Sunday, March 16, 2025

മടങ്ങുമെന്നാകിൽ

യാത്രയിലലഞ്ഞുലഞ്ഞൊരാ 
വീഥിയരികിൽ
തളർന്നുവീണു പോയൊരീരാവിൻ
മാറിൽ

അഭയമേകിയോരമ്മ മനസ്സേ
സ്വർഗ്ഗമായെനിക്ക് 
നിൻ ആലയം 
നിറവിരുന്നായി നീ 
വിളമ്പിയോരന്നവും


 കാത്തിരിപ്പിൻ നനവാ 
കൺകളിൽ 
ആരെയെന്നറിഞ്ഞില്ല 
ഒരിക്കലും മടങ്ങില്ലാത്തൊരു 
പൊന്മകനോ 
വിടപറയാതകന്നൊരാ പ്രിയതമനോ

 യാത്രയൊടുവിൽ 
മടങ്ങുമെന്നാകിൽ
 എത്തിടാം ഞാൻ 
നിന്നരികിൽ
 ഇനിയുള്ള നാളിൽ 
മകനായി നിൻ മടിയിൽ 

Monday, October 21, 2024

രാമശങ്കരം


പോക്കുവെയിൽ നേരെ മുഖത്തേക്കടിച്ചപ്പോൾ ഉണർന്നു.

കഴിഞ്ഞ പത്തു വർഷമായി തുടരുന്നു, മിക്കവാറും എല്ലാ ഞായറാഴ്ച്ചകളിലും.
രാവിലേമുതൽ ഏഴാം നിലയിലെ ഈ ഫ്ലാറ്റിലെ, നിലം തൊടുന്ന ചില്ല് ജാലകം വഴി, താഴെ അലസമായോഴുകുന്ന നഗരവീഥികൾക്ക് മുകളിലൂടെ അങ്ങകലെ അലയടിക്കുന്ന കടലും നോക്കിയുള്ള ഈ ഇരുപ്പ്.
കൂട്ടിന് മെല്ലെ മാത്രം തലച്ചോറിലേക്ക് ഇരമ്പിവരുന്ന മുന്തിയ വിദേശമദ്യവും.
ഇടക്കുള്ള ഭക്ഷണവും വായനയും എല്ലാം ആ ദിവസങ്ങളിൽ ഇവിടിരുന്നു തന്നെ.

പിന്നെപ്പോഴെങ്കിലും ഓർമകളുടെ നേർത്ത ചിറകുകളിലേറി നല്ലൊരു മയക്കത്തിലേക്ക്.
ചായ്ഞ്ഞിറങ്ങുന്ന സൂര്യൻ കൺപോളകളെത്തഴുകുമ്പോൾ ഭൂതകാലങ്ങളിലെവിടെയോ അലഞ്ഞു നടന്ന മനസ്സും ബോധവും മെല്ലെ ഉണരും.
വാരാന്ത്യങ്ങളിലെ നഗരസന്ധ്യകളെ വരവേൽക്കാൻ.
ഫോണിൽ എന്തോ മെസ്സേജ് വന്നതിന്റെ നോട്ടിഫിക്കേഷൻ സൗണ്ട്.
ആരതിയാണ് 

"ആ..റാം 
ഞാൻ ഡൽഹിയിൽ എത്തി. ഇനി ബോർഡിങ്ങിൽ പോയി മോനെയും കണ്ടിട്ടേ മടങ്ങൂ.
പിന്നേ, നാട്ടിൽ നിന്ന് നിങ്ങടെ ശങ്കരേട്ടൻ വിളിച്ചിരുന്നു. റാമിനെ വിളിച്ചിട്ട് കിട്ടിയില്ലത്രേ.
റാമിന്റമ്മയ്ക്ക് കാറ്ററാക്ട് സർജറി ഉണ്ടത്രേ, അടുത്താഴ്ച്ച പറ്റിയാൽ അങ്ങോട്ടൊന്ന് ചെല്ലാൻ."

