അദ്ധ്യായം 1 ഇളംവെയിൽ
"സാറേ ,ദേ ഈ പേപ്പർ പിടിച്ചോ ..."
"ഇതിന്റെ ആവശ്യമില്ല "
ഉച്ചക്ക് ഓ പി കഴിഞ്ഞ ആവേശത്തിൽ കായൽക്കരയിൽ പോയി ഒന്ന് വലിക്കാൻ മുട്ടിയിറങ്ങിയോടിയ എന്നെ ക്ലാർക്ക് ഷൈൻ പിറകേന്ന് ഓടി വന്നു മലയാളം ടൈപ്പ് ചെയ്തിരിക്കുന്ന ഒരു പഴയ പേപ്പർ ഏൽപ്പിച്ചു .
സ്വന്തം കാര്യങ്ങളിലുള്ള ശ്രദ്ധയായില്ലായ്മ മൂലം പതിനഞ്ച് വർഷമായിട്ടും പ്രൊബേഷൻ ഡിക്ലയർ ചെയ്യുവാനുള്ള കടലാസുകൾ ഒന്ന് കൊടുക്കാൻ നേരം കിട്ടിയില്ല .
ട്രാൻസ്ഫർ ആയി വന്നു കയറിയ വെള്ളായണി ഹോസ്പിറ്റലിലെ ക്ലാർക്ക് കൊച്ചന്റെ നിർബന്ധത്തിന് വഴങ്ങി അവസാനം പഴയ ഫയലുകൾക്കിടയിൽ നിന്നും കിട്ടിയ പേപ്പറുകൾ ഓഫിസിൽ എത്തിച്ചു .അതിനിടയിൽ നിന്ന് ആവശ്യമില്ലാത്ത ഏതോ ഒരു തുണ്ട് കടലാസാണ് ഇപ്പൊ തിരിച്ചെത്തിച്ചത് .
"ആ സാറേ, ഇന്ന് നല്ല തിരക്കായിരുന്നല്ലേ?
ഞാൻ വന്നിരുന്നു, വൈകുമെന്നായപ്പോ ഇങ്ങ് പോന്നു ..ഒരു തലവേദന"
കായൽക്കരയിലെ എന്റെ സ്ഥിരം തട്ടുകടക്കാരൻ...
ചോദിക്കാതെ തന്നെ പതിവ് കട്ടൻ ചായയും വിൽസും കൈയിൽ ഏൽപ്പിച്ചു.
ഇന്നത്തെ ആദ്യപുകയുടെ സുഖവും ആസ്വദിച്ചു കായലിനോട് ചേർന്ന് റോഡരികിൽ ഉള്ള സിമന്റ് കുറ്റിയിൽ വന്നിരുന്നപ്പോഴാണ് ഷൈൻ തിരിച്ചു തന്ന പേപ്പറിന്റെ കാര്യമോർത്ത് .
ചായ ഗ്ലാസ് നടപ്പാതയിലെ കുറ്റിയിൽ വച്ചു പോക്കറ്റിൽ നിന്ന് അതെടുത്തു നിവർത്തി ...
10-03-2010 ലെ ഒരു സർക്കാർ ഉത്തരവ് .
'ഇടുക്കി ജില്ലയിൽ 30-09-2009 ൽ തേക്കടി മുല്ലപ്പെരിയാർ തടാകത്തിൽ വച്ചുനടന്ന ബോട്ട് ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങളിലും തുടർന്ന് സമയബന്ധിതമായി പോസ്റ്റുമാർട്ടം നടത്തി മൃതശരീരങ്ങൾ വിട്ടുകൊടുക്കുന്നതിലും സ്തുത്യർഹമായ സേവനം നടത്തിയ ചുവടെ പറയുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാർക്ക് ഗുഡ് സർവീസ് എൻട്രി നൽകി ഉത്തരവാകുന്നു '
ആദ്യകുറച്ചു പേരുകൾക്കിടയിൽ കിടക്കുന്ന എന്റെ പേരും നോക്കി കുറച്ചു നേരം എന്തൊക്കെയോ ഓർത്ത് കായലിലേക്ക് നോക്കിയിരുന്നു.
നിറയെ പൂത്തു കിടന്ന താമരപ്പൂക്കളെ നൃത്തം കളിപ്പിച്ച് വരുന്ന കായൽക്കാറ്റ് എന്റെ കട്ടൻ ചായയെ മെല്ലെ തണുപ്പിച്ചുതുടങ്ങി .
* * * * * * * * * * * * *
30-09-2009
കുമളി ഗവണ്മെന്റ് ആശുപത്രി
രാവിലെ ഏകദേശം 12 മണി
നല്ല തിരക്കുള്ള ഓ പി ..
എന്നാലും വലത് വശത്തു ഞാൻ ചേർന്നിരിക്കുന്ന ജനലിൽ കൂടി ഹൈറേഞ്ചിലെ നേർത്ത ചാറ്റമഴ ഇടയ്ക്കിടെ ഞാൻ ആസ്വദിക്കുന്നുണ്ട്.
ചീട്ടെഴുതിക്കൊണ്ടിരുന്ന നഴ്സിംഗ് അസിസ്റ്റന്റ് മാമുച്ചേച്ചി ജനലിലൂടെ അകത്തേക്ക് തലയിട്ടു ..
"സാറേ ...ഒരു കൊച്ചിന് ഒട്ടും വയ്യാന്ന് .ടൂറിസ്റ്റുകളാ .കേറ്റിവിടട്ടോ ?"
"ആ കേറ്റി വിട്ടോ ചേച്ചിയേ "
വാതിലിൽ തിങ്ങി നിറഞ്ഞു നിന്ന ആൾക്കാരുടെ പിറുപിറുക്കൾക്കിടയിലൂടെ ഏകദേശം നാല്പതു വയസ് തോന്നിക്കുന്ന,വെള്ള മുണ്ടും ഷർട്ടും ധരിച്ച,കാഴ്ചയിൽ തമിഴനെന്നു തോന്നിക്കുന്ന ഒരു മനുഷ്യനെയും അയ്യാളുടെ വിരലിൽ തൂങ്ങി പത്തുപതിനൊന്ന് വയസ്സ് തോന്നിക്കുന്ന ഇരുനിറത്തിലുള്ള ,ഉണ്ടക്കണ്ണുകളുള്ള ഒരു പെൺകുട്ടിയെയും മാമുച്ചേച്ചി കഷ്ടപ്പെട്ട് അകത്തെത്തിച്ചു .
"വാന്തി സാർ "
"ട്രാവൽ പണ്ണുമ്പോ എപ്പളുമേ കൊളന്തക്ക് ഇന്ത പ്രച്ചനമിറുക്ക് "
"മ്മ് ..എത്ര തവണ ശർദ്ധിച്ചു ?"
ചോദ്യത്തോടൊപ്പം തന്നെ പരിശോധനയും നടത്തി .കൊച്ചിന് നല്ല ക്ഷീണം തോന്നിക്കുന്നുണ്ട് .
"സാർ ഒരു നാലഞ്ച് തടവ് വന്താച്ച് "
കറുത്ത മിഡിയും ടോപ്പും ധരിച്ച ഇരുണ്ട നിറമെങ്കിലും ആരിലും കൗതുകമുളവാക്കുന്ന നല്ലൊരു മുഖമുള്ള കുഞ്ഞ്.
ഭംഗിയുള്ള ബോയ്‌ക്കട്ട് ചെയ്ത മുടിയും ഉണ്ടക്കണ്ണുമൊക്കെയായി ആരും ഒന്നൂടെ നോക്കിപോകുന്ന ഓരോമനത്ത്വം.
"അണ്ണേ കൊളന്ത നല്ല ട്ടയേർഡ് ,അതുക്ക് ഒരു ഊസിയും ഡ്രിപ്പും പൊട്ടാ ബെറ്റർ "
ഇടവിടാതെയുള്ള തമിഴ്നാട് യാത്രകൾ എന്നെ തമിഴ് ഭാഷ പറയാൻ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത് .
"സാർ ,വേണ്ടാ സാർ ...അവളുക്ക് വലിക്കും..."
"അത് വേണ്ടാ സാർ ..എനക്ക് താങ്കമാട്ടെ .നീങ്ക മാത്രയേതാവത് കൊടുത്താ പോതും സാർ "
എനിക്കത് അത്ഭുതമായിരുന്നു .മരുന്ന് കിട്ടിയില്ലേലും ഒരു കുത്ത് കിട്ടിയാൽ മനസ്സ് നിറയുന്ന തമിഴ് രോഗികളയേ ഞാൻ കണ്ടിട്ടുള്ളു .
