ടേക്കാം. 

ആശുപതിക്ക് മുന്നിലെ അത്തിമരച്ചോട്ടിൽ വിശ്രമിക്കുന്ന കാറിലേക്ക് ആഞ്ഞു നടക്കുമ്പോൾ, അതാ പോണു, ഒപിയിൽ നിന്ന് ഓഫീസിലേക്ക് വച്ചുവിടുന്ന ചാർജ് മെഡിക്കൽ ഓഫീസർ Dr.സാറ.

 "ഓയ്...ഞം  ഞം?? "(ആഹാരം കഴക്കുന്നതിനുള്ള പഴയ ഹോസ്റ്റൽ ഭാഷ)

"ഇല്ലാ... പൊക്കോ. ഇന്നയക്കേണ്ട റിപോർട്ടുകൾ ബാക്കി കെടക്കുവാ. ഞാൻ വൈകും. "

അന്തരീക്ഷത്തിന്  കുമിളിയുടെ സ്വതസിദ്ധമായ ഉണർവ്വേകുന്ന തണുപ്പും, അലങ്കാരത്തിന് രാവിലേ മുതലുള്ള നേർത്ത ചാറ്റമഴയും. 

    നേരെ കുമളി ജംഗ്ഷനിലുള്ള കുട്ടൻ ചേട്ടന്റെ ചായക്കടിയിലേക്ക്. മടുപ്പ് മാറാൻ ഒരു ചായേം കടിയും, മേമ്പൊടിക്ക് നാട്ടുകാരുടെ ഇടയിലിരുന്ന് ലേശം കൊച്ചുവർത്തമാനവും. 

വന്നകാലം തൊട്ടുള്ള പതിവായിപ്പോയി. 

"കുട്ടൻ ചേട്ടാ..അപ്പൊ ഒരു സ്‌ട്രോങ്, മധുരം കുറക്കണ്ട. "

"ആ മിനിഞ്ഞാന്നത്തെ പരിപ്പുവട കൂടെ തന്നേരെ "

"അയ്യോ.. തീർന്നല്ലോ സാറെ, കഴിഞ്ഞ ആഴ്ചത്തെ ഉഴുന്നുവടയുണ്ട്. ഇന്നത്തേക്ക് അതുവച്ച് ഒന്നഡ്ജസ്റ് ചെയ്യതേരെ".

സ്ഥിരം തമാശക്ക് സ്ഥിരം ഉത്തരവും,  കൂടെ ചൂടോടെ വറുത്തുകോരിയ മൊരിഞ്ഞ ഉഴുന്നുവടയും എന്റെ സ്ഥിരം സ്‌ട്രോങും. 

"ടൗണിൽ അത്യാവശ്യം തിരക്കുണ്ടല്ലേ? "

"ദസ്സറയല്ലേ സാറെ... ഡെൽഹീന്നൊക്കെ നല്ല വരവാ..

പിന്നെ തമിഴ് നാട്ടീന്നും ".

"ബോട്ടിങ്ങ് ടിക്കറ്റിന് നല്ല തള്ളാന്നാ കേട്ടേ . "

                  ഞങ്ങൾടെ തേക്കടിയിലെ ആകർഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കാട്ടിലെ തടാകത്തിലൂടെ തണുത്തകാറ്റുമേറ്റുവാങ്ങി പച്ചപ്പുകൾക്കിടയിലൂടെ വന്യമൃഗങ്ങളെയുമൊക്കെ കണ്ണ് നിറയെക്കണ്ടുള്ള ബോട്ടുയാത്ര. 

ഇനി ആനയെയോ മാനിനെയോ ഒന്നും കണ്ടില്ലേൽപ്പോലും ആ ബോട്ടിന്റെ ജനാലക്കൽ അലസ്സമായി തലചായ്ച്ചിരുന്നു നീണ്ടുകിടക്കുന്ന ജലപ്പരപ്പിലേക്ക് നോക്കി തണുപ്പുമടിച്ചിരിക്കുന്നത്.. ഹോ എന്താ ഒരു രസം. എനിക്കിപ്പോഴും അതിനോടൊരു മടുപ്പ് തോന്നിയിട്ടേയില്ല. 


അദ്ധ്യായം 2    തണുത്ത തടാകം 


ഏകദേശം ഒരു അഞ്ചഞ്ചരമണി.. നമ്മളോടുള്ള സ്നേഹം കൊണ്ട് ഇച്ചിരി രോഗികൾ പരിശോധനക്കായി വൈകുന്നേരം വീട്ടിൽ വരാറുണ്ടെന്ന് കൂട്ടിക്കോളൂ. 

എന്റെ എല്ലാം സായാഹ്നങ്ങളും  മിക്കവാറും അവരുടെയിടയിൽ തന്നെ. മുടങ്ങിക്കിടന്ന പല ലോണുകളും ഇപ്പൊ അടഞ്ഞുപോകുന്നത് ഇവരുടെ കൈനീട്ടം കൊണ്ടാണ്  എന്നതായിരുന്നു പരമമായ ഒരു സത്യം. 

രോഗികളെ പരിശോധിക്കുന്നതിന്റെ  പശ്ചാത്തലത്തിൽ സംഗീതാസ്വാദനം   എനിക്ക് അന്നുമിന്നും ഇഷ്ടം. വീടിനുള്ളിലെ ഹാളിൽ നിന്ന് റഫി സാബിന്റെ മോഹനസ്വരം അങ്ങ് ദൂരെ നിന്നോണം എന്റെ പരിശോധനാമുറിയിലേക്ക് ഒഴുകി വന്നുകൊണ്ടിരിക്കണമെനിക്ക്.  

മുന്നിൽ, എന്റെ നാട്ടുകാരെ അപേക്ഷിച്ച് മനസ്സ് കൊണ്ട് കൂടുതൽ നല്ലവരായ ഹൈറേഞ്ചുകാർ, അവരുടെ അസുഖവിവരങ്ങൾ മറ്റ്  ലോകകാര്യങ്ങളുടെ മേമ്പൊടിയോടെ വിവരിച്ചുകൊണ്ടിരിക്കും. മരുന്ന് കൊണ്ടും വാക്കുകൾ കൊണ്ടും എന്നാൽ കഴിയും വിധം ഞാൻ അവർക്കും അൽപ്പം ആശ്വാസം പകരും.

പെട്ടെന്ന് എന്റെ മൊബൈൽ ഫോണടിച്ചു. അമ്പാടിയാണ്, ജൂനിയർ ഹെൽത്ത്‌ ഇസ്പെക്ടർ. ഏതാണ്ടെന്റെ വലംകൈ, വർഷങ്ങളായിട്ട്. ഇപ്പോഴുംമാറ്റമില്ല. 

"സാറൂ, തേക്കടീല് ബോട്ട് മറിഞ്ഞെന്ന്. സാറാന്റി അത്യാവശ്യം ആൾക്കാരേം കൂട്ടി നമ്മുടെ ആംബുലൻസിൽ അങ്ങോട്ട് വിട്ടിട്ടുണ്ട്. "

      "എന്റീശ്വരാ.... "

ഒരു നിമിഷം അത് കേട്ട് മരച്ചിരുന്നു പോയി. 

  "ടാ...നീ വേഗം വാ. ആരേലും ഒണ്ടേ കൂടെ വിളിച്ചോ "

"ഞാനേ, സാറിന്റങ്ങോട്ട് ഓടി വരുവാ, സാറിറങ്ങിക്കോ. "

ഡ്രെസ്സൊന്നും മാറാൻ നിന്നില്ല. പുറത്ത് കാണാൻ നിന്നവരോട് എന്തോ വിളിച്ചുപറഞ്ഞൊപ്പിച്ചുകൊണ്ട് വണ്ടിക്കുള്ളിലേക്ക് ചാടിക്കയറി ഗേറ്റിന്റെയടുത്ത് എത്തുമ്പോഴേക്കും അമ്പാടിയുമെത്തി. 

നേരെ ബോട്ട് ലാന്റിങ്ങിലേക്ക് ഇരപ്പിച്ചു വിട്ടു. 

ഏറ്റവും മോശമായത് തന്നെ പ്രതീക്ഷിച്ചാൽ മതി എന്ന് മനസ്സിന് ഒരു തോന്നൽ.  

"സാറൂ,  മറ്റേ വല്ല്യ ബോട്ടാന്നാ കേട്ടേ, അതും മണക്കവലേല്. ആ ഭാഗത്തെ ഏറ്റവും ആഴം ഉള്ള സ്ഥലവും അതാ.., 

പ്രശ്നമാകുവോ?"

"വല്ല്യ പ്രതീക്ഷയൊന്നും വേണ്ടെടാ... 

അന്നേരം രക്ഷപ്പെട്ടവർ രക്ഷപെട്ടു... 

നല്ല ആഴം, ഭയങ്കര തണുപ്പ്, കരയിൽ നിന്നൊരു ആറേഴുകിലോമീറ്റർ... "

              വർഷങ്ങളായി എന്റെ വണ്ടി കണ്ട് പരിചയമുള്ളത് കൊണ്ട് ഫോറെസ്റ്റ് ഗേറ്റിലൊന്നും ഞങ്ങൾക്ക് തടസ്സമോ താമസമോ ഉണ്ടായില്ല. ഹോണും എമർജൻസി ലൈറ്റുകളും ഇട്ട് ലാൻഡിംഗ് വരെ വേഗമെത്തി. 

    അപ്പോഴേക്കും ആദ്യത്തെ റെസ്ക്യൂ ബോട്ട് കരയോടടുക്കുന്നു. 

ഏഴെട്ടുപേരുണ്ട്. ഭാഗ്യം, അവരെല്ലാം സുരക്ഷിതർ. 

അതേ ബോട്ടിലേക്ക് തന്നെ ഞങ്ങൾ അങ്ങോട്ടേക്ക് പോകാൻ ചാടിക്കയറി. 

  "അവിടെ സ്ഥിതി എങ്ങനെ മാഷേ? "

ബോട്ട് ഡ്രൈവറോട് വിവരം അറിയാമല്ലോ. 

" സാറെ അത്... "

അവന്റെ മുഖത്തെ അന്ധാളിപ്പിൽ ഞങ്ങൾക്ക് വേണ്ട ഉത്തരമെല്ലാം ഉണ്ട്‌.

അപ്പോൾ ഞങ്ങൾക്കെതിർവശത്തു നിന്ന് രണ്ടു ബോട്ടുകൾ വരുന്നുണ്ടായിരുന്നു. അതിനുള്ളിൽ നിന്ന് നിലവിളികളും ബഹളമയമായ സംഭാഷണങ്ങളും എൻജിന്റെ ശബ്ദവുമായി കൂടിക്കുഴഞ്ഞ് ഞങ്ങളെയും കടന്ന് പിന്നിലേക്ക് പോയി. അതിനുള്ളിൽ രക്ഷപ്പെട്ടവരുണ്ടായിരിക്കാം, രക്ഷപ്പെടാതെ പോകേണ്ടി വന്ന ഹതഭാഗ്യരും ഉണ്ടായിരിക്കാം. അതിലെ ജീവനക്കാർ വെപ്രാളത്തിൽ എന്തൊക്കെയോ ഞങ്ങളോട് വിളിച്ചു കൂവുന്നുണ്ട്. 

          ദൂരെ നിന്നേ കണ്ടു,മറിഞ്ഞു പകുതിയിൽ കൂടുതലായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ജലകന്യക എന്ന വല്ല്യ ബോട്ട്. അത് നീറ്റിലിറക്കിയിട്ട് അധികനാളായിട്ടുണ്ടായിരുന്നില്ല.


     വെള്ളത്തിലും അടുത്തുള്ള കരയിലുമായി ധൃതിവച്ചുകൊണ്ട് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന നാട്ടുകാരും, ഫോറെസ്റ്റുകാരും, പോലീസുകാരും ആരോഗ്യപ്രവർത്തകരും.  

ബോട്ട് നിറുത്തുന്നതിനൊപ്പം തന്നെ ഞങ്ങൾ പുറത്തേക്ക് ചാടി വെള്ളത്തിലൂടെ നടന്ന് കരയിലെത്തി. 

കരയിലെ പുല്ലിൽ പ്രഥമശുശ്രൂഷ കഴിഞ്ഞ് പലയിടത്തായി ഇരിക്കുകയും കിടക്കുകയും ചെയ്യുന്നു കുറച്ചുപേർ. ഒരു പത്തിരുപതു ആൾക്കാരുണ്ടാകും ആണുങ്ങളായും പെണ്ണുങ്ങളായും കുട്ടികളായും. അവർക്കിടയിലൂടെ ഓടിനടക്കുന്ന സാറയാന്റിയും സ്റ്റാഫ്‌ നഴ്സുമാരും.

"മാം... സിറ്റുവേഷൻ എങ്ങനെ? "

"ടാ..നീ അങ്ങറ്റത്ത് കിടക്കുന്ന കൊച്ചിനെ നോക്കിയേ വേഗം "

പുള്ളിക്കാരിക്ക് എനിക്കൊരുത്തരം തരുവാൻ പോലും നേരം കിട്ടുന്നില്ല. 

ഞാൻ ആ കുഞ്ഞിന്റെ അടുക്കലേക്കോടി. 

"ഡോക്ടറേ, ഒരാളെക്കൂടി കിട്ടി വെള്ളത്തിൽ നിന്നാരോ വിളിച്ചുകൂവി. 

അപ്പോഴേക്കും കിട്ടിയ ആളെ കരയിലെത്തിച്ചു കഴിഞ്ഞിരുന്നു. 

     ഞാൻ പരിശോധിച്ചുകൊണ്ടിരുന്ന ഏകദേശം പത്തു വയസ്സുള്ള ഒരാൺകുട്ടി, സ്റ്റെബിലൈസ്ഡ് ആണെന്ന് ഉറപ്പായത് കൊണ്ട് ഞാൻ പുതുതായി കൊണ്ടു വന്ന ആളുടെ അടുത്തേക്ക് ഓടി. 

നനഞ്ഞൊട്ടി നിൽക്കുന്ന രക്ഷാപ്രവർത്തകർക്കിടയിലൂടെ തിക്കിത്തിരക്കി ഞാൻ അയ്യാളുടെ അടുത്തെത്തി കുത്തിയിരുന്നു. 

തണുത്ത് വിറങ്ങലിച്ചിരിക്കുന്നു. ഒരു പത്തറുപത് വയസ്സ് കാണും. അനക്കമില്ല. പൾസില്ല. സ്റ്റാഫ്‌ നഴ്സും ഓടിയെത്തി ഞങ്ങൾ വേഗം റിസസിറ്റേഷൻ ആരംഭിച്ചു.. 

ഒരു ഗുണവുമുണ്ടാക്കുന്നില്ല. 

പെട്ടന്ന് ആളുകൾക്കിടയിൽനിന്ന് ഹിന്ദിയിലെന്തൊക്കെയോ നിലവിളിച്ചുകൊണ്ട് മധ്യവയസ്ക്കയായ ഒരു സ്ത്രീ അയ്യാളുടെ ദേഹത്തേക്ക് കമഴ്ന്നു വീണു. 

എനിക്കൊന്നും ചെയ്യാനില്ല..... 

അന്തരീക്ഷം ഇരുണ്ടു വരുന്നു. ചുറ്റുമുള്ള കൊടുംകാടിന്റെ പച്ചനിറത്തിന് കറുപ്പ് ഏറുന്നു. 

അസ്ഥിതുളക്കുന്ന തണുത്ത കാറ്റിനൊപ്പം ഏതൊക്കെയോ ഭാഷയിലുള്ള നിലവിളികൾ എന്നെ കടന്ന്  പോകുന്നു. 

കുറച്ചപ്പുറം വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ബോട്ടിന്റെ മുകളിൽ നിന്ന് ഇടക്കിടക്ക് രക്ഷാപ്രവർത്തകരുടെ ആരവം. ഇടയ്ക്കിടെ പോലീസിന്റെ വിസിൽ. 

ജനറേറ്റർ ഓൺ ആയതിന്റെ ശബ്ദം, ഒപ്പം ഫയർ ഫോഴ്‌സിന്റെ അസ്കാലൈറ്റിന്റെ വെള്ളവെളിച്ചം കരയിലെ പുൽത്തകിടിയിലും ഇരുണ്ടു കിടന്ന തടാകത്തിലേക്കും പരന്നു. 

"മുകളിലെ ഡെക്കിലുണ്ടായിരുന്ന ഏറെപ്പേരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞു സാറേ"."വിദേശികളൊക്കെ മിക്കവാറും തന്നെ നീന്തിക്കയറി"."അവർക്കെല്ലാം നീന്തൽ വശമുണ്ടല്ലോ, പിന്നെ നമ്മുടെ കുറച്ചാൾക്കാർക്കും മാത്രം. 

സ്ത്രീകളും കുട്ടികളും പെട്ടുപോയി സാറെ "

നനഞ്ഞവസ്ത്രങ്ങളൂരിയെറിഞ്ഞു ഒരു നിക്കർ മാത്രം ധരിച്ച് അവിടെയടുത്ത് തറയിൽ തളർന്നിരുന്ന ഫോറെസ്റ്റ് ഗാർഡ് ശേഖരൻ എന്നോട് പിറുപിറുത്തു. 

ബോട്ട് കിടക്കുന്നിടത്ത് നിന്ന് വീണ്ടും ആരവം. 

ഓരോ ആരവവും ആരെയൊക്കെയോ  വെള്ളത്തിനടിയിൽ നിന്ന്  കിട്ടുന്നതിന്റെ  അടയാളമാണ്. 

പക്ഷേ അതൊന്നും ഇപ്പോൾ സന്തോഷത്താൽ ഉണ്ടാകുന്നവയല്ലന്ന് മാത്രം.

ഇടുക്കി ജില്ലയുടെ മറ്റ് ഭാഗത്തു നിന്നുള്ള ഡോക്ടർമാരും സ്റ്റാഫുകളും എത്തിത്തുടങ്ങി. 

ഞാൻ ഇരുന്നിടത്ത് നിന്ന് വീണ്ടുമെണീറ്റു. 

        ആകെ ഒരു നിർവ്വികാരത. 

ബോട്ട് വടം കെട്ടി വലിച്ചടുപ്പിക്കാൻ ശ്രമിക്കുന്നവരുടെ അടുത്തേക്ക് മെല്ലെ നടന്നു. 

      ചുറ്റും എന്തൊക്കെയോ നടക്കുന്നു. പക്ഷേ അതിനൊന്നും ഇനി താഴെ നിന്ന്  വരാനിരിക്കുന്നവരെ ജീവനോടെ മടക്കി നൽകാൻ കഴിയില്ല. 

      രക്ഷപ്പെട്ട് വന്നവർക്ക് ചുറ്റും സുരക്ഷയുടെ ഒരു തോന്നൽ ഒരുക്കി ഞങ്ങൾടെ സ്റ്റാഫ് നഴ്സ്മാർ ഓടിനടക്കുന്നു.

    വെള്ളത്തിനടിയിൽ വച്ചു എവിടെയോ തട്ടി നെറ്റികീറി ചോരയൊലിപ്പിച്ചുവന്ന പോലീസുകാരന്റെ മുറിവ് വച്ചുകെട്ടുന്ന Dr.സാറ. 

നനഞ്ഞു വിറച്ചു നിൽക്കുന്ന ഒരു ബാലികയ്ക്ക് തന്റെ ഷർട്ട് ഊരി പുതപ്പിക്കുന്ന അമ്പാടി. 

നേരം നന്നായി ഇരുണ്ടു. 

ആരുടേയും മുഖത്തു പ്രതീക്ഷയുടെ ഒരംശം പോലും കാണാനില്ല. 

വെള്ളത്തിനടിയിൽ കിടക്കുന്ന ജീവനറ്റവരെ തിരികെ പ്രിയപ്പെട്ടവരുടെ അടുത്തെത്തിക്കുക എന്ന കർത്തവ്യത്തിന് ഒരുകൈ സഹായം. അത് മാത്രമേയിനിയുള്ളൂ എന്ന തിരിച്ചറിവ് ഞങ്ങളിലെല്ലാം നിറയുന്നുണ്ട്. 

ഓരോ തവണയും രക്ഷാപ്രവർത്തകർ വെള്ളത്തിനടിയിൽ നിന്ന് ആരെയെങ്കിലും പുതുതായി കൊണ്ടുവരുമ്പോൾ ഓടിയടുക്കുന്നു, ബന്ധുക്കളെ നഷ്ടമായവർ. 

മരവിച്ച മനസ്സുമായി ഇതും നോക്കി ഒന്നും ചെയ്യാനാകാതെ ഞങ്ങൾ. 

അഞ്ചും പത്തും മിനിറ്റുകളുടെ ഇടവേളകളിൽ കരയിൽ പല ഭാഗത്തായി ഉയരുന്ന വിങ്ങലുകൾ, നിലവിളികൾ. 

തുടർന്ന് ആ നിലവിളികളുമായി ലാന്റിങ്ങിലേക്ക് കുതിക്കുന്ന ബോട്ടിന്റെ മുരൾച്ച.


      അസ്‌ക്കാ ലൈറ്റിനനുടുത്ത് ഒരു മരക്കുറ്റിയിൽ, തടാകത്തിലേക്ക് നോക്കി അനങ്ങാതിരിക്കുന്ന ഒരു മനുഷ്യൻ. 

