REYNOLDS പേനയും ENT യും
"നിന്നോട് പറഞ്ഞിട്ടില്ലേടാ കണപ്പാ അയ്യാളെ ഈ മുറിയിൽ കേറ്റരുതെന്ന്......."
സുനിലിന്റെ അലർച്ച കേട്ടാണ് നല്ലയൊരു ഉച്ചയുറക്കം നഷ്ടമായ ഈർഷ്യയോടെ ഞാൻ ഉണർന്നത്.
വർഷം1993 .സ്ഥലം തിരുവനന്തപുരം മെഡിക്കൽ കോളേജ് ,തേർഡ് ഹോസ്റ്റൽ,റൂം നമ്പർ 16.
സീനിൽ...CT..എന്ന് ഞങ്ങൾ വിളിക്കുന്ന അനിൽകുമാർ.C.T...,
രുദ്രാവസ്ഥയിൽ റൂമിന്റെ ഉടമസ്ഥൻ പള്ളിച്ചൽക്കാരൻ സുനിൽ...,
ബോബനും മോളിയിലെ പൂച്ചയെപ്പോലെ സ്ഥിരം കാഴ്ച്ചക്കാരനായി ഈ ഞാനും.രാത്രി ഉറക്കമിളച്ചുള്ള കംബൈൻഡ് സ്റ്റഡി(ചീട്ടുകളി)യിലുണ്ടായ സാമ്പത്തികത്തകർച്ച മറക്കാൻ ഒന്നുറങ്ങാൻ
കിടന്നതാണു ഈ പാവം ഞാൻ.
രംഗം വ്യക്തമായി....
അരുൺ ജേക്കബ് വീണ്ടും റൂമിൽ വന്നു പോയിരിക്കുന്നു...
കാര്യങ്ങൾ ഇച്ചിരികൂടെ വ്യക്തമാകാൻ നമുക്ക് ആ കാലഘട്ടത്തിലേക്ക് ഒന്ന് പോയിവരാം..
പരീക്ഷയെഴുതാനും,വീണ്ടുമെഴുതാനും,പ്രണയലേഖനമെഴുതാനും അത് പൊളിക്കുന്ന ലേഖനമെഴുതാനും എല്ലാം ഞങ്ങളുടെ ഉറ്റ തോഴനായിരുന്നു അക്കാലത്തെ ഞങ്ങളുടെ സൂപ്പർ സ്റ്റാർ റെയ്നോൾഡ് പേന.
കഥയിലെ വില്ലൻ അരുൺ ജേക്കബ്..,C.T. യുടെ ആത്മമിത്രം..
തേർഡ് ഹോസ്റ്റലിലെ കീരിക്കാടൻ ജോസ്..
ഒരു പ്രണയരാജകുമാരനായ CT യുടെ കഥകൾ കേൾക്കാനും അതിൽനിന്ന് പ്രചോദനമുൾക്കൊണ്ട് മഹത്തായ ഓരോ ക്യാമ്പസ് ജീവിതം കരുപ്പിടിപ്പിക്കാമെന്നും സ്വപ്നം കണ്ടാണ് ഞങ്ങൾ CT യുടെ ശിഷ്യത്വം സ്വീകരിച്ചതും കാലക്രമേണ അദ്ദേഹം ഞങ്ങളുടെ ആത്മീയഗുരുവായി രുപാന്തരപ്പെട്ടതും.
എന്നാൽ ഗുരുകുലവിദ്യാഭ്യാസത്തിന്നു ഘടകവിരുദ്ധമായി ഗുരുകുലം(ഞങ്ങളുടെ റൂം) ഞങ്ങളുടേതാകയാൽ ദൈനംദിന ജീവിതത്തിലെ പല അടിമപ്പണികളും(മുറി വൃത്തിയാക്കുക,അടിച്ചുവാരുക മുതലായവ)കാലക്രമേണ ഗുരുവിൽ നിക്ഷിപ്തമായി.
പറഞ്ഞുവന്നത്..........
Reynolds പേനയുടെ ക്യാപ്പിന്റെ പ്രത്യേകത ,അതിന്റെ ക്ലിപ്പ് താഴേക്ക് നീണ്ടിട്ടാണ് എന്നതാണ്.മറ്റു പേനകളിലെ പോലെ ക്യാപ്പിന്റെ ബോഡിയോടു ചേർന്നിട്ടല്ല.ഇടത്തരക്കാരനായ സുനിൽ തന്റെ മേശപ്പുറത്തു പഴയ ഒരു കപ്പ് penstand ആക്കി അതിലാണ് തന്റെ പ്രിയപ്പെട്ട Reynolds പേനകൾ നിക്ഷേപിക്കാറു.
ഊണ് കഴിഞ്ഞിട്ടുള്ള ഗുരുശിഷ്യ സംവാദം ശ്രവിക്കാൻ പ്രത്യേക ക്ഷണമോ അനുവാദമോ ഇല്ലാതെ തന്നെ ശ്രീ അരുൺ ജേക്കബ് ,C.T.യുടെ കെയർ ഓഫിൽ എന്നുമുണ്ടാകും.
ഇരിപ്പിടം സുനിലിന്റെ മേശപ്പുറം.
പഠനവും സംവാദവും അതിലിന്റെ പാരമ്യതയിൽ എത്തുന്ന നേരം അരുണിന് സഹിക്കാൻമേലാത്ത ചെവിചൊറിച്ചിലുണ്ടാകും.
അന്നേരം ആശ്വാസമേകുന്നത് സുനിലിന്റെ പേനകളുടെ ക്യാപ്പിന്റെ ക്ലിപ്പ് ആണെന്ന് മാത്രം...
ലളിതമായിപ്പറഞ്ഞാൽ ചെവിത്തോണ്ടി....
തന്റെ മാസച്ചിലവിനത്തിൽ നിന്ന് വകമാറ്റി മുണ്ട് മുറുക്കി ഉടുത്ത് നടത്തുന്ന പഠനശിബിരത്തിലേക്ക് മറ്റ് ശിഷ്യന്മാർ ഓസ് അടിക്കുന്നതിന്റെ ചൊരുക്കിലിരിക്കുന്ന സുനിൽ ശിഷ്യന് ആ കാഴ്ച ഹൃദയഭേദകവും തുലോം അറപ്പുളവാക്കുന്നതുമായിരുന്നു.
തന്റെ ശ്രവണാവയവങ്ങളെ സ്വർഗീയസുഖത്തിലാറാടിച്ച് തൃപ്തിയായ അരുൺ ദുഷ്ടൻ റെയ്നോൾഡ്സ് ചെവിത്തോണ്ടി തിരികെ പേനയിൽ പ്രതിഷ്ഠിച്ച് സംതൃപ്തനായി മടങ്ങാറുമുണ്ട്.
അതേനിമിഷം തന്നെ തന്റെ ഗുരുവിന്റെയും ഓസ് അടി ശിഷ്യന്റെയും പിതാമഹന്മാരെ മനസ്സാ സ്മരിച്ചു കൊണ്ട് സുനിൽ ആ പരിപാവനമായ റെയ്നോൾഡ്സ് ക്യാപിനെ ജനലിലുഉടെ യാത്രയയക്കുകയായി.
ദിനരാത്രങ്ങൾ പിന്നിടുമ്പോൾ സുനിലിന്റെ പെൻസ്റ്റാൻഡ് നിറയെ തെരുവോരത്തെ കോണാൻ ഉടുക്കാത്ത ബംഗാളി പിള്ളേരെപ്പോലെ ക്യാപ് ഇല്ലാത്ത കുറേ പേനകൾ ...
.........ഇതാണ് ഫ്ലാഷ് ബാക്ക്..
അരുണിന് ഉയരം ലേശം കുറവാണ്.ആ കുറവ് നികത്തുന്നത് കിട്ടാവുന്നതിൽ ഏറ്റവും പൊക്കമുള്ള ഹൈ ഹീൽഡ് ഷൂ ധരിച്ചുകൊണ്ടാണ്.അതുകൊണ്ട് തന്നെ കോറിഡോറിന്റെ അങ്ങേയറ്റത്ത് പുള്ളി എത്തുമ്പോഴേക്കും ഷൂവിന്റെ ഡും ഡും എന്ന ശബ്ദം ഇങ്ങെത്തും.
അടുത്ത ദിവസം,അതേ സമയം......
കോറിഡോറിന്റെ അങ്ങേയറ്റത്ത് ഡും ഡും..എന്ന കാൽപ്പെരുമാറ്റം.സുനിൽ വിറളി പിടിച്ചവനെപ്പോലെ ചാടി എഴുന്നേറ്റ് പേനകളുടെയെല്ലാം ക്യാപ്പുകളുടെ ക്ലിപ്പുകൾ ഓടിച്ച് ജനലിലൂടെ വച്ചൊരേറു....
പതിവുപോലെ സംവാദം കൊടുമ്പിരി കൊള്ളുന്നു.അരുണിന്റെ കൈകൾ യാന്ത്രികമായി
ക്യാപ് കൈക്കലാക്കുന്നു, ചെവിയിലേക്ക് കുതിക്കുന്നു....
ഞങ്ങളുടെ കണ്ണുകൾ ആകാംക്ഷയോടെ അരുണിന്റെ മുഖത്തേക്ക്....
ഉത്സവപ്പറമ്പിൽ വച്ച് ബലൂൺകാരന്റെ കയ്യാൽ ആകസ്മികമായി പൊട്ടിപ്പോയ ബലൂൺ മാതിരി വാടിയ അരുണിന്റെ മുഖം ഞങ്ങളിൽ ഉണർത്തിയ അനിർവ്വചനീയത പുറമേ കാട്ടാതെ ഞങ്ങൾ പഠനത്തിൽ ഗൗരവമായി മുഴുകുന്നു...
തന്റെ ഇളിഭ്യത മുഖത്ത് പ്രകടിപ്പിക്കാതെ അരുൺ മനോഹരമായി ചിരിച്ചുകൊണ്ട് ഗുരുവചനങ്ങൾ ശ്രദ്ധിക്കുന്നു ..
ചിരിമുട്ടിയ ഗുരു മഹത് വചനങ്ങൾക്ക് വിശ്രമമേകി ടോയ്ലറ്റിലേക്കോടുന്നു....
ഉറക്കം നടിച്ച് ഞാൻ പുതപ്പെടുത്തത് തലവഴി മൂടി കട്ടിലിൽ കിടന്ന് ചിരിക്കുന്നു..
അരുൺ സുനിലിന്റെ തോളിൽത്തട്ടി,ഒന്നുമറിയാത്തപോലെ സുന്ദരമായി ചിരിച്ചുകൊണ്ട് യാത്രപറഞ്ഞു.....
സുനിൽനിന്ന് നെടുതായൊരു നിശ്വാസം ഒഴുകിയിറങ്ങി ജനാലയിലൂടെ പുറംലോകം തേടിപ്പാഞ്ഞു..
എന്തുകൊണ്ടോ പിന്നൊരിക്കലും അരുൺജെക്കബ് ആ പതിനാറാം നമ്പർ റൂമിന്റെ വാതില്കടന്നകത്തേക്ക് വന്നില്ല.....
************************************************
രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം...
***********************************************
സ്ഥലം: താലൂക് ആശുപത്രി,കുടമണ്ണൂർ.
E.N.T:OP Dr.Arun Jacob,MS,ENT
താക്കോൽ ഇട്ടു ചൊറിഞ്ഞുപൊട്ടിയ ചെവിയുമായി വന്നൊരു ഫ്രീക്കൻ ഓട്ടോക്കാരൻ ചെറുക്കനെ,അവനു നന്നായി വേദനിക്കുന്ന രീതിയിൽ തന്നെ അല്പം പരുക്കാനായി മരുന്ന് നിറച്ച pack തിരുകി കയറ്റുന്നു.
ദിഗന്ദം പൊട്ടുമാറുള്ള ഫ്രീക്കന്റെ നിലവിളിയെ കടത്തിവെട്ടുന്ന രീതിയിൽ തന്നെ അവൻ ചെയ്ത പാതകത്തിന്റെ ശിക്ഷയെന്നോണം ഒപ്പം നല്ല നാവുചികിത്‌സയും......
അയ്യാൾ പോയിക്കഴിഞ്ഞയുടൻതന്നെ മേശപ്പുറത്തിരുന്ന പെൻസ്റ്റാന്റിൽ കിടന്ന പേനക്കൂട്ടത്തിൽ ഒരു റെയ്നോൾഡ്സ് പേന തപ്പിയെടുത്തു എന്തിനോവേണ്ടി വല്ലാത്തൊരാവേശത്തോടെ ക്യാപ് വലിച്ചൂരുന്നു.....
********************
സ്ഥലം:ESI ഹോസ്പിറ്റൽ,നീർവേങ്ങക്കാട്
Dr.Anil Kumar.C.T,ESI MEDICAL OFFICER
ലീവ് എടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ചോദിച്ചു വന്ന ഒരു യുവതൊഴിലാളിയുടെ ഫോൺ സ്നേഹപൂർവ്വം നിർബ്ബന്ധമായി പിടിച്ചുവാങ്ങി അയാൾക്ക് വന്ന സ്വകാര്യ മെസ്സേജുകൾ വായിച്ചുരസിക്കുന്നു....
ഒപ്പം തന്റെ അനുഭവസമ്പത്തിൽ നിന്നും അടർത്തിയെടുത്ത വിലയേറിയ ഉപദേശങ്ങളുടെ സൗജന്യവിതരണവും........
*************************************
സ്ഥലം:താലൂക് ആശുപത്രി,കുടമണ്ണൂർ.
Dr.Sunil Suran,Superintendant
മുന്നിലെ ഫയലുകൾക്കിടെ നരച്ച ഒരു തടി പെൻസ്റ്റാൻഡ്...
അതിൽ മൂന്ന് റെയ്നോൾഡ്സ് പേനകൾ...ഒന്നിനും ക്യാപ്പില്ല....
**************************************
ഇന്ന് ഞായറാഴ്ച്ച...വീക്കിലി ഓഫ്
സ്ഥലം:എന്റെ വീട് ,എന്റെ വരാന്ത...
പത്താംക്ലാസിൽ പഠിക്കുന്ന മോൾ കൗതുകത്തിനായി മേടിച്ച റെയ്നോൾഡ്സ് പേന വാങ്ങി വൈകിട്ട് ആറുമണിയോടെ ഈ കുറിപ്പ് എഴുതി തീർക്കുന്നു....
കഴിഞ്ഞുപോയ ക്യാംപസ്,ഹോസ്റ്റൽ ഓർമകളിലൂടെ എന്നെ ഇന്ന് നയിച്ച കയ്യിലിരുന്ന പേനയുടെ വശങ്ങളിലൂടെ അലസമായി കണ്ണുകളോടിച്ചുകിടന്നു.....
045 REYNOLD,FINE CARBURE,NEW LASER TIP..........