ഇതെല്ലാം കേട്ട് കരയാൻ വെമ്പി നിൽക്കുന്ന ആ കൊച്ചുകണ്ണുകളിലേക്ക് ഞാൻ രസത്തോടെ നോക്കി നിന്നു .
"ഉങ്ക പേരെന്നാ ?"
"തേന്മൊഴി "
ചിലമ്പിച്ച സ്വരത്തിലൊരുത്തരവും പറഞ്ഞവൾ അച്ഛന്റെ പിറകിൽ പോയൊളിച്ചു .
"തായില്ലാ കൊളന്ത സാർ ...ആവുങ്കള്ക്ക് വലിവരുത് കാര്യമേതുമേ നാൻ സെയ്യമാട്ടെ .അതുക്ക് താൻ ഇന്ത നാൾ വരൈ തടുപ്പൂശി പോലുമേ പൊട്ടതില്ലൈ "
ദൈവമേ ,ഇതു വരെയുള്ള പ്രതിരോധകുത്തിവയ്‌പ്പ് പോലും ആ കുഞ്ഞിന് എടുത്തിട്ടില്ലാന്നല്ലേ ഇയ്യാള് പറയുന്നേ .
എന്നാലും അവൾക്ക് അമ്മയില്ലെന്ന് കേട്ടപ്പോൾ ഒരു നേർത്ത നോവ് .
"സരി തേന്മൊഴീ ...ഉനക്ക് ഊസി ഇല്ലൈ .ഇന്ത മാത്ര സാപ്പിട് ".അവൾടെ നേരെ നീട്ടിയ ചീട്ട് തട്ടിപ്പറിച്ചുകൊണ്ട് അവൾടെ അച്ഛനെയും വലിച്ചോണ്ട് വേഗം രക്ഷപ്പെടാനുള്ള വ്യഗ്രതയായിരുന്നു പിന്നീട് .
"റൊമ്പ താങ്ക്സ് സാർ ...വീ ആർ ഫ്രം മധുരൈ. 4:30ക്ക് ബോട്ടിങ് ബുക്ക് പണ്ണിയാച്ച് .ട്രാവൽ എല്ലാമേ നാനും അവളും മട്ടും താൻ .നൈസ് മീറ്റിംഗ് യൂ "
"സരി ...ബൈ "
ഞാൻ ധൃതിയോടെ അടുത്ത ആളിലേക്ക് തിരിഞ്ഞു .
എന്നിട്ടുമായി മണി മൂന്ന്. ഇരുന്നൂറ്റി അറുപത്തിയെട്ടാം രോഗിയെയും നോക്കിത്തീർത്ത് കസേരയിലേക്കൊന്ന് ചാഞ്ഞപ്പോൾ, ഹോ... എന്തൊരാശ്വാസം.
ഇനിയിരുന്നാൽ ശരിയാകില്ല, വിട്ടേക്കാം.
ആശുപതിക്ക് മുന്നിലെ അത്തിമരച്ചോട്ടിൽ വിശ്രമിക്കുന്ന കാറിലേക്ക് ആഞ്ഞു നടക്കുമ്പോൾ, അതാ പോണു, ഒപിയിൽ നിന്ന് ഓഫീസിലേക്ക് വച്ചുവിടുന്ന ചാർജ് മെഡിക്കൽ ഓഫീസർ Dr.സാറ.
"ഓയ്...ഞം ഞം?? "(ആഹാരം കഴക്കുന്നതിനുള്ള പഴയ ഹോസ്റ്റൽ ഭാഷ)
"ഇല്ലാ... പൊക്കോ. ഇന്നയക്കേണ്ട റിപോർട്ടുകൾ ബാക്കി കെടക്കുവാ. ഞാൻ വൈകും. "
അന്തരീക്ഷത്തിന് കുമിളിയുടെ സ്വതസിദ്ധമായ ഉണർവ്വേകുന്ന തണുപ്പും, അലങ്കാരത്തിന് രാവിലേ മുതലുള്ള നേർത്ത ചാറ്റമഴയും.
നേരെ കുമളി ജംഗ്ഷനിലുള്ള കുട്ടൻ ചേട്ടന്റെ ചായക്കടിയിലേക്ക്. മടുപ്പ് മാറാൻ ഒരു ചായേം കടിയും, മേമ്പൊടിക്ക് നാട്ടുകാരുടെ ഇടയിലിരുന്ന് ലേശം കൊച്ചുവർത്തമാനവും.
വന്നകാലം തൊട്ടുള്ള പതിവായിപ്പോയി.
"കുട്ടൻ ചേട്ടാ..അപ്പൊ ഒരു സ്‌ട്രോങ്, മധുരം കുറക്കണ്ട. "
"ആ മിനിഞ്ഞാന്നത്തെ പരിപ്പുവട കൂടെ തന്നേരെ "
"അയ്യോ.. തീർന്നല്ലോ സാറെ, കഴിഞ്ഞ ആഴ്ചത്തെ ഉഴുന്നുവടയുണ്ട്. ഇന്നത്തേക്ക് അതുവച്ച് ഒന്നഡ്ജസ്റ് ചെയ്യതേരെ".
സ്ഥിരം തമാശക്ക് സ്ഥിരം ഉത്തരവും, കൂടെ ചൂടോടെ വറുത്തുകോരിയ മൊരിഞ്ഞ ഉഴുന്നുവടയും എന്റെ സ്ഥിരം സ്‌ട്രോങും.
"ടൗണിൽ അത്യാവശ്യം തിരക്കുണ്ടല്ലേ? "
"ദസ്സറയല്ലേ സാറെ... ഡെൽഹീന്നൊക്കെ നല്ല വരവാ..
പിന്നെ തമിഴ് നാട്ടീന്നും ".
"ബോട്ടിങ്ങ് ടിക്കറ്റിന് നല്ല തള്ളാന്നാ കേട്ടേ . "
ഞങ്ങൾടെ തേക്കടിയിലെ ആകർഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കാട്ടിലെ തടാകത്തിലൂടെ തണുത്തകാറ്റുമേറ്റുവാങ്ങി പച്ചപ്പുകൾക്കിടയിലൂടെ വന്യമൃഗങ്ങളെയുമൊക്കെ കണ്ണ് നിറയെക്കണ്ടുള്ള ബോട്ടുയാത്ര.
ഇനി ആനയെയോ മാനിനെയോ ഒന്നും കണ്ടില്ലേൽപ്പോലും ആ ബോട്ടിന്റെ ജനാലക്കൽ അലസ്സമായി തലചായ്ച്ചിരുന്നു നീണ്ടുകിടക്കുന്ന ജലപ്പരപ്പിലേക്ക് നോക്കി തണുപ്പുമടിച്ചിരിക്കുന്നത്.. ഹോ എന്താ ഒരു രസം. എനിക്കിപ്പോഴും അതിനോടൊരു മടുപ്പ് തോന്നിയിട്ടേയില്ല.
അദ്ധ്യായം 2 തണുത്ത തടാകം
ഏകദേശം ഒരു അഞ്ചഞ്ചരമണി.. നമ്മളോടുള്ള സ്നേഹം കൊണ്ട് ഇച്ചിരി രോഗികൾ പരിശോധനക്കായി വൈകുന്നേരം വീട്ടിൽ വരാറുണ്ടെന്ന് കൂട്ടിക്കോളൂ.
എന്റെ എല്ലാം സായാഹ്നങ്ങളും മിക്കവാറും അവരുടെയിടയിൽ തന്നെ. മുടങ്ങിക്കിടന്ന പല ലോണുകളും ഇപ്പൊ അടഞ്ഞുപോകുന്നത് ഇവരുടെ കൈനീട്ടം കൊണ്ടാണ് എന്നതായിരുന്നു പരമമായ ഒരു സത്യം.
രോഗികളെ പരിശോധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംഗീതാസ്വാദനം എനിക്ക് അന്നുമിന്നും ഇഷ്ടം. വീടിനുള്ളിലെ ഹാളിൽ നിന്ന് റഫി സാബിന്റെ മോഹനസ്വരം അങ്ങ് ദൂരെ നിന്നോണം എന്റെ പരിശോധനാമുറിയിലേക്ക് ഒഴുകി വന്നുകൊണ്ടിരിക്കണമെനിക്ക്.