ഏതാണ്ടൊരുമണിക്കൂറിനുള്ളിൽ അങ്ങോട്ടുമിങ്ങോട്ടുമോടുമ്പോൾ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ഒരു പോലീസുദ്യോഗസ്ഥന്റെയോ പട്ടാളക്കാരന്റെയോ പോലുള്ള ഉറച്ച ശരീരവും ഉറച്ച മുഖഭാവവും. തടിച്ച് മുകളിലേക്ക് ലേശം പിരിച്ച് വച്ചിരിക്കുന്ന മീശ. സഫാരി സൂട്ട് പോലുള്ള വേഷം നനഞ്ഞൊട്ടിയിരിക്കുന്നു. 


     അതിനിടയിൽ നേവിക്കാരുടെ വരവിന്റെ അറിയിപ്പുണ്ടായി. 

രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന നാട്ടുകാർ ഓരോരുത്തരായി കരയിലേക്ക് തിരിച്ചു കയറുന്നു. 

പോലീസും ഫയർഫോഴ്സും ഫോറെസ്റ്റുകാരും സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നു. അടുത്ത നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നു. 

മണിയെട്ടായി.ഇതുവരെ  ഏതാണ്ടിരുപത്തിയാറ് ഹതഭാഗ്യർ സ്വജീവൻ തേക്കടിത്തടാകത്തിന് നൽകി മൃതശരീരങ്ങളായി ഞങ്ങളുടെ കൈകളിലൂടെ ബോട്ടുകളിൽ ലാന്റിങ്ങിലേക്കും അവിടുന്ന് ഞങ്ങൾടെ ആശുപത്രിയിലേക്കും പോയിട്ടുണ്ട്. 

കൂടുതലും സ്ത്രീകളും കുട്ടികളും തന്നെ. 

നേവി ടീം എത്തി. മറ്റ് ഡിപ്പാർട്മെന്റുകളുമായി ഏതാനം നിമിഷത്തെ ആശയവിനിമയം. അവരിലെ മുങ്ങൽവിദഗ്ധർ ജലത്തിനടിയിലേക്ക് ഊളിയിട്ടിറങ്ങി. 

ഇതുവരെ അവിടെയെല്ലാമായി നിറഞ്ഞുനിന്നിരുന്ന നാട്ടുകാരായ യുവാക്കൾ പല ബോട്ടുകളിലായി മടങ്ങിത്തുടങ്ങി. ആരും ഒന്നും മിണ്ടുന്നില്ല. അന്തരീക്ഷവും ശബ്ദവും ഒരുപോലെ തണുത്തുറഞ്ഞു പോകുന്നൊരാവസ്ഥ. 

ഞങ്ങൾക്കുമിനി മടങ്ങണം, ആശുപത്രിയിലേക്ക്. 

സാറയാന്റി തിരിച്ചുപോകാനുള്ള ഞങ്ങൾടെ സ്റ്റാഫിനെയെല്ലാം ഒരുമിച്ചു വിളിച്ചുകൂട്ടി. 

തണുത്ത കാറ്റിൽ ഐസായിപ്പോകുന്നൊരാവസ്ഥ. ആർക്കോവേണ്ടി ഷർട്ടൂരിക്കൊടുത്ത അമ്പാടി നിന്ന് വിറയ്ക്കുന്നു. 

അപ്പോഴാ നേരത്തേ കണ്ട മനുഷ്യനെ വീണ്ടും ശ്രദ്ധിച്ചത്.

"അമ്പൂ, നീയാ മനുഷ്യനെ ശ്രദ്ധിച്ചോടാ? 

എത്ര നേരമായി ഒന്നും മിണ്ടാതെ ഒരേ ഇരുപ്പാ? നമുക്കാപോലീസുകാരോട് ഒന്ന് പറഞ്ഞാലോ? "

"സാറുവാ, നമുക്കൊന്ന് നോക്കാം ". 

ഞങ്ങൾ വളരെയടുത്തെത്തിയപ്പോൾ പുള്ളി മുഖമൊന്നുയർത്തി നോക്കി. 

ആരാ എന്താന്നൊന്നുമറിയില്ലല്ലോ. 

അമ്പാടി സാവധാനം സംസാരിക്കാനെന്നോണം പുള്ളിയുടെ അടുത്തേക്ക് കുനിഞ്ഞു. 

പെട്ടെന്ന് അയാളവന്റെ കൈയ്യിൽ മുറുകെ പിടിച്ചു. 

"സാർ.. ഏൻ വൈഫും ഡാട്ടറും കീളെ.. 

അങ്ങ് കീളെ.. "

അയ്യാൾ ബോട്ട് കിടന്നിടത്ത് വെള്ളത്തിനടിയിലേക്ക് കൈ ചൂണ്ടി. 

"ട്ടിൽ നൗ വന്തില്ലേ.. സൊ ഐ ആം വെയ്റ്റിംഗ്.. "

ഞങ്ങൾടെ ഹൃദയങ്ങളിലൂടെ തുളഞ്ഞുകയറി ആ വാക്കുകൾ ഇരുട്ടിലെവിടെയോ പോയി മറഞ്ഞു. 

അപ്പോഴേക്കും രണ്ട് പോലീസുകാർ പുള്ളിയുടെ അടുത്തേക്കെത്തി. 

അവിടെ ഇനി നിൽക്കാൻ മനസ്സനുവദിക്കുന്നില്ല. 

ഞങ്ങൾ തിരികെ നടക്കാൻ തുടങ്ങിയപ്പോൾ അയ്യാൾ പിറകിൽ നിന്ന് വിളിച്ചു. 

"സാർ, ഒരു നിമിഷം.. "

"സാർ, കൊഞ്ചം ലേറ്റ് ആനാലും.. ആവുങ്കളെ കെടക്കുമ്പ.. 

ദേ വിൽ ബീ ഒക്കെ, അല്ലേ സാർ? 

ഉയിറുക്ക് പ്രോബ്ലം ഏതുമേ വരമാട്ടെ... ഇസ്റന്റ് ഇറ്റ് സാർ? "

കരഞ്ഞു പോയ എന്റെ മുഖം അമ്പാടി കാണാതിരിക്കാൻ ഞാൻ വേഗം ആ ലൈറ്റിന്റെ അടുക്കൽ നിന്നും ഞങ്ങൾക്ക് പോകാനുള്ള ബോട്ടിന്റെ അടുക്കലേക്ക് നടന്നു.... അതോ ഓടിയോ?? 


യുദ്ധമുഖത്ത് നിന്ന് ദേഹമാസകലം മുറിവേറ്റ് തോറ്റുമടങ്ങുന്ന സൈനികരെപ്പോലെ ഒരക്ഷരം ഉരിയാടാതെ ബോട്ടിൽ അവിടവിടെയായി ഞങ്ങൾ തളർന്നിരുന്നു. 

ഇരുണ്ടുകിടന്ന തേക്കടിത്തടാകത്തിലെ ജലം ആദ്യമായി എന്റെ കണ്ണുകളിൽ ഭീതി പരത്തി. എന്നും പുത്തനുണർവ്വ് മാത്രം പകർന്നു തന്നിരുന്ന ആ തണുത്ത കാറ്റ് എവിടെ നിന്നൊക്കെയോ ഉയരുന്ന നിലവിളികൾ  ഞങ്ങളിലേക്ക്  എത്തിക്കാൻ മത്സരിക്കും പോലെ.

            അദ്ധ്യായം 3     ചാറ്റ മഴ 


                    രാവിലേതന്നെ ആശുപത്രിമുറ്റം നിറയെ ജനങ്ങൾ. കളക്‌ടർ ഇന്നലെത്തന്നെ സ്ഥലത്തുണ്ട്. പോലീസ്, റവന്യു, ആരോഗ്യപ്രവർത്തകർ, നാട്ടുകാർ, ആരും തന്നെ വെറുതേയിരിക്കുന്നില്ല. ജില്ലാമെഡിക്കൽ ഓഫിസറുടെ ഉത്തരവ് ആകും മുൻപേ തന്നെ സ്വയം ഇന്നലെയേ  ആവശ്യം വേണ്ട ഉപകരണങ്ങളോടെത്തന്നെ ഇവിടെ എത്തി ജോലിയിലേർപ്പെട്ട ആരോഗ്യവകുപ്പിലെ ഡോക്ടർമാരും ജീവനക്കാരും. 

   ഏതാണ്ട് മുപ്പതോളം ബോഡികൾ ഇതിനകം കിട്ടിയിരിക്കുന്നു. 

മരിച്ചവരുടെ ബന്ധുക്കളിൽ ചിലർ പലയിടങ്ങളിലായി എല്ലാം തകർന്നിരിക്കുന്നു. ചിലർ നിന്ത്രണം നഷ്ടപ്പെട്ട് ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്നു. ചിലർ ഇപ്പോഴും ആരോടെന്നില്ലാതെ എന്തൊക്കെയോ പറഞ്ഞ് നിലവിളിക്കുന്നു. 

   കുമിളി ടൗണിന്റെ ചെക്ക്പോസ്റ്റിനപ്പുറം കിടക്കുന്ന തമിഴ്‌നാട്ടിൽ നിന്നുമുള്ള ബന്ധുക്കൾ വിവരമറിഞ്ഞ് എത്തിക്കൊണ്ടിരിക്കുന്നു. 

പത്രക്കാരും മീഡിയയും മീഡിയാവാനുമൊക്കെയായി ആശുപത്രിമുറ്റം തിരക്കിൽ. 

കിട്ടിയ ബോഡികളെല്ലാം അധികം വൈകാതെ പോസ്റ്റ്‌ മോർട്ടം ചെയ്യണം. 

ദുരന്തമായതിനാൽ, പോസ്റ്റ്മോർട്ടം നടത്താതെ ബോഡികൾ വിട്ടുകൊടുക്കാനുള്ള ചിലശ്രമങ്ങൾ നടന്നില്ല. 

അപ്പോൾ,അത് ഇവിടെ വച്ചു തന്നെ നടത്തണം. നൂറ് കിലോമീറ്ററിനപ്പുറം ഉളള കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുന്നത് പ്രാവർത്തികമല്ല. 

                ഉൽഘാടനം കാത്തുകിടന്ന പുതിയ വാർഡ്‌ കെട്ടിടം അങ്ങനെ പോസ്റ്റ്മോർട്ടം റൂമായി തുറന്നുകൊടുക്കപ്പെട്ടു. പുതിയ പെയിന്റിന്റെ മണം മാറാത്ത കട്ടിലുകളിൽ നിന്ന് മെത്തകൾ മാറി. ഒരു ഡ്രിപ്പോ ഇഞ്ചക്ഷനോ ഒരു തുള്ളി മരുന്ന് പോലുമോ ഇനി ആവശ്യമില്ലാതെ, എവിടെ നിന്നൊക്കെയോ വന്ന മുപ്പത് പേർ വാർഡിനുള്ളിലേക്ക്.

 ഉറക്കത്തിലാണ്ടു പലരും ഇനിയും വരാനുമിരിക്കുന്നു. 

സാറാന്റി ഓരോരുത്തരെയായി ഓരോരോ ഉത്തരവാദിത്ത്വങ്ങൾ ഏൽപ്പിക്കുന്ന തിരക്കിൽ. 

പോസ്റ്റ്മോർട്ടം റൂമിലെ കാര്യങ്ങളും അതിന് വേണ്ട സ്റ്റാഫിനെ ക്രമീകരിക്കേണ്ടതും ഞാൻ. 

നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ള ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും ശ്രദ്ധിക്കാനായി ജില്ലയിലങ്ങോളമിങ്ങോളമുള്ള ആരോഗ്യസ്ഥാപനങ്ങളിൽ നിന്നും വന്ന ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരും മറ്റു ഫീൽഡ് സ്റ്റാഫും. 

         വാർഡിൽ ഇരുപത് കട്ടിലുകൾ നിരന്നു. ആദ്യം ചെയ്യാനുള്ള ഇരുപത് ശരീരങ്ങളും. 

ഓരോ ബോഡിയും അറ്റൻഡ് ചെയ്യാൻ ഒരു ഡോക്ടർ, ഒരു നഴ്സിംഗ് അസിസ്റ്റന്റ്, ഒരു അറ്റൻഡർ എന്ന വിധത്തിൽ പോസ്റ്റ്‌മോർട്ടം റൂമിലേക്ക് ഒരു നേരം അറുപതു പേർ. 

    നേരം പത്തുമണിയോടടുക്കുന്നു. ഇതുവരെ ഒരു തുള്ളിവെള്ളം പോലും കഴിച്ചിട്ടില്ല. വിശപ്പ് തോന്നുന്നില്ല.പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് പല ദിവസങ്ങളിലും ഉടൻ കഴിക്കാൻ തോന്നാറുമില്ല. 

    നേരെ സ്റ്റാഫ്‌ റൂമിലേക്ക് നടന്നു. 

അറ്റൻഡർ ഇബ്രാഹിക്ക ഉണ്ടാകുമവിടെ. 

"ഇക്കാ,തിരക്കാണെന്നറിയാം. എന്നാലും ഒരു കടും കാപ്പിയിട്ട് തരാമോ?"

"അതിനെന്താ സാറേ.. ഇപ്പൊത്തരാവേ"

രണ്ടുമൂന്നു മിനിറ്റിനുള്ളിൽ ഇക്ക കാപ്പിയിട്ടു തന്നു.. ചെറിയൊരൂർജ്ജം. 

"സാറ് കേറുവല്ലേ ചെയ്യാൻ, ഞാനും വരുവാ "

"ഇക്ക എന്റൊപ്പം കേറിക്കോ "

"ആയിക്കോട്ടെ "

ഇതും പറഞ്ഞു പുറത്തിറങ്ങിയ ഇക്ക പെട്ടന്ന് തിരിച്ചു വന്നു. 

"സാറെ ഒരു തമിഴൻ കാണാൻ വന്നു നിൽക്കുന്നു "

"പരിശോധനക്കാണേൽ ഇപ്പൊ തിരക്കാന്നു പറ ഇക്കാ... കണ്ടില്ലേ ഇപ്പോഴും പുതുതായി കിട്ടിയ ബോഡികൾ വന്നോടിരിക്കുവാ "

"അല്ല, ഇത് വേറെ എന്തോ.. "

ഇക്ക പൂർത്തിയാക്കുംമുൻപ് അയ്യാൾ അകത്തേക്ക് കയറിവന്നു. 

ഇയാളെ ഞാൻ അറിയുമല്ലോ.. 

"ആഹാ, തേന്മൊഴിയുടെ അച്ഛനല്ലേ?, മോൾക്ക് കുറഞ്ഞില്ലേ? എന്ത് പറ്റി ഇപ്പൊ? "

"സാർ.. "

അയ്യാളുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങി നിന്നു. 

 എന്റെ നെഞ്ചിലൂടെ ഒരു തണുപ്പ് പാഞ്ഞു പോയത് പോലെ. 

"എന്താ മാഷേ?? തേന്മൊഴി എവിടെ? "

അയ്യാൾ ചുമരിലേക്ക് തളർന്നു ചാരി. 

"ഇക്കാ.. പിടിച്ചോ "

ഇബ്രാഹിക്ക പെട്ടന്ന് അയ്യാളെ അവിടെ ഒരു കസേരയിൽ പിടിച്ചിരുത്തി.

"സാർ.. തേന്മൊഴി, അങ്കെ... അങ്കെ പടുക്കിറേൻ  "

പോസ്റ്റുമാർട്ടം നടക്കാനുള്ള വാർഡിന്റെ ദിക്കിലേക്ക് ചൂണ്ടി അയാളൊന്ന് തേങ്ങി. 

  ഞാൻ തരിച്ചങ്ങനെ നിന്നു. കണ്ണിൽ ഇന്നലെക്കണ്ട ആ കുഞ്ഞിന്റെ മുഖം മാത്രം. 

ആ കൂട്ടത്തിൽ നീയുമുണ്ടായിരുന്നോ കുട്ടീ... ഞാൻ അറിഞ്ഞില്ലല്ലോ. 

അയാളോട് ഞാൻ ഇനി എന്ത് പറയാനാണ്?

തന്റെ ജീവിതത്തിൽ അവശേഷിച്ച ഏക സന്തോഷവും നഷ്ടപ്പെട്ട് തകർന്നിരുക്കുന്ന വ്യക്തിയോട്. 

കയ്യിലിരുന്ന കുറച്ചുമാത്രം കുടിച്ച കാപ്പിക്കപ്പ് പതുക്കെ മേശപ്പുറത്ത് വച്ചിട്ട് കസേരയിൽ തല കുമ്പിട്ടിരിക്കുന്ന അയ്യാളുടെ തോളിൽ എന്റെ വലതുകൈ കൊണ്ടൊന്നമർത്തി. 

"ഇവിടെത്തന്നെയിരുന്നോളൂ "

"ഇക്കാ.. വാ പോകാം "

"സാർ"

അയ്യാളുടെ തോളിലമർന്നിരുന്ന എന്റെ വലത് കൈ പെട്ടന്ന് അയ്യാൾ തന്റെ രണ്ട് കൈയ്യും കൂട്ടി സ്വന്തം നെഞ്ചിലേക്ക് ചേർത്തടുപ്പിച്ചു. 

"സാർ.... ഒരു ലാസ്റ്റ് റിക്വസ്റ്റ് "

"നാൻ സൊല്ലതു തപ്പ് താൻ... . അത് എനക്ക് നല്ല തെരിയും, 

ഉനക്ക് അത് റൊമ്പ റിസ്ക്ക് മാറ്റർ.. അതും തെരിയും" 

ഞാൻ ഒന്നും മിണ്ടിയില്ല. അയാൾക്ക് പറയാൻ ബാക്കിയുള്ളത് കേൾക്കാനായി അയ്യാളുടെ മുഖത്തേക്ക് നോക്കി. 

 ഞാൻ കുടിച്ചു പകുതിയാക്കി മേശപ്പുറത്ത്  വച്ചിരുന്ന  കടുംകാപ്പി പരവേശത്തോടെ അയ്യാളെടുത്ത് ഒരിറക്ക് കുടിച്ചു. 

"സാർ "

"പറയൂ"

"വലിക്കും വലിക്കും എന്ന് കവലപ്പെട്ടു ഇന്ത നാൾ വരേക്കും ഒരു ഊസി പോലും അവള്ക്കു നാൻ പൊട്ട വച്ചിട്ടില്ലൈ.. 

ആനാ.. ഇന്ന് എൻ കൊളന്തയ്ക്ക് പോസ്റ്റ്മോർട്ടം.. "

താങ്കമുടിയാത് സാർ....

വേണ്ടാ സാർ... 

പ്ലീസ്... "

ഏതാവത് സെയ്ത് ഹെല്പ് പെണ്ണുങ്ക്  സാർ 

വലിക്കും സാർ... എൻ തേന്മൊഴി... "

ഒരേ ഒരു തടവ് മട്ടും കൂടി ഹെല്പ് പണ്ണ് സാർ... "

"തെന്മോഴിയെ കീറ വേണ്ടാ സാർ "

ഞാൻ നിസ്സഹായനായി ഇബ്രാഹിക്കയെ നോക്കി. 

"പോകാം സാർ, ലേറ്റ് ആയി "

ഇബ്രാഹിക്ക പുറത്തേക്കിറങ്ങി, പിറകെ ഞാനും. 

"സാർ പ്ലീസ് സാർ... "

സ്റ്റാഫ് റൂമിൽ നിന്ന് ആ തളർന്ന ശബ്ദം ഞങ്ങളുടെ കാതുകളെത്തേടി പിറകെ വന്നു. 

അത് കേൾക്കാൻ വയ്യാതെ ഞാൻ ഇബ്രാഹിക്കയോടൊപ്പം വേഗം നടന്നു. പുറത്ത് നേർത്ത ചാറ്റമഴ.


പോസ്റ്റ്മോർട്ടം നടത്തേണ്ട വാർഡിനടുത്തുനിന്നും പോലീസുകാർ കൂടി നിന്നവരെയെല്ലാം നിർബന്ധപൂർവം മാറ്റുന്നു. അതിൽ ബന്ധുക്കളും നാട്ടുകാരും മീഡിയയും, എല്ലാം ഉണ്ട്‌. 

രോഗികൾ നിരന്നുകിടക്കുംപോലെ ഞങ്ങളെക്കാത്ത് ഇരുപത് മൃതദേഹങ്ങൾ. ഇന്നലെ ചിരിച്ചുകളിച്ചു,  നാടുകാണാൻ  കുമിളി ടൗണിലൂടെ നടന്നു പോയവർ. 

ഇതിനിടയിലെവിടെയാ തേന്മൊഴീ നീ?? 

 കുമിളിയിലെ തണുപ്പിലും ഞാൻ കുറേശ്ശെ വിയർക്കുന്നുണ്ട്. ബെഡ്ഡുകൾക്കിടയിൽ കാഴ്ച്ച മറച്ചുകൊണ്ട് സ്ക്രീനുകൾ അറ്റൻഡർമാർ നിരത്തിത്തുടങ്ങി. 

