പ്രളയാനന്തരം വിപ്ലവം...........
മുൻപിൽ കൊണ്ട് വച്ച ആവി പറക്കുന്ന ചായ ചുണ്ടിൽനിന്ന് നാവിലേക്കെത്തിയപ്പോൾ പെട്ടന്ന് വീട്ടിൽ അച്ഛമ്മയുടെ മുന്നിൽ എത്തിയ ഒരു സുഖം.
മാന്നാർ SNDP ജംഗ്ഷനിൽ സ്ഥിതി L.P സ്‌കൂളിലെ ഇതേ പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ ഇന്നലെ കിട്ടിയ മലവെള്ളച്ചായയിൽനിന്ന്,
ഇന്ന് ആവശ്യത്തിന്ന് പാലും കടുപ്പവും മധുരവും ഇച്ചിരി ഏലക്കായയുടെ രുചിയുമുള്ള ചായ കിട്ടിയപ്പോ എന്റെ കണ്ണിലുണ്ടായ പ്രകാശത്തെ ചായ കൊണ്ട് തന്ന ക്യാമ്പംഗം റഷീദിക്ക പല്ലില്ലാമോണ കാട്ടി ചിരിച്ചുകൊണ്ട് സാധുകരിച്ചു....
''തടത്തുമ്മലിലെ വെള്ളിയമ്മച്ചീടെ കൈപ്പുണ്യമാ സാറേ ..''
അപ്പോഴാണ് ഏലക്കായ ചായയിലിട്ടുകുടിക്കുന്ന എന്റെ അച്ഛമ്മയെ ഓർത്തുപോയതു ...
ആ ഒരുണർവ്വിൽ ഞാൻ ഇരുന്നേടത്ത് നിന്നെഴുന്നേറ്റ് ഒന്ന് മൂരിനിവർത്തി.
''ഡേയ് ..നീ എഴുന്നേറ്റതക്ക കൊള്ളാം ..ല്ല ചായയും എനിക്കിഷ്ടപെട്ട്,എന്ന വച്ച് ഇതിട്ടവരെ ഇപ്പോക്കാണാനന്നുംപറഞ്ഞു ഇവിടുന്നെങ്ങാനം
വലിഞ്ഞാ എന്റെ കൊണം മാറുമേ..''
ചക്കരേൽ പറ്റിപ്പിടിച്ചിരിക്കുന്ന ഈച്ചകളെപ്പോലെ
തന്നെ പൊതിഞ്ഞിരിക്കുന്ന രക്തസമ്മർദ്ദ,പ്രമേഹ ഗോലികളുടെ ആരാധകരായ
അമ്മാവൻഅമ്മച്ചിമാരുടെയും തന്റെ തലക്ക് മുകളിലൂടെ ആകാശത്തേക്കും
പറ്റുമെങ്കിൽ തന്റെ തന്നെ തലയിലേക്കും വിദേശ പെർഫ്യൂമുകളെപ്പോലെ അതിശക്തമായി ചീറ്റപ്പെടുന്ന ശ്വാസനാളസ്രവങ്ങളുടെ (aerosol എന്ന ഞങ്ങളുടെ വാക്ക് ഇവിടെ പ്രയോഗിച്ചാൽ അത്രക്ക് അറപ്പുണ്ടാകില്ലത്രേ) ഉത്പാദകരായ കുട്ടിപിശാചുക്കളേയും
ചുമലിലേറ്റി നിൽക്കുന്ന നൈയ്റ്റിധാരികളായ ചേച്ചിമാരുടെയും ഇടയിലൂടെ പുറത്തേക്ക് തലയിട്ട് ബിജുഅളിയന്റെ ശാസന.
കാര്യം ഞാനുമവനും ഇപ്പൊ ഹൌസ് സർജ്ജന്മാരും,
ഞങ്ങളെക്കൊണ്ട് ആർക്കെങ്കിലും ഉപയോഗമുണ്ടായിക്കോട്ടെന്നും കരുതി പ്രളയദുരിതാശ്വാസക്യാമ്പിലേക്ക്
തിരുവനന്തപുരത്തുനിന്ന് ചോദിച്ചുമേടിച്ച്
ഡ്യൂട്ടിക്ക് വന്നതാണെങ്കിലും എന്റെ ഇതുപോലുള്ള
ചെറിയ തരികിട പരിപാടികളൊക്കെ അളിയന് ഹൃദ്യസ്ഥമാണ്.
വർഷം നാലഞ്ചായില്ലേ...
ഒരേ ഹോസ്റ്റൽ,
ഒരേ മുറി,
ഒരേ സോപ്പുപെട്ടി,
ഒരേ ബക്കറ്റ്,
ഒരുമിച്ചുള്ള പരാജയങ്ങൾ,
ഒരുമിച്ചുമാത്രമുള്ള വിജയങ്ങൾ,
പ്രിൻസിപ്പലിന്റെ സസ്പെൻഷൻ ഓർഡറിൽ പോലും ഒരുമിച്ചാവാനുള്ള ഒരു ത്വര...
അങ്ങനെ ഞങ്ങളെക്കൊണ്ടാവുന്ന കാര്യങ്ങളിലെല്ലാം ആസ്വാദനം ഒരുമിച്ചായിരുന്നു...
ഞാൻ പത്തിമടക്കി ആരോഗ്യരംഗത്തേക്ക് വീണ്ടും ഊളിയിട്ടിറങ്ങി.
പെട്ടെന്ന് റഷീദിക്ക മാലാഖയുടെ കുപ്പായമെടുത്തണിഞ്ഞു...