മുന്നിൽ, എന്റെ നാട്ടുകാരെ അപേക്ഷിച്ച് മനസ്സ് കൊണ്ട് കൂടുതൽ നല്ലവരായ ഹൈറേഞ്ചുകാർ, അവരുടെ അസുഖവിവരങ്ങൾ മറ്റ് ലോകകാര്യങ്ങളുടെ മേമ്പൊടിയോടെ വിവരിച്ചുകൊണ്ടിരിക്കും. മരുന്ന് കൊണ്ടും വാക്കുകൾ കൊണ്ടും എന്നാൽ കഴിയും വിധം ഞാൻ അവർക്കും അൽപ്പം ആശ്വാസം പകരും.
പെട്ടെന്ന് എന്റെ മൊബൈൽ ഫോണടിച്ചു. അമ്പാടിയാണ്, ജൂനിയർ ഹെൽത്ത് ഇസ്പെക്ടർ. ഏതാണ്ടെന്റെ വലംകൈ, വർഷങ്ങളായിട്ട്. ഇപ്പോഴുംമാറ്റമില്ല.
"സാറൂ, തേക്കടീല് ബോട്ട് മറിഞ്ഞെന്ന്. സാറാന്റി അത്യാവശ്യം ആൾക്കാരേം കൂട്ടി നമ്മുടെ ആംബുലൻസിൽ അങ്ങോട്ട് വിട്ടിട്ടുണ്ട്. "
"എന്റീശ്വരാ.... "
ഒരു നിമിഷം അത് കേട്ട് മരച്ചിരുന്നു പോയി.
"ടാ...നീ വേഗം വാ. ആരേലും ഒണ്ടേ കൂടെ വിളിച്ചോ "
"ഞാനേ, സാറിന്റങ്ങോട്ട് ഓടി വരുവാ, സാറിറങ്ങിക്കോ. "
ഡ്രെസ്സൊന്നും മാറാൻ നിന്നില്ല. പുറത്ത് കാണാൻ നിന്നവരോട് എന്തോ വിളിച്ചുപറഞ്ഞൊപ്പിച്ചുകൊണ്ട് വണ്ടിക്കുള്ളിലേക്ക് ചാടിക്കയറി ഗേറ്റിന്റെയടുത്ത് എത്തുമ്പോഴേക്കും അമ്പാടിയുമെത്തി.
നേരെ ബോട്ട് ലാന്റിങ്ങിലേക്ക് ഇരപ്പിച്ചു വിട്ടു.
ഏറ്റവും മോശമായത് തന്നെ പ്രതീക്ഷിച്ചാൽ മതി എന്ന് മനസ്സിന് ഒരു തോന്നൽ.
"സാറൂ, മറ്റേ വല്ല്യ ബോട്ടാന്നാ കേട്ടേ, അതും മണക്കവലേല്. ആ ഭാഗത്തെ ഏറ്റവും ആഴം ഉള്ള സ്ഥലവും അതാ..,
പ്രശ്നമാകുവോ?"
"വല്ല്യ പ്രതീക്ഷയൊന്നും വേണ്ടെടാ...
അന്നേരം രക്ഷപ്പെട്ടവർ രക്ഷപെട്ടു...
നല്ല ആഴം, ഭയങ്കര തണുപ്പ്, കരയിൽ നിന്നൊരു ആറേഴുകിലോമീറ്റർ... "
വർഷങ്ങളായി എന്റെ വണ്ടി കണ്ട് പരിചയമുള്ളത് കൊണ്ട് ഫോറെസ്റ്റ് ഗേറ്റിലൊന്നും ഞങ്ങൾക്ക് തടസ്സമോ താമസമോ ഉണ്ടായില്ല. ഹോണും എമർജൻസി ലൈറ്റുകളും ഇട്ട് ലാൻഡിംഗ് വരെ വേഗമെത്തി.
അപ്പോഴേക്കും ആദ്യത്തെ റെസ്ക്യൂ ബോട്ട് കരയോടടുക്കുന്നു.
ഏഴെട്ടുപേരുണ്ട്. ഭാഗ്യം, അവരെല്ലാം സുരക്ഷിതർ.
അതേ ബോട്ടിലേക്ക് തന്നെ ഞങ്ങൾ അങ്ങോട്ടേക്ക് പോകാൻ ചാടിക്കയറി.
"അവിടെ സ്ഥിതി എങ്ങനെ മാഷേ? "
ബോട്ട് ഡ്രൈവറോട് വിവരം അറിയാമല്ലോ.
" സാറെ അത്... "
അവന്റെ മുഖത്തെ അന്ധാളിപ്പിൽ ഞങ്ങൾക്ക് വേണ്ട ഉത്തരമെല്ലാം ഉണ്ട്.
അപ്പോൾ ഞങ്ങൾക്കെതിർവശത്തു നിന്ന് രണ്ടു ബോട്ടുകൾ വരുന്നുണ്ടായിരുന്നു. അതിനുള്ളിൽ നിന്ന് നിലവിളികളും ബഹളമയമായ സംഭാഷണങ്ങളും എൻജിന്റെ ശബ്ദവുമായി കൂടിക്കുഴഞ്ഞ് ഞങ്ങളെയും കടന്ന് പിന്നിലേക്ക് പോയി. അതിനുള്ളിൽ രക്ഷപ്പെട്ടവരുണ്ടായിരിക്കാം, രക്ഷപ്പെടാതെ പോകേണ്ടി വന്ന ഹതഭാഗ്യരും ഉണ്ടായിരിക്കാം. അതിലെ ജീവനക്കാർ വെപ്രാളത്തിൽ എന്തൊക്കെയോ ഞങ്ങളോട് വിളിച്ചു കൂവുന്നുണ്ട്.
ദൂരെ നിന്നേ കണ്ടു,മറിഞ്ഞു പകുതിയിൽ കൂടുതലായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ജലകന്യക എന്ന വല്ല്യ ബോട്ട്. അത് നീറ്റിലിറക്കിയിട്ട് അധികനാളായിട്ടുണ്ടായിരുന്നില്ല.
വെള്ളത്തിലും അടുത്തുള്ള കരയിലുമായി ധൃതിവച്ചുകൊണ്ട് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന നാട്ടുകാരും, ഫോറെസ്റ്റുകാരും, പോലീസുകാരും ആരോഗ്യപ്രവർത്തകരും.
ബോട്ട് നിറുത്തുന്നതിനൊപ്പം തന്നെ ഞങ്ങൾ പുറത്തേക്ക് ചാടി വെള്ളത്തിലൂടെ നടന്ന് കരയിലെത്തി.
കരയിലെ പുല്ലിൽ പ്രഥമശുശ്രൂഷ കഴിഞ്ഞ് പലയിടത്തായി ഇരിക്കുകയും കിടക്കുകയും ചെയ്യുന്നു കുറച്ചുപേർ. ഒരു പത്തിരുപതു ആൾക്കാരുണ്ടാകും ആണുങ്ങളായും പെണ്ണുങ്ങളായും കുട്ടികളായും. അവർക്കിടയിലൂടെ ഓടിനടക്കുന്ന സാറയാന്റിയും സ്റ്റാഫ് നഴ്സുമാരും.
"മാം... സിറ്റുവേഷൻ എങ്ങനെ? "
"ടാ..നീ അങ്ങറ്റത്ത് കിടക്കുന്ന കൊച്ചിനെ നോക്കിയേ വേഗം "
പുള്ളിക്കാരിക്ക് എനിക്കൊരുത്തരം തരുവാൻ പോലും നേരം കിട്ടുന്നില്ല.
ഞാൻ ആ കുഞ്ഞിന്റെ അടുക്കലേക്കോടി.
"ഡോക്ടറേ, ഒരാളെക്കൂടി കിട്ടി വെള്ളത്തിൽ നിന്നാരോ വിളിച്ചുകൂവി.
അപ്പോഴേക്കും കിട്ടിയ ആളെ കരയിലെത്തിച്ചു കഴിഞ്ഞിരുന്നു.
ഞാൻ പരിശോധിച്ചുകൊണ്ടിരുന്ന ഏകദേശം പത്തു വയസ്സുള്ള ഒരാൺകുട്ടി, സ്റ്റെബിലൈസ്ഡ് ആണെന്ന് ഉറപ്പായത് കൊണ്ട് ഞാൻ പുതുതായി കൊണ്ടു വന്ന ആളുടെ അടുത്തേക്ക് ഓടി.