പോസ്റ്റ്മോർട്ടം റിക്‌സ്റ്റുകളുമായി പോലീസുകാർ ഓരോരോ ഡോക്ടർമാരുടെ അടുത്തേക്ക്. പോസ്റ്റ്മോർട്ടം ചെയ്യേണ്ടവർ നേരത്തേ നിശ്‌ചയിച്ച പോലെ ഗൗണും മാസ്കും കൈയ്യുറകളുമൊക്കെ ധരിച്ചു ഓരോരോ ബോഡിക്കടുത്തേക്ക്. 

ഞാൻ പതുക്കെ പതുക്കെ നടന്ന് ഓരോ കട്ടിലിനും അടുത്തുപോയി നോക്കുന്നു. 

തേന്മൊഴി എവിടെ? 

"സാറെ.. ഇങ്ങോട്ടൊന്നു വന്നേ "

ഇടതുവശത്ത് അങ്ങേയറ്റത്തുള്ള ബെഡ്‌ഡിനടുത്തേക്ക്  ഇബ്രാഹിക്ക എന്നെ വേഗം ചെല്ലാൻ മാടിവിളിക്കുന്നു. 

ദൂരെ നിന്നേ കണ്ടു. ഇരുനിറത്തിലുള്ള ആ കുഞ്ഞുമുഖം. നേർത്തൊരു ചിരി തരുന്ന പോലെ ചുണ്ട്. 

സ്‌ക്രീനിൽ താങ്ങി നിന്ന് കുറച്ചുനേരം ആ മുഖത്തേക്ക് നോക്കി. 

തേക്കടിയിലെ അവസാനത്തെ ഏത് കാഴ്ച്ചയാണോ ആവോ അവൾക്ക് ചിരിക്കാൻ വകയായത്? 


"സാറേ, ഞാൻ നിങ്ങടെ കൂടെ കൂടുവാ.. 

മിണ്ടിയും പറഞ്ഞും നിക്കാല്ലോ. "

നഴ്സിങ് അസിസ്റ്റന്റ് മാമുച്ചേച്ചിയാണ്. ലേശം വർത്തമാനം കൂടുതലാണ്. പക്ഷേ ജോലിയിൽ കള്ളമില്ല. അത് ജോലിസമയത്തിന്റെ കാര്യത്തിലായാലും, മുറിവുകൾ ഡ്രസ്സ്‌ ചെയ്യുന്ന കാര്യത്തിലായാലും, വാർഡുകളിലെ ജോലിയുടെ കാര്യത്തിലായാലും, എല്ലാം ഉഷാർ. 

ബന്ധപ്പെട്ട പോലീസുകാരൻ പോസ്റ്റ്മോർട്ടം റിക്വസ്റ്റ് കൈമാറി ഒപ്പിട്ടു വാങ്ങിപ്പോയി പോയി. 

    ഞാൻ വിയർപ്പ് നിറഞ്ഞ മുഖവുമായി ഇബ്രാഹിക്കയെ നോക്കി.എന്റെ മുഖത്തു നോക്കാതെ ഇക്ക ഗൗണും ഗ്ലൗസും മാസ്കും വച്ചു നീട്ടി. 

 മാമുച്ചേച്ചി എനിക്ക് ഗൗൺ പുറകീന്ന് പിടിച്ചു വലിച്ചു താഴേക്ക് നേരെയാക്കിയിട്ടുകൊണ്ട് സംസാരം ആരംഭിച്ചു.

 "കണ്ടു നിക്കാൻ വയ്യ സാറേ, എന്നാലും നമ്മളങ്ങ് ചെയ്യും "

തേന്മൊഴിയുടെ പാതിയടഞ്ഞ കണ്ണുകൾ 

എന്നെത്തന്നെ നോക്കിക്കിടക്കുന്നു. 

ഇന്നലെ ഞാൻ നിന്നെ ഇൻജെക്ഷനിൽ നിന്ന് രക്ഷിച്ചു, പക്ഷേ ഇന്ന്? 

എന്റെ കണ്ണുകൾ വീണ്ടും ഇക്കയുടെ മുഖത്തേക്ക് പതിഞ്ഞു.ഇബ്രാഹിക്ക എന്നെയും മാമുചേച്ചിയെയും മാറിമാറി നോക്കുന്നുണ്ട്. ചേച്ചി ബോഡി കീറിത്തുടങ്ങാനുള്ള ബ്ലേഡ് ഹാൻഡ്‌ലിൽ ഉറപ്പിക്കുന്ന തിരക്കിലും. 

എന്റെ മനസ്സിൽ വീണ്ടും ആ അച്ഛന്റെ ഇടറിയ വാക്കുകൾ. 

      "സാറെന്താ വല്ലാണ്ടിരിക്കുന്നേ? 

നമ്മളെത്രയെണ്ണം ചെയ്തിട്ടുള്ളതാ? 

ഇത് പിന്നെ വല്ലാത്ത ദുർഗ്ഗതി ആയിപ്പോയി ഈശ്വരാ "

           വീണ്ടും മാമുചേച്ചിയുടെ സ്വരം. പുള്ളിക്കാരി തേന്മൊഴിയുടെ വസ്ത്രങ്ങളെല്ലാം മാറ്റിത്തുടങ്ങി. 

എന്താ ഞാൻ ചെയ്യാൻ പോകുന്നത്. എനിക്കൊന്നും മനസ്സിൽ വ്യക്തമാകുന്നില്ല.

"ചേച്ചീ, ഞാനിപ്പോ വരാം."

ഞാൻ പതുക്കെ അവിടുന്ന് വാർഡിന്റെ മറ്റേ അറ്റത്തേക്ക് നടന്നു. 

പലരും ചെയ്ത് തുടങ്ങി. സ്‌ക്രീനുകൾക്കുള്ളിൽ നിന്ന് അടക്കിപ്പിടിച്ച സംഭാഷണങ്ങൾ. 

ഫോണെടുത്ത് കുറച്ചുനേരം അതിലേക്ക് വെറുതേ നോക്കി നിന്നു. പെട്ടെന്ന് എന്തോ തോന്നി Dr.സാറയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.

  "എന്താടാ..? നീ ഇതെവിടെയാ?"

"മാം, ഞാനിവിടെ പോസ്റ്റ്മോർട്ടം റൂമിലുണ്ട്. "

"ആ..പറ എന്നതാ "

"മാം.. ഒരു റിക്വസ്റ്റ് "

"നീ കാര്യം പറ "

"മാമുചേച്ചിയെ എന്തെങ്കിലും കാര്യം പറഞ്ഞ് അങ്ങോട്ടേക്കൊന്ന് ഒന്ന് വിളിപ്പിക്കാവോ, ഒരു മുക്കാൽ മണിക്കൂറത്തേക്ക്.. പ്ലീസ്? "

"എന്നാടാ.. നീ കാര്യം പറ. അപ്പൊ വേറൊരാളെ അങ്ങോട്ട് വിടണ്ടേ? ഇവിടാണേൽ എല്ലാരും തിരക്കിലാ. "

   " അതൊക്കെപ്പിന്നെ പറയാം. വേറൊരാളെ ഇങ്ങോട്ട് വിടണ്ട.ഇക്കയുണ്ട്,ഞങ്ങൾ നോക്കിക്കൊള്ളാം "

"ആ.. എന്നാ ആയിക്കോട്ടെ "

ഇപ്പൊ എനിക്ക് ഏതാണ്ടൊക്കെ ഉള്ളിൽ ഒരു തീരുമാനമാകുന്നപോലെ.

    തിരിച്ചു ചെല്ലുമ്പോൾ മാമുച്ചേച്ചി സ്റ്റിച്ചിങ് നീഡിലിൽ നൂൽ കോർക്കുന്ന തിരക്കിൽ.

പെട്ടന്ന് മാമുചേച്ചിയുടെ പഴയ ഫോണിന്റെ ബെല്ല് അവിടെ മുഴങ്ങി. 

"ഹലോ... എന്താ മാഡം? "

മാഡം ഞാൻ ഇവിടെ സാറിന്റെ കൂടെ പോസ്റ്റ്മോർട്ടം... "

"ഓക്കേ... ശരി മാഡം "

"സാറേ, സാറാ മാഡമാ.. കാഷ്വാലിറ്റിയിൽ എന്തോ അത്യാവശ്യം. ഞാൻ അങ്ങോട്ട് ചെല്ലാൻ.. പോയിട്ട് വരാമേ "

"ആയിക്കോട്ടെ ചേച്ചീ.. പതുക്കെ വന്നാൽ മതി "

ഞാൻ സ്‌ക്രീനിനകത്ത് കടന്ന് ഒരു സ്റ്റൂളിൽ ചുവരിലേക്ക് ചാരിയിരുന്നു.

"അപ്പോ നമ്മളീ കുഞ്ഞിനേ കീറില്ലല്ലോ.. അല്ലേ സാറേ? "

മുഖം മറച്ച മാസ്കിന് മുകളിലൂടെ ഇക്കയുടെ നനഞ്ഞ രണ്ട് കണ്ണുകൾ എന്നെ പ്രതീക്ഷയോടെ നോക്കി.

"അവളെ കഴിയുന്നത്ര രീതിയിൽ സുന്ദരിയായി ഒരുക്കി പൊതിഞ്ഞെടുക്ക് ഇക്കാ. എന്നിട്ട് മറ്റുള്ളവർ ചെയ്ത് തീരും വരെ നമുക്കിവൾക്ക് ഇവിടെ കൂട്ടിരിക്കാം."

പോസ്റ്റ്മോർട്ടം കഴിഞ്ഞു ശരീരങ്ങളെ ഒരുക്കാനും പുതപ്പിക്കാനുമുള്ള വസ്ത്രങ്ങൾ യുവജനസംഘടനകളും ടൗണിലെ വസ്ത്രവ്യാപാരികളും ആവശ്യത്തിനെത്തിച്ചിട്ടുണ്ട്. 

അവൾക്ക് നീണ്ട ഒരു ഫ്രോക്കും ഇടീച്ച് ദേഹത്തും മുഖത്തും ഫേസ് പൗഡറും പൂശി ഒരു വെള്ള ഷീറ്റിൽ പൊതിഞ്ഞു കിടത്തിയിട്ട് ഇക്കയും എന്റൊപ്പം വന്നടുത്തിരുന്നു. 

ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. 

നിനക്കൊരമ്മയില്ലാഞ്ഞത് നന്നായി കുട്ടീ. അല്ലായിരുന്നെങ്കിൽ ആ അമ്മയും ഇന്ന് ഹൃദയം തകർന്ന് വീണേനെ. 

  എത്രനേരം ഞങ്ങളങ്ങനെ ഇരുന്നുപോയെന്ന് അറിയില്ല. ഇക്കയെന്റെ കൈകളിൽ തൊട്ടപ്പോഴാണ് പരിസരബോധമുണ്ടായത്. 

"സാറേ, സമയമായി. അപ്പുറത്തൊക്കെ തീർന്നെന്ന് തോന്നുന്നു."

"മം.... ഇക്കാ? "

"സാറ് പറയണ്ട, ചത്താലും ഞാനിതരോടും പറയില്ല. "


ഞങ്ങൾ രണ്ടാളും പുറത്തേക്കിറങ്ങി. പുറത്തിപ്പോഴും നേർത്ത ചാറ്റമഴ. 

പോസ്റ്റ്മോർട്ടം കഴിഞ്ഞ ബോഡികൾ മാറ്റാനും പുതിയവ കിടത്താനുമുള്ള തിരക്കിലേക്കിനിടയിലേക്ക് ഇക്ക മറഞ്ഞു.

തേന്മൊഴിയുടെ ബോഡി ഏറ്റുവാങ്ങേണ്ട പോലീസുകാരൻ എന്റടുത്തേക്ക് വേഗം വന്നു. പോസ്റ്റ്മോർട്ടം റൂമിന് മുന്നിൽ നിന്ന് പേപ്പറുകൾ ഒപ്പിട്ട് കൈമാറുന്നതിനിടയിൽ എന്റെ കണ്ണുകൾ അയ്യാളെ തിരഞ്ഞു. 

ആശുപത്രിയുടെ മുന്നിലെ ഒഴിഞ്ഞ പാർക്കിലുള്ള സിമന്റ് ബഞ്ചിൽ മഴനനഞ്ഞുകൊണ്ട് തലകുമ്പിട്ടിരിക്കുന്ന അയ്യാൾ.  

  ഞാൻ മെല്ലെ ആ മഴയിലേക്കിറങ്ങി.

ആരൊക്കെയോ ധൃതിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. 

അവരുടെയിടയിലൂടെ  നടന്ന് അയാളുടെ അടുക്കലെത്തി ആ സിമന്റ് ബഞ്ചിൽ പതുക്കെ ഞാനുമിരുന്നു, തലകുമ്പിട്ട്. 

അയ്യാൾ തലയുയർത്തിയില്ല. 

ഞാൻ എന്റെ ഇടതുകൈ അയ്യാളുടെ വലതുകൈയ്യിൽ മെല്ലെ അമർത്തി. 

"നിങ്ങളുടെ തേന്മൊഴിയെ ഞാൻ ഒരു സൂചി കൊണ്ടോ കത്തി കൊണ്ടോ വേദനിപ്പിച്ചിട്ടില്ല. അവൾ അവിടെ സമാധാനമായി ഉറങ്ങുന്നു "

അയാളൊന്നും മിണ്ടാതെ തലകുമ്പിട്ടു നനഞ്ഞ മണ്ണിലേക്ക് നോക്കിയിരുന്നു. 

ആ ചാറ്റമഴനഞ്ഞുകൊണ്ട് ഞാനും..... 










  





Sunday, March 8, 2020

ഒന്നൊളിച്ചോടണം...

ഇടയ്ക്കെങ്കിലും ഒന്ന് ഓടിപ്പോകണം.... 
എന്റെ ചുറ്റിലും നിന്ന്,
എന്റെ  തിരക്കുകളിൽ നിന്ന്...

 അങ്ങ് ദൂരേക്ക്, 
ആരും അറിയാതെ.. 
ആരും കാണാതെ.. 
എന്നിലേക്ക് മാത്രമായി...
അവിടെ കാറ്റിന്റെ ഇരമ്പൽ നേർത്ത് നേർത്ത് ഇല്ലാതാകും.... 
കരിയിലകൾ മണ്ണിലേക്ക് അമർന്നു കിടക്കും.. 
പക്ഷികൾ മെല്ലെ  മയക്കത്തിലേക്കമരും, 
ഇലകൾ നിശ്ചലരായിരിക്കും.... 
തടാകത്തിലെ ഓളങ്ങൾ സ്വപ്നം കണ്ടുറങ്ങും .... 
സൂര്യൻ അങ്ങകലെ, 
ആ മലയുടെ മടിയിലേക്ക് തളർന്നു വീണുമയങ്ങും ..... 

അപ്പൊൾ വേണം,  എനിക്ക് എന്നെ,  എനിക്ക് മാത്രമായി, 
ആ രാത്രി മുഴുവൻ.....

Saturday, May 18, 2019

Lifeന് ഒരു U turn കിട്ടിയാൽ...


നാല്പത്തഞ്ച് വർഷവും എട്ട് മാസവും പതിനേഴ് ദിവസവും ആറു മണിക്കൂറും കൂടെ ഒരു പതിനഞ്ച് മിനിറ്റും, തികയുന്ന ഈ നിമിഷത്തിൽ പ്രഭാതസവാരിക്കിടെ മുഖത്തു പൊടിഞ്ഞ വിയർപ്പുകണങ്ങളുമായി വന്ന് ഒന്ന് ചാഞ്ഞുനിന്നത്  ഈ കാണുന്ന U turn സൂചിപ്പിക്കുന്ന സൈൻ ബോർഡിന്റെ കാലിൽ.
         നിനച്ചിരിക്കാതെ ഒടേതമ്പുരാൻ ചോദിക്കയാണ്..
"ടെയ്.. ഈ നിമിഷം, ജീവിതത്തിൽ ഒരു U turn എടുത്തിട്ട് ഒന്നൂടെ കേറി വരാൻ പറഞ്ഞാൽ നീ എന്ത് ചെയ്യും? "
                  ഒറ്റ നിമിഷത്തെ ആലോചന, പപ്പനാവന്റെ നാട്ടിലെ ഓട്ടോ ചേട്ടന്മാരെപ്പോലെ പടേന്ന് നിന്ന നിൽപ്പിൽ ഒരു വെട്ടിത്തിരിയൽ. ശകടം നേരെപോയി നിന്നത് മുപ്പത്തിയൊന്ന് വർഷം മുൻപുള്ള എന്റെ ഗവ:ആർട്സ് കോളേജിന്റെ മുന്നിൽ.
എന്നെക്കാത്ത് ഇളംതെന്നലിൽ തുള്ളിക്കളിച്ച് നടക്കുന്ന ഒരു ചെറുതൂവലിന്റെ ലാഘവത്തിൽ ഒരു പ്രീഡിഗ്രിക്കാലം.
        നിഷ്‌ക്കളങ്കനായ റാന്നിക്കാരൻ ബിനോയിയും ബുദ്ധിമാനായ അഞ്ചലുകാരൻ ഷൈനും,  കൂടെ നടന്നു എന്റെ  കള്ളത്തരങ്ങളെല്ലാം മനസ്സിലാക്കീട്ട് അവസാനം ഞാൻ നിന്റെ അടുത്ത ബന്ധു ആണെടാ എന്ന് വെളിപ്പെടുത്തിയ ബിജുവും, പേരെടുത്തു തന്നെ പറയാൻ കഴിയുന്ന ഇനിയും ഏറെയുള്ള സുഹൃത്ത് വലയവും.
നേരിട്ട് കണ്ടിട്ട് വർഷങ്ങളായെങ്കിലും ഹൃദയത്തോട് ചേർത്ത് നിർത്താൻ കഴിയുന്ന ഊഷ്മളത അവയ്ക്ക് പലതിനും.
     ഞങ്ങളും എൻട്രൻസിന് പഠിച്ചിട്ടുണ്ട്, എന്നാൽ യുദ്ധസമാനമായ ഇന്നത്തെ പിരിമുറുക്കം മനസ്സുകളിലോ പൊട്ടിച്ചിരികൾ മാത്രം വിതറിയിരുന്ന ഞങ്ങളുടെ മുഖങ്ങളിലോ ഉണ്ടായിരുന്നില്ല.
          ഒരു ദിവസം പോലും കോളേജിൽ പോകാതിരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ കോളേജിൽ ചെന്നാലോ, ക്ലാസിൽ കയറി ആ ദിനങ്ങൾ നഷ്ടപ്പെടുത്തിയിട്ടുമില്ല. ക്യാമ്പസ്സിലെ മഹാഗണി മുത്തശ്ശിമാർ തണലും തണുപ്പുമേകി ഞങ്ങളെ പോറ്റിയ ജീവിതത്തിലെ ഏറ്റവും പ്രിയതരമായ രണ്ടുവർഷങ്ങൾ.

      അയഞ്ഞ ചരടിലെ പട്ടങ്ങളെപ്പോലെ...
ഞങ്ങൾ പോലുമറിയാതെ ആ ചരടിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ നോക്കിയ ഞങ്ങളുടെ മാതാപിതാക്കൾ...

     റിലീസ്ദിനം തന്നെ താരചിത്രങ്ങൾ കാണുവാൻ ന്യുവിലും അജന്തയിലും ശ്രീകുമാറിലുമൊക്കെ ബ്ളാക്ക് വിൽക്കാൻ ടിക്കറ്റിനായി നിൽക്കുന്ന ചേട്ടന്മാരോടൊപ്പം പോരടിച്ചു നേടിയ ടിക്കറ്റുകൾക്ക് ഒളിമ്പിക്ക്സ്വർണ്ണത്തിന്റെ മാറ്റ്...
ക്ലാസിൽ നിന്ന് മുങ്ങി ഈ വിധം നടന്ന സിനിമാസ്വാദനങ്ങളെ കയ്യോടെ പിടികൂടി അടുത്തവീട്ടിലെ മാമൻ അച്ഛനടുത്തെത്തിച്ചു.....
         പോകുമ്പോൾ പറഞ്ഞിട്ട് പോടെ എന്ന്  പറഞ്ഞുകൊണ്ട് സ്നേഹത്തോടെ സ്ഥിരമായി എന്റെ പുറത്ത് തട്ടിയിരുന്ന ആ കൈകൾ ഇന്ന് എന്റെ ഏറ്റവും വല്ല്യ നഷ്ടങ്ങളിൽ ഒന്ന്....