''അതേയ് ,ഇനി നമ്മുടെ ഡോക്ടർമാരും നേഴ്സ് കൊച്ചന്മാരും ഒന്ന് വിശ്രമിക്കട്ടെ...
സാറമ്മാര് വന്നാട്ടെ,വെള്ളിയമ്മച്ചീടെ വക കപ്പേം മൊളക് ചമ്മന്തീമോണ്ട്.
നമുക്കാവരാന്തയിലേക്ക് പോയിരിക്കാം ...''
''ഹോ!..തകർത്തു എന്റ സാറേ ..''സ്റ്റാഫ് നേഴ്സ് സാബു വിരലുംനക്കികൊണ്ട് പകുതി ഞങ്ങളോടായിപ്പറഞ്ഞു...
കഴിച്ചുതുടങ്ങിയപ്പോത്തന്നെ മനസ്സ് പറഞ്ഞു..''സത്യം'',വളരെ പരിമിതമായ വിഭവങ്ങൾകൊണ്ട് മനസ്സ് നിറക്കുന്നൊരു വിരുന്ന്.
''യോഗം വേണമെന്റെ സാറേ ..അതിനവകാശമുള്ളോര് അവരേം കളഞ്ഞിട്ട് അന്യദേശത്ത് ചെന്ന് അവിടുത്തെ ആൾക്കാരായി
കഴിയുന്നു.''
''ഇവരിവിടെ ഒറ്റക്ക്,കൊട്ടാരം പോലൊരു ബംഗ്ളാവിൽ ...
ഇപ്പൊ മൊത്തം വെള്ളം കേറി.
നിങ്ങടെ നാട്ടീന്ന് വന്ന കടലിപോണൊരു ബലമായിപ്പിടിചോണ്ടുവന്നിവിടെ ആക്കീതാ.
രണ്ട് ദിവസം ആരോടും ഒന്നും മിണ്ടീല.
പിന്നെ,ദേ ഇന്ന് തൊട്ട് ക്യാമ്പിന്റെ അടുക്കളേടെ ചുമതല സ്വയം ഏറ്റെടുത്തോണ്ടവിടെ നിപ്പോണ്ട്.''ഇക്ക പറഞ്ഞു നിർത്തി.
തിരക്കൊഴിഞ്ഞപ്പോ കുശിനി വഴിയൊന്ന് കറങ്ങാന്ന് വച്ചു....
മനസ്സിലെ ജാള്യത മറയ്ക്കാൻ കുറച്ച് ബദ്ധപ്പെട്ടു.
കുറച്ചുമുന്നേ പ്രഷർ ഒന്ന് നോക്കിത്തരുവൊന്ന് ചോദിച്ചുവന്ന ഒരു പാവം വല്യമ്മ.
തിരക്കൊഴിഞ്ഞിട്ട് പിന്നെയാവാന്ന് നിസംഗതയോടെ പറഞ്ഞൊഴിഞ്ഞ ഞാനും.
തലമുടിയും പുരികവും മുഴുവൻ വെള്ളി നിറം.
മുണ്ടും ചട്ടയും വേഷം. എഴുപതിനടുത്ത പ്രായം. ഇതാണ് വെള്ളിയമ്മ. മനസ്സിലെവിടെയൊയുള്ള വിഷാദഭാവം അല്പവും പുറത്തു കാട്ടാതെ ചിരിച്ചുകൊണ്ടും അതിനിടക്ക് ആജ്ഞാരുപത്തിലോ ചിലപ്പോ ശാസനാരുപത്തിലോ കൂടെനിന്ന് പണിയുന്നവരോട് പെരുമാറുന്നത് മുഖവും സ്വരവും.
എന്നെക്കണ്ടുകൊണ്ട് മുഖം പ്രസന്നമാക്കി ഒരു ചോദ്യയോം.. "കൂടുന്നോ ഞങ്ങടെ കൂടെ ? "
ഉള്ളി തൊലിച്ചുകൊണ്ടിരുന്ന ഒരു നിക്കറിട്ട ബാല്യം എന്നേ നോക്കിചിരിച്ചു.
"അമ്മച്ചിക്ക് പ്രഷർ നോക്കണ്ടേ?... വാ..
ഓ.. ഇനി വേണ്ട കുഞ്ഞേ.
ഒരു നൂറു പണി ഇവിടെ ബാക്കി കിടക്കുവാ.
വാക്കുകൾക്കിടയിലൊരു ചെറുപിണക്കം.
എനിക്കാണേൽ മുന്നേ കിട്ടിയ ആ എളിയ വിരുന്നിൽ നിറഞ്ഞിരുന്ന സ്നേഹവും വാത്സല്യവും തിരസ്കരിക്കാവുന്നതിനുമപ്പുറമായിരുന്നു.
"അമ്മച്ചിയിങ്ങു വന്നേ "
കൈയ്യിൽ പിടിച്ചു പരിശോധനാസ്ഥലത് കൊണ്ടിരുത്തും വരെ ഞാൻ അമ്മച്ചീടെ മുഖത്തു നോക്കിയില്ല.
"എന്റെ മോനേ.. കഴിക്കുന്ന മരുന്നൊന്നും എനിക്കറിയില്ല. രണ്ടുകൊല്ലം മുൻപ് പിള്ളേര് അയർലൻഡിന് പോകുംമുമ്പ് ടൗണിൽ പോയി മത്തായി ഡോക്ടറെ കാണിച്ചുമേടിച്ചുതന്നതാ.
അതീപ്പിന്നെ ഞാൻ പരിശോധനക്കൊന്നും പോയിട്ടില്ല.