നനഞ്ഞൊട്ടി നിൽക്കുന്ന രക്ഷാപ്രവർത്തകർക്കിടയിലൂടെ തിക്കിത്തിരക്കി ഞാൻ അയ്യാളുടെ അടുത്തെത്തി കുത്തിയിരുന്നു.
തണുത്ത് വിറങ്ങലിച്ചിരിക്കുന്നു. ഒരു പത്തറുപത് വയസ്സ് കാണും. അനക്കമില്ല. പൾസില്ല. സ്റ്റാഫ് നഴ്സും ഓടിയെത്തി ഞങ്ങൾ വേഗം റിസസിറ്റേഷൻ ആരംഭിച്ചു..
ഒരു ഗുണവുമുണ്ടാക്കുന്നില്ല.
പെട്ടന്ന് ആളുകൾക്കിടയിൽനിന്ന് ഹിന്ദിയിലെന്തൊക്കെയോ നിലവിളിച്ചുകൊണ്ട് മധ്യവയസ്ക്കയായ ഒരു സ്ത്രീ അയ്യാളുടെ ദേഹത്തേക്ക് കമഴ്ന്നു വീണു.
എനിക്കൊന്നും ചെയ്യാനില്ല.....
അന്തരീക്ഷം ഇരുണ്ടു വരുന്നു. ചുറ്റുമുള്ള കൊടുംകാടിന്റെ പച്ചനിറത്തിന് കറുപ്പ് ഏറുന്നു.
അസ്ഥിതുളക്കുന്ന തണുത്ത കാറ്റിനൊപ്പം ഏതൊക്കെയോ ഭാഷയിലുള്ള നിലവിളികൾ എന്നെ കടന്ന് പോകുന്നു.
കുറച്ചപ്പുറം വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ബോട്ടിന്റെ മുകളിൽ നിന്ന് ഇടക്കിടക്ക് രക്ഷാപ്രവർത്തകരുടെ ആരവം. ഇടയ്ക്കിടെ പോലീസിന്റെ വിസിൽ.
ജനറേറ്റർ ഓൺ ആയതിന്റെ ശബ്ദം, ഒപ്പം ഫയർ ഫോഴ്‌സിന്റെ അസ്കാലൈറ്റിന്റെ വെള്ളവെളിച്ചം കരയിലെ പുൽത്തകിടിയിലും ഇരുണ്ടു കിടന്ന തടാകത്തിലേക്കും പരന്നു.
"മുകളിലെ ഡെക്കിലുണ്ടായിരുന്ന ഏറെപ്പേരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞു സാറേ"."വിദേശികളൊക്കെ മിക്കവാറും തന്നെ നീന്തിക്കയറി"."അവർക്കെല്ലാം നീന്തൽ വശമുണ്ടല്ലോ, പിന്നെ നമ്മുടെ കുറച്ചാൾക്കാർക്കും മാത്രം.
സ്ത്രീകളും കുട്ടികളും പെട്ടുപോയി സാറെ "
നനഞ്ഞവസ്ത്രങ്ങളൂരിയെറിഞ്ഞു ഒരു നിക്കർ മാത്രം ധരിച്ച് അവിടെയടുത്ത് തറയിൽ തളർന്നിരുന്ന ഫോറെസ്റ്റ് ഗാർഡ് ശേഖരൻ എന്നോട് പിറുപിറുത്തു.
ബോട്ട് കിടക്കുന്നിടത്ത് നിന്ന് വീണ്ടും ആരവം.
ഓരോ ആരവവും ആരെയൊക്കെയോ വെള്ളത്തിനടിയിൽ നിന്ന് കിട്ടുന്നതിന്റെ അടയാളമാണ്.
പക്ഷേ അതൊന്നും ഇപ്പോൾ സന്തോഷത്താൽ ഉണ്ടാകുന്നവയല്ലന്ന് മാത്രം.
ഇടുക്കി ജില്ലയുടെ മറ്റ് ഭാഗത്തു നിന്നുള്ള ഡോക്ടർമാരും സ്റ്റാഫുകളും എത്തിത്തുടങ്ങി.
ഞാൻ ഇരുന്നിടത്ത് നിന്ന് വീണ്ടുമെണീറ്റു.
ആകെ ഒരു നിർവ്വികാരത.
ബോട്ട് വടം കെട്ടി വലിച്ചടുപ്പിക്കാൻ ശ്രമിക്കുന്നവരുടെ അടുത്തേക്ക് മെല്ലെ നടന്നു.
ചുറ്റും എന്തൊക്കെയോ നടക്കുന്നു. പക്ഷേ അതിനൊന്നും ഇനി താഴെ നിന്ന് വരാനിരിക്കുന്നവരെ ജീവനോടെ മടക്കി നൽകാൻ കഴിയില്ല.
രക്ഷപ്പെട്ട് വന്നവർക്ക് ചുറ്റും സുരക്ഷയുടെ ഒരു തോന്നൽ ഒരുക്കി ഞങ്ങൾടെ സ്റ്റാഫ് നഴ്സ്മാർ ഓടിനടക്കുന്നു.
വെള്ളത്തിനടിയിൽ വച്ചു എവിടെയോ തട്ടി നെറ്റികീറി ചോരയൊലിപ്പിച്ചുവന്ന പോലീസുകാരന്റെ മുറിവ് വച്ചുകെട്ടുന്ന Dr.സാറ.
നനഞ്ഞു വിറച്ചു നിൽക്കുന്ന ഒരു ബാലികയ്ക്ക് തന്റെ ഷർട്ട് ഊരി പുതപ്പിക്കുന്ന അമ്പാടി.
നേരം നന്നായി ഇരുണ്ടു.
ആരുടേയും മുഖത്തു പ്രതീക്ഷയുടെ ഒരംശം പോലും കാണാനില്ല.
വെള്ളത്തിനടിയിൽ കിടക്കുന്ന ജീവനറ്റവരെ തിരികെ പ്രിയപ്പെട്ടവരുടെ അടുത്തെത്തിക്കുക എന്ന കർത്തവ്യത്തിന് ഒരുകൈ സഹായം. അത് മാത്രമേയിനിയുള്ളൂ എന്ന തിരിച്ചറിവ് ഞങ്ങളിലെല്ലാം നിറയുന്നുണ്ട്.
ഓരോ തവണയും രക്ഷാപ്രവർത്തകർ വെള്ളത്തിനടിയിൽ നിന്ന് ആരെയെങ്കിലും പുതുതായി കൊണ്ടുവരുമ്പോൾ ഓടിയടുക്കുന്നു, ബന്ധുക്കളെ നഷ്ടമായവർ.
മരവിച്ച മനസ്സുമായി ഇതും നോക്കി ഒന്നും ചെയ്യാനാകാതെ ഞങ്ങൾ.
അഞ്ചും പത്തും മിനിറ്റുകളുടെ ഇടവേളകളിൽ കരയിൽ പല ഭാഗത്തായി ഉയരുന്ന വിങ്ങലുകൾ, നിലവിളികൾ.
തുടർന്ന് ആ നിലവിളികളുമായി ലാന്റിങ്ങിലേക്ക് കുതിക്കുന്ന ബോട്ടിന്റെ മുരൾച്ച.
അസ്‌ക്കാ ലൈറ്റിനനുടുത്ത് ഒരു മരക്കുറ്റിയിൽ, തടാകത്തിലേക്ക് നോക്കി അനങ്ങാതിരിക്കുന്ന ഒരു മനുഷ്യൻ.
ഏതാണ്ടൊരുമണിക്കൂറിനുള്ളിൽ അങ്ങോട്ടുമിങ്ങോട്ടുമോടുമ്പോൾ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ഒരു പോലീസുദ്യോഗസ്ഥന്റെയോ പട്ടാളക്കാരന്റെയോ പോലുള്ള ഉറച്ച ശരീരവും ഉറച്ച മുഖഭാവവും. തടിച്ച് മുകളിലേക്ക് ലേശം പിരിച്ച് വച്ചിരിക്കുന്ന മീശ. സഫാരി സൂട്ട് പോലുള്ള വേഷം നനഞ്ഞൊട്ടിയിരിക്കുന്നു.
അതിനിടയിൽ നേവിക്കാരുടെ വരവിന്റെ അറിയിപ്പുണ്ടായി.
രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന നാട്ടുകാർ ഓരോരുത്തരായി കരയിലേക്ക് തിരിച്ചു കയറുന്നു.