മമ്മൂട്ടിയും മോഹൻലാലും അമീർഖാനുമൊക്കെ വിലസിയിരുന്ന ഞങ്ങളുടെ മനസ്സിൽ സമപ്രായയക്കാരനായൊരു ഹീറോ ഇടിച്ചുകയറിയ കാലം. ഇന്നും പുള്ളി അവിടുന്നിറങ്ങിപ്പോയിട്ടില്ല.... സച്ചിൻ.
      പോക്കറ്റ് മണി കിട്ടുന്ന രണ്ടോ മൂന്നോ രൂപയിൽ ബേക്കറി ജംഗ്ഷനിലേയും വഴുതക്കാട്ടെയും തട്ടുകടകളിൽ കൂട്ടം കൂടി നിന്ന് കൊതിയോടെ ആസ്വദിച്ചിരുന്ന ചൂട്  ഉള്ളിവടകളും പരിപ്പുവടകളും ...
ക്ലാസ് കട്ട് ചെയ്ത് ചെങ്കല്ല് പതിച്ച ഇടനാഴികളിലൂടെ അലസരായി നടന്ന് ഗാനമേള റിഹേഴ്‌സൽ നടക്കുന്ന ഓഡിറ്റോറിയത്തിൽ എത്തിയ ഒരു ദിനത്തിൽ ആദ്യമായി കേട്ട ഒരു ഗാനം ഇന്നും എനിക്കേറെ പ്രിയപ്പെട്ടത്....പാപാ  കെഹ്തെ ഹെ...
അമീർഖാന്റെ സുന്ദരമുഖത്തിനെ ആക്ഷേപിക്കുന്ന രീതിയിൽ കറുത്തൊട്ടിയ മുഖവുമായി ആ ഗാനമന്ന് പാടിയ ഡിഗ്രിക്ക് പഠിക്കുന്ന ചേട്ടൻ ഇന്നും നല്ലൊരോർമ്മ...

മലയാളം പഠിപ്പിച്ചു കൊണ്ടിരുന്ന ചിദംബരം സാറിന് ഞങ്ങൾ ഉറങ്ങുന്നത് കണ്ടു വിഷമം തോന്നേണ്ടന്ന് കരുതി അഴിയില്ലാ ജനലിലൂടെ കലാലയനീതി അനുസരിച്ച് ചാടി ഓടേണ്ടി വന്ന ഞാൻ ഇടിച്ചു നിന്നത് എതിരെ വന്ന  പ്രിൻസിപ്പാൾ ജോർജ്ജ് തോമസ് സാറിന്റെ വയറിൽ.
 "നീയൊക്കെ വല്ല്യ ഓട്ടക്കാരാല്ല്യോ? "
"നെനക്കൊക്കെ മുന്നിൽ രണ്ട് ഓപ്ഷൻ "
"ഒന്നുകിൽ നീന്റെയൊക്കെ  അച്ഛന്മാരെ വിളിച്ചിട്ടിങ്ങ്  പോരെ, ഇല്ലായെങ്കിൽ നീയൊക്കെ മനുഷ്യനെ പറ്റിക്കാൻ കൊണ്ട് നടക്കുന്ന ആ ബാഗും തലയില്  വച്ച് ഗ്രൗണ്ടിന് അഞ്ച് റൗണ്ട്?? എന്ത് പറയുന്നു? "
 "അഞ്ച് റൗണ്ട്..." ആർക്കും സംശയമില്ല.
    നട്ടുച്ചക്ക് ആ എരിപൊരി വെയിലിൽ ബാഗും തലയിൽ വച്ച്  ഓടുമ്പോഴും ഞങ്ങളുടെ അധ്യാപകനോട് ഇഷ്ടം കൂടിയതേയുള്ളു.
           ഇതിനിടയിലെപ്പോഴോക്കെയോ  തഴുകിയൊഴുകിപ്പോയ ചെറുകൗമാരപ്രണയങ്ങൾ പച്ചപിടിച്ചില്ല.
ഒരു കണക്കിനത് നന്നായി.
ഇല്ലെങ്കിൽ മനസ്സിനുള്ളിലെ പ്രണയിതാവ് അന്നേ മരിച്ചൊടുങ്ങിയേനെ. ജീവിതത്തെ ഒരു കാമുകനെപ്പോലെ സമീപിക്കുവാനുള്ള മനസ്സ് എനിക്കുണ്ടാകുമായിരുന്നിരിക്കില്ല.

                U turn എടുത്തു പോയിട്ടുള്ള തിരിച്ചു വരവിൽ ഞാനിന്ന് സ്നേഹിക്കുന്ന എല്ലാപേരും എന്നോടൊപ്പം വണ്ടിയിലുണ്ടാവണം. ഉണ്ടാകും.
അക്ഷരങ്ങളും, ഭാവപ്രകടനാത്മകതയും സംഗീതവും ഒക്കെ ചേർന്ന് ഞാൻ ഇഷ്ടപ്പെടുന്ന ഒരു ജീവിതവീഥിലൂടെ മാത്രമേ ഇത്തവണ ഞാൻ എന്റെ ശകടമോടിച്ചു കയറി വരൂ എന്നെനിക്കുറപ്പ്........

Saturday, December 1, 2018

നക്ഷത്രങ്ങളുടെ ബാക്കി......


                  25-12-2018  
          ഒരു ക്രിസ്സ്മസ്സ്  സന്ധ്യ
               
                 'നിന്റമ്മച്ചി ഉണ്ടായിരുന്നപ്പോ പോലും ഞാൻ ഇതൊന്നും ആഘോഷിച്ചിട്ടില്ല... പിന്നെന്നതിനാ റൂബ ഇപ്പൊ ഇങ്ങനെയൊക്കെ? '
        
'ഇന്നത്തേക്ക് മാത്രം പപ്പയൊന്ന് ക്ഷമിക്ക്. ഞാൻ പറഞ്ഞല്ലോ ഇത്രയും നല്ല അവസരം അവർക്കൊന്നും പപ്പയുടെ കൂടെ ഇനി കിട്ടില്ലത്രെ.
ചിലപ്പോ എനിക്കും.
വല്ല്യ സ്റ്റാറൊന്നുമല്ലേലും പപ്പയിലെ റൈറ്ററെ അവർക്കെല്ലാം വല്ല്യ ഇഷ്ടമാണെന്നേ.
ഇനി ആറേഴുമാസത്തെ ഹൗസ് സർജൻസി കൂടിക്കഴിഞ്ഞാൽ ഞങ്ങളെല്ലാം പലവഴിക്കല്ലേ ഡിയർ. '
     
'മ്മ്... '
              ചുണ്ടിലെരിയുന്ന സിഗാറിന്റെ തീനാളത്തിൻ ചുവപ്പിലൂടെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു.
 
    'നീയും പോവുകയാണ് അല്ലേ റൂബാ...
കുറച്ചു നാൾക്കകം ഈ വീട്ടിൽ പിന്നെ ഞാൻ മാത്രമാകും.... ഞാൻ '
     
         കൈപിടിച്ച് അവൾ ബാൽക്കണിയിലേക്ക് നടത്തുമ്പോ ഇടതുമുട്ടു വേദനകൊണ്ട് വേച്ചു പോയി.
'മൈ ഫ്രണ്ട്സ്, ഐ പ്രൗഡലി പ്രെസെന്റ് ഔർ ബർത്ത്‌ഡേ ബോയ് ഫോർ യൂ..... '
അവൾ അത് പറയുമ്പോൾ കുഞ്ഞുനാൾ മുതൽ ഇപ്പൊ വരെയുള്ള അവളുടെ ഭാവങ്ങളെല്ലാം ഞാൻ ആ മുഖത്ത് തിരയുകയായിരുന്നു.
'ക്യൂബൻ സിഗാറിന്റെ മണമുള്ള,
രക്തത്തിലെ പഞ്ചസാരയുടേയും ബ്രാണ്ടിയുടെയും അളവ് എന്നും ക്രമം തെറ്റാതെ സൂക്ഷിക്കുന്ന,
ഒരു കാലിന് ലേശം മുടന്തുണ്ടെങ്കിലും ഇപ്പോളും ഇരുപ്പിലും നിൽപ്പിലും ക്ലിന്റ് ഈസ്റ് വുഡിനെ അനുകരിക്കുകയും അനുസ്മരിപ്പിക്കയും ചെയ്യുന്ന,
മനുഷ്യമനസ്സുകളെ വലിച്ചു കീറി പുസ്തകങ്ങളിലാക്കി നിങ്ങളിലേക്കെത്തിക്കുന്ന എന്റെ പ്രിയ ഹീറോ ഡോക്ടർ റോയ് ചെറിയാൻ കാട്ടുപറമ്പിൽ '.
    ചെറുനക്ഷത്രങ്ങളാലും, വർണ്ണക്കടലാസുകളാലും, മിന്നിത്തിളങ്ങുന്ന സീരിയൽ ബൾബുകളാലും അലംകൃതമായ ഹാളിന് നടുവിൽ 55എന്നെഴുതിയ ഒരു വലിയ കേക്കിന് മുന്നിൽ നിന്ന അവളുടെ കൂട്ടുകാർ മുകളിലേക്ക് നോക്കി എനിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു.
നിറകൈയ്യടിയുടെ അകമ്പടിയോടെ റൂബയുടെ കൈപിടിച്ച് ഞാൻ പതുക്കെ അവരിലേക്കിറങ്ങിച്ചെന്നു.
      യൗവനത്തിന്റെ പ്രസരിപ്പ് ചുറ്റും വാരി വിതറുന്ന സുസ്മേരവദനാരായ ഒരുകൂട്ടം ചെറുപ്പക്കാർ. ആൺകുട്ടികളും പെൺകുട്ടികളുമായി ഒരു പത്തിരുപതുപേർ കാണും. ഈ ക്രിസ്മസ് രാത്രിയിൽ അവർക്കെന്നോട് സംസാരിച്ചിരിക്കണമത്രെ.
      'പപ്പാ, സമയം കളയണ്ട.. കേക്ക് മുറിക്കാം '
പുറത്തെവിടെ നിന്നോ അലയടിച്ചുവന്ന കരോൾ ഗാനത്തിനും മേലേ എന്റെ വീട്ടിനുള്ളിൽ എനിക്കുള്ള ഹാപ്പി ബർത്ത്‌ഡേ ഗാനം ആദ്യമായി മുഴങ്ങി.
കേക്കിന്റെ കഷ്ണം എന്റെ വായിലേക്ക് തിരുകികയറ്റുന്നതിനൊപ്പം മനപ്പൂർവ്വം അതിന്റെ വെളുത്ത ഐസിങ് എന്റെ മുഖത്തേക്കും വാരിത്തേക്കപ്പെട്ടു.
    "ഹാപ്പി ബർത്ത്‌ഡേ റോച്ചാ..."
റൂബ എന്നെ മുറുകെ പുണർന്നു..
'ങേ.... ന്താ.. ന്താ നീയെന്നെ വിളിച്ചേ? '
ആ ഒരു നിമിഷം...
എന്റെ കാലുകൾ ബലഹീനമാകുന്നുവോ...
കൈയ്യിലിരുന്ന വോക്കിങ് സ്റ്റിക്കിന്റെ അറ്റം തറയിൽ മുട്ടി വിറയ്ക്കുന്നു....
ആകൃതി വ്യക്തമല്ലാത്ത, തീവ്രമഞ്ഞപ്രകാശം പൊഴിക്കുന്ന രണ്ട് നക്ഷത്രങ്ങൾ എന്റെ കണ്ണുകളിലേക്ക്...
എന്നെ അവ മുഴുവനായും വിഴുങ്ങുന്നു....
**** ****   ******    ******* ******   ****** ******
              24-12-1984   മദ്ധ്യാഹ്നം
മെൻസ് ഹോസ്റ്റൽ, തിരുവനന്തപുരം മെഡിക്കൽ കോളേജ്

'റോയ് സാറേ, വീട്ടീന്ന് വിളിച്ചിരുന്നു...
ഇല്ലെന്ന് പറഞ്ഞ്.....
കൂടോലൊന്നും ചോദിച്ചില്ല '
ഹോസ്റ്റൽ ബോയ് മണിയാണ്.
ഉച്ചഭക്ഷണം കഴിഞ്ഞ് മൂന്നാം നിലയിലേക്കുള്ള റൂമിലേക്ക് കോവണി കയറിക്കൊണ്ടിരുന്നപ്പോഴാണ് താഴേന്നു അവന്റെ വിളി.
ഒരഞ്ചുദിവസം ക്രിസ്മസിന് അവധി കിട്ടിയ തക്കം നോക്കി എല്ലാരും വിദൂരങ്ങളിലുള്ള അവരവരുടെ വീട് പറ്റി.
ഹോസ്റ്റലിൽ ഞാനും മണിയും എന്റെ ഫ്ലോറിൽ അങ്ങേയറ്റം താമസിക്കുന്ന ഒരേ ബാച്ചുകാരനായ ഭോപ്പാലുകാരനായ അഞ്ചുംസോണിയും മാത്രം.
വർഷത്തിലൊരിക്കലേ അവന് പോക്കുള്ളു.
    'ആ മണീ ടാ .....ഇനി വിളിച്ചാലും ഇല്ലാന്ന് പറഞ്ഞാ മതി. അതാ അവർക്കും സന്തോഷം '
    'ഓ സാറേ.... ആ പിന്നെ പൊതി വാങ്ങിച്ച് വച്ചിരിക്കേണ്.. ഇപ്പ വേണോ? '
'പതുക്കെ പറയെടാ പോത്തേ..
ആരുമില്ലാന്ന് കരുതി കൂവണ്ടാ..
വൈകിട്ട് വന്നെടുത്തോളാം '
   'ഓ '
           'അരെ ഓ അഞ്ചും....
       അഞ്ചും കെ ബച്ചേ... '
ഞാൻ കോറിഡോറിന്റെ ഇങ്ങേ അറ്റത്ത് നിന്ന് കൂവി വിളിച്ചത് കേട്ട് അവനൊരൊറ്റ തോർത്തിൽ പുറത്തിറങ്ങി.
       'നീ വല്ലോം കഴിച്ചോ? '
'ഒനും പരയന്റ റോയ്.. ഇന്ന് ബ്രദേഴ്‌സ് കഫെ മാത്രെ ഉളു...
ബീഫ് ബിരിയാണി എനിക് ഇസ്റ്റമില്ല..
സൊ.. റൂമിൽ കുക്ക് ചെയ്തു
റൊട്ടി ദാലുണ്ട്.. ബെണോ? '
'വേണ്ട ഭായ്, ഞാൻ കഴിച്ചു..
ഭായ് ആരാം കരോ... '
ഞാൻ എന്റെ മുറിയിലേക്ക്..
ബാൽക്കണിയോട് ചേർന്ന എന്റെ റൂം 301.
   പൂട്ടാറില്ല പൂട്ടാൻ പറ്റാറുമില്ല..
അതുകൊണ്ട് ബന്തവസ്സില്ലാന്ന് കരുതേണ്ട..
ശക്തിയായി വലിച്ചടച്ചാൽ അടയും..
തുറക്കണേൽ ചവിട്ടിത്തുറക്കണം. അകമ്പടിക്കെപ്പോഴും പട്ടിമോങ്ങുന്നൊരു ശബ്ദവും.
ചവിട്ടിത്തന്നെ തുറന്നു...
എന്റെ സ്വർഗ്ഗം, 
എന്റെ നരകം, 
എന്റെ എല്ലാം..
കഴിഞ്ഞ മൂന്ന് വർഷമായിട്ട്...
കട്ടിലിനടിയിലെ ഒഴിഞ്ഞ ബ്രാണ്ടിക്കുപ്പികൾ വാരിക്കളയാൻ മണിയോടെ പറയണം.അവിടം നിറഞ്ഞു.
   ബൈക്കോടിച്ചുവന്നപോലെതന്നെ തൊപ്പിപോലും മാറ്റാതെ കട്ടിലിലേക്ക് വീണു..
  നാളെ ക്രിസ്മസ്..
ഓർമ്മകളിലെവിടെയോ തിളങ്ങുന്ന നക്ഷത്രക്കൂട്ടങ്ങളും മുഴങ്ങുന്ന പള്ളിമണിയും.
      'റോയ് സാറിന് ഫോൺ..
റോയ് സാറേ.. സാറേ '
മണീടെ വിളിയാ..
ശല്യം.....
     വാതിൽ തുറന്ന് ബാൽക്കണീൽ വന്നു..
താഴെ മണി..
'നിന്നോട് ഞാനില്ലെന്ന് പറയാൻ പറഞ്ഞതല്ലേ ശവമേ '
ശബ്ദമധികം ഉയർത്താതെ ഞാൻ മുഖത്തു വന്ന എന്റെ ദേഷ്യം മുഴുവനവനോട് കാട്ടി.
'ചീത്ത വിളിക്കല്ലേ സാറേ.. വീട്ടീന്നല്ല എൽ എച്ചിന്നാ... '
'ഓ.. വരുന്നു '
ഉറക്കം തടസ്സപ്പെട്ട ഈർഷ്യ മുഴുവൻ മനസ്സിൽ തിങ്ങി നിറഞ്ഞു.
ഒഴിഞ്ഞു നിശബ്ദമായിക്കിടക്കുന്ന കോവണിപ്പടിയിലൂടെ രണ്ട് കോറിഡോറും കടന്ന് ഫോൺ റൂമിലെത്തി റിസീവറെടുത്തു.
'ഹലോ '
'റോച്ചാ '
      അപ്പുറത്ത് നീനയാണ്.
'എന്നാടീ.. നീ ഇന്നലെ പോകുമെന്നല്ലേ പറഞ്ഞേ..
പിന്നെന്നാത്തിനാ ഇവിടെത്തന്നെ കുറ്റിയടിച്ചേ..?'
'ഞാൻ പൊക്കോളാം മോനേ... അപ്പനുമമ്മച്ചീം നാളെ ഉച്ചക്കേ ഡെൽഹീന്ന് എത്തൂന്ന്. പിന്നെ ഞാൻ നേരത്തേ കെട്ടിയെടുത്തിട്ട് എന്നായെടുക്കാനാ? ഇവിടെയും ഒരു പട്ടിക്കുറുക്കൻ പോലുമില്ല. ഭാർഗവീനിലയം പോലെകിടക്കുന്നു.'
'മ്മ് '
'നിനക്കെന്താടാ ഒരു മൗനം? രാവിലെ തൊടങ്ങിയല്ലേ? ഹമീദിക്കാന്റെ ബീഡിയാണോ ബിജോയിസേയുള്ളോ? '
'ടീ നീ വെച്ചേച്ചു പോയേ.. എന്റെ ഉറക്കോം കളഞ്ഞു '
'ആ, ഞാൻ പോയേക്കാം..
നീ ചത്തോന്നറിയാൻ വിളിച്ചതാ. ബൈ.. '
       'പണ്ടാരം... ടാ മണീ..
ടാ മണീ.. '
'എന്തെര് സാറേ? '
മണി പുറത്ത് വന്നു.
    'ഇനി എന്തേലും കാര്യം പറഞ്ഞ് എന്റെ ഉറക്കം കളഞ്ഞാ ചെകുത്താനേ നിന്നെ ഞാൻ കൊല്ലും. നോക്കിക്കോ... പൊതി എവിട്രാ?'
ഞാൻ ദേഷ്യം കൊണ്ട് വിറച്ചുതുള്ളി.
മണി പിറുപിറുത്തും കൊണ്ടോടിപ്പോയി ഹമീദിക്കേടെ എനിക്കുള്ള സ്ഥിരം പൊതിയുമായി വന്നു.
         **                 **             **
മുറിയിൽവന്നു ദേഹത്ത് കിടന്നതെല്ലാം ഊരിവലിച്ചെറിഞ്ഞു കട്ടിലിലേക്ക് മറിഞ്ഞു........
         പതുക്കെ നല്ലൊരു മയക്കത്തിലേക്ക്...
                      എന്റെ കട്ടിലിന് ചിറക്മുളക്കുംപോലെ...
ഒരു കുഞ്ഞിനേപ്പോലെ ഞാൻ മെത്തയിലേക്കമർന്നുകിടന്നു. തൂവെള്ളമേഘപാളികൾക്കിടയിലൂടെ ഒഴുകിനീങ്ങുമ്പോ അവാച്യമായ ഒരു സുഖം. അങ്ങിങ്ങായി മിന്നിയണയും നക്ഷത്രങ്ങൾ...
എനിക്കായി സ്വർഗ്ഗത്തിൻ വാതിൽ തുറക്കപ്പെടുന്നു..
വാതിൽക്കൽ സ്നേഹസമ്മാനങ്ങൾ നിറച്ച തോൾസഞ്ചിയുമായി ഒരു സുന്ദരി മാലാഖ...
പക്ഷേ വാതിൽ തുറക്കുമ്പോഴെന്തേ കേട്ടുപരിചയിച്ച ഒരാരോചകസ്വരം..?
മാലാഖയ്ക്ക് എവിടെയോ കണ്ടുപഴകിയ മുഖഛായ..?
          'നിനക്കൊരു നിക്കറെങ്കിലും ഇട്ടിട്ട് കിടന്നൂടെ വൃത്തികെട്ടവനേ??? '
       