"റാമിന്റമ്മയോടോ ശങ്കരേട്ടനോടോ ഒരു മൊബൈൽ വാങ്ങി ഉപയോഗിക്കാൻ പറയ്യ്, അറ്റ്ലീസ്റ്റ് കിട്ടിയില്ലെങ്കിൽ ഒരു മെസ്സേജ് എങ്കിലുമിടാല്ലോ. ഇത് പഴയ ലാൻഡ് ഫോണും കെട്ടിപ്പിടിച്ചുകൊണ്ട്!"

"ആ ഞാൻ റാമിന് മറ്റന്നാൾ രാവിലത്തെ ഫ്ളൈറ്റിന് കോയമ്പത്തൂർക്ക്‌ ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്, നവംബർ എഴിന് തിരിച്ചും "

മ്മ്.. റാമിന്റമ്മ!

പത്തുപതിനഞ്ച് വർഷത്തിലേറേയായിക്കാണും ആരതി എന്റെ വീട്ടിൽ നിന്നും നാട്ടിൽ നിന്നുമകന്നിട്ട്.

അത്രമേൽ മറക്കാൻ കഴിയുന്നുണ്ടായിരിക്കില്ല അന്യോന്യമേൽപ്പിച്ച മുറിവുകൾ.
അമ്മയ്ക്കായാലും ആരതിക്കായാലും.


  തിരിച്ച് കടലിലേക്ക് തന്നെ മിഴികളെറിഞ്ഞു സോഫയിലേക്ക് ചാരി ഇരുന്നു.
സൂര്യൻ തന്റെ ദിനാന്ത്യത്തിൽ മനോഹരങ്ങളായ ചുവന്ന രശ്മികൾ നഗരത്തിനുമീതെ വാരി വിതറിയിരിക്കുന്നു.

                   * * * * * *


                      ചിറ്റൂരെത്തിയപ്പോഴേക്കും 
മഴക്കോള് കൊണ്ട് മൂടിനിന്ന ആകാശം മെല്ലെ ചാറ്റമഴയ്ക്ക് തുടക്കമിട്ടു.


വീട്ടിലേക്കുള്ള ചെമ്മൺ പാതയിലേക്ക് ടാക്സി കേറിയപ്പോൾത്തന്നെ ചരല് വാരിയെറിയുമ്പോലെ മഴ.
സമാന്തരമായോഴുകുന്ന തോട്ടിലെ ജലവും മഴത്തുള്ളികളേറ്റു പുളകിതനൃത്തം ചെയ്യുന്നു. 
ഗേറ്റിങ്കൽ വണ്ടിയെത്തിയത് കണ്ട് ശങ്കരേട്ടൻ കുടയുമായോടിയെത്തി. 
തൊടിയിലെ ചെടികളെല്ലാം ഏതാണ്ടതുപോലെയൊക്കെത്തന്നെ.
എന്റെ ജനാലയ്ക്കരികിലുള്ള പവിഴമല്ലി അൽപ്പംകൂടി പുഷ്ഠിപ്പെട്ടിരിക്കുന്നു.

"പോയി കുളിച്ച് വേഷം മാറിവരൂ രാമൂ "
ശങ്കരേട്ടൻ എന്റെ പെട്ടി ഉള്ളിൽ കൊണ്ടുവച്ചുവന്നു.

"ഞാനിവിടെ കുറച്ചൊന്നിരുന്നോട്ടെ ഏട്ടാ "

വരാന്തയിലെ ഈ അരഭിത്തിയിൽ, പുറത്ത് മഴപെയ്യുന്നതും നോക്കി ഈ തൂണും ചാരി എത്ര ഇരുന്നാലും മതിയാകില്ല.

"രാമൂട്ട്യേ, ആരതീം മോനും സുഖമായിരിക്കുന്നോ?"

നാണിയേട്ത്തി കട്ടൻ ചായയും ആവിപറക്കുന്ന പുഴുങ്ങിയ കപ്പയും, കാന്താരീം ഉള്ളീം ചതച്ചതും മുന്നിൽ കൊണ്ടുവച്ചു.
"സുഖാണ് നാണിയേട്ത്തിയേ,ആരതി മോനേക്കാണാൻ പോയിരിക്കയാ "

"ആയിക്കോട്ടെ "


"അപ്പൊ രാമൂ, നീയിരിക്ക്, ഞാൻ കവലവരെ പോയി ദേ വന്നൂ "

"ഏട്ടാ, നായരുടെ കട വഴിയാണ് പോകുന്നതെങ്കിൽ.."