പോലീസും ഫയർഫോഴ്സും ഫോറെസ്റ്റുകാരും സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നു. അടുത്ത നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നു.
മണിയെട്ടായി.ഇതുവരെ ഏതാണ്ടിരുപത്തിയാറ് ഹതഭാഗ്യർ സ്വജീവൻ തേക്കടിത്തടാകത്തിന് നൽകി മൃതശരീരങ്ങളായി ഞങ്ങളുടെ കൈകളിലൂടെ ബോട്ടുകളിൽ ലാന്റിങ്ങിലേക്കും അവിടുന്ന് ഞങ്ങൾടെ ആശുപത്രിയിലേക്കും പോയിട്ടുണ്ട്.
കൂടുതലും സ്ത്രീകളും കുട്ടികളും തന്നെ.
നേവി ടീം എത്തി. മറ്റ് ഡിപ്പാർട്മെന്റുകളുമായി ഏതാനം നിമിഷത്തെ ആശയവിനിമയം. അവരിലെ മുങ്ങൽവിദഗ്ധർ ജലത്തിനടിയിലേക്ക് ഊളിയിട്ടിറങ്ങി.
ഇതുവരെ അവിടെയെല്ലാമായി നിറഞ്ഞുനിന്നിരുന്ന നാട്ടുകാരായ യുവാക്കൾ പല ബോട്ടുകളിലായി മടങ്ങിത്തുടങ്ങി. ആരും ഒന്നും മിണ്ടുന്നില്ല. അന്തരീക്ഷവും ശബ്ദവും ഒരുപോലെ തണുത്തുറഞ്ഞു പോകുന്നൊരാവസ്ഥ.
ഞങ്ങൾക്കുമിനി മടങ്ങണം, ആശുപത്രിയിലേക്ക്.
സാറയാന്റി തിരിച്ചുപോകാനുള്ള ഞങ്ങൾടെ സ്റ്റാഫിനെയെല്ലാം ഒരുമിച്ചു വിളിച്ചുകൂട്ടി.
തണുത്ത കാറ്റിൽ ഐസായിപ്പോകുന്നൊരാവസ്ഥ. ആർക്കോവേണ്ടി ഷർട്ടൂരിക്കൊടുത്ത അമ്പാടി നിന്ന് വിറയ്ക്കുന്നു.
അപ്പോഴാ നേരത്തേ കണ്ട മനുഷ്യനെ വീണ്ടും ശ്രദ്ധിച്ചത്.
"അമ്പൂ, നീയാ മനുഷ്യനെ ശ്രദ്ധിച്ചോടാ?
എത്ര നേരമായി ഒന്നും മിണ്ടാതെ ഒരേ ഇരുപ്പാ? നമുക്കാപോലീസുകാരോട് ഒന്ന് പറഞ്ഞാലോ? "
"സാറുവാ, നമുക്കൊന്ന് നോക്കാം ".
ഞങ്ങൾ വളരെയടുത്തെത്തിയപ്പോൾ പുള്ളി മുഖമൊന്നുയർത്തി നോക്കി.
ആരാ എന്താന്നൊന്നുമറിയില്ലല്ലോ.
അമ്പാടി സാവധാനം സംസാരിക്കാനെന്നോണം പുള്ളിയുടെ അടുത്തേക്ക് കുനിഞ്ഞു.
പെട്ടെന്ന് അയാളവന്റെ കൈയ്യിൽ മുറുകെ പിടിച്ചു.
"സാർ.. ഏൻ വൈഫും ഡാട്ടറും കീളെ..
അങ്ങ് കീളെ.. "
അയ്യാൾ ബോട്ട് കിടന്നിടത്ത് വെള്ളത്തിനടിയിലേക്ക് കൈ ചൂണ്ടി.
"ട്ടിൽ നൗ വന്തില്ലേ.. സൊ ഐ ആം വെയ്റ്റിംഗ്.. "
ഞങ്ങൾടെ ഹൃദയങ്ങളിലൂടെ തുളഞ്ഞുകയറി ആ വാക്കുകൾ ഇരുട്ടിലെവിടെയോ പോയി മറഞ്ഞു.
അപ്പോഴേക്കും രണ്ട് പോലീസുകാർ പുള്ളിയുടെ അടുത്തേക്കെത്തി.
അവിടെ ഇനി നിൽക്കാൻ മനസ്സനുവദിക്കുന്നില്ല.
ഞങ്ങൾ തിരികെ നടക്കാൻ തുടങ്ങിയപ്പോൾ അയ്യാൾ പിറകിൽ നിന്ന് വിളിച്ചു.
"സാർ, ഒരു നിമിഷം.. "
"സാർ, കൊഞ്ചം ലേറ്റ് ആനാലും.. ആവുങ്കളെ കെടക്കുമ്പ..
ദേ വിൽ ബീ ഒക്കെ, അല്ലേ സാർ?
ഉയിറുക്ക് പ്രോബ്ലം ഏതുമേ വരമാട്ടെ... ഇസ്റന്റ് ഇറ്റ് സാർ? "
കരഞ്ഞു പോയ എന്റെ മുഖം അമ്പാടി കാണാതിരിക്കാൻ ഞാൻ വേഗം ആ ലൈറ്റിന്റെ അടുക്കൽ നിന്നും ഞങ്ങൾക്ക് പോകാനുള്ള ബോട്ടിന്റെ അടുക്കലേക്ക് നടന്നു.... അതോ ഓടിയോ??
യുദ്ധമുഖത്ത് നിന്ന് ദേഹമാസകലം മുറിവേറ്റ് തോറ്റുമടങ്ങുന്ന സൈനികരെപ്പോലെ ഒരക്ഷരം ഉരിയാടാതെ ബോട്ടിൽ അവിടവിടെയായി ഞങ്ങൾ തളർന്നിരുന്നു.
ഇരുണ്ടുകിടന്ന തേക്കടിത്തടാകത്തിലെ ജലം ആദ്യമായി എന്റെ കണ്ണുകളിൽ ഭീതി പരത്തി. എന്നും പുത്തനുണർവ്വ് മാത്രം പകർന്നു തന്നിരുന്ന ആ തണുത്ത കാറ്റ് എവിടെ നിന്നൊക്കെയോ ഉയരുന്ന നിലവിളികൾ ഞങ്ങളിലേക്ക് എത്തിക്കാൻ മത്സരിക്കും പോലെ.
അദ്ധ്യായം 3 ചാറ്റ മഴ
രാവിലേതന്നെ ആശുപത്രിമുറ്റം നിറയെ ജനങ്ങൾ. കളക്‌ടർ ഇന്നലെത്തന്നെ സ്ഥലത്തുണ്ട്. പോലീസ്, റവന്യു, ആരോഗ്യപ്രവർത്തകർ, നാട്ടുകാർ, ആരും തന്നെ വെറുതേയിരിക്കുന്നില്ല. ജില്ലാമെഡിക്കൽ ഓഫിസറുടെ ഉത്തരവ് ആകും മുൻപേ തന്നെ സ്വയം ഇന്നലെയേ ആവശ്യം വേണ്ട ഉപകരണങ്ങളോടെത്തന്നെ ഇവിടെ എത്തി ജോലിയിലേർപ്പെട്ട ആരോഗ്യവകുപ്പിലെ ഡോക്ടർമാരും ജീവനക്കാരും.
ഏതാണ്ട് മുപ്പതോളം ബോഡികൾ ഇതിനകം കിട്ടിയിരിക്കുന്നു.
മരിച്ചവരുടെ ബന്ധുക്കളിൽ ചിലർ പലയിടങ്ങളിലായി എല്ലാം തകർന്നിരിക്കുന്നു. ചിലർ നിന്ത്രണം നഷ്ടപ്പെട്ട് ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്നു. ചിലർ ഇപ്പോഴും ആരോടെന്നില്ലാതെ എന്തൊക്കെയോ പറഞ്ഞ് നിലവിളിക്കുന്നു.
കുമിളി ടൗണിന്റെ ചെക്ക്പോസ്റ്റിനപ്പുറം കിടക്കുന്ന തമിഴ്‌നാട്ടിൽ നിന്നുമുള്ള ബന്ധുക്കൾ വിവരമറിഞ്ഞ് എത്തിക്കൊണ്ടിരിക്കുന്നു.
പത്രക്കാരും മീഡിയയും മീഡിയാവാനുമൊക്കെയായി ആശുപത്രിമുറ്റം തിരക്കിൽ.