             എന്റെ കട്ടിലിന് ചിറകുകൾ നഷ്ടപ്പെട്ടു..
ചുറ്റുമുണ്ടായിരുന്ന നക്ഷത്രങ്ങൾ മങ്ങിയണഞ്ഞു....
മാലാഖ നിന്നിടത്തു.. കർത്താവേ നീനാമ്മ.
അവൾക്ക് മുന്നിൽ കട്ടിലിൽ പിറന്നപടി ഞാനും....
'ഉണ്ണിയേശുക്കുട്ടാ.., ഇതുടുത്തോ.. '
അയയിൽ കിടന്നൊരു ലുങ്കിയെടുത്ത് അവൾ എന്റെ മേലേക്കെറിഞ്ഞുകൊണ്ട് തോളിൽക്കിടന്ന വലിയ ട്രാവൽബാഗ് ഇറക്കി വച്ചു.
കുറച്ചുനേരം വേണ്ടിവന്നു എനിക്ക് സ്ഥലകാലബോധമുണ്ടാകാൻ.
   'ടീ.. നീയെങ്ങനാ ഇവിടെ? '
മേശമേലെ ടൈംപീസിൽ മണി നാലര അടുക്കുന്നു.
   'ടീ.. എന്നാകാര്യം? നീ എന്തിനാ ഇങ്ങോട്ട് വന്നേ '
'അല്ലാ.. എങ്ങനെ ഉള്ളിൽ കേറി? ആ മണി കേറ്റിവിട്ടോ...? '
'ഞാൻ ഒരു മണിയേയും കണിയേയും നോകീല്ല '
          'പിന്നെ? '
'നീയല്ലേ പറഞ്ഞിട്ടുള്ളത്, പിറകുവശത്ത് ആ മെസ്സിനടുത്തെ കോറിഡോറിലെ ഗ്രില്ല് പൊളിഞ്ഞുകിടക്കുവാണെന്നും, അതുവഴിയാണ് നമ്മുടെ ജോൺസൺ ഏതോ വെടക്കുകളെയും കൊണ്ട് റൂമിൽ പോണതെന്നും....
ഞാനതുവഴിയിങ്ങു പോന്നു '
   'മ്മ്മ്... എന്താ നിന്റെ ഉദ്ദേശ്യം? '
'ഒന്നൂല്ലേടാ..ഈ ക്രിസ്മസ് ഈവ് റോച്ചനൊപ്പം..
നാളെ വെളുപ്പിന് നിന്റെ ജാവേല് എന്നെ കാഞ്ഞിരപ്പള്ളീൽ കൊണ്ടാക്കുന്നു.. എപ്പടി? '
'എനിക്ക് വിശക്കുന്നു.. നീപോയി എന്തേലും മേടിച്ചേച്ച് വാ...
ഇത്രേം നേരായിട്ടൊരുതുള്ളിവെള്ളം കഴിച്ചിട്ടില്ല '
        ഈ നേരങ്ങളിലെല്ലാം മുറിയിലവിടവിടായി പരന്നുകിടന്നിരുന്ന ബീഡിക്കുറ്റികളും, ഉപയോഗിച്ചിട്ട് വലിച്ചെറിഞ്ഞ അണ്ടർവെയറുകളും, ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റുകളും ഒരു ഫുട്ബോൾ കളിക്കാരന്റെ വൈദഗ്ധ്യത്തോടെ കട്ടിലിനടിയിലേക്ക് തട്ടിയകറ്റുന്നത് അവളൊരു നിസ്സംഗതയോടെ കാണുന്നുമുണ്ടായിരുന്നു.
    'നിനക്കീ  ചുമരൊക്കെ ഈസ്റ്റ്‌വുഡിന്റെ മരമോന്തയൊട്ടിച്ചുവെക്കാതെ കുറച്ചൊക്കെ ആ സിൽക്കിന്റെയോ അനുരാധയുടെയോ പടമൊട്ടിച്ചൂടെടാ..?'
നീ ഒരാണ് തന്നെയാണോന്നെയുള്ളൂ എന്റെ സംശയം.. '
'നീയെന്റെന്ന് കൊണ്ടേ പോവൂ... നീ തന്നെയൊന്നാലോചിച്ചേടീ, നീ കൂടെയുള്ളപ്പോ എനിക്കെന്തിനാടീ സിൽക്ക് '
'റോച്ചാ നീ എന്റെയ്യീന്ന് നല്ല തൊഴി വാങ്ങുവേ...
എനിക്ക് വെശക്കുന്നു... നീ വല്ലോം വാങ്ങിത്തരുന്നുണ്ടോ? '
'ഓ നോക്കട്ട് '
ഞാൻ കോറിഡോറിൽ ഇറങ്ങിനിന്ന് അങ്ങേ അറ്റത്തേക്ക് വിളിച്ചു..
'അഞ്ചും...
'അഞ്ചുംഭായ്...'
'ഹാ ഭായ് '..
സോഡാക്കുപ്പി കണ്ണടയും വച്ച് അവൻ പുറത്ത് ചാടി.
'ദോപ്പഹർ വാലെ റോട്ടി അഭീ ഹായ് ആപ്കേ പാസ്? '
വോ ഖതം ഹുവാ...
   ' ഛെ '
'ഞാൻ ബ്രദേഴ്‌സിൽ പോയേച്ചും വരാം... മര്യാദക്ക് ഇതിനകത്ത് ഇരുന്നോണം'
'ഓ.. '
'ആ.. '
ഞാൻവണ്ടി സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടിട്ടും മണിയെ പുറത്ത് കണ്ടില്ല.. ക്രിസ്മസ് തലക്ക് പിടിച്ചു തുടങ്ങിയോ?
      
          തിരിച്ചെത്തിയപ്പോ ലേശം താമസിച്ചു..
കടയിൽ നല്ല തിരക്ക്.
      