പരിചയമുള്ള ചെക്കന്മാരെ ആരേലും വഴീൽ കാണുമ്പോ ഗുളികയുടെ കവറു കൊടുത്തുവിട്ടുമേടിക്കും. ഒരു ദീർഘനിശ്വാസത്തിൽ അവസാനിച്ച ആ വരികളിൽ എല്ലാം ഉണ്ടായിരുന്നു.
പ്രഷറ് അല്പം കൂടോലാ.
"മരുന്ന് അമ്മച്ചി ഇവിടുന്ന് മേടിച്ചോ".... BP cuff ചുരുട്ടി വച്ചു ഞാൻ കുറിപ്പെഴുതി.
"അമ്മച്ചി ഒറങ്ങീട്ട് നാലഞ്ചായി മോനേ. ദേഹമനങ്ങിയാലെങ്കിലും ഒന്നുറങ്ങാൻകഴിഞ്ഞെങ്കിലെന്ന് കരുതിയാ ഇന്ന് തൊട്ടു ഈ പണിയെല്ലാം ഏറ്റു പിടിച്ചേ.. "
"ഉറങ്ങാനെഴുതാം.."
ഞാൻ പേനയെടുത്തു..
വേണ്ട മോനേ... അതൊന്നും വേണ്ട. അമ്മച്ചിപോട്ടെ...
പണീണ്ട്... "
കൺമുന്നീന്ന് മാറുംവരെ അവർ പോകുന്നതും നോക്കിയിരുന്നു.
"ഡേയ്.. നീ അവരേം വളച്ചെടുത്താ? "
ബിജു അളിയനെത്തി.
കൂടെ സാബുവും ഞങ്ങളെ തിരിച്ചു ഞങ്ങളുടെ ബേസ് ആയ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വന്ന വണ്ടിക്കാരൻ ഗിരിയണ്ണനും.
"അണ്ണാ... ഒരരമണിക്കൂർ, ബാക്കി എല്ലാപേരേയുംകൂടെ ഒന്ന് നോകീട്ടിപ്പോ ഇപ്പൊ വരാമേ ".
"പതുക്കെ മതി സാറേ.. ഞാൻ ഞാൻ നിങ്ങടെ കൂടെ ഇവിടെ ഇരുന്നോളാം. "
ഗിരിയണ്ണനെ ദുരിതാശ്വാസപ്രവർത്തനങ്ങളുടെ തുടക്കത്തിലേതന്നെ കൊട്ടാരക്കരയിൽ നിന്നും തന്റെ ഇന്നോവ കാറോടെ പോലീസ് പൊക്കിക്കൊണ്ട് വന്നതായിരുന്നു.
അണ്ണന്റെയും ഞങ്ങളുടെയും ഓണസദ്യ ഇത്തവണ ക്യാമ്പ് കഞ്ഞിയായിരുന്നു.
"എനിക്ക് വെഷമൊന്നുമില്ല സാറേ. ഇതൊന്നും കാണാതെയും ഇവിടൊരുകൈസഹായെങ്കിലും ചെയ്യാതെ ഞാൻ മണ്ണൂരുള്ള എന്റെ തറവാട്ടിൽ പിള്ളേരോടും പെണ്ണുംപിള്ളയോടുമൊപ്പം സദ്യേം പായസോം കഴിച്ചോണ്ടിരുന്നേൽ, അതൊന്നും ദഹിക്കാതെ
വിഷമായി എന്റെ ഉള്ളിൽ കിടന്നേനെ. "
"സാബൂ ..എല്ലാം എടുത്തു വയ്ക്ക്...
അളിയാ ഞാൻ അടുക്കളേൽ പോയി ഇച്ചിരി വെള്ളം കുടിച്ചേച്ച് വരാം. "
"അമ്മച്ചിയെ....
ഇച്ചിരി ചൂടുവെള്ളമിങ്ങെടുത്തോ.... "
സ്റ്റീൽ മഗ്ഗിൽത്തന്ന ചുക്കുവെള്ളം വാങ്ങുന്നേനിടെ വെറുതെ ചോദിച്ചു...
"നാളെ വരുമ്പോ അമ്മച്ചിക്ക് ടൗണീന്ന് എന്തെങ്കിലും വാങ്ങണോ...? "
തലയൊന്ന് വെട്ടിച്ച് ഒന്നാലോചിച്ചിട്ട്...
"ഒന്നുമില്ല കുഞ്ഞേ...
നാളെ ഇനി ചിലപ്പോ നിങ്ങളായിരിക്കേലല്ലോ ഇവിടെ.. "
ഗിരിയണ്ണന്റെ വണ്ടീലൊട്ട് കേറാൻനേരം റഷീദിക്കേടെ വിളി, പിറകീന്ന്..
"സാറേ.. ഒന്ന് നിക്കണേ..,
വെള്ളിയമ്മച്ചിക്ക് മരുന്നെലെന്തോ സംശയൊന്ന്.. "
"യെവര് നിന്നേം കൊണ്ടേ പോവോള്ളാടെ..?
ഇനി എന്തരാണപ്പാ? "
ബിജു അളിയന്റെ ആത്മഗതം....
ഞാൻ മാത്രം കാണുന്ന രീതിയിൽ അമ്മച്ചി എന്നെ മരുന്ന് ചീട്ട് കാണിച്ചിട്ട്
"ഒറക്കമൊട്ടുമില്ല മോനേ... "
"അതല്ലേ അമ്മച്ചീ അന്നേരം ചോദിച്ചത്..? "
"അതല്ല കുഞ്ഞേ..
ന്റ കുഞ്ഞിനോട് പറയാൻ പാടില്ലാത്തതാ...