കിട്ടിയ ബോഡികളെല്ലാം അധികം വൈകാതെ പോസ്റ്റ് മോർട്ടം ചെയ്യണം.
ദുരന്തമായതിനാൽ, പോസ്റ്റ്മോർട്ടം നടത്താതെ ബോഡികൾ വിട്ടുകൊടുക്കാനുള്ള ചിലശ്രമങ്ങൾ നടന്നില്ല.
അപ്പോൾ,അത് ഇവിടെ വച്ചു തന്നെ നടത്തണം. നൂറ് കിലോമീറ്ററിനപ്പുറം ഉളള കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുന്നത് പ്രാവർത്തികമല്ല.
ഉൽഘാടനം കാത്തുകിടന്ന പുതിയ വാർഡ് കെട്ടിടം അങ്ങനെ പോസ്റ്റ്മോർട്ടം റൂമായി തുറന്നുകൊടുക്കപ്പെട്ടു. പുതിയ പെയിന്റിന്റെ മണം മാറാത്ത കട്ടിലുകളിൽ നിന്ന് മെത്തകൾ മാറി. ഒരു ഡ്രിപ്പോ ഇഞ്ചക്ഷനോ ഒരു തുള്ളി മരുന്ന് പോലുമോ ഇനി ആവശ്യമില്ലാതെ, എവിടെ നിന്നൊക്കെയോ വന്ന മുപ്പത് പേർ വാർഡിനുള്ളിലേക്ക്.
ഉറക്കത്തിലാണ്ടു പലരും ഇനിയും വരാനുമിരിക്കുന്നു.
സാറാന്റി ഓരോരുത്തരെയായി ഓരോരോ ഉത്തരവാദിത്ത്വങ്ങൾ ഏൽപ്പിക്കുന്ന തിരക്കിൽ.
പോസ്റ്റ്മോർട്ടം റൂമിലെ കാര്യങ്ങളും അതിന് വേണ്ട സ്റ്റാഫിനെ ക്രമീകരിക്കേണ്ടതും ഞാൻ.
നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ള ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും ശ്രദ്ധിക്കാനായി ജില്ലയിലങ്ങോളമിങ്ങോളമുള്ള ആരോഗ്യസ്ഥാപനങ്ങളിൽ നിന്നും വന്ന ഹെൽത്ത് ഇൻസ്‌പെക്ടർമാരും മറ്റു ഫീൽഡ് സ്റ്റാഫും.
വാർഡിൽ ഇരുപത് കട്ടിലുകൾ നിരന്നു. ആദ്യം ചെയ്യാനുള്ള ഇരുപത് ശരീരങ്ങളും.
ഓരോ ബോഡിയും അറ്റൻഡ് ചെയ്യാൻ ഒരു ഡോക്ടർ, ഒരു നഴ്സിംഗ് അസിസ്റ്റന്റ്, ഒരു അറ്റൻഡർ എന്ന വിധത്തിൽ പോസ്റ്റ്‌മോർട്ടം റൂമിലേക്ക് ഒരു നേരം അറുപതു പേർ.
നേരം പത്തുമണിയോടടുക്കുന്നു. ഇതുവരെ ഒരു തുള്ളിവെള്ളം പോലും കഴിച്ചിട്ടില്ല. വിശപ്പ് തോന്നുന്നില്ല.പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് പല ദിവസങ്ങളിലും ഉടൻ കഴിക്കാൻ തോന്നാറുമില്ല.
നേരെ സ്റ്റാഫ് റൂമിലേക്ക് നടന്നു.
അറ്റൻഡർ ഇബ്രാഹിക്ക ഉണ്ടാകുമവിടെ.
"ഇക്കാ,തിരക്കാണെന്നറിയാം. എന്നാലും ഒരു കടും കാപ്പിയിട്ട് തരാമോ?"
"അതിനെന്താ സാറേ.. ഇപ്പൊത്തരാവേ"
രണ്ടുമൂന്നു മിനിറ്റിനുള്ളിൽ ഇക്ക കാപ്പിയിട്ടു തന്നു.. ചെറിയൊരൂർജ്ജം.
"സാറ് കേറുവല്ലേ ചെയ്യാൻ, ഞാനും വരുവാ "
"ഇക്ക എന്റൊപ്പം കേറിക്കോ "
"ആയിക്കോട്ടെ "
ഇതും പറഞ്ഞു പുറത്തിറങ്ങിയ ഇക്ക പെട്ടന്ന് തിരിച്ചു വന്നു.
"സാറെ ഒരു തമിഴൻ കാണാൻ വന്നു നിൽക്കുന്നു "
"പരിശോധനക്കാണേൽ ഇപ്പൊ തിരക്കാന്നു പറ ഇക്കാ... കണ്ടില്ലേ ഇപ്പോഴും പുതുതായി കിട്ടിയ ബോഡികൾ വന്നോടിരിക്കുവാ "
"അല്ല, ഇത് വേറെ എന്തോ.. "
ഇക്ക പൂർത്തിയാക്കുംമുൻപ് അയ്യാൾ അകത്തേക്ക് കയറിവന്നു.
ഇയാളെ ഞാൻ അറിയുമല്ലോ..
"ആഹാ, തേന്മൊഴിയുടെ അച്ഛനല്ലേ?, മോൾക്ക് കുറഞ്ഞില്ലേ? എന്ത് പറ്റി ഇപ്പൊ? "
"സാർ.. "
അയ്യാളുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങി നിന്നു.
എന്റെ നെഞ്ചിലൂടെ ഒരു തണുപ്പ് പാഞ്ഞു പോയത് പോലെ.
"എന്താ മാഷേ?? തേന്മൊഴി എവിടെ? "
അയ്യാൾ ചുമരിലേക്ക് തളർന്നു ചാരി.
"ഇക്കാ.. പിടിച്ചോ "
ഇബ്രാഹിക്ക പെട്ടന്ന് അയ്യാളെ അവിടെ ഒരു കസേരയിൽ പിടിച്ചിരുത്തി.
"സാർ.. തേന്മൊഴി, അങ്കെ... അങ്കെ പടുക്കിറേൻ "
പോസ്റ്റുമാർട്ടം നടക്കാനുള്ള വാർഡിന്റെ ദിക്കിലേക്ക് ചൂണ്ടി അയാളൊന്ന് തേങ്ങി.
ഞാൻ തരിച്ചങ്ങനെ നിന്നു. കണ്ണിൽ ഇന്നലെക്കണ്ട ആ കുഞ്ഞിന്റെ മുഖം മാത്രം.
ആ കൂട്ടത്തിൽ നീയുമുണ്ടായിരുന്നോ കുട്ടീ... ഞാൻ അറിഞ്ഞില്ലല്ലോ.
അയാളോട് ഞാൻ ഇനി എന്ത് പറയാനാണ്?
തന്റെ ജീവിതത്തിൽ അവശേഷിച്ച ഏക സന്തോഷവും നഷ്ടപ്പെട്ട് തകർന്നിരുക്കുന്ന വ്യക്തിയോട്.
കയ്യിലിരുന്ന കുറച്ചുമാത്രം കുടിച്ച കാപ്പിക്കപ്പ് പതുക്കെ മേശപ്പുറത്ത് വച്ചിട്ട് കസേരയിൽ തല കുമ്പിട്ടിരിക്കുന്ന അയ്യാളുടെ തോളിൽ എന്റെ വലതുകൈ കൊണ്ടൊന്നമർത്തി.
"ഇവിടെത്തന്നെയിരുന്നോളൂ "
"ഇക്കാ.. വാ പോകാം "
"സാർ"
അയ്യാളുടെ തോളിലമർന്നിരുന്ന എന്റെ വലത് കൈ പെട്ടന്ന് അയ്യാൾ തന്റെ രണ്ട് കൈയ്യും കൂട്ടി സ്വന്തം നെഞ്ചിലേക്ക് ചേർത്തടുപ്പിച്ചു.
"സാർ.... ഒരു ലാസ്റ്റ് റിക്വസ്റ്റ് "
"നാൻ സൊല്ലതു തപ്പ് താൻ... . അത് എനക്ക് നല്ല തെരിയും,
ഉനക്ക് അത് റൊമ്പ റിസ്ക്ക് മാറ്റർ.. അതും തെരിയും"
ഞാൻ ഒന്നും മിണ്ടിയില്ല. അയാൾക്ക് പറയാൻ ബാക്കിയുള്ളത് കേൾക്കാനായി അയ്യാളുടെ മുഖത്തേക്ക് നോക്കി.