         മൂന്നാം നിലയിലെത്തിയപ്പോ തന്നെ എന്റെ റൂമിൽ നിന്നും ഉയർന്നു കേൾക്കുന്ന എന്റെ പ്രിയപ്പെട്ട ഹിന്ദിഗാനങ്ങൾ.
ചെന്നപ്പോ റൂമിന് ആകെയൊരു വൃത്തി.
നിലത്തു ബീഡിക്കുറ്റിയോ ചവറുകളോ  ഇല്ല.
  'നീ ഇവിടെ സ്ഥിരതാമസത്തിനു വന്നത് അല്ലല്ലോ അല്ലേ? '
കൂടെ ചൂലുമായി നീക്കറുമിട്ട് അഞ്ചുമിനെക്കൂടി  കണ്ടപ്പോൾ തൃപ്തിയായി.
    'പക്ഷേ.. ഈശോയെ ആ മണം..? '
'നീനമ്മോ.. ..നീയെന്റെ പൊതിയിൽ ഇരുന്ന ബീഡി എങ്ങാനം എടുത്തൊടി? '
'റോച്ചാ..എന്നാ സുഖമാടാ. .. ഒറ്റ പോകയേ  എടുത്തുള്ളൂ '
'രണ്ടുവലി  എവനുമെടുത്തു'
   ബായ് .. നല  സുഗമാ ബായ്.. ഹൂ..
'ദേ.. രണ്ടിനോടും കൂടി പറയുവാ... ഇനി എന്റെ ബീഡീലെങ്ങാനും തൊട്ടാ കൊല്ലും ഞാൻ.
'നീനാമ്മോ നീ ഇത്തിരി ഓവറാണെ '
   'കോപ്പേ വെശന്നിട്ട് വയ്യാ..
വല്ലോം ഒണ്ടേൽ താ.
പിന്നെ ഇതോടെ ലവന്റെ ശല്യം ഒണ്ടാവില്ല..
മിക്കവാറും ഇപ്പൊ ഫ്ലാറ്റ് ആവും '.
ചൂലുമായി ആടിനിന്ന അഞ്ചുമിനെ താങ്ങിപ്പിടിച്ചു  അവന്റെ റൂമിലേക്ക് കൊണ്ടുപോകുമ്പോൾ  പറയാൻ മറന്നില്ല...
'നീ പോയി കുളിച്ചേച്ച് വാ...
എന്നിട്ട് കഴിക്കാം.. പിച്ചക്കാരിയെപ്പോലുണ്ട്. തലയിലും ദേഹത്തും നിറയെ ചുക്കിലീം....'
  *      *      *         *      *    *         *       *
      'ആഹ... എന്നാ ടേസ്റ്റാ.. നല്ല എരിവുള്ള ചുവന്ന ബീഫ്ക്കറീം ചൂട് പൊറോട്ടേം. '
         കുളിച്ചിട്ടു എന്റെ വെള്ളാജുബ്ബയുമിട്ട് കാവിമുണ്ടും മടക്കിക്കുത്തി, ബോയ്കട്ട് വെട്ടിയ നനഞ്ഞമുടിയുമായി കട്ടിലിലിരുന്ന് കഴിച്ചോണ്ടിരുന്ന അവളെ നോക്കി, ഇനിയെന്ത് എന്ന് അന്തംവിട്ട് ഞാനും എന്റെ മേശമേൽ കാലും ആട്ടിയിരുന്നു.
'റോച്ചാ..'
'എന്നാടീ?? '
'ഇപ്പൊ മണിയെത്രയായി? '
'മ്മ്.. അഞ്ചര.. '
'ആരുമില്ലാത്ത ക്യാമ്പസ്സിൽ കൂടി നമുക്ക് ബൈക്കിൽ ഒന്ന് കറങ്ങിയാലോ? '
'അത് വേണോ? '
'പ്ലീസെടാ മോനേ.. എന്നാ രസമായിരിക്കും..
ഒഴിഞ്ഞ നമ്മടെ ക്യാമ്പസിലൂടെ നമുക്കൊരു റൗണ്ടടിച്ചേച്ച് വരാടാ.. പ്ലീസെടാ'
'സമ്മതിക്കേല..എന്റെ വൈകുന്നേരം മാറിക്കിട്ടി'.
'മ്മ്മ്... ന്നാ എറങ്ങ് '
'ഇപ്പൊ വരാവേ...' വിരലും നക്കി അവള് കൈകഴുകാൻ ഓടി
       'അല്ല.. നീ ഡ്രസ്സ്‌ മാറുന്നില്ലേ? '
'എന്നാത്തിനാ.. ഇന്നെനിക്കിത് മതി '
എന്റെ തോർത്തുമെടുത്തു തലയിൽ കെട്ടി കാവിമുണ്ടും മടക്കിക്കുത്തി വന്ന അവക്ക് നല്ല ആണത്തം.
ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല..
'നീ പെണ്ണൊന്നുമല്ലല്ലോ അല്ലേ? '
ആ പിന്നെ ബഹളോന്നും ഉണ്ടാക്കാതെ എറങ്ങി വരണം, ആ മണി കാണരുത്. '
ഏത് മണി.. നിന്റെ ബ്രാണ്ടി പകുതിയും ഒഴിച്ച് ഞാൻ അഞ്ചുമിന്റെ കൈയിൽ അവനുകൊടുത്തുവിട്ടു...
അവനെപ്പോഴേ പരലോകത്തെത്തിക്കാനും.. '
ഹമീദിക്കേടെ സാധനം തലക്ക് പിടിച്ചോ ആവോ..
പടിയിറങ്ങി വരുമ്പോ പലപ്പോഴും നീനാമ്മ കാല് തെറ്റി എന്റെ മേളിലേക്ക് ചായുന്നുണ്ടായിരുന്നു.
   'നിന്റെ വണ്ടിയെന്ത് ഭംഗിയാണെന്നോ..
ചോപ്പും വെള്ളി നെറോം, ടും ടും ന്ന് ഒള്ള സൗണ്ടും... ഞാനൊന്നോടിച്ചോട്ടെടാ...?'
'ദേ കോപ്പേ, മര്യാദക്ക്  വന്നോണം..
ഇനി എന്നെ അള്ളിപ്പിടിച്ചിരുന്നോ...
നെനക്ക് ചെറിയ ആട്ടമോണ്ട് '
'പിന്നെ.. ആട്ടം, നീ വണ്ടിയെടുക്കെടാ '
   ഹോസ്റ്റലിന്റെ മുന്നിൽ നിന്ന് കുറച്ചു പുക കൂടുതൽ തുപ്പിക്കൊണ്ട് ബൈക്ക് ഞങ്ങളെയും കൊണ്ട് പുറത്തേക്ക് പാഞ്ഞു..
             'കൂയ്.. '
ഞങ്ങളൊരേ സ്വരത്തിൽ കൂവി
എങ്ങോട്ട് കറങ്ങാനിറങ്ങിയാലും ഈയൊരു ചടങ്ങ് ഞങ്ങൾക്കിടക്കിടെ ഉള്ളതാണ്.
          ഒഴിഞ്ഞ ടാർറോഡിലൂടെ അവിടവിടെത്തെളിയുന്ന വർണ്ണക്കടലാസ് നക്ഷത്രങ്ങളുടെ വെളിച്ചത്തിനിടയിലൂടെപ്പോകുമ്പോ ഇതുവരെതോന്നാത്തൊരു വശ്യത ഞങ്ങടെ ക്യാമ്പസ് സന്ധ്യക്ക്‌.
പിറകിൽ എന്നെ കെട്ടിപ്പിടിച്ചിരുന്ന നീനാമ്മേടെ നനഞ്ഞമുടിയിലെ ഈർപ്പം എന്റെ ഷർട്ടിനെയും നനച്ച്‌ എന്റെ പുറം തണുപ്പിച്ചു.
ഡിസംബറിന്റെ മഞ്ഞും ഇരുട്ടും കുറേശ്ശേ ഞങ്ങൾക്ക് ചുറ്റും.
ഗ്രൗണ്ടിലേക്കുള്ള പടിക്കെട്ടിൽ തോളോട്തോൾ ചേർന്നിരുന്ന ഞങ്ങളുടെ പിറകിലൂടെ  കോളേജ് കെട്ടിടത്തിൽ നിന്നുള്ള നിയോൺ വെളിച്ചം ഒഴുകിയിറങ്ങി.
'നീനമ്മോ'
'മ്മ്
'ന്താടീ നിന്റെ കണ്ണ് നിറഞ്ഞിരിക്കണേ '
'ആ.. അറിയില്ല റോച്ചാ'
നിശബ്ദമായി ആ നിമിഷങ്ങൾ നാഴികകളാകാൻ വെമ്പി.
ഇത്രയും നിശബ്ദത ഞങ്ങളുടെയിടയിൽ ആദ്യം.
നൂറ് നൂറ് വാക്കുകൾക്ക് തുല്യമായ നിശബ്ദത.
'റോച്ചാ..'
'മ്മ്മ്? '
'രണ്ടെണ്ണം അടിക്കാൻ തോന്നുന്നുണ്ടോടാ? '
'ങേ.. നിനക്കെങ്ങനെ മനസ്സിലായി? '
'എനിക്ക് തോന്നി '
'ഇനി എന്തോ ചെയ്യും? '
'ട്ടാങ്... '
ജുബ്ബയുടെ പോക്കറ്റിൽ നിന്ന് അവൾ പുറത്തെടുത്ത എന്റെ ബിജോയ്‌സിന്റെ പകുതി നിറഞ്ഞ കുപ്പിയും കു‌ടെ ഗ്ലാസ്സും കണ്ടപ്പോൾ ചിരിപൊട്ടി...
'ആഹാ വെയ്റ്ററെ.. വെള്ളമില്ലേ'
'താഴെയുള്ള ടാപ്പീന്നെടുക്കാന്നേ'
കുറച്ചുമുമ്പ് വരെ ഞങ്ങൾക്ക് ഉള്ളിലും ചുറ്റുമായി ഓടിക്കളിച്ചിരുന്ന നിശബ്ദത പറന്നകന്നു.
'നിനക്കെന്നാ ആ ബാക്കിവന്ന ബീഫ് കറി കൂടെയെടുക്കാമായിരുന്നു. '
'റോച്ചാ,ഞാൻ ഒരെണ്ണം അടിക്കുവാണേ..
നെനക്ക് പ്രശനമില്ലല്ലോ? '
'ഒരെണ്ണം മതി.. തീർത്തേക്കരുത്. എനിക്കിനി പോകാൻ വയ്യേ '
ക്യാമ്പസ്സിനകത്ത് ക്വാർട്ടേഴ്‌സുകളിൽ താമസിക്കുന്ന കുടുംബങ്ങളിലെ പിള്ളാരുടെ കരോൾ സംഘം ലൈറ്റുകളും പാട്ടുമായി ക്രിസ്മസ്സ് ഫാദറിന്റെ നേതൃത്വത്തിൽ ഗ്രൗണ്ടിന്റെ അങ്ങേയറ്റത്തൂടെ നടന്നുനീങ്ങി മറഞ്ഞു....... 
ഡിസംബറിന്റെ നേർത്ത തണുപ്പ് ഞങ്ങൾക്ക് ചുറ്റും തളം കെട്ടി.
'നീനാമ്മച്ചീ '
'മ്മ്മ് '
'പോയാലോ?
'മ്മ്മ്.. പോയേക്കാം '
റൂമിലെത്തുംവരെ ഞങ്ങൾക്ക് വാക്കുകൾ വേണ്ടായിരുന്നു.
'ടീ.. നമ്മളാഹാരോന്നും കഴിച്ചില്ലല്ലോ?'
'എനിക്കിപ്പോഴൊന്നും വേണ്ട റോച്ചാ,കുറച്ചുനേരമൊന്ന് കിടക്കണമായിരുന്നു. നിനക്കൂടെ വരാവോ, എന്റെ കൂടെ അടുത്ത് കിടക്കാൻ...? ലൈറ്റ് വേണ്ട '
മുറിയിലെ ഇരുട്ടിൽ രണ്ടുപേർക്ക് കഷ്‌ടിച്ച്  മാത്രം കിടക്കാൻ പറ്റുന്ന എന്റെ കട്ടിലിൽ,എന്റെ പുതപ്പിനടിയിൽ രണ്ട് കൊച്ചുകുഞ്ഞുങ്ങളെ പോലെ ഒന്നും മിണ്ടാതെ അന്യോന്യം മറ്റൊരാളുടെ ശ്വാസതാളം ശ്രദ്ധിച്ചു കിടന്നു... മെല്ലെ മയക്കത്തിലേക്ക്.
   *              *                 *                   *                  *
'റോച്ചാ...... റോച്ചാ.... ടാ പോത്തേ
റോച്ചാ.... എണീക്കേടാ..'
      ബോധംകെട്ട ഉറക്കമായിരുന്നു. നീനാമ്മേടെ  വിളിയെക്കാളുപരി അവളെനിക്കിട്ട് ശക്തമായി പുറത്ത് തന്നെ ഇടിയും തൊഴിയുമാണ് എന്നെ ഉണർത്തീത്. എന്നതാ ഈ പാതിരാത്രിക്ക്.
'പണ്ടാരം,എന്താടീ നെനക്കൊറക്കോമില്ലേ?'
അപ്പോഴാ ശ്രദ്ധിച്ചത്. മുറിയിലാകെ അവിടവിടെയായി മെഴുകുതിരിവെളിച്ചം.ലൈറ്റിട്ടിട്ടില്ല.
    മുറിക്ക് നടുവിൽ കിടക്കുന്ന മേശമേൽ വെള്ളനിറമുള്ളൊരു കേക്ക്. അതിനു മുകളിൽ പ്രകാശിക്കുന്നൊരു മെഴുകുതിരി.
    'ഹാപ്പി ബർത്ത്ഡേ ടു യൂ..
'ഹാപ്പി ബർത്ത്ഡേ ഡിയർ റോച്ചാ..
ഹാപ്പി ബർത്ത്ഡേ ടു യൂ.... '
കട്ടിലിൽ നിന്നെണീറ്റ ഞാൻ എന്ത്‌ ചെയ്യണമെന്നോ പറയണമെന്നോ അറിയാതെ നിന്നു....
മുണ്ടും മടക്കിക്കുത്തി ഇടുപ്പിൽ കൈയ്യുംകൊടുത്ത് വിജയിയെപ്പോലെ എന്നെ നോക്കിച്ചിരിച്ചുകൊണ്ട് നീനാമ്മ.
' ഹാപ്പി ബർത്ത്‌ഡേ റോച്ചാ'
എന്റെ നെഞ്ചിലേക്ക് ചാഞ്ഞ നീനാമ്മേടെ കഴുത്തിനും തോളിനുമിടയിൽ ഞാൻ മുഖമൊളിപ്പിച്ചു നിന്നു. ഒന്നും മിണ്ടാനാകാതെ കുറേ നേരം.
എന്റെ ജീവിത്തിലെ വിലയുള്ള നിശ്ശബ്ദതകൾ.
'ഇതിന് വേണ്ടി മാത്രമാടാ പോത്തേ ഞാൻ ക്രിസ്മസ്സ് ആയിട്ടും വീട്ടിൽ പോകാതെ നിന്നേ.'
   'ടീ... നീനാമ്മച്ചീ...
നിന്നെ... നിന്നെ ഞാൻ എന്നാ ചെയ്യട്ടെടീ? '
'അയ്യോ.. ഒരു സഹായോം വേണ്ടായേ..
മക്കളുവന്ന് ഈ കേക്കൊന്ന് കണ്ടിച്ചാട്ടെ... '
ടീ, എനിക്ക്.. അല്ലേ വിട് ഞാൻ രണ്ടെണ്ണം അടിക്കുവാടീ...എനിക്ക് പറ്റണില്ല '
അവ്‌ക്ക് തടയാൻ കഴിയും മുമ്പ് ഞാൻ കുപ്പി തുറന്ന് രണ്ടെണ്ണം അകത്താക്കിക്കഴിഞ്ഞിരുന്നു.
   'എന്നാ പണിയാ പോത്തേ കാണിച്ചേ? വെളുപ്പിന് എന്നെ വീട്ടീക്കൊണ്ട് വിടാന്ന് വാക്കാണെ'
   'എപ്പോപ്പോയീന്ന് കേട്ടാപ്പോരേ.. നീ ധൈര്യമായിരി മകളേ'
എന്നാ നീ ഇത് ഊതിക്കെടുത്തതീട്ടു കേക്ക് മുറിച്ചേ... '
ഊതുന്ന കൊള്ളാം നിന്റെ വായീന്ന് കേക്കില് തുപ്പല് തെറിക്കരുത്, പറഞ്ഞിട്ടൊണ്ട് '
'പോ ശവമേ, ആ കത്തീയിങ്ങ് തന്നേ'
   അഞ്ചുംസോണി പാചകത്തിനുപയോഗിക്കുന്ന ഒരു തുരുമ്പിച്ച കത്തി.
'ഓ.. കേക്ക് മുണിക്കാൻ കിട്ടിയ കത്തി'
'നീ മുറി റോച്ചാ...
അപ്പോളേക്കും.....മ്മ്..
നീയെന്തായാലും രണ്ടെണ്ണമടിച്ചു..
ഞാൻ നിന്റെ പൊകയൊന്നൂടെ ആസ്വദിക്കട്ടെ. '
പറഞ്ഞുതീരും മുമ്പ് അവള് മെഴുകുതിരീന്ന് സാധനം കത്തിച്ചുകഴിഞ്ഞു.
'നീനാമ്മേ.. ഒറ്റ പൊക, നിർത്തിക്കോ'
ബലം പിടിച്ചുവാങ്ങി,കളയാൻ ബാൽക്കണിയിലേക്ക് ഓടി...
   ഇത്ര സുന്ദരമായ ക്രിസ്മസ്സ് ഈവ് എനിക്കുണ്ടായിട്ടുണ്ടോ..
   ഇതുപോലെ ഊഷ്മളമായൊരു ജന്മദിനം...?
ഓർമ്മയിൽ പരതി..
          അങ്ങ് ദൂരെ വർണ്ണദീപങ്ങളിൽ കുളിച്ചുനിൽക്കുന്ന ദേവാലയം.
           വഴിയോരങ്ങളെ പല നിറങ്ങളിൽ കുളിപ്പിച്ച് ക്രിസ്സ്മസ്സ് നക്ഷത്രങ്ങൾ.
          അകലങ്ങളിൽ നിന്നൊഴുകിയെത്തുന്നൊരു പ്രാർത്ഥനാഗാനം.
          എന്നെ പുറകിൽ നിന്ന് മുറുകെപ്പുണർന്ന് നീനാമ്മ....
'ടീ.. '
'മ്മ്മ് '
'പോണ്ടേ... '
'മ്മ്മ് .. '
ക്രിസ്സ്മസ്സിന്റെ തണുത്ത തെന്നൽ ഞങ്ങടെ മുഖങ്ങളെയും മുടിയിഴകളെയും തഴുകിയിറങ്ങിപ്പോയി.
എത്രനേരം അങ്ങനെതന്നെ അവിടെ നിശബ്ദരായി നിന്നുവന്നറിയില്ല.
         ഇന്നലെ സന്ധ്യമുതൽ ഞങ്ങളുടെയിടയിൽ ഒരിക്കലുമില്ലാത്തവിധം ഒരു നിശബ്ദത ഇടക്കിടക്ക്.
'റോച്ചാ ഇനി നിന്നാ വൈകും
നേരം വെളുക്കും മുൻപ് എനിക്ക് കാഞ്ഞിരപ്പള്ളീൽ എത്തണം.അറിയാല്ലോ? '
            ഞാൻ ഉന്മേഷം ഭാവിച്ചു.
'ന്നാ നീനാമ്മച്ചി ഒരുങ്ങിക്കോ, ഞാൻ കുളിമുറിയിൽ പോയി തലേക്കൂടി ഇച്ചിരി വെള്ളമൊഴിച്ചേച്ച് ദേ വന്നു കഴിഞ്ഞു. '
*            *           *             *              *             *
'നിന്റെ സാധനം എല്ലാം എടുത്തൊന്ന് നോക്കിയേ..
ആ...ദാണ്ട കെടക്കുന്നു ഒരു ഡയറി '
ഒരു മഞ്ഞ പുറംചട്ടയുള്ളൊരു ഡയറി.
മുൻപും അവളുടെ കൈയ്യിൽ ഇത് കണ്ടിട്ടുണ്ട്.
'എന്നാടീ ഇത്?
നീ ഡയറി എഴുത്തും തുടങ്ങിയോ?'
       വെറുതേ പുറംചട്ട തുറന്നു. ആദ്യപേജിൽ ചുവന്ന പേന കൊണ്ട് കോറിവരച്ചിട്ടിരിക്കുന്ന രണ്ട് നക്ഷത്രങ്ങൾ. അടുത്ത പേജ് മറിക്കും മുൻപ് അവളത് പിടിച്ചുവാങ്ങി.
'വൃത്തികെട്ടവൻ, മറ്റുള്ളവരുടെ ഡയറി വായിക്കരുതെന്നറിഞ്ഞൂടെ?
'ഓ.. '
'ടാ ഇത് നമ്മൾ ഒരുമിച്ചുള്ള നിമിഷങ്ങൾ മാത്രമുള്ള ഡയറിയാണ്. കുറച്ചുമുമ്പ് നമ്മൾ ബാൽക്കണിയിൽ നിന്നപ്പോ ഉള്ള നിമിഷങ്ങൾ വരെ ഇതിലുണ്ട്. '
'ബാക്കി ഇനി കാഞ്ഞിരപ്പള്ളീൽ ചെന്നിട്ടു. '
  'നീ ഒരുങ്ങിയല്ലോ..എന്നാ ഇറങ്ങേല്ലേ?എവിടെപ്പോയാലും നീ ഈ പഴയ സ്റ്റൈലിലുള്ള പുട്ടുകുറ്റി ജീൻസും തൊപ്പീം ജാക്കറ്റുമൊക്കെയേ ഇടൂ അല്ലേ?
നീയാ ജയനെയും നസീറിനെയും ഒക്കെ ഒന്ന് കണ്ടുപഠിക്ക്.
ഇച്ചിരി ബെൽബോട്ടം ഉള്ളതാടാ ഫാഷൻ.'
'നീ ഇറങ്ങുന്നുണ്ടോ?..എനിക്ക് വിശന്നും തുടങ്ങി.
മണി ഒന്നരയായി.
വഴീലൊരു കട്ടനെങ്കിലും കിട്ടിയാ മതിയായിരുന്നു.'
    കോറിഡോറിലെ ബൾബുകളുടെ അരണ്ട മഞ്ഞവെളിച്ചത്തിൽ ഞങ്ങൾ അന്യോന്യം തോളിൽ കൈയിട്ടു നടന്നു. പടികൾ ഒരുമിച്ചു ഒരേ കാൽവെപ്പോടെ ഇറങ്ങി. മണിയുടെ റൂമിൽ നിന്നു കൂർക്കംവലി എഞ്ചിൻ ടോപ്ഗിയറിൽ പ്രവർത്തിക്കുന്ന ഒച്ച.
    എന്റെ ജാവ ഹോസ്റ്റൽ വരാന്തയിൽ നിന്ന് സ്റ്റാർട്ടാക്കാതെ കയറിയിരുന്നു ഉരുട്ടി പുറത്തിറക്കി.
ഹോസ്റ്റലിന്റെ മുറ്റം മുകളിലെ സോഡിയം വേപ്പർ ലാമ്പിന്റെ വെളിച്ചത്തിൽ മഞ്ഞക്കടലായി.
ഇടതുവശത്തെ ഗിയർലിവർ പിറകിലേക്ക് തിരിച്ചിട്ട് കിക്ക് സ്റ്റാർട്ട്‌ ചെയ്ത് എനിക്കും അവൾക്കും ഇഷ്ടപ്പെട്ട എന്റെ വണ്ടിയുടെ ഹൃദയതാളം അവിടമാകെ മുഴക്കി.
'ന്നാ കേറിക്കോടീ..'
'കൂയ്യ്..... '
വണ്ടി ഗേറ്റുകടന്നപ്പോൾ ഞങ്ങൾ രണ്ടാളും ഒരുമിച്ചുകൂവി.....
*        *         *         *            *          *            *            *
'റോച്ചാ..എന്നാ കാറ്റാടാ,അവിടെത്തുമ്പോ ഞാൻ ഐസാവുവോ? '
'നീയാ ജാക്കറ്റിന്റെ സിബ്ബ് മുഴുവൻ വലിച്ചിട്ടിട്ട് എന്നെ മുറുകെ പിടിച്ചിരുന്നോ.. തണുക്കുകേലാ'
'ടീ... തിരിച്ചിനി ഒറ്റക്ക് വരുന്ന കാര്യമാ... ഹോ, നീ തിരിച്ചുവരുന്നോ കൂടെ? '
'ഹ.. ഹാ.. മകനേ റോച്ചാ..സോപ്പാതെ '
           വഴിയോരത്തെ വർണ്ണവിളക്കുകളുടെയും ക്രിസ്സ്മസ്സ് സ്റ്റാറുകളുടെയും വെളിച്ചം ഞങ്ങളുടെ മുഖത്ത് മാറിമാറി പതിഞ്ഞു...
ചെവികളിൽ ബൈക്കിന്റെ താളം...
മെല്ലെ ഉള്ളിലേക്ക് അരിച്ചിറങ്ങിത്തുടങ്ങുന്ന തണുപ്പ്...
വർണ്ണോത്സവങ്ങളിൽ അണിഞ്ഞൊരുങ്ങി ദേവാലയങ്ങൾ...
ഞങ്ങൾക്ക് പിന്നിലേക്ക് അകന്നുപോകുന്ന കരോൾ ഗാനങ്ങൾ...
ഒരു സ്വപ്നത്തിലെന്നപോലെ ക്രിസ്സ്മസ്സ് രാത്രി..
പിന്നിലേക്ക് ഇരുവശത്തേക്കും പായുന്ന ക്രിസ്സ്മസ്സ് ദീപങ്ങൾക്ക് വേഗമേറുന്നു...
ഒരു മേഘത്തിലെന്നപോലെ അവയ്ക്കിടയിലൂടെ ഞങ്ങൾ..
പച്ചയും ചുവപ്പും നീലയും.. നക്ഷത്രവെളിച്ചങ്ങൾ...
അതിനിടയിൽ ആകൃതി വ്യക്തമല്ലാത്ത തീവ്രമഞ്ഞവെളിച്ചം തൂകുന്ന രണ്ട് നക്ഷത്രങ്ങൾ അതിവേഗം
ഞങ്ങളിലേക്ക്....
*         *           *             *              *              *             
       ദിവസങ്ങൾ കഴിഞ്ഞാണ് എനിക്ക് ബോധം തെളിഞ്ഞത്..
എതിർദിശയിൽ നിന്ന് വന്നൊരു മിലിറ്ററി ട്രക്കിലേക്കായിരുന്നു ഞങ്ങൾ......
തലക്ക് ക്ഷതമേറ്റിരുന്നു.ഇടതുകാലിന് സാരമായ ഫ്രാക്ക്ച്ചറുകൾ. സുഹൃത്തക്കൾ എനിക്കായി ഓടിനടന്നു.
പക്ഷേ അവൾ..
അവളെവിടെ..
ചികിത്സക്കായി നീനയെ അവളുടെ അപ്പൻ ഡെൽഹീല് AIMസിലേക്ക് മാറ്റിയിരുന്നത്രെ.
പക്ഷേ ഹൃദയം ഞെരിഞ്ഞമരുന്ന വേദനയോടെ കൂട്ടുകാരിൽനിന്ന് ഞാനറിഞ്ഞു.
തലക്കേറ്റ ക്ഷതം കൂടാതെ എന്റെ നീനാമ്മച്ചീടെ ഇടതുകാൽമുട്ടിന് താഴെ നഷ്ടമായിരുന്നെന്ന്.
          ആഴ്ചകളും മാസങ്ങളും നീളുന്ന ആശുപത്രിവാസവും സർജറികളും. പഠിച്ചിരുന്ന കോളേജായതുകൊണ്ട് എന്നും പരിചിതമുഖങ്ങൾ ചുറ്റും.പക്ഷേ..
         പറ്റാവുന്നിടത്തെല്ലാം ഞാനന്വേഷിച്ചു. ഇന്നത്തെപ്പോലെ മൊബൈലോ ഇന്റെർനെറ്റോ ഒന്നുമില്ലാതെ.അവൾടെ നാട്ടിലും ഡെൽഹീലും..
ഒന്നുമെങ്ങുമെത്തിയില്ല.
*               *                *               *               *               
           ഹാളിലെ സോഫയിൽ തളർന്നിരുന്ന ഞാൻ മെല്ലെ തലയുയർത്തി. പലയിടത്തായി  ചിതറിക്കിടക്കുന്ന ഇരിപ്പിടങ്ങളിൽ ചാരിയും ചരിഞ്ഞും എന്നെ നോക്കിയിരിക്കുന്ന കുട്ടികൾ.
ഡസ്ക്കിൽ അൽപ്പം മാത്രം മുറിച്ച കേക്ക്.
തറയിൽ ഞാനിരുന്ന സോഫയിൽ ചാരി തല കുമ്പിട്ടെന്റെ റൂബ.
   'പക്ഷേ നീയെങ്ങനാമോളേ എന്നെ റോച്ചാന്ന്...?
ചോദിച്ചുതീരുംമുമ്പ് കണ്ടു, അവളുടെ മടിയിൽ വിശ്രമിക്കുന്ന ഒരു പഴയ ഡയറി...
നരച്ചുപോയെങ്കിലും ആ മഞ്ഞനിറം  എനിക്കറിയാം...
'എന്റെ നീനാമ്മച്ചീടെ... റൂബാ,ഇതെങ്ങനാ നിന്റെ..?
എന്റെ തൊണ്ടയിൽ വാക്കുകൾ കുരുങ്ങിനിറഞ്ഞു..
നിറഞ്ഞകണ്ണുകളിൽക്കൂടി എനിക്കൊന്നും കാണാനും കഴിയുന്നില്ലല്ലോ..
    എന്നാലും എനിക്ക് കാണാം..
എന്റെ റൂം 301..
എന്റെ ബാൽക്കണി...
പിറകീന്ന് എന്നെ മുറുകെപ്പിടിച്ചിരിക്കുന്ന കൈകൾ...
ഒഴുകിനീങ്ങുന്ന ഞങ്ങളുടെ ബൈക്ക്..
ഞങ്ങളിലേക്ക് പാഞ്ഞുവരുന്ന മഞ്ഞനക്ഷത്രങ്ങൾ...
'പപ്പാ.. '
    ഞാൻ തിരിച്ചുവന്നു...
എനിക്കെന്റെ മനസ്സിനെ പിടിച്ചുനിർത്താനാവുന്നില്ല..
     'പപ്പാ...ഈ ഡയറി എന്റെ കയ്യിൽ കിട്ടിയിട്ട് ഒരുമാസം. '
റൂബയുടെ സ്വരം നേർത്തു...
'പപ്പേടെ നീനാമ്മച്ചി ജീവിച്ചിരിപ്പുണ്ട്, മനസ്സ്‌ നിറയെ പപ്പയുമായിത്തന്നെ. '
    എനിക്ക് എന്നെ നിയന്ത്രിക്കാനാവുന്നില്ല...
'പക്ഷേ അവർക്ക് പപ്പയെ കാണാൻ വരാൻ കഴിയില്ല..
അതാരുടെയും കുറ്റമല്ല..
നിങ്ങളുടെ രണ്ടാൾടെയും വിധി.. '
'റൂബാ.. '
'പപ്പ സമാധാനമായി കേൾക്കണം '
'മുന്നിലിരിക്കുന്ന എന്റെ കൂട്ടുകാരെ കണ്ടോ?..
ഇല്ലെങ്കിൽ നന്നായിക്കണ്ടോളൂ..
ഇതിൽ ഒരാൾ നീനാമ്മച്ചീടെ കുഞ്ഞാണ്.
അതാരാണെന്ന് പറയാൻ എനിക്കോ ആ വ്യക്തിക്കോ നിർവാഹമില്ല '
      'ഇതിനെതിരെ പപ്പാ ശ്രമിച്ചാൽ ആ പാവം സ്ത്രീയുടെ കണ്ണീരല്ലാതെ പപ്പക്കൊന്നും നേടാനുമാവില്ല.. '
'ഇന്നും ആ മനസ്സ്‌ നിറയെ പപ്പാ തന്നെയാണ് '
   ഞാൻ വാക്കിങ് സ്റ്റിക്കിന്റെ പിടിയിൽ മുറുകെപ്പിടിച്ച് അതിൽ തല താങ്ങി കണ്ണുമുറുക്കിയടച്ചിരുന്നു.
'ഈ ഡയറി ഞങ്ങൾ തിരിച്ചുകൊണ്ടുപോകും..
പക്ഷേ പപ്പാ പറഞ്ഞില്ലേ, നിങ്ങൾക്കിടയിൽ അവസാനദിവസമുണ്ടായ ആ നിശബ്ദത..
അതിനി വേണം..
ആ നിശ്ശബ്ദതയിലൂടെ നിങ്ങൾക്കന്യോന്യം കാണുവാൻ കഴിയും....'
     ആരൊക്കെയോ ഇരിപ്പിടങ്ങളിൽനിന്നെഴുന്നേൽക്കുന്നു...
ചിലർ എനിക്കുചുറ്റും വന്നുനിൽക്കുന്നു...
ചിലകുട്ടികൾ എന്റെ സോഫയ്ക്ക് താഴെ വന്നിരിക്കുന്നു...
പല കണ്ഠങ്ങളിൽ നിന്നായി..
പല സമയങ്ങളിൽ..
പതിഞ്ഞ സ്വരത്തിൽ വീണ്ടും....
    ഹാപ്പി ബർത്ത്‌ഡേ ടൂ യൂ...
    ഹാപ്പി ബർത്ത്‌ഡേ ഡിയർ റോച്ചാ...
    ഹാപ്പി ബർത്ത്‌ഡേ ടൂ യൂ.....
തുറന്നുകിടന്ന വാതിലിലൂടെ ക്രിസ്സ്മസ്സിന്റെ ആ തണുത്ത തെന്നൽ വീണ്ടും ഞങ്ങളെയെല്ലാപേരേയും തഴുകിയിറങ്ങിപോയി......


Thursday, September 20, 2018

പ്രളയാനന്തരം വിപ്ലവം...........

                                                                     

                    പ്രളയാനന്തരം വിപ്ലവം...........



       മുൻപിൽ കൊണ്ട് വച്ച ആവി പറക്കുന്ന ചായ ചുണ്ടിൽനിന്ന് നാവിലേക്കെത്തിയപ്പോൾ പെട്ടന്ന് വീട്ടിൽ അച്ഛമ്മയുടെ മുന്നിൽ എത്തിയ ഒരു സുഖം.