"ഇല്ലാ, മറക്കില്ലെന്റെ രാമൂ "

നല്ല ചൂട് പരിപ്പുവടയാണ് മേൽപ്പറഞ്ഞ സംഭാഷണങ്ങളിലെ കഥാപാത്രം.  

ശങ്കരേട്ടൻ കുടയുമായി വീണ്ടും മഴയത്തേക്കിറങ്ങി ഒതുക്കുകല്ലുകൾ ചവിട്ടി വഴിയിലേക്ക് കയറിപ്പോയി.

പാവം, അതുമൊരു ജന്മം. ഞങ്ങൾടെ കാര്യങ്ങൾ നോക്കി നടന്നു, സ്വയമൊരു കുടുംബമുണ്ടാക്കാൻ മറന്നു .


"നാണിയേട്ത്തിയേ,സോപ്പും തോർത്തുമിങ്ങെടുത്തോള്ളൂ. ഞാൻ പുഴക്കരയ്ക്ക് പോകുവാ "

"തെന്ത് പ്രാന്താ രാമൂട്ട്യേ?
ഈ പെരുമഴയത്തോ?"

ചോദ്യമേയുള്ളൂ. ഒപ്പം അലക്കിവച്ചിരുന്ന തോർത്തും കൂടെ സോപ്പുപെട്ടിയും അരഭിത്തിയിൽ സന്നിഹിതരായി.

"അപ്പോ, ഞാനൊരു.. ഒരു മണിക്കൂർ.
അപ്പോഴേക്കും തേങ്ങ തിരുമ്മിയിട്ട ചൂട് കഞ്ഞിയും 
ചുട്ട പപ്പടോം കടുമാങ്ങയും. അതല്ലേ അതിന്റൊരു....?
"അത് തന്ന്യാ അതിന്റൊരു ... രാമൂട്ട്യേ "

                  * * * * * *

എത്ര നേരം പുഴയിലെ വെള്ളത്തിൽ ആ മഴയത്ത് കിടന്നു എന്നറിയില്ല. 
എപ്പോഴോ തിരിഞ്ഞു നോക്കുമ്പോൾ എന്നെക്കാത്ത് 
കറുത്ത കുടയ്ക്ക് കീഴെ വെള്ളമുണ്ടും ജുബ്ബയും ധരിച്ച ശങ്കരേട്ടൻ.
എന്നേക്കാൾ പത്തുവർഷം മൂപ്പ്.
ഏട്ടനാണെങ്കിലും അച്ഛനെപ്പോലെ. 
അടുത്ത് വരുമ്പോ അച്ഛന്റെ മണം, അച്ഛന്റെ ചൂട്.
പക്ഷേ, അമ്മയുടെ പതിഞ്ഞ സ്വഭാവം.
ശങ്കരേട്ടന്റെ സ്വരം ഉയർന്ന് താൻ കേട്ടിട്ടുണ്ടോ?.. ആ!


"മതി കളിച്ചത് കുട്ട്യേ, കഞ്ഞി തണുക്കും. കേറി വന്നോളൂ "
           * * * *

"നാണിയേ, ഒരു തോർത്തും ആ രാസ്നാദീം ഇങ്ങെടുത്തോളൂ "
" നീയാ സ്റ്റൂളിൽ ഇരിക്ക് രാമൂ "

ഏട്ടന് മുന്നിൽ വീണ്ടും പഴയ സ്‌കൂൾകുട്ടി.

തലനന്നായി തൂവർത്തി ആ വിരലുകൾക്കിടയിൽ ലേശം രാസ്നാദി നുള്ളിയെടുത്ത് എന്റെ നെറുകയിൽ അമർത്തി തിരുമി. നെറുകയിലെ ആ തീരുമലിലൂടെ രാസ്നാദിയുടെ മണം ഇങ്ങ് മൂക്കിനുള്ളിൽ എത്തണം. അതാണ് ശങ്കരേട്ടന്റെ തിയറി.


                        * * * *


മഴ കനക്കുന്നു.
ഇടയിക്കിടെയുള്ള മിന്നലിന്റെ വെളിച്ചം ജനാലച്ചില്ലുകളിലൂടെ ഞങ്ങൾടെ മുഖത്ത് അടിക്കുന്നുണ്ട്.

അതങ്ങനെയാണ്. ഞാൻ പോകുംവരെ ശങ്കരേട്ടൻ ഉറങ്ങുന്നത് എന്റൊപ്പം എന്റെ കട്ടിലിൽ.
"ഇത്തവണ എത്ര ദിവസം?"
"ഒരാഴ്ച്ച.അമ്മയുടെ കണ്ണൊപ്പറേഷൻ എന്ന് ഏട്ടൻ ആരതിയോട് പറഞ്ഞായിരുന്നല്ലോ "

"മ്മ് "

                              * * *

"നാണിയേട്ത്തീ , കാപ്പി വേണ്ടാ. കുളി കഴിഞ്ഞ് ഞങ്ങൾ നായരുടെ കടേല് പോകുവാ "

" ആയിക്കോട്ടെ "

നായരുടെ കടേലെ ചൂട് ഇഡ്ഡലി സാമ്പാറും ഇഡ്ഡലിപ്പൊടീം പപ്പടോം ചേർത്തൊരു പിടി പിടിച്ചാൽ, തിരിച്ചു വന്ന് ഉച്ചവരെ സുഖമായി മൂടിപ്പുതച്ചങ്ങ് ഉറങ്ങാം.
വായ്ക്കുള്ളിൽ അറിയാതെ വെള്ളം നിറഞ്ഞു.
ഛേ.. ഈ അൻപതാം വയസ്സിലും ആഹാരത്തിന്റെ കാര്യത്തിൽ എനിക്കൊരു പക്വതയുമില്ലല്ലോ.

                             * * *
"ആഹാ അനിയൻകുട്ടി എപ്പോ എത്തി ശങ്കരാ?"

 റിട്ടയേഡ് ഹെഡ്മാസ്റ്റർ സുധാകരൻ മാഷ് ചായയും പത്രവും മുഖം നിറയെ ചിരിയുമായി തന്റെ വീടിന്റെ തിണ്ണയിൽ നിന്ന് ഇറങ്ങിവന്നു.

 "നായരുടെ കടയിലോട്ട് ആയിരിക്കും..ഹഹ
 അവന്റെ ഒപ്പം തുള്ളാൻ നീയുമെന്റെ ശങ്കരാ" 

 ശങ്കരേട്ടൻ മറുപടിയായി ഒന്ന് പുഞ്ചിരിച്ചു

 "കഴിഞ്ഞയാഴ്ച ഹിന്ദുവിൽ വന്ന ആർട്ടിക്കിൾ നന്നായിരുന്നു,കേട്ടോ രാമു "

 "പക്ഷേ നിന്റെ ശൈലി ലേശം പഴഞ്ചൻ ആകുന്നുണ്ട്. പുതിയ ശൈലിയും പ്രയോഗങ്ങളും ഒക്കെ ആകാം."

 "ആയിക്കോട്ടെ മാഷേ".

 "എനിക്കുമത് എന്നേ തോന്നി തുടങ്ങിയ കാര്യം.
 എന്റെ മനസ്സിൽ മാത്രം ഒതുക്കി വച്ചിരുന്നത്, ദേ ഇവിടെ ഈ ഓണം കേറാമൂലയിൽ ഇരുന്ന് എന്റെ പഴയ അധ്യാപകൻ മുഖത്ത് നോക്കി വിളിച്ചുപറഞ്ഞു."

" ശരി മാഷേ വൈകിട്ട് ഇറങ്ങാം "

" രാമൂട്ട്യേ? "

 "എന്തായേട്ടാ?"

 ശങ്കരേട്ടൻ എന്റെ വിരലുകളിൽ പിടി മുറുക്കി കൊണ്ട് മുന്നോട്ടു നടന്നു, തലകുനിച്ച് എന്തോ ചിന്തിച്ചുകൊണ്ട്.

 "നമ്മൾ മലയാളം തീർത്തും ഒഴിവാക്കിയത് ഭാഷ വഴങ്ങില്ല എന്ന് കരുതിയിട്ടാണോ അതോ സ്വയം വിലയിടിഞ്ഞു പോകും എന്ന് കരുതിയിട്ടാണോ?"

 ഒന്നും മിണ്ടിയില്ല

  ഏട്ടൻ പറഞ്ഞ വരികൾക്കിടയിൽ തന്നെ എവിടെയോ അതിന്റെ ഉത്തരവുമുണ്ട് 

                          ********
 "കടലാസ് വള്ളം ഉണ്ടാക്കി കളിക്കാൻ പറ്റിയ പ്രായ്യേ..

 എന്റെ രാമൂട്ടിയെ 

 നിനക്ക് ബോംബെയിലും ഇത് തന്നെയാണോ പണി?"

 വൈകിട്ട് മുറ്റം വൃത്തിയാക്കാൻ വന്ന നാണിയേട്ത്തി പലയിടത്തായി നനഞ്ഞൊട്ടിക്കിടക്കുന്ന കടലാസ് തോണികൾ കണ്ട് തലയിൽ കൈവച്ചു.

 "അവിടെ ഞങ്ങളൊക്കെ ആകാശഗോപുരത്തിൽ അല്ല്യോ,
മുറ്റം ഒന്നും ഇല്ലെന്റേട്ത്തിയേ"

 പതുക്കെ സോപ്പും തോർത്തുമെടുത്ത് പുഴക്കടവിലേക്ക് നടന്നു 

 "അല്ലേട്ടാ നമ്മുടെ സ്ഥിരം കുളി ടീമുകളെ ഒന്നും കാണുന്നില്ലല്ലോ ഇപ്പോ?"

 വെള്ളത്തിന് നല്ല ഒഴുക്ക്
 ശങ്കരേട്ടൻ കടവത്തെ പടിക്കല്ലിൽ ഇരുന്ന് ചെറിയ കല്ലുകൾ പുഴയിലേക്ക് എറിഞ്ഞ് എന്തോ ചിന്തിച്ചിരുന്നു

 "എല്ലാവരും പലവഴിക്കായി രാമൂ "

 "അഹമ്മദിക്കാനെ ബാംഗ്ലൂരിലെ മോള് വന്നു വിളിച്ചോണ്ട് പോയി. "

 "തെക്കേലെ ചന്ദ്രദാസ്,നിന്നോടൊപ്പം പഠിച്ച? രണ്ട് മാസം മുമ്പ് അറ്റാക്ക് വന്നു മരിച്ചു."

"മ്മ്മ് "

 'വൈകിട്ട് ഞാൻ അക്കരക്കാവില് തൊഴാൻ പോണുണ്ട്, വരുന്നുണ്ടോ നീയ്? "

 "പിന്നല്ലാതെ കാദർക്കാന്റെ കട അവിടെത്തന്നില്ലേ?"

 ശങ്കരേട്ടൻ പുഞ്ചിരിച്ചു

                           ********



 ചൂട് പൊറോട്ടയിലേക്ക് ആവി പറക്കുന്ന ബീഫിന്റെ ചാറ് ഒഴിച്ചപ്പോൾ എന്താ മണം.

 "കാദർക്കാ,സുഖല്ലേ? "

 കാദർക്കയ്ക്കും കടക്കും ഒരു മാറ്റവും ഇല്ല 

 ലേശം പഴക്കമേറീന്നതൊഴിച്ചാൽ 

 "അങ്ങനെയൊക്കെ അങ്ങ് പോണു കുട്ടിയെ." 

 "അനിയൻകുട്ടിക്ക് സുഖല്ലേ?"

 "കുട്ടിയില്ലാത്തപ്പോൾ ദേ ഈ വിദ്വാൻ ഇങ്ങോട്ടൊന്നും.. ങ്ങേ ഹേ, തിരിഞ്ഞു നോക്കില്ലാന്ന് "

 ശങ്കരേട്ടൻ ഒന്നും മിണ്ടാതെ ചായ കുടിച്ചിരുന്നു

                     **********
തിരികെ കടത്തുവഞ്ചിയിൽ ഞങ്ങൾ മാത്രം.
 "പാലോക്കെ അപ്പുറത്ത് വരുന്നെന്ന് കേട്ടല്ലോ ബീരാനിക്കാ.. ങ്ങടെ വയറ്റത്തടിക്കുവോ?"


 "പാലം വന്നാലും ഇല്ലെങ്കിലും എന്റെ കുട്ട്യേ ഏറിയാ ഇക്കൊല്ലം കൂടെ, അതിന്റെപ്പുറം ഞമ്മക്ക് ബയ്യാ, ക്കൊണ്ട് പറ്റണില്ല "


 ബീരാനിക്ക ആഞ്ഞ് തുഴകുത്തി.

 ഇന്ന് മഴക്കോള് ഒന്നുമില്ല നിലാവ് നന്നായി പെയ്തൊഴിയുന്നുണ്ട്.

 "നാളെ ഫ്ലൈറ്റ് എപ്പോഴാ രാമു?"

 "വൈകിട്ട് അഞ്ചരയ്ക്ക് "

 "അപ്പോ ഉച്ചയ്ക്ക് മുമ്പ് ഇറങ്ങണ്ടേ.. ങ്ങേ?"


"മ്മ്മ് "


 പുഴയിൽ തുളുമ്പി കളിക്കുന്ന നിലാവ് നോക്കി ശങ്കരേട്ടൻ ഇരുന്നു

          ********* **********


 നാണിയേട്ത്തി മ്ലാനമായ മുഖത്തോടെ വരാന്തയിലെ തൂണും ചാരി നിന്നു.

 ശങ്കരേട്ടൻ എന്റെ പെട്ടിയെടുത്ത് ടാക്സിയുടെ ഡിക്കിയിലേക്ക് വയ്ക്കുന്നു.

 "അമ്മയോട് പറഞ്ഞിട്ട് വാ രാമൂ "

"മ്മ്മ് "


 വരാന്തയിലെ ചുമരിൽ ചന്ദനമാല ചാർത്തിയ ഫോട്ടോയ്ക്കുള്ളിൽ അമ്മ ഇരിക്കുന്നു, പ്രസന്നമായ ആ പുഞ്ചിരിയോടെ.


 പോയി വാ മോനെ


നാണിയേട്ത്തീടെ കണ്ണുകളിൽ നോക്കി.
"ഇത്ര വർഷമായില്ലേ?, അമ്മ പോയ കാര്യം ഇനിയെങ്കിലും ആരതിമോളോട് പറയണ്ടേ രാമൂട്ട്യേ?"
"ഞാനായിട്ട് പറയില്ല ഏടത്തിയേ, എന്നെങ്കിലും അന്വേഷിക്കുകയോ അറിയുകയോ ചെയ്യുമ്പോ, അന്നെനിക്ക് ചോദിക്കണം, ഇത്രയ്ക്കും നിർബന്ധബുദ്ധിയോടെ അകന്ന് നിന്നിട്ട് എന്ത്‌ നേടിയെന്ന് "

 പതുക്കെ പടികൾ ഇറങ്ങി.

 വണ്ടിക്കരികിൽ നിന്ന് ശങ്കരേട്ടന്റെ വലതു കൈയിൽ മുറുകെപ്പിടിച്ചു മുഖം കുനിച്ച് കുറച്ചുനേരം നിന്നു.
 മനസ്സങ്ങിനെ നിന്ന് ഞെരുങ്ങുന്നു.

 "ഇനി എന്നാ രാമൂ?"

 "ഏട്ടൻ വിളിക്ക് "

 കാറിന്റെ പുറകുവശത്തെ ചില്ലിലൂടെ വെളുത്ത മുണ്ടും ജുബയും ധരിച്ച് രൂപം അകന്നകന്ന് ചെറുതായി തീരും വരെ നോക്കിയിരുന്നു, പിന്നാലെ ചില്ലിൽ വീണ മഴത്തുള്ളികളിൽ ആ ദൃശ്യം മാഞ്ഞുപോയി.

                               *******

മടങ്ങുമെന്നാകിൽ

യാത്രയിലലഞ്ഞുലഞ്ഞൊരാ  വീഥിയരികിൽ തളർന്നുവീണു പോയൊരീരാവിൻ മാറിൽ അഭയമേകിയോരമ്മ മനസ്സേ സ്വർഗ്ഗമായെനിക്ക്  നിൻ ആലയം  നിറവിരുന്നായി ന...