ഞാൻ കുടിച്ചു പകുതിയാക്കി മേശപ്പുറത്ത് വച്ചിരുന്ന കടുംകാപ്പി പരവേശത്തോടെ അയ്യാളെടുത്ത് ഒരിറക്ക് കുടിച്ചു.
"സാർ "
"പറയൂ"
"വലിക്കും വലിക്കും എന്ന് കവലപ്പെട്ടു ഇന്ത നാൾ വരേക്കും ഒരു ഊസി പോലും അവള്ക്കു നാൻ പൊട്ട വച്ചിട്ടില്ലൈ..
ആനാ.. ഇന്ന് എൻ കൊളന്തയ്ക്ക് പോസ്റ്റ്മോർട്ടം.. "
താങ്കമുടിയാത് സാർ....
വേണ്ടാ സാർ...
പ്ലീസ്... "
ഏതാവത് സെയ്ത് ഹെല്പ് പെണ്ണുങ്ക് സാർ
വലിക്കും സാർ... എൻ തേന്മൊഴി... "
ഒരേ ഒരു തടവ് മട്ടും കൂടി ഹെല്പ് പണ്ണ് സാർ... "
"തെന്മോഴിയെ കീറ വേണ്ടാ സാർ "
ഞാൻ നിസ്സഹായനായി ഇബ്രാഹിക്കയെ നോക്കി.
"പോകാം സാർ, ലേറ്റ് ആയി "
ഇബ്രാഹിക്ക പുറത്തേക്കിറങ്ങി, പിറകെ ഞാനും.
"സാർ പ്ലീസ് സാർ... "
സ്റ്റാഫ് റൂമിൽ നിന്ന് ആ തളർന്ന ശബ്ദം ഞങ്ങളുടെ കാതുകളെത്തേടി പിറകെ വന്നു.
അത് കേൾക്കാൻ വയ്യാതെ ഞാൻ ഇബ്രാഹിക്കയോടൊപ്പം വേഗം നടന്നു. പുറത്ത് നേർത്ത ചാറ്റമഴ.
പോസ്റ്റ്മോർട്ടം നടത്തേണ്ട വാർഡിനടുത്തുനിന്നും പോലീസുകാർ കൂടി നിന്നവരെയെല്ലാം നിർബന്ധപൂർവം മാറ്റുന്നു. അതിൽ ബന്ധുക്കളും നാട്ടുകാരും മീഡിയയും, എല്ലാം ഉണ്ട്.
രോഗികൾ നിരന്നുകിടക്കുംപോലെ ഞങ്ങളെക്കാത്ത് ഇരുപത് മൃതദേഹങ്ങൾ. ഇന്നലെ ചിരിച്ചുകളിച്ചു, നാടുകാണാൻ കുമിളി ടൗണിലൂടെ നടന്നു പോയവർ.
ഇതിനിടയിലെവിടെയാ തേന്മൊഴീ നീ??
കുമിളിയിലെ തണുപ്പിലും ഞാൻ കുറേശ്ശെ വിയർക്കുന്നുണ്ട്. ബെഡ്ഡുകൾക്കിടയിൽ കാഴ്ച്ച മറച്ചുകൊണ്ട് സ്ക്രീനുകൾ അറ്റൻഡർമാർ നിരത്തിത്തുടങ്ങി.
പോസ്റ്റ്മോർട്ടം റിക്‌സ്റ്റുകളുമായി പോലീസുകാർ ഓരോരോ ഡോക്ടർമാരുടെ അടുത്തേക്ക്. പോസ്റ്റ്മോർട്ടം ചെയ്യേണ്ടവർ നേരത്തേ നിശ്‌ചയിച്ച പോലെ ഗൗണും മാസ്കും കൈയ്യുറകളുമൊക്കെ ധരിച്ചു ഓരോരോ ബോഡിക്കടുത്തേക്ക്.
ഞാൻ പതുക്കെ പതുക്കെ നടന്ന് ഓരോ കട്ടിലിനും അടുത്തുപോയി നോക്കുന്നു.
തേന്മൊഴി എവിടെ?
"സാറെ.. ഇങ്ങോട്ടൊന്നു വന്നേ "
ഇടതുവശത്ത് അങ്ങേയറ്റത്തുള്ള ബെഡ്‌ഡിനടുത്തേക്ക് ഇബ്രാഹിക്ക എന്നെ വേഗം ചെല്ലാൻ മാടിവിളിക്കുന്നു.
ദൂരെ നിന്നേ കണ്ടു. ഇരുനിറത്തിലുള്ള ആ കുഞ്ഞുമുഖം. നേർത്തൊരു ചിരി തരുന്ന പോലെ ചുണ്ട്.
സ്‌ക്രീനിൽ താങ്ങി നിന്ന് കുറച്ചുനേരം ആ മുഖത്തേക്ക് നോക്കി.
തേക്കടിയിലെ അവസാനത്തെ ഏത് കാഴ്ച്ചയാണോ ആവോ അവൾക്ക് ചിരിക്കാൻ വകയായത്?
"സാറേ, ഞാൻ നിങ്ങടെ കൂടെ കൂടുവാ..
മിണ്ടിയും പറഞ്ഞും നിക്കാല്ലോ. "
നഴ്സിങ് അസിസ്റ്റന്റ് മാമുച്ചേച്ചിയാണ്. ലേശം വർത്തമാനം കൂടുതലാണ്. പക്ഷേ ജോലിയിൽ കള്ളമില്ല. അത് ജോലിസമയത്തിന്റെ കാര്യത്തിലായാലും, മുറിവുകൾ ഡ്രസ്സ് ചെയ്യുന്ന കാര്യത്തിലായാലും, വാർഡുകളിലെ ജോലിയുടെ കാര്യത്തിലായാലും, എല്ലാം ഉഷാർ.
ബന്ധപ്പെട്ട പോലീസുകാരൻ പോസ്റ്റ്മോർട്ടം റിക്വസ്റ്റ് കൈമാറി ഒപ്പിട്ടു വാങ്ങിപ്പോയി പോയി.
ഞാൻ വിയർപ്പ് നിറഞ്ഞ മുഖവുമായി ഇബ്രാഹിക്കയെ നോക്കി.എന്റെ മുഖത്തു നോക്കാതെ ഇക്ക ഗൗണും ഗ്ലൗസും മാസ്കും വച്ചു നീട്ടി.
മാമുച്ചേച്ചി എനിക്ക് ഗൗൺ പുറകീന്ന് പിടിച്ചു വലിച്ചു താഴേക്ക് നേരെയാക്കിയിട്ടുകൊണ്ട് സംസാരം ആരംഭിച്ചു.
"കണ്ടു നിക്കാൻ വയ്യ സാറേ, എന്നാലും നമ്മളങ്ങ് ചെയ്യും "
തേന്മൊഴിയുടെ പാതിയടഞ്ഞ കണ്ണുകൾ
എന്നെത്തന്നെ നോക്കിക്കിടക്കുന്നു.
ഇന്നലെ ഞാൻ നിന്നെ ഇൻജെക്ഷനിൽ നിന്ന് രക്ഷിച്ചു, പക്ഷേ ഇന്ന്?
എന്റെ കണ്ണുകൾ വീണ്ടും ഇക്കയുടെ മുഖത്തേക്ക് പതിഞ്ഞു.ഇബ്രാഹിക്ക എന്നെയും മാമുചേച്ചിയെയും മാറിമാറി നോക്കുന്നുണ്ട്. ചേച്ചി ബോഡി കീറിത്തുടങ്ങാനുള്ള ബ്ലേഡ് ഹാൻഡ്‌ലിൽ ഉറപ്പിക്കുന്ന തിരക്കിലും.
എന്റെ മനസ്സിൽ വീണ്ടും ആ അച്ഛന്റെ ഇടറിയ വാക്കുകൾ.
"സാറെന്താ വല്ലാണ്ടിരിക്കുന്നേ?
നമ്മളെത്രയെണ്ണം ചെയ്തിട്ടുള്ളതാ?
ഇത് പിന്നെ വല്ലാത്ത ദുർഗ്ഗതി ആയിപ്പോയി ഈശ്വരാ "
വീണ്ടും മാമുചേച്ചിയുടെ സ്വരം. പുള്ളിക്കാരി തേന്മൊഴിയുടെ വസ്ത്രങ്ങളെല്ലാം മാറ്റിത്തുടങ്ങി.