                                                                     മാന്നാർ SNDP ജംഗ്ഷനിൽ സ്ഥിതി L.P സ്‌കൂളിലെ ഇതേ പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ ഇന്നലെ കിട്ടിയ മലവെള്ളച്ചായയിൽനിന്ന്,
 ഇന്ന് ആവശ്യത്തിന്ന് പാലും കടുപ്പവും മധുരവും ഇച്ചിരി ഏലക്കായയുടെ രുചിയുമുള്ള ചായ കിട്ടിയപ്പോ എന്റെ കണ്ണിലുണ്ടായ പ്രകാശത്തെ ചായ കൊണ്ട് തന്ന ക്യാമ്പംഗം റഷീദിക്ക പല്ലില്ലാമോണ കാട്ടി ചിരിച്ചുകൊണ്ട് സാധുകരിച്ചു....
     ''തടത്തുമ്മലിലെ വെള്ളിയമ്മച്ചീടെ കൈപ്പുണ്യമാ സാറേ ..''
അപ്പോഴാണ് ഏലക്കായ ചായയിലിട്ടുകുടിക്കുന്ന എന്റെ അച്ഛമ്മയെ ഓർത്തുപോയതു ...
ആ ഒരുണർവ്വിൽ ഞാൻ ഇരുന്നേടത്ത് നിന്നെഴുന്നേറ്റ് ഒന്ന് മൂരിനിവർത്തി.
      ''ഡേയ് ..നീ എഴുന്നേറ്റതക്ക കൊള്ളാം ..ല്ല ചായയും എനിക്കിഷ്ടപെട്ട്,എന്ന വച്ച് ഇതിട്ടവരെ ഇപ്പോക്കാണാനന്നുംപറഞ്ഞു ഇവിടുന്നെങ്ങാനം 
       വലിഞ്ഞാ എന്റെ കൊണം മാറുമേ..''
                                                               ചക്കരേൽ പറ്റിപ്പിടിച്ചിരിക്കുന്ന ഈച്ചകളെപ്പോലെ
 തന്നെ പൊതിഞ്ഞിരിക്കുന്ന രക്തസമ്മർദ്ദ,പ്രമേഹ ഗോലികളുടെ ആരാധകരായ 
അമ്മാവൻഅമ്മച്ചിമാരുടെയും തന്റെ തലക്ക് മുകളിലൂടെ ആകാശത്തേക്കും 
പറ്റുമെങ്കിൽ തന്റെ തന്നെ തലയിലേക്കും  വിദേശ പെർഫ്യൂമുകളെപ്പോലെ അതിശക്തമായി ചീറ്റപ്പെടുന്ന ശ്വാസനാളസ്രവങ്ങളുടെ (aerosol എന്ന ഞങ്ങളുടെ വാക്ക് ഇവിടെ പ്രയോഗിച്ചാൽ അത്രക്ക് അറപ്പുണ്ടാകില്ലത്രേ) ഉത്പാദകരായ കുട്ടിപിശാചുക്കളേയും
 ചുമലിലേറ്റി നിൽക്കുന്ന നൈയ്റ്റിധാരികളായ ചേച്ചിമാരുടെയും ഇടയിലൂടെ പുറത്തേക്ക് തലയിട്ട് ബിജുഅളിയന്റെ ശാസന.
                                                               കാര്യം ഞാനുമവനും ഇപ്പൊ ഹൌസ് സർജ്ജന്മാരും,
ഞങ്ങളെക്കൊണ്ട് ആർക്കെങ്കിലും ഉപയോഗമുണ്ടായിക്കോട്ടെന്നും കരുതി പ്രളയദുരിതാശ്വാസക്യാമ്പിലേക്ക് 
തിരുവനന്തപുരത്തുനിന്ന് ചോദിച്ചുമേടിച്ച് 
ഡ്യൂട്ടിക്ക് വന്നതാണെങ്കിലും എന്റെ ഇതുപോലുള്ള 
ചെറിയ തരികിട പരിപാടികളൊക്കെ അളിയന് ഹൃദ്യസ്ഥമാണ്.
വർഷം നാലഞ്ചായില്ലേ...
ഒരേ ഹോസ്റ്റൽ,
ഒരേ മുറി,
ഒരേ സോപ്പുപെട്ടി,
ഒരേ ബക്കറ്റ്,
ഒരുമിച്ചുള്ള പരാജയങ്ങൾ,
ഒരുമിച്ചുമാത്രമുള്ള വിജയങ്ങൾ,
പ്രിൻസിപ്പലിന്റെ സസ്പെൻഷൻ ഓർഡറിൽ പോലും ഒരുമിച്ചാവാനുള്ള ഒരു ത്വര...
അങ്ങനെ ഞങ്ങളെക്കൊണ്ടാവുന്ന കാര്യങ്ങളിലെല്ലാം ആസ്വാദനം ഒരുമിച്ചായിരുന്നു...
                        ഞാൻ പത്തിമടക്കി ആരോഗ്യരംഗത്തേക്ക് വീണ്ടും ഊളിയിട്ടിറങ്ങി.
                                                                    പെട്ടെന്ന് റഷീദിക്ക മാലാഖയുടെ കുപ്പായമെടുത്തണിഞ്ഞു...
                        ''അതേയ് ,ഇനി നമ്മുടെ ഡോക്ടർമാരും നേഴ്സ് കൊച്ചന്മാരും ഒന്ന് വിശ്രമിക്കട്ടെ...
                    സാറമ്മാര് വന്നാട്ടെ,വെള്ളിയമ്മച്ചീടെ വക കപ്പേം മൊളക് ചമ്മന്തീമോണ്ട്.
നമുക്കാവരാന്തയിലേക്ക് പോയിരിക്കാം ...''
''ഹോ!..തകർത്തു എന്റ സാറേ ..''സ്റ്റാഫ് നേഴ്സ് സാബു വിരലുംനക്കികൊണ്ട് പകുതി ഞങ്ങളോടായിപ്പറഞ്ഞു...
                   കഴിച്ചുതുടങ്ങിയപ്പോത്തന്നെ മനസ്സ് പറഞ്ഞു..''സത്യം'',വളരെ പരിമിതമായ വിഭവങ്ങൾകൊണ്ട് മനസ്സ് നിറക്കുന്നൊരു വിരുന്ന്‌.
                              ''യോഗം വേണമെന്റെ സാറേ ..അതിനവകാശമുള്ളോര് അവരേം കളഞ്ഞിട്ട് അന്യദേശത്ത് ചെന്ന് അവിടുത്തെ ആൾക്കാരായി
കഴിയുന്നു.''
                    ''ഇവരിവിടെ ഒറ്റക്ക്,കൊട്ടാരം പോലൊരു ബംഗ്ളാവിൽ ...
ഇപ്പൊ മൊത്തം വെള്ളം കേറി.
                                                                       നിങ്ങടെ നാട്ടീന്ന് വന്ന കടലിപോണൊരു ബലമായിപ്പിടിചോണ്ടുവന്നിവിടെ ആക്കീതാ.
രണ്ട് ദിവസം ആരോടും ഒന്നും മിണ്ടീല.
പിന്നെ,ദേ ഇന്ന് തൊട്ട് ക്യാമ്പിന്റെ അടുക്കളേടെ ചുമതല സ്വയം ഏറ്റെടുത്തോണ്ടവിടെ നിപ്പോണ്ട്.''ഇക്ക പറഞ്ഞു നിർത്തി.


തിരക്കൊഴിഞ്ഞപ്പോ കുശിനി വഴിയൊന്ന് കറങ്ങാന്ന് വച്ചു.... 
                                                 മനസ്സിലെ ജാള്യത മറയ്ക്കാൻ കുറച്ച് ബദ്ധപ്പെട്ടു. 
കുറച്ചുമുന്നേ പ്രഷർ ഒന്ന് നോക്കിത്തരുവൊന്ന് ചോദിച്ചുവന്ന ഒരു പാവം വല്യമ്മ.
 തിരക്കൊഴിഞ്ഞിട്ട് പിന്നെയാവാന്ന് നിസംഗതയോടെ പറഞ്ഞൊഴിഞ്ഞ ഞാനും. 
തലമുടിയും പുരികവും  മുഴുവൻ വെള്ളി നിറം. 
മുണ്ടും ചട്ടയും വേഷം. എഴുപതിനടുത്ത പ്രായം. ഇതാണ് വെള്ളിയമ്മ.                                                                മനസ്സിലെവിടെയൊയുള്ള വിഷാദഭാവം അല്പവും പുറത്തു കാട്ടാതെ ചിരിച്ചുകൊണ്ടും അതിനിടക്ക് ആജ്ഞാരുപത്തിലോ  ചിലപ്പോ ശാസനാരുപത്തിലോ കൂടെനിന്ന് പണിയുന്നവരോട് പെരുമാറുന്നത് മുഖവും സ്വരവും. 
  എന്നെക്കണ്ടുകൊണ്ട് മുഖം പ്രസന്നമാക്കി ഒരു ചോദ്യയോം.. "കൂടുന്നോ ഞങ്ങടെ കൂടെ ? "
                                  ഉള്ളി തൊലിച്ചുകൊണ്ടിരുന്ന ഒരു നിക്കറിട്ട ബാല്യം എന്നേ നോക്കിചിരിച്ചു. 
"അമ്മച്ചിക്ക് പ്രഷർ നോക്കണ്ടേ?... വാ.. 
ഓ.. ഇനി വേണ്ട കുഞ്ഞേ. 
ഒരു നൂറു പണി ഇവിടെ ബാക്കി കിടക്കുവാ. 
വാക്കുകൾക്കിടയിലൊരു ചെറുപിണക്കം. 
                              എനിക്കാണേൽ മുന്നേ കിട്ടിയ ആ എളിയ വിരുന്നിൽ നിറഞ്ഞിരുന്ന സ്നേഹവും വാത്സല്യവും തിരസ്കരിക്കാവുന്നതിനുമപ്പുറമായിരുന്നു. 
                                     "അമ്മച്ചിയിങ്ങു വന്നേ "
കൈയ്യിൽ പിടിച്ചു പരിശോധനാസ്ഥലത് കൊണ്ടിരുത്തും വരെ ഞാൻ അമ്മച്ചീടെ മുഖത്തു നോക്കിയില്ല.
                                                                        "എന്റെ മോനേ.. കഴിക്കുന്ന മരുന്നൊന്നും എനിക്കറിയില്ല. രണ്ടുകൊല്ലം മുൻപ് പിള്ളേര് അയർലൻഡിന് പോകുംമുമ്പ് ടൗണിൽ പോയി മത്തായി ഡോക്ടറെ കാണിച്ചുമേടിച്ചുതന്നതാ. 
അതീപ്പിന്നെ ഞാൻ പരിശോധനക്കൊന്നും പോയിട്ടില്ല. 
                                         പരിചയമുള്ള ചെക്കന്മാരെ ആരേലും വഴീൽ കാണുമ്പോ ഗുളികയുടെ കവറു കൊടുത്തുവിട്ടുമേടിക്കും. ഒരു ദീർഘനിശ്വാസത്തിൽ അവസാനിച്ച ആ വരികളിൽ എല്ലാം ഉണ്ടായിരുന്നു. 
       പ്രഷറ് അല്പം കൂടോലാ. 
"മരുന്ന് അമ്മച്ചി ഇവിടുന്ന് മേടിച്ചോ".... BP cuff ചുരുട്ടി വച്ചു ഞാൻ കുറിപ്പെഴുതി. 
"അമ്മച്ചി ഒറങ്ങീട്ട് നാലഞ്ചായി മോനേ. ദേഹമനങ്ങിയാലെങ്കിലും ഒന്നുറങ്ങാൻകഴിഞ്ഞെങ്കിലെന്ന് കരുതിയാ ഇന്ന് തൊട്ടു ഈ പണിയെല്ലാം ഏറ്റു പിടിച്ചേ.. "
"ഉറങ്ങാനെഴുതാം.."
ഞാൻ പേനയെടുത്തു.. 
വേണ്ട മോനേ... അതൊന്നും വേണ്ട. അമ്മച്ചിപോട്ടെ... 
പണീണ്ട്... "
കൺമുന്നീന്ന് മാറുംവരെ അവർ പോകുന്നതും നോക്കിയിരുന്നു. 
"ഡേയ്.. നീ അവരേം വളച്ചെടുത്താ? "
ബിജു അളിയനെത്തി. 
കൂടെ സാബുവും ഞങ്ങളെ തിരിച്ചു ഞങ്ങളുടെ ബേസ് ആയ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വന്ന വണ്ടിക്കാരൻ ഗിരിയണ്ണനും. 
     "അണ്ണാ... ഒരരമണിക്കൂർ, ബാക്കി എല്ലാപേരേയുംകൂടെ ഒന്ന് നോകീട്ടിപ്പോ ഇപ്പൊ വരാമേ ".
   "പതുക്കെ മതി സാറേ.. ഞാൻ ഞാൻ നിങ്ങടെ കൂടെ ഇവിടെ ഇരുന്നോളാം. "
                                                            ഗിരിയണ്ണനെ ദുരിതാശ്വാസപ്രവർത്തനങ്ങളുടെ തുടക്കത്തിലേതന്നെ കൊട്ടാരക്കരയിൽ നിന്നും തന്റെ ഇന്നോവ കാറോടെ പോലീസ് പൊക്കിക്കൊണ്ട് വന്നതായിരുന്നു. 
                                      അണ്ണന്റെയും ഞങ്ങളുടെയും ഓണസദ്യ ഇത്തവണ ക്യാമ്പ് കഞ്ഞിയായിരുന്നു. 
"എനിക്ക് വെഷമൊന്നുമില്ല സാറേ. ഇതൊന്നും കാണാതെയും ഇവിടൊരുകൈസഹായെങ്കിലും ചെയ്യാതെ ഞാൻ മണ്ണൂരുള്ള എന്റെ തറവാട്ടിൽ പിള്ളേരോടും പെണ്ണുംപിള്ളയോടുമൊപ്പം  സദ്യേം പായസോം കഴിച്ചോണ്ടിരുന്നേൽ, അതൊന്നും ദഹിക്കാതെ 
വിഷമായി എന്റെ ഉള്ളിൽ കിടന്നേനെ. "

"സാബൂ ..എല്ലാം എടുത്തു വയ്ക്ക്... 
അളിയാ ഞാൻ അടുക്കളേൽ പോയി ഇച്ചിരി വെള്ളം കുടിച്ചേച്ച് വരാം. "

"അമ്മച്ചിയെ.... 
ഇച്ചിരി ചൂടുവെള്ളമിങ്ങെടുത്തോ.... "
സ്റ്റീൽ മഗ്ഗിൽത്തന്ന ചുക്കുവെള്ളം വാങ്ങുന്നേനിടെ വെറുതെ ചോദിച്ചു... 
"നാളെ വരുമ്പോ അമ്മച്ചിക്ക് ടൗണീന്ന് എന്തെങ്കിലും വാങ്ങണോ...? "
തലയൊന്ന് വെട്ടിച്ച് ഒന്നാലോചിച്ചിട്ട്... 
"ഒന്നുമില്ല കുഞ്ഞേ... 
നാളെ ഇനി ചിലപ്പോ നിങ്ങളായിരിക്കേലല്ലോ ഇവിടെ.. "

                     ഗിരിയണ്ണന്റെ വണ്ടീലൊട്ട് കേറാൻനേരം റഷീദിക്കേടെ വിളി, പിറകീന്ന്.. 
"സാറേ.. ഒന്ന് നിക്കണേ..,
 വെള്ളിയമ്മച്ചിക്ക് മരുന്നെലെന്തോ സംശയൊന്ന്.. "
                           "യെവര് നിന്നേം കൊണ്ടേ പോവോള്ളാടെ..? 
                             ഇനി എന്തരാണപ്പാ? "
                             ബിജു അളിയന്റെ ആത്മഗതം.... 

ഞാൻ മാത്രം കാണുന്ന രീതിയിൽ അമ്മച്ചി എന്നെ മരുന്ന് ചീട്ട് കാണിച്ചിട്ട് 
"ഒറക്കമൊട്ടുമില്ല മോനേ... "
"അതല്ലേ അമ്മച്ചീ അന്നേരം ചോദിച്ചത്..? "
"അതല്ല കുഞ്ഞേ..
ന്റ കുഞ്ഞിനോട് പറയാൻ പാടില്ലാത്തതാ... 
അതിയനോണ്ടായിരുന്നപ്പോ രാത്രി അത്താഴത്തിന്ന് മുന്നേ എനിക്കും ഒന്നോ രണ്ടോ തരുമായിരുന്നു .. 
അങ്ങേരു മിലിറ്ററീലല്ലായിരുന്നോ... 
ഈ ക്വാട്ടായേ... "
   ഒരു മടിയോടെ അമ്മച്ചി തുടർന്നു... 
"രണ്ടു കൊല്ലം മുൻപ് അതിയാൻ പോയല്ലോ... 
പിന്നെ മുറ്റം വൃത്തിയാക്കാൻ വരുന്നൊരു ബംഗാളി പയ്യൻ നൂറു രൂപ കമ്മീഷനിൽ എനിക്ക് രഹസ്യമായി വാങ്ങിത്തരുവായിരുന്നു.... 
വെള്ളം കേറിയപ്പോ അവനേം കാണാനില്ല... "
മുഖത്തമർത്തിപ്പിടിച്ച ചിരിയയൊതുക്കി ഗൗരവം വിടാതെ ഞാൻ കേട്ടുകൊണ്ട് നിന്നു.... 
"മോൻ വേറാരൊടും പറയരുത്... "
   " അമ്മച്ചീ.. ഇതൊരു ക്യാമ്പാണ്.. 
ഞാനൊരു ഡോക്ടറും... 
എന്തരമ്മച്ചീ ഇതക്ക.... "
പലപ്പോഴും വിഷമിച്ചു വരുന്ന രോഗികളോട് ഞാൻ ഗൗരവം കളഞ്ഞ് ഞങ്ങടെ പപ്പനാവന്റെ നാട്ടുഭാഷ ഉപയോഗിക്കാറുണ്ട്... 
എങ്ങനെയോ അറിയാതെ വന്നുപോയ ഒരു സ്വഭാവം. 
മുഖത്തൊരു ചിരിയും മനസ്സിലൊരു നനുത്ത വിഷമവുമായി ഞാൻ വന്നു വണ്ടിയിൽ കയറി. 
    
    "അപ്പോളെങ്ങനാ അളീ... 
ഇന്നിനി വൈകുന്നേരം പണിയൊന്നുമില്ലല്ലോ? 
നടക്കണോ ചുരുണ്ടു കെടക്കണോ...? 
  ബിജു അളിയൻ ഇന്നത്തെ പ്രോഗ്രാം ചാർട്ട് ചെയുവാ... 
"നമുക്കൊന്ന് നടന്നേക്കാം... "
   അളിയനൊരു കുട്ടിനിക്കറും ടീ ഷർട്ടും, ഞാനൊരു നരച്ച ടീ ഷർട്ടും  സാബൂന്റെ ബാഗീന്ന് കിട്ടിയ ലുങ്കിയുമുടുത്തിറങ്ങി.. 
"നീയെന്താ ലുങ്കീല്..? "
"ആ... ഇന്നിതാ വേണ്ടത് "
"എന്തിന്നു? "
 "പറയാം.. നീ വാ "
  ജില്ലാശുപത്രിയിൽ നിന്നിറങ്ങി നടന്നു കുറച്ചപ്പുറം കണ്ട മാടക്കടയിലൊന്ന് കേറി... 
"ചേട്ടാ.. ഇവിടെ നമ്മുടെ ബിവറേജ് എവിടാ? "
   കാണാതിരുന്നുകണ്ട പ്രിയപ്പെട്ടവരെ കാണുമ്പോഴുണ്ടാകുന്ന അടുപ്പത്തോടെ ആ മെലിഞ്ഞുണങ്ങിയ അമ്മാവൻ റോഡിലേക്കിറങ്ങിനിന്ന് തെക്കോട്ടു കൈചൂണ്ടിക്കാണിച്ചു... 
"നേരെ നടന്നോ... 
പത്തുമിനിറ്റ്... 
ഇടതുവശത്തു.. "
     ബിജു അളിയൻ ജാഗരുകാനായി... 
"ഡാ... ഇന്നെന്തിനാ ഇത്...? 
നമ്മള് ഡ്യുട്ടിലാണേ.. "
"നീ വാടേ... നെനക്ക് വേണ്ടേ വേണ്ട... 
കൂട വന്നൂടെ? "
വഴീൽ കണ്ട കപ്പലണ്ടിക്കച്ചവടക്കാരന്റെന്നു പത്തുരൂപേടെ കപ്പലണ്ടിയും മേടിച്ചവന്റെ കയ്യിൽ കൊടുത്തു ... 
"ചവച്ചോണ്ട് കൂടെ വന്നാ മതി "
   തൃശൂർ പൂരത്തിന്റെ ആളുണ്ടായിരുന്നു ക്യൂവിൽ.... നാളെ ചതയം ആയതുകൊണ്ട് ഇന്നേ സ്റ്റോക്ക് ചെയ്യുവാ നാട്ടുകാര്... നാളെ കടയില്ലല്ലോ... ഗുരുദേവാ
  "നീയെന്തിനാ വോഡ്ക മേടിച്ചത്. നമ്മള് റം അല്ലേ അടിക്കൂ.. "
അളിയന്റെ സംശയം സ്വാഭാവികം... 
    "നെനക്ക് വേണ്ടന്നല്ലേ പറഞ്ഞത്.... 
 പിന്നെന്തിന്ന് കൂടോല് അന്വേഷിക്കണത്? 
വേഗം നട.. 
ഫുഡ്‌ എത്തിക്കാണും "

*****-********************

ഏലക്കാച്ചായായും ക്യൂവിൽ  നിന്ന രോഗികളും ഒരുമിച്ചു തീർന്നു.

ഇന്ന് ക്യാമ്പങ്ങങ്ങൾക്കെല്ലാം കുറച്ചൂടെ ഒരുണർവ്വ്...
                            ചായയും കുടിച്ചു ചെറുകൂട്ടങ്ങളായിരുന്നു നാട്ടുവർത്തമാനം പറയുന്നു. 
                               കൊച്ചുകുട്ടികൾ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കുന്നു. 
                              "റഷീദിക്കാ... വെള്ളിയമ്മച്ചിയെവിടെ? "
                                കുശിനിയിലുണ്ട് സാറേ.  
                                 ചടഞ്ഞുകൂടിയിരുപ്പാ.. 
                                      എന്തോ ഒരേനക്കേട് പോലെ "

                                                കയ്യിലിരുന്ന മിനറൽ വാട്ടർ കുപ്പി അശ്രദ്ധമായി രണ്ടുകൈകളിലേക്കും എറിഞ്ഞു കൊണ്ട് ഞാൻ പിറകുവശത്തെത്തി
. 
വെള്ളം തിളപ്പിക്കാൻ ഒരു വല്ല്യ വാർപ്പിൽ വെച്ചിരിക്കുന്നു.

അതിനു കാവലായി ഒരു അലുമിനിയം കലം കമഴ്ത്തിവച്ചു അതിന്റെ മേളിൽദൂരത്തേക്കെങ്ങോ നോക്കിയിരിക്കുവാണ് ആശാട്ടി. 

                   "തള്ളേ, നിങ്ങളെ ഇന്നങ്ങോട്ടേക്കൊന്നും കണ്ടില്ലല്ല്? "
                  "എനിക്കസുഖോന്നുമില്ലല്ലോ കുഞ്ഞേ... പിന്നെന്നാത്തിനാ "? 
                     ഇത്രയും പറഞ്ഞുകൊണ്ട് കുടിക്കാനായി വെള്ളം വെച്ചിരുന്ന സ്റ്റീൽ മഗ്ഗ് എടുത്തു വായിലേക്ക് കമഴ്ത്താൻ നേരം 
ഞാനത് പെട്ടന്നങ് പിടിച്ചു വാങ്ങി. 
                                                                    എന്നിട്ടെന്റെ കൈയിലിരുന്ന കുപ്പിവെള്ളം നീട്ടി. 
"എനിക്കിച്ചിരി ചുക്കുവെള്ളം മതി കുഞ്ഞേ... അതോണ്ടാ "
അത് സാരമില്ല, തള്ള തൽക്കാലം ഇത് കുടിച്ചാ മതി. 
താല്പര്യമില്ലാതെ, മുഖത്തുപോലും നോക്കാതെ ആശാട്ടി അത് വാങ്ങി കുടിച്ചുവെന്ന്  കാണിക്കാൻ ഒരു കവിൾ അകത്താക്കി. 
അതിറക്കുംമുന്നേ ഞെട്ടലോടെ എന്നെ  നോക്കിയ മുഖത്തു വാത്സല്യം കലർന്നൊരു കുസൃതിച്ചിരിയുണ്ടായിരുന്നു. 
ഞാൻ കപട ഗൗരവം ഭാവിച്ചു. 
"ദേ.. ഇത് മിക്‌സാ, സെവൻ അപ്പും വോഡ്കയുമാ.. 
നോക്കിയും കണ്ടും സൂക്ഷിച്ചടിച്ചോണം... 
ക്യാമ്പാ... "
"ഓ പിന്നേ.. "
പിന്നെ ഒരു പൊട്ടിച്ചിരിയും... 
അമ്മച്ചീടെ കണ്ണ് നിറഞ്ഞിരുന്നോ എന്നൊരു സംശയം.
പിന്നെ എന്റെ വീടിനെക്കുറിച്ചായിരുന്നറിയേണ്ടത്. 
    പുര നിറഞ്ഞു നിൽക്കുന്ന രണ്ട് അമ്മൂമ്മമാർ... 
അച്ഛന്റമ്മയും
അമ്മേടമ്മയും..  
പിന്നെന്റമ്മയും... 
   ഇവർക്ക് മൂന്നുപേർക്കും അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കാൻ  ഈ ഞാനും.

"തള്ള ഇത് കണ്ടോ? 
      ഇടതു കൈയിലെ കറുത്ത ചരട് അച്ഛമ്മയുടെ വക, വലതു കൈയിലെ ഈ ചുവപ്പൻ അമൂമ്മയുടെ വക... 
ഇത് കണ്ടോ ..? "
   ഷർട്ടിന്റെ മുൻവശം താഴ്ത്തിക്കാണിച്ചു ഞാൻ തുടർന്നു... 
"ഈ രുദ്രാക്ഷവും ഏലസുകളും അമ്മയുടെ വക... "
      ഇവിടുന്ന് തിരിച്ചുചെന്നാ ഉടനെ എല്ലാരും കു‌ടെ എന്നെ പളനിക്ക് കൊണ്ടുപോകുവാ... മൊട്ടയടിക്കാൻ "
"എന്നാലും മൂന്ന് പിള്ളേരും എന്റെ ജീവനാ.... 
തള്ളക്കറിയോ? എനിക്കുള്ള പെണ്ണാലോചനകൾ തുടങ്ങിക്കഴിഞ്ഞു.. 
ഞാനൊരു അന്യമതക്കാരിയെ അടിച്ചോണ്ട് വരുമെന്ന് ഏതോ ഒരു ജ്യോത്സ്യൻ പറഞ്ഞത്രേ "
     "അതോണ്ട് എന്റെ ഈ ജീവിതോക്കെ ഈ വരുന്ന വർഷം കൊണ്ട് തീരും എന്റമ്മച്ചീ... "
    "അല്ലെങ്കി യെവരേം കളഞ്ഞിട്ടു ഞാൻ എങ്ങോട്ടേലും  ഒളിച്ചോടണം.. 
    തലവച്ചു കൊടുക്കാം അല്ലേ? "
എന്റെ മുഖത്തു മാറിവരുന്ന ഭാവങ്ങളും എന്റെ വാക്കുകളും രസിച്ചിരിക്കയായിരുന്ന പുള്ളിക്കാരിയെ ഇടയ്ക്കു ഞാൻ ശ്രദ്ധിച്ചില്ല എന്ന് കരുതിയാവണം ലേശം മിനറൽ വാട്ടർ ഇടക്കിടക്ക് ഉള്ളിലോട്ടു പോകുന്നത് ഞാൻ കണ്ടിരുന്നു..... 
  പാവം..... 
പിന്നെയുള്ള ഓരോ ദിവസവും കഥകൾ ഇങ്ങോട്ടായിരുന്നു.. 
നാട്ടിലെ ജന്മികുടുംബത്തിലെ, തന്നെ സ്നേഹിച്ച പെണ്ണിനെ,
 അവളുടെ കുടുംബത്ത് ചെന്ന് ചട്ടമ്പിമാരായ ബന്ധുക്കളെ തന്റെ ഇരട്ടക്കുഴൽ തോക്കിന്മുന്നിൽ നിറുത്തി, 
പഴയ വില്ലീസ് ജീപ്പിൽ പൊക്കിയെടുത്തിട്ടുകൊണ്ടുവന്ന ചോരക്കണ്ണുള്ള പട്ടാളക്കാരൻ ജോർജച്ചായന്റെ കഥകൾ.. 
കാട്ടിൽപോയി താൻ വെടിവെച്ചു കൊന്ന കടുവയുടെ തോൽ  വിരിച്ച നിലത്തിരുന്ന്, തന്റെ ശിങ്കിടികളെക്കൊണ്ട് തന്റെ പറമ്പിൽ കള്ളവാറ്റു നടത്തി അസ്സൽ വാറ്റടിക്കുന്ന ജോർജച്ചായൻ. 
Left hand drive വില്ലീസ് ജീപ്പിൽ അമ്മച്ചിയേം കൊണ്ട് ഏത് പാതിരാത്രിയിലും ഏത് നരകത്തിലേക്ക് വേണേലും കറങ്ങാൻ പോകാൻ തയ്യാറായിരുന്ന ജോർജച്ചായൻ. 
    അങ്ങനെ പറഞ്ഞു പറഞ്ഞു ജോർജച്ചായൻ എന്റെ മനസ്സിൽ ഒരാമാനുഷനായി നിറഞ്ഞു നിന്നു. 
   മരണമടുത്തപ്പോ തന്റെ വെള്ളിയമ്മ ഒറ്റക്കാകുമെന്നുകണ്ടു ആദ്യമായി മാതാവിനുമുന്നിൽ പോയി കരഞ്ഞു പ്രാർത്ഥിച്ച ജോർജച്ചായൻ... 
                                    നിങ്ങളുടെ മനസ്സിൽ നിന്നുള്ള ആദ്യ പ്രാർത്ഥന ദൈവം ചെവികൊണ്ടില്ലല്ലോ എന്റെ ജോർജച്ചായാ...
                              ഇതിനിടയിൽ മിനറൽ വാട്ടർ മാറി, കൊക്കക്കോള വന്നു, വോഡ്ക മാറി റം വന്നു.. 
                             കിക്ക് പോരാന്ന് തള്ളക്കു.... 
                   സാബുവിന്റെ ലുങ്കിക്ക് ആവശ്യം വർധിച്ചു.. 
*************************

ഇന്ന് ഏഴാം ദിനം.. 
ഇനി മൂന്നു നാള് കൂടി.. 
പിന്നെ മടങ്ങാം. അടുത്ത മെഡിക്കൽ ടീമിന്റെ ഓർഡർ ആയി ... 
ഹോസ്റ്റലിലേക്ക് പോണ്ട... 
നേരെ വീട്ടിലേക്കു വിട്ടേക്കാം. 
പിള്ളേര് മൂന്നും സങ്കടപ്പെട്ടിരിക്കുവാ. ആദ്യമായാ  ഓണത്തിന്ന് കൂടെ ഇല്ലാതിരുന്നത്. 

      "പോയിട്ടിനി ഇങ്ങോട്ടൊക്കെ വരുവോ മക്കളേ..? 
വല്ലപ്പോഴും ഈ വഴി പോണേൽ കവലേ വന്ന് തടതുമ്മലിലെ പട്ടാളം ജോർജച്ചായന്റെ വീടന്വേഷിച്ചാൽ മതി..
     വരുമ്പോ മൂന്നു പിള്ളാരേം കൂട്ടാൻ മറക്കണ്ട. "
     "എന്നേ കാണാൻ ഇനി ആരും വരവുണ്ടാവില്ല കുഞ്ഞേ, എന്റെ പിള്ളാര്‌ പോലും. 
ആ വല്ല്യ വീടും അച്ചായന്റെ ഓർമ്മേം... 
     ഇച്ചിരി വെഷത്തിൽ ഇതവസാനിപ്പിക്കാന്ന് വെച്ചാൽ തന്നെ പിള്ളേർക്കല്ലോ നാണക്കേട്. 
ഈ കംപ്യൂട്ടറിലൂടെ ലോകം മൊത്തമറിയൂല്ലേ. 
       മോന്റെ മൂന്നു പിള്ളാര്  ഭാഗ്യം ചെയ്തൊരാ.. "
      കൊണ്ടുവന്ന കോളക്കുപ്പി അമ്മച്ചീടെ അടുത്തേക്ക് നീക്കി വെച്ച് ഞാൻ ആ മുഖത്തേക്ക് നോക്കി ഒന്നും മിണ്ടാതിങ്ങിറങ്ങി പോന്നു. 
   എന്ത്‌ ചെയ്യാനാ.. പാവം.

"അളിയാ... അപ്പൊ എങ്ങനാ? 
ഇന്നങ്ങു കൂടുകയല്ലേ..? 
നാളെ വൈകുന്നേരം ആവുമ്പോൾ എല്ലാരും പോവാനുള്ള മൂഡ് ആയിപ്പോകും. 
മറ്റെന്നാ രാവിലെ തന്നെ പുതിയ ടീം എത്തും. 
ഇവിടുത്തെ കാര്യങ്ങളൊക്കെ ഇപ്പൊ സെറ്റ് ആ... 
   രാത്രിയൊന്നും ഇനി നമ്മുടെ ആവശ്യം ഇല്ലല്ലോ.? 
അഞ്ച് കിലോമീറ്ററിനപ്പുറം ഒരു ബാർ ഉണ്ട്.. ഒക്കെ അല്ലേ? "
അളിയൻ എല്ലാം തീരുമാനിച്ചു കഴിഞ്ഞു,അംഗങ്ങളുടെ കൈയ്യീന്ന് പിരിവും തുടങ്ങി.
അവൻ യാത്രാസൗകര്യത്തിന്ന് ഗിരിയണ്ണനെ ചാക്കിലാക്കുകയും ചെയ്തു. 
പക്ഷെ വണ്ടിയിൽ കയറും മുൻപ് ഞാൻ അണ്ണനോട് പറഞ്ഞു.. "അണ്ണാ അടിച്ചേക്കല്ലേ "
       "ഇല്ല സാറേ... അറിയാം ".

ബാറിന്റെ അരണ്ട വെളിച്ചത്തിൽ ആദ്യമൊഴിച്ച പെഗ്ഗുമായി നിസ്സംഗനായി ഞാനിരുന്നു. 
എന്തോ... ഒരു ഏലക്കച്ചായ കുടിക്കാൻ തോന്നി. 
************************
ഒൻപതാം ദിനം.. 
   ഞങ്ങളുടെ അവസാന ക്യാമ്പ്.. 
     "ചായക്ക് ഒരു ഗുണോം മണോമില്ല "
     ബിജു അളിയനാണ്. 

"ആ ഇനിയിതേയുള്ളു സാറേ...വെള്ളിയമ്മച്ചി പോയി "
റഷീദിക്ക് അളിയനോട്. 
    ഞാൻ നിസ്സംഗനായി കേട്ടിരുന്നു. 
"ഡേയ് നീയിതു കേട്ടാ...നിന്റമ്മച്ചി സ്ഥലം വിട്ടെന്ന് "
"എവിടെ പോയീന്നു ഒരു പിടീമില്ല സാറേ.. 
രാവിലെ നോക്കുമ്പോ പായിൽ ആളില്ലാന്ന് പുള്ളാര് പറഞ്ഞു. 
വീട്ടിൽ ചെന്ന് നോക്കി, ഇല്ല. 
സ്വന്തം കുടുംബക്കാരുടെ അടുത്ത് പോവില്ല. 
കട്ടപ്പനയിലെങ്ങാണ്ട് അച്ചായന്റെ സഹോദരി ഉണ്ട്.. 
    അങ്ങോട്ട്‌ പോവുകയേ തരമുള്ളു .. "
   വരുമ്പോ ഒരു ട്രങ്ക് പെട്ടീം അച്ചായന്റെ ഒരു ഫോട്ടോയും കയ്യിലൊണ്ടായിരുന്നു. 
അതും അവിടില്ല. 
  
                          മറ്റേ സാറ് പോണേല് മനസ്സിനിച്ചിരി ദണ്ണമുണ്ടെന്ന് പറഞ്ഞിരുന്നു.
                             ഇതുപോലൊരു കൊച്ചുമോൻ വേണോന്നൊക്കെ സന്ധ്യക്ക്‌ കറിക്കരിയുമ്പോ  എന്നോടിരുന്നു പറയണൊണ്ടായിരുന്നു. 
        ബിജു അളിയൻ എന്റെ മുഖത്തു നോക്കിയിരുന്നു. 
ഞാനാണേൽ അവന് മുഖം കൊടുക്കാൻ മടിച്ചു അങ്ങകലേക്കും...


രാവിലത്തെ ഇഡ്ലിയും സാമ്പാറും കഴിച്ചുകൊണ്ടിരുന്നപ്പോഴേക്കും പുതിയ ടീം വന്നു. അവരെ കൊണ്ടുവന്ന മിനിബസിലാണ് ഞങ്ങൾക്ക് മടക്കവും. 
                               "നന്നായി കഴിച്ചോ സാറേ, വഴീല് കടകളൊന്നും അങ്ങോട്ടായില്ലെന്നാ വന്നവര് പറഞ്ഞേ "
                                        സാബു ഓർമ്മപ്പെടുത്തി. 
       ഗിരിയണ്ണനെ യാത്രപറയുന്ന ഭാവത്തിൽ  സ്നേഹത്തോടെ നെഞ്ചിലൊന്ന് തട്ടി വന്ന് വണ്ടിയിൽ കയറി. 
                          കാലപ്പഴക്കം ചെന്ന സ്വരാജ് മസ്ദയുടെ കട കട ശബ്ദത്തിനിടയിലും രണ്ടായിത്തിരിഞ്ഞ ടീമിന്റെ അന്താക്ഷരി കളികൾക്കിടയിലെ ഗാനങ്ങളും 
ബിജു അളിയന്റെ പാരഡി ഗാനങ്ങളുമായി എരിയുന്ന സൂര്യനുകീഴെ ഞങ്ങടെ ആരോഗ്യവാഹനം ഇഴഞ്ഞും കുലുങ്ങിയും നീങ്ങിക്കൊണ്ടിരുന്നു.

                        ഇന്ന് വീട്ടീന്നിതുവരെ കാൾ ഒന്നും വന്നില്ല. അല്ലെങ്കിൽ നാഴികക്ക് നാല്പതുവട്ടം എന്നകണക്കിൽ വിളിച്ചോണ്ടിരിക്കുന്നതാ മൂന്നും കൂടെ. 

    "സാറേ വണ്ടി നിർത്താമ്പറ സാറേ..വെശന്നിട്ട് വയ്യാ" സാബുവും ഗ്യാങ്ങുമാണ്. 

    "അണ്ണാ എവിടായി? "
ഡ്രൈവറേട്ടൻ റോഡിലെ കുഴികളെ  ഞങ്ങടെ ബസിൽ നിന്നും രക്ഷിച്ചു കൊണ്ടുപോകുന്നതിനിടെ മറുപടിച്ചു.. 
                                               "കൊട്ടാരക്കര "

"എന്നാപ്പിന്നെ നമ്മുടെ കാപ്പിക്കടയിലേക്ക് കേറ്റിക്കൊ അണ്ണാ "
     ഇന്ത്യൻ കോഫീ ഹൌസ് ആണ് ബിജു അളിയൻ ഉദ്ദേശിച്ചത്.




വീട്ടിലേക്കൊന്ന് വിളിച്ചേക്കാമെന്ന് കരുതിയപ്പൊത്തന്നെ ഫോൺ ചിലച്ചു. 
വീട്ടീന്ന് തന്നെ.. 
    പുള്ളാർക്ക് നൂറ് ആയുസാണ്. 
അപ്പുറത്ത് അമ്മ.. 
"ഡാ മോനേ,ആ ഡ്രൈവർ ഗിരിക്ക് ഞാൻ അയ്യായിരം രൂപ തെകച്ചു കൊടുത്തേ.. 
പാവം ഉറക്കമിളച്ചു രാത്രി  വണ്ടിയിടിച്ചതല്ലേ.. 
   ആ പിന്നെ വെള്ളിയമ്മച്ചിയെ നിന്റെ അച്ഛമ്മ തന്നെ ദത്തെടുത്ത് അച്ചമ്മേടെ മുറിയിൽത്തന്നെ കട്ടിലുമിട്ട് ഏർപ്പാടാക്കീട്ടുണ്ട്. "

"അമ്മാ... . "

"ഉം... എന്നാടാ? "
     
"നിങ്ങക്ക് വെഷമം ഇല്ലല്ലോ അല്ലേ? "

"പോടാ അവിടുന്ന് "

"അവര് ഹാപ്പി ആണല്ലോ അല്ലേ? "

"പിന്നല്ലാണ്ട്... രാവിലെ കിട്ടിയ മോദ കുടംപുളി ഇട്ടു നല്ല മുളക് കറിയാക്കി  വച്ചിട്ടുണ്ട്.... എന്റെ നാവിറങ്ങിപ്പോയെടാ "

ഇപ്പൊ അവർക്കെന്തോ വാങ്ങാനൊണ്ടെന്നുംപറഞ്ഞു മുറ്റം ചെത്താൻ വന്ന നമ്മുടെ ബംഗാളി ഹബീബിനേം കൂട്ടി പുറത്തുപോയിട്ട് വന്നു.. 
    ഒരു കിഴവൻ സന്ന്യാസിയെ കണ്ടെന്നു നീ വിളിക്കുവാണേൽ പറയാൻ പറഞ്ഞു... 
     ആ പിന്നെ നിന്റെ കഴുത്തിലെ വല്ല്യ ഏലസ്സ് കിടക്കുന്ന ചരട് ഇനി അഴിച്ചങ്ങു വെച്ചേരെ ...
   അന്യമതക്കാരിയെ നീ അടിച്ചോണ്ട് വന്നല്ലോ... 
   അതുകൊണ്ട് എനിക്ക് സമാധാനമായി.... 

ശരി.. ഞാൻ വെക്കുവാ. 
നീ വേഗം വാ."

     ഫോൺ വച്ചു ഞാൻ ഒരു ചെറു ചിരിയോടെ ബിജു അളിയന്റെ മുഖത്തു  നോക്കി. 
"അളിയാ, തള്ള പുറത്തു പോയപ്പോ ഏതോ കെളവൻ സന്ന്യാസിയെ കണ്ടെന്നോ മറ്റോ എന്നോട് പറയാൻ പറഞ്ഞെന്ന്.... 
   എന്തോന്നാടേ അത്? "
          ബിജു അളിയൻ പൊട്ടിച്ചിരിച്ചു.... 
    "തള്ളേ, ഡാ നെനക്ക് മനസ്സിലായില്ലേ.... OLD MONK  RUM മേടിച്ചു വെച്ചിട്ടുണ്ടന്നാടാ അവര് പറഞ്ഞേ   .. "
         "ഹെന്റെ പഴവങ്ങാടി ഗണപതീ.... കാത്തോണേ.. "

                                        "സാബൂ ഡേയ്, എല്ലാവനും ഓരോ മട്ടൺ ബിരിയാണി ഓർഡർ കൊടുത്തേരെ.... 
               ചെലവ് ലവന്റെ...  "
ബിജു അളിയൻ അറിയാതെ ഉച്ചത്തിൽ വിളിച്ചുകൂവിയത് കേട്ട് 
കോഫി ഹൌസ് ന്റെ ചുവരിൽ ഞങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരുന്ന A. K. G സഖാവിന്റെ ചുണ്ടിൽ 
ഒരു ചെറുചിരി മിന്നി മറഞ്ഞുവോ??? 


            വിപ്ലവം ജയിക്കട്ടെ

മടങ്ങുമെന്നാകിൽ

യാത്രയിലലഞ്ഞുലഞ്ഞൊരാ  വീഥിയരികിൽ തളർന്നുവീണു പോയൊരീരാവിൻ മാറിൽ അഭയമേകിയോരമ്മ മനസ്സേ സ്വർഗ്ഗമായെനിക്ക്  നിൻ ആലയം  നിറവിരുന്നായി ന...