അതിയനോണ്ടായിരുന്നപ്പോ രാത്രി അത്താഴത്തിന്ന് മുന്നേ എനിക്കും ഒന്നോ രണ്ടോ തരുമായിരുന്നു ..
അങ്ങേരു മിലിറ്ററീലല്ലായിരുന്നോ...
ഈ ക്വാട്ടായേ... "
ഒരു മടിയോടെ അമ്മച്ചി തുടർന്നു...
"രണ്ടു കൊല്ലം മുൻപ് അതിയാൻ പോയല്ലോ...
പിന്നെ മുറ്റം വൃത്തിയാക്കാൻ വരുന്നൊരു ബംഗാളി പയ്യൻ നൂറു രൂപ കമ്മീഷനിൽ എനിക്ക് രഹസ്യമായി വാങ്ങിത്തരുവായിരുന്നു....
വെള്ളം കേറിയപ്പോ അവനേം കാണാനില്ല... "
മുഖത്തമർത്തിപ്പിടിച്ച ചിരിയയൊതുക്കി ഗൗരവം വിടാതെ ഞാൻ കേട്ടുകൊണ്ട് നിന്നു....
"മോൻ വേറാരൊടും പറയരുത്... "
" അമ്മച്ചീ.. ഇതൊരു ക്യാമ്പാണ്..
ഞാനൊരു ഡോക്ടറും...
എന്തരമ്മച്ചീ ഇതക്ക.... "
പലപ്പോഴും വിഷമിച്ചു വരുന്ന രോഗികളോട് ഞാൻ ഗൗരവം കളഞ്ഞ് ഞങ്ങടെ പപ്പനാവന്റെ നാട്ടുഭാഷ ഉപയോഗിക്കാറുണ്ട്...
എങ്ങനെയോ അറിയാതെ വന്നുപോയ ഒരു സ്വഭാവം.
മുഖത്തൊരു ചിരിയും മനസ്സിലൊരു നനുത്ത വിഷമവുമായി ഞാൻ വന്നു വണ്ടിയിൽ കയറി.
"അപ്പോളെങ്ങനാ അളീ...
ഇന്നിനി വൈകുന്നേരം പണിയൊന്നുമില്ലല്ലോ?
നടക്കണോ ചുരുണ്ടു കെടക്കണോ...?
ബിജു അളിയൻ ഇന്നത്തെ പ്രോഗ്രാം ചാർട്ട് ചെയുവാ...
"നമുക്കൊന്ന് നടന്നേക്കാം... "
അളിയനൊരു കുട്ടിനിക്കറും ടീ ഷർട്ടും, ഞാനൊരു നരച്ച ടീ ഷർട്ടും സാബൂന്റെ ബാഗീന്ന് കിട്ടിയ ലുങ്കിയുമുടുത്തിറങ്ങി..
"നീയെന്താ ലുങ്കീല്..? "
"ആ... ഇന്നിതാ വേണ്ടത് "
"എന്തിന്നു? "
"പറയാം.. നീ വാ "
ജില്ലാശുപത്രിയിൽ നിന്നിറങ്ങി നടന്നു കുറച്ചപ്പുറം കണ്ട മാടക്കടയിലൊന്ന് കേറി...
"ചേട്ടാ.. ഇവിടെ നമ്മുടെ ബിവറേജ് എവിടാ? "
കാണാതിരുന്നുകണ്ട പ്രിയപ്പെട്ടവരെ കാണുമ്പോഴുണ്ടാകുന്ന അടുപ്പത്തോടെ ആ മെലിഞ്ഞുണങ്ങിയ അമ്മാവൻ റോഡിലേക്കിറങ്ങിനിന്ന് തെക്കോട്ടു കൈചൂണ്ടിക്കാണിച്ചു...
"നേരെ നടന്നോ...
പത്തുമിനിറ്റ്...
ഇടതുവശത്തു.. "
ബിജു അളിയൻ ജാഗരുകാനായി...
"ഡാ... ഇന്നെന്തിനാ ഇത്...?
നമ്മള് ഡ്യുട്ടിലാണേ.. "
"നീ വാടേ... നെനക്ക് വേണ്ടേ വേണ്ട...
കൂട വന്നൂടെ? "
വഴീൽ കണ്ട കപ്പലണ്ടിക്കച്ചവടക്കാരന്റെന്നു പത്തുരൂപേടെ കപ്പലണ്ടിയും മേടിച്ചവന്റെ കയ്യിൽ കൊടുത്തു ...
"ചവച്ചോണ്ട് കൂടെ വന്നാ മതി "
തൃശൂർ പൂരത്തിന്റെ ആളുണ്ടായിരുന്നു ക്യൂവിൽ.... നാളെ ചതയം ആയതുകൊണ്ട് ഇന്നേ സ്റ്റോക്ക് ചെയ്യുവാ നാട്ടുകാര്... നാളെ കടയില്ലല്ലോ... ഗുരുദേവാ
"നീയെന്തിനാ വോഡ്ക മേടിച്ചത്. നമ്മള് റം അല്ലേ അടിക്കൂ.. "
അളിയന്റെ സംശയം സ്വാഭാവികം...
"നെനക്ക് വേണ്ടന്നല്ലേ പറഞ്ഞത്....
പിന്നെന്തിന്ന് കൂടോല് അന്വേഷിക്കണത്?
വേഗം നട..
ഫുഡ് എത്തിക്കാണും "
*****-********************
ഏലക്കാച്ചായായും ക്യൂവിൽ നിന്ന രോഗികളും ഒരുമിച്ചു തീർന്നു.
ഇന്ന് ക്യാമ്പങ്ങങ്ങൾക്കെല്ലാം കുറച്ചൂടെ ഒരുണർവ്വ്...
ചായയും കുടിച്ചു ചെറുകൂട്ടങ്ങളായിരുന്നു നാട്ടുവർത്തമാനം പറയുന്നു.
കൊച്ചുകുട്ടികൾ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കുന്നു.
"റഷീദിക്കാ... വെള്ളിയമ്മച്ചിയെവിടെ? "
കുശിനിയിലുണ്ട് സാറേ.
ചടഞ്ഞുകൂടിയിരുപ്പാ..
എന്തോ ഒരേനക്കേട് പോലെ "
കയ്യിലിരുന്ന മിനറൽ വാട്ടർ കുപ്പി അശ്രദ്ധമായി രണ്ടുകൈകളിലേക്കും എറിഞ്ഞു കൊണ്ട് ഞാൻ പിറകുവശത്തെത്തി
.
വെള്ളം തിളപ്പിക്കാൻ ഒരു വല്ല്യ വാർപ്പിൽ വെച്ചിരിക്കുന്നു.
അതിനു കാവലായി ഒരു അലുമിനിയം കലം കമഴ്ത്തിവച്ചു അതിന്റെ മേളിൽദൂരത്തേക്കെങ്ങോ നോക്കിയിരിക്കുവാണ് ആശാട്ടി.
"തള്ളേ, നിങ്ങളെ ഇന്നങ്ങോട്ടേക്കൊന്നും കണ്ടില്ലല്ല്? "
"എനിക്കസുഖോന്നുമില്ലല്ലോ കുഞ്ഞേ... പിന്നെന്നാത്തിനാ "?
ഇത്രയും പറഞ്ഞുകൊണ്ട് കുടിക്കാനായി വെള്ളം വെച്ചിരുന്ന സ്റ്റീൽ മഗ്ഗ് എടുത്തു വായിലേക്ക് കമഴ്ത്താൻ നേരം
ഞാനത് പെട്ടന്നങ് പിടിച്ചു വാങ്ങി.
എന്നിട്ടെന്റെ കൈയിലിരുന്ന കുപ്പിവെള്ളം നീട്ടി.
"എനിക്കിച്ചിരി ചുക്കുവെള്ളം മതി കുഞ്ഞേ... അതോണ്ടാ "
അത് സാരമില്ല, തള്ള തൽക്കാലം ഇത് കുടിച്ചാ മതി.
താല്പര്യമില്ലാതെ, മുഖത്തുപോലും നോക്കാതെ ആശാട്ടി അത് വാങ്ങി കുടിച്ചുവെന്ന് കാണിക്കാൻ ഒരു കവിൾ അകത്താക്കി.
അതിറക്കുംമുന്നേ ഞെട്ടലോടെ എന്നെ നോക്കിയ മുഖത്തു വാത്സല്യം കലർന്നൊരു കുസൃതിച്ചിരിയുണ്ടായിരുന്നു.
ഞാൻ കപട ഗൗരവം ഭാവിച്ചു.
"ദേ.. ഇത് മിക്‌സാ, സെവൻ അപ്പും വോഡ്കയുമാ..
നോക്കിയും കണ്ടും സൂക്ഷിച്ചടിച്ചോണം...
ക്യാമ്പാ... "
"ഓ പിന്നേ.. "
പിന്നെ ഒരു പൊട്ടിച്ചിരിയും...
അമ്മച്ചീടെ കണ്ണ് നിറഞ്ഞിരുന്നോ എന്നൊരു സംശയം.
പിന്നെ എന്റെ വീടിനെക്കുറിച്ചായിരുന്നറിയേണ്ടത്.
പുര നിറഞ്ഞു നിൽക്കുന്ന രണ്ട് അമ്മൂമ്മമാർ...
അച്ഛന്റമ്മയും
അമ്മേടമ്മയും..
പിന്നെന്റമ്മയും...
ഇവർക്ക് മൂന്നുപേർക്കും അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കാൻ ഈ ഞാനും.
"തള്ള ഇത് കണ്ടോ?
ഇടതു കൈയിലെ കറുത്ത ചരട് അച്ഛമ്മയുടെ വക, വലതു കൈയിലെ ഈ ചുവപ്പൻ അമൂമ്മയുടെ വക...
ഇത് കണ്ടോ ..? "
ഷർട്ടിന്റെ മുൻവശം താഴ്ത്തിക്കാണിച്ചു ഞാൻ തുടർന്നു...
"ഈ രുദ്രാക്ഷവും ഏലസുകളും അമ്മയുടെ വക... "
ഇവിടുന്ന് തിരിച്ചുചെന്നാ ഉടനെ എല്ലാരും കുടെ എന്നെ പളനിക്ക് കൊണ്ടുപോകുവാ... മൊട്ടയടിക്കാൻ "
"എന്നാലും മൂന്ന് പിള്ളേരും എന്റെ ജീവനാ....
തള്ളക്കറിയോ? എനിക്കുള്ള പെണ്ണാലോചനകൾ തുടങ്ങിക്കഴിഞ്ഞു..
ഞാനൊരു അന്യമതക്കാരിയെ അടിച്ചോണ്ട് വരുമെന്ന് ഏതോ ഒരു ജ്യോത്സ്യൻ പറഞ്ഞത്രേ "
"അതോണ്ട് എന്റെ ഈ ജീവിതോക്കെ ഈ വരുന്ന വർഷം കൊണ്ട് തീരും എന്റമ്മച്ചീ... "
"അല്ലെങ്കി യെവരേം കളഞ്ഞിട്ടു ഞാൻ എങ്ങോട്ടേലും ഒളിച്ചോടണം..
തലവച്ചു കൊടുക്കാം അല്ലേ? "
എന്റെ മുഖത്തു മാറിവരുന്ന ഭാവങ്ങളും എന്റെ വാക്കുകളും രസിച്ചിരിക്കയായിരുന്ന പുള്ളിക്കാരിയെ ഇടയ്ക്കു ഞാൻ ശ്രദ്ധിച്ചില്ല എന്ന് കരുതിയാവണം ലേശം മിനറൽ വാട്ടർ ഇടക്കിടക്ക് ഉള്ളിലോട്ടു പോകുന്നത് ഞാൻ കണ്ടിരുന്നു.....
പാവം.....
പിന്നെയുള്ള ഓരോ ദിവസവും കഥകൾ ഇങ്ങോട്ടായിരുന്നു..
നാട്ടിലെ ജന്മികുടുംബത്തിലെ, തന്നെ സ്നേഹിച്ച പെണ്ണിനെ,
അവളുടെ കുടുംബത്ത് ചെന്ന് ചട്ടമ്പിമാരായ ബന്ധുക്കളെ തന്റെ ഇരട്ടക്കുഴൽ തോക്കിന്മുന്നിൽ നിറുത്തി,
പഴയ വില്ലീസ് ജീപ്പിൽ പൊക്കിയെടുത്തിട്ടുകൊണ്ടുവന്ന ചോരക്കണ്ണുള്ള പട്ടാളക്കാരൻ ജോർജച്ചായന്റെ കഥകൾ..
കാട്ടിൽപോയി താൻ വെടിവെച്ചു കൊന്ന കടുവയുടെ തോൽ വിരിച്ച നിലത്തിരുന്ന്, തന്റെ ശിങ്കിടികളെക്കൊണ്ട് തന്റെ പറമ്പിൽ കള്ളവാറ്റു നടത്തി അസ്സൽ വാറ്റടിക്കുന്ന ജോർജച്ചായൻ.
Left hand drive വില്ലീസ് ജീപ്പിൽ അമ്മച്ചിയേം കൊണ്ട് ഏത് പാതിരാത്രിയിലും ഏത് നരകത്തിലേക്ക് വേണേലും കറങ്ങാൻ പോകാൻ തയ്യാറായിരുന്ന ജോർജച്ചായൻ.
അങ്ങനെ പറഞ്ഞു പറഞ്ഞു ജോർജച്ചായൻ എന്റെ മനസ്സിൽ ഒരാമാനുഷനായി നിറഞ്ഞു നിന്നു.
മരണമടുത്തപ്പോ തന്റെ വെള്ളിയമ്മ ഒറ്റക്കാകുമെന്നുകണ്ടു ആദ്യമായി മാതാവിനുമുന്നിൽ പോയി കരഞ്ഞു പ്രാർത്ഥിച്ച ജോർജച്ചായൻ...
നിങ്ങളുടെ മനസ്സിൽ നിന്നുള്ള ആദ്യ പ്രാർത്ഥന ദൈവം ചെവികൊണ്ടില്ലല്ലോ എന്റെ ജോർജച്ചായാ...
ഇതിനിടയിൽ മിനറൽ വാട്ടർ മാറി, കൊക്കക്കോള വന്നു, വോഡ്ക മാറി റം വന്നു..
കിക്ക് പോരാന്ന് തള്ളക്കു....
സാബുവിന്റെ ലുങ്കിക്ക് ആവശ്യം വർധിച്ചു..
*************************
ഇന്ന് ഏഴാം ദിനം..
ഇനി മൂന്നു നാള് കൂടി..
പിന്നെ മടങ്ങാം. അടുത്ത മെഡിക്കൽ ടീമിന്റെ ഓർഡർ ആയി ...
ഹോസ്റ്റലിലേക്ക് പോണ്ട...
നേരെ വീട്ടിലേക്കു വിട്ടേക്കാം.
പിള്ളേര് മൂന്നും സങ്കടപ്പെട്ടിരിക്കുവാ. ആദ്യമായാ ഓണത്തിന്ന് കൂടെ ഇല്ലാതിരുന്നത്.
"പോയിട്ടിനി ഇങ്ങോട്ടൊക്കെ വരുവോ മക്കളേ..?
വല്ലപ്പോഴും ഈ വഴി പോണേൽ കവലേ വന്ന് തടതുമ്മലിലെ പട്ടാളം ജോർജച്ചായന്റെ വീടന്വേഷിച്ചാൽ മതി..
വരുമ്പോ മൂന്നു പിള്ളാരേം കൂട്ടാൻ മറക്കണ്ട. "
"എന്നേ കാണാൻ ഇനി ആരും വരവുണ്ടാവില്ല കുഞ്ഞേ, എന്റെ പിള്ളാര് പോലും.
ആ വല്ല്യ വീടും അച്ചായന്റെ ഓർമ്മേം...
ഇച്ചിരി വെഷത്തിൽ ഇതവസാനിപ്പിക്കാന്ന് വെച്ചാൽ തന്നെ പിള്ളേർക്കല്ലോ നാണക്കേട്.
ഈ കംപ്യൂട്ടറിലൂടെ ലോകം മൊത്തമറിയൂല്ലേ.
മോന്റെ മൂന്നു പിള്ളാര് ഭാഗ്യം ചെയ്തൊരാ.. "
കൊണ്ടുവന്ന കോളക്കുപ്പി അമ്മച്ചീടെ അടുത്തേക്ക് നീക്കി വെച്ച് ഞാൻ ആ മുഖത്തേക്ക് നോക്കി ഒന്നും മിണ്ടാതിങ്ങിറങ്ങി പോന്നു.
എന്ത് ചെയ്യാനാ.. പാവം.
"അളിയാ... അപ്പൊ എങ്ങനാ?
ഇന്നങ്ങു കൂടുകയല്ലേ..?
നാളെ വൈകുന്നേരം ആവുമ്പോൾ എല്ലാരും പോവാനുള്ള മൂഡ് ആയിപ്പോകും.
മറ്റെന്നാ രാവിലെ തന്നെ പുതിയ ടീം എത്തും.
ഇവിടുത്തെ കാര്യങ്ങളൊക്കെ ഇപ്പൊ സെറ്റ് ആ...
രാത്രിയൊന്നും ഇനി നമ്മുടെ ആവശ്യം ഇല്ലല്ലോ.?
അഞ്ച് കിലോമീറ്ററിനപ്പുറം ഒരു ബാർ ഉണ്ട്.. ഒക്കെ അല്ലേ? "
അളിയൻ എല്ലാം തീരുമാനിച്ചു കഴിഞ്ഞു,അംഗങ്ങളുടെ കൈയ്യീന്ന് പിരിവും തുടങ്ങി.
അവൻ യാത്രാസൗകര്യത്തിന്ന് ഗിരിയണ്ണനെ ചാക്കിലാക്കുകയും ചെയ്തു.
പക്ഷെ വണ്ടിയിൽ കയറും മുൻപ് ഞാൻ അണ്ണനോട് പറഞ്ഞു.. "അണ്ണാ അടിച്ചേക്കല്ലേ "
"ഇല്ല സാറേ... അറിയാം ".
ബാറിന്റെ അരണ്ട വെളിച്ചത്തിൽ ആദ്യമൊഴിച്ച പെഗ്ഗുമായി നിസ്സംഗനായി ഞാനിരുന്നു.
എന്തോ... ഒരു ഏലക്കച്ചായ കുടിക്കാൻ തോന്നി.
************************
ഒൻപതാം ദിനം..
ഞങ്ങളുടെ അവസാന ക്യാമ്പ്..
"ചായക്ക് ഒരു ഗുണോം മണോമില്ല "
ബിജു അളിയനാണ്.
"ആ ഇനിയിതേയുള്ളു സാറേ...വെള്ളിയമ്മച്ചി പോയി "
റഷീദിക്ക് അളിയനോട്.
ഞാൻ നിസ്സംഗനായി കേട്ടിരുന്നു.
"ഡേയ് നീയിതു കേട്ടാ...നിന്റമ്മച്ചി സ്ഥലം വിട്ടെന്ന് "
"എവിടെ പോയീന്നു ഒരു പിടീമില്ല സാറേ..
രാവിലെ നോക്കുമ്പോ പായിൽ ആളില്ലാന്ന് പുള്ളാര് പറഞ്ഞു.
വീട്ടിൽ ചെന്ന് നോക്കി, ഇല്ല.
സ്വന്തം കുടുംബക്കാരുടെ അടുത്ത് പോവില്ല.
കട്ടപ്പനയിലെങ്ങാണ്ട് അച്ചായന്റെ സഹോദരി ഉണ്ട്..
അങ്ങോട്ട് പോവുകയേ തരമുള്ളു .. "
വരുമ്പോ ഒരു ട്രങ്ക് പെട്ടീം അച്ചായന്റെ ഒരു ഫോട്ടോയും കയ്യിലൊണ്ടായിരുന്നു.
അതും അവിടില്ല.
മറ്റേ സാറ് പോണേല് മനസ്സിനിച്ചിരി ദണ്ണമുണ്ടെന്ന് പറഞ്ഞിരുന്നു.
ഇതുപോലൊരു കൊച്ചുമോൻ വേണോന്നൊക്കെ സന്ധ്യക്ക് കറിക്കരിയുമ്പോ എന്നോടിരുന്നു പറയണൊണ്ടായിരുന്നു.
ബിജു അളിയൻ എന്റെ മുഖത്തു നോക്കിയിരുന്നു.
ഞാനാണേൽ അവന് മുഖം കൊടുക്കാൻ മടിച്ചു അങ്ങകലേക്കും...
രാവിലത്തെ ഇഡ്ലിയും സാമ്പാറും കഴിച്ചുകൊണ്ടിരുന്നപ്പോഴേക്കും പുതിയ ടീം വന്നു. അവരെ കൊണ്ടുവന്ന മിനിബസിലാണ് ഞങ്ങൾക്ക് മടക്കവും.
"നന്നായി കഴിച്ചോ സാറേ, വഴീല് കടകളൊന്നും അങ്ങോട്ടായില്ലെന്നാ വന്നവര് പറഞ്ഞേ "
സാബു ഓർമ്മപ്പെടുത്തി.
ഗിരിയണ്ണനെ യാത്രപറയുന്ന ഭാവത്തിൽ സ്നേഹത്തോടെ നെഞ്ചിലൊന്ന് തട്ടി വന്ന് വണ്ടിയിൽ കയറി.
കാലപ്പഴക്കം ചെന്ന സ്വരാജ് മസ്ദയുടെ കട കട ശബ്ദത്തിനിടയിലും രണ്ടായിത്തിരിഞ്ഞ ടീമിന്റെ അന്താക്ഷരി കളികൾക്കിടയിലെ ഗാനങ്ങളും
ബിജു അളിയന്റെ പാരഡി ഗാനങ്ങളുമായി എരിയുന്ന സൂര്യനുകീഴെ ഞങ്ങടെ ആരോഗ്യവാഹനം ഇഴഞ്ഞും കുലുങ്ങിയും നീങ്ങിക്കൊണ്ടിരുന്നു.
ഇന്ന് വീട്ടീന്നിതുവരെ കാൾ ഒന്നും വന്നില്ല. അല്ലെങ്കിൽ നാഴികക്ക് നാല്പതുവട്ടം എന്നകണക്കിൽ വിളിച്ചോണ്ടിരിക്കുന്നതാ മൂന്നും കൂടെ.
"സാറേ വണ്ടി നിർത്താമ്പറ സാറേ..വെശന്നിട്ട് വയ്യാ" സാബുവും ഗ്യാങ്ങുമാണ്.
"അണ്ണാ എവിടായി? "
ഡ്രൈവറേട്ടൻ റോഡിലെ കുഴികളെ ഞങ്ങടെ ബസിൽ നിന്നും രക്ഷിച്ചു കൊണ്ടുപോകുന്നതിനിടെ മറുപടിച്ചു..
"കൊട്ടാരക്കര "
"എന്നാപ്പിന്നെ നമ്മുടെ കാപ്പിക്കടയിലേക്ക് കേറ്റിക്കൊ അണ്ണാ "
ഇന്ത്യൻ കോഫീ ഹൌസ് ആണ് ബിജു അളിയൻ ഉദ്ദേശിച്ചത്.
വീട്ടിലേക്കൊന്ന് വിളിച്ചേക്കാമെന്ന് കരുതിയപ്പൊത്തന്നെ ഫോൺ ചിലച്ചു.
വീട്ടീന്ന് തന്നെ..
പുള്ളാർക്ക് നൂറ് ആയുസാണ്.
അപ്പുറത്ത് അമ്മ..
"ഡാ മോനേ,ആ ഡ്രൈവർ ഗിരിക്ക് ഞാൻ അയ്യായിരം രൂപ തെകച്ചു കൊടുത്തേ..
പാവം ഉറക്കമിളച്ചു രാത്രി വണ്ടിയിടിച്ചതല്ലേ..
ആ പിന്നെ വെള്ളിയമ്മച്ചിയെ നിന്റെ അച്ഛമ്മ തന്നെ ദത്തെടുത്ത് അച്ചമ്മേടെ മുറിയിൽത്തന്നെ കട്ടിലുമിട്ട് ഏർപ്പാടാക്കീട്ടുണ്ട്. "
"അമ്മാ... . "
"ഉം... എന്നാടാ? "
"നിങ്ങക്ക് വെഷമം ഇല്ലല്ലോ അല്ലേ? "
"പോടാ അവിടുന്ന് "
"അവര് ഹാപ്പി ആണല്ലോ അല്ലേ? "
"പിന്നല്ലാണ്ട്... രാവിലെ കിട്ടിയ മോദ കുടംപുളി ഇട്ടു നല്ല മുളക് കറിയാക്കി വച്ചിട്ടുണ്ട്.... എന്റെ നാവിറങ്ങിപ്പോയെടാ "
ഇപ്പൊ അവർക്കെന്തോ വാങ്ങാനൊണ്ടെന്നുംപറഞ്ഞു മുറ്റം ചെത്താൻ വന്ന നമ്മുടെ ബംഗാളി ഹബീബിനേം കൂട്ടി പുറത്തുപോയിട്ട് വന്നു..
ഒരു കിഴവൻ സന്ന്യാസിയെ കണ്ടെന്നു നീ വിളിക്കുവാണേൽ പറയാൻ പറഞ്ഞു...
ആ പിന്നെ നിന്റെ കഴുത്തിലെ വല്ല്യ ഏലസ്സ് കിടക്കുന്ന ചരട് ഇനി അഴിച്ചങ്ങു വെച്ചേരെ ...
അന്യമതക്കാരിയെ നീ അടിച്ചോണ്ട് വന്നല്ലോ...
അതുകൊണ്ട് എനിക്ക് സമാധാനമായി....
ശരി.. ഞാൻ വെക്കുവാ.
നീ വേഗം വാ."
ഫോൺ വച്ചു ഞാൻ ഒരു ചെറു ചിരിയോടെ ബിജു അളിയന്റെ മുഖത്തു നോക്കി.
"അളിയാ, തള്ള പുറത്തു പോയപ്പോ ഏതോ കെളവൻ സന്ന്യാസിയെ കണ്ടെന്നോ മറ്റോ എന്നോട് പറയാൻ പറഞ്ഞെന്ന്....
എന്തോന്നാടേ അത്? "
ബിജു അളിയൻ പൊട്ടിച്ചിരിച്ചു....
"തള്ളേ, ഡാ നെനക്ക് മനസ്സിലായില്ലേ.... OLD MONK RUM മേടിച്ചു വെച്ചിട്ടുണ്ടന്നാടാ അവര് പറഞ്ഞേ .. "
"ഹെന്റെ പഴവങ്ങാടി ഗണപതീ.... കാത്തോണേ.. "
"സാബൂ ഡേയ്, എല്ലാവനും ഓരോ മട്ടൺ ബിരിയാണി ഓർഡർ കൊടുത്തേരെ....
ചെലവ് ലവന്റെ... "
ബിജു അളിയൻ അറിയാതെ ഉച്ചത്തിൽ വിളിച്ചുകൂവിയത് കേട്ട്
കോഫി ഹൌസ് ന്റെ ചുവരിൽ ഞങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരുന്ന A. K. G സഖാവിന്റെ ചുണ്ടിൽ
ഒരു ചെറുചിരി മിന്നി മറഞ്ഞുവോ???
വിപ്ലവം ജയിക്കട്ടെ