എന്താ ഞാൻ ചെയ്യാൻ പോകുന്നത്. എനിക്കൊന്നും മനസ്സിൽ വ്യക്തമാകുന്നില്ല.
"ചേച്ചീ, ഞാനിപ്പോ വരാം."
ഞാൻ പതുക്കെ അവിടുന്ന് വാർഡിന്റെ മറ്റേ അറ്റത്തേക്ക് നടന്നു.
പലരും ചെയ്ത് തുടങ്ങി. സ്‌ക്രീനുകൾക്കുള്ളിൽ നിന്ന് അടക്കിപ്പിടിച്ച സംഭാഷണങ്ങൾ.
ഫോണെടുത്ത് കുറച്ചുനേരം അതിലേക്ക് വെറുതേ നോക്കി നിന്നു. പെട്ടെന്ന് എന്തോ തോന്നി Dr.സാറയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.
"എന്താടാ..? നീ ഇതെവിടെയാ?"
"മാം, ഞാനിവിടെ പോസ്റ്റ്മോർട്ടം റൂമിലുണ്ട്. "
"ആ..പറ എന്നതാ "
"മാം.. ഒരു റിക്വസ്റ്റ് "
"നീ കാര്യം പറ "
"മാമുചേച്ചിയെ എന്തെങ്കിലും കാര്യം പറഞ്ഞ് അങ്ങോട്ടേക്കൊന്ന് ഒന്ന് വിളിപ്പിക്കാവോ, ഒരു മുക്കാൽ മണിക്കൂറത്തേക്ക്.. പ്ലീസ്? "
"എന്നാടാ.. നീ കാര്യം പറ. അപ്പൊ വേറൊരാളെ അങ്ങോട്ട് വിടണ്ടേ? ഇവിടാണേൽ എല്ലാരും തിരക്കിലാ. "
" അതൊക്കെപ്പിന്നെ പറയാം. വേറൊരാളെ ഇങ്ങോട്ട് വിടണ്ട.ഇക്കയുണ്ട്,ഞങ്ങൾ നോക്കിക്കൊള്ളാം "
"ആ.. എന്നാ ആയിക്കോട്ടെ "
ഇപ്പൊ എനിക്ക് ഏതാണ്ടൊക്കെ ഉള്ളിൽ ഒരു തീരുമാനമാകുന്നപോലെ.
തിരിച്ചു ചെല്ലുമ്പോൾ മാമുച്ചേച്ചി സ്റ്റിച്ചിങ് നീഡിലിൽ നൂൽ കോർക്കുന്ന തിരക്കിൽ.
പെട്ടന്ന് മാമുചേച്ചിയുടെ പഴയ ഫോണിന്റെ ബെല്ല് അവിടെ മുഴങ്ങി.
"ഹലോ... എന്താ മാഡം? "
മാഡം ഞാൻ ഇവിടെ സാറിന്റെ കൂടെ പോസ്റ്റ്മോർട്ടം... "
"ഓക്കേ... ശരി മാഡം "
"സാറേ, സാറാ മാഡമാ.. കാഷ്വാലിറ്റിയിൽ എന്തോ അത്യാവശ്യം. ഞാൻ അങ്ങോട്ട് ചെല്ലാൻ.. പോയിട്ട് വരാമേ "
"ആയിക്കോട്ടെ ചേച്ചീ.. പതുക്കെ വന്നാൽ മതി "
ഞാൻ സ്‌ക്രീനിനകത്ത് കടന്ന് ഒരു സ്റ്റൂളിൽ ചുവരിലേക്ക് ചാരിയിരുന്നു.
"അപ്പോ നമ്മളീ കുഞ്ഞിനേ കീറില്ലല്ലോ.. അല്ലേ സാറേ? "
മുഖം മറച്ച മാസ്കിന് മുകളിലൂടെ ഇക്കയുടെ നനഞ്ഞ രണ്ട് കണ്ണുകൾ എന്നെ പ്രതീക്ഷയോടെ നോക്കി.
"അവളെ കഴിയുന്നത്ര രീതിയിൽ സുന്ദരിയായി ഒരുക്കി പൊതിഞ്ഞെടുക്ക് ഇക്കാ. എന്നിട്ട് മറ്റുള്ളവർ ചെയ്ത് തീരും വരെ നമുക്കിവൾക്ക് ഇവിടെ കൂട്ടിരിക്കാം."
പോസ്റ്റ്മോർട്ടം കഴിഞ്ഞു ശരീരങ്ങളെ ഒരുക്കാനും പുതപ്പിക്കാനുമുള്ള വസ്ത്രങ്ങൾ യുവജനസംഘടനകളും ടൗണിലെ വസ്ത്രവ്യാപാരികളും ആവശ്യത്തിനെത്തിച്ചിട്ടുണ്ട്.
അവൾക്ക് നീണ്ട ഒരു ഫ്രോക്കും ഇടീച്ച് ദേഹത്തും മുഖത്തും ഫേസ് പൗഡറും പൂശി ഒരു വെള്ള ഷീറ്റിൽ പൊതിഞ്ഞു കിടത്തിയിട്ട് ഇക്കയും എന്റൊപ്പം വന്നടുത്തിരുന്നു.
ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
നിനക്കൊരമ്മയില്ലാഞ്ഞത് നന്നായി കുട്ടീ. അല്ലായിരുന്നെങ്കിൽ ആ അമ്മയും ഇന്ന് ഹൃദയം തകർന്ന് വീണേനെ.
എത്രനേരം ഞങ്ങളങ്ങനെ ഇരുന്നുപോയെന്ന് അറിയില്ല. ഇക്കയെന്റെ കൈകളിൽ തൊട്ടപ്പോഴാണ് പരിസരബോധമുണ്ടായത്.
"സാറേ, സമയമായി. അപ്പുറത്തൊക്കെ തീർന്നെന്ന് തോന്നുന്നു."
"മം.... ഇക്കാ? "
"സാറ് പറയണ്ട, ചത്താലും ഞാനിതരോടും പറയില്ല. "
ഞങ്ങൾ രണ്ടാളും പുറത്തേക്കിറങ്ങി. പുറത്തിപ്പോഴും നേർത്ത ചാറ്റമഴ.
പോസ്റ്റ്മോർട്ടം കഴിഞ്ഞ ബോഡികൾ മാറ്റാനും പുതിയവ കിടത്താനുമുള്ള തിരക്കിലേക്കിനിടയിലേക്ക് ഇക്ക മറഞ്ഞു.
തേന്മൊഴിയുടെ ബോഡി ഏറ്റുവാങ്ങേണ്ട പോലീസുകാരൻ എന്റടുത്തേക്ക് വേഗം വന്നു. പോസ്റ്റ്മോർട്ടം റൂമിന് മുന്നിൽ നിന്ന് പേപ്പറുകൾ ഒപ്പിട്ട് കൈമാറുന്നതിനിടയിൽ എന്റെ കണ്ണുകൾ അയ്യാളെ തിരഞ്ഞു.
ആശുപത്രിയുടെ മുന്നിലെ ഒഴിഞ്ഞ പാർക്കിലുള്ള സിമന്റ് ബഞ്ചിൽ മഴനനഞ്ഞുകൊണ്ട് തലകുമ്പിട്ടിരിക്കുന്ന അയ്യാൾ.
ഞാൻ മെല്ലെ ആ മഴയിലേക്കിറങ്ങി.
ആരൊക്കെയോ ധൃതിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്.
അവരുടെയിടയിലൂടെ നടന്ന് അയാളുടെ അടുക്കലെത്തി ആ സിമന്റ് ബഞ്ചിൽ പതുക്കെ ഞാനുമിരുന്നു, തലകുമ്പിട്ട്.
അയ്യാൾ തലയുയർത്തിയില്ല.
ഞാൻ എന്റെ ഇടതുകൈ അയ്യാളുടെ വലതുകൈയ്യിൽ മെല്ലെ അമർത്തി.
"നിങ്ങളുടെ തേന്മൊഴിയെ ഞാൻ ഒരു സൂചി കൊണ്ടോ കത്തി കൊണ്ടോ വേദനിപ്പിച്ചിട്ടില്ല. അവൾ അവിടെ സമാധാനമായി ഉറങ്ങുന്നു "
അയാളൊന്നും മിണ്ടാതെ തലകുമ്പിട്ടു നനഞ്ഞ മണ്ണിലേക്ക് നോക്കിയിരുന്നു.
ആ ചാറ്റമഴനഞ്ഞുകൊണ്ട് ഞാനും